ADVERTISEMENT

മറ്റു കൃഷികൾക്കൊപ്പം കൗതുകത്തിന് വീട്ടുമുറ്റത്ത് പത്തുമണി നട്ടുതുടങ്ങിയതാണ് തിരുവനന്തപുരം പെരുകാവ് സ്വദേശി എസ്. സുരേഷ്. നല്ല വെയിൽ ലഭിക്കുന്ന സ്ഥലത്തായിരുന്നു അന്ന് അവ നട്ടത്. അതുകൊണ്ടുതന്നെ നന്നായി വളർന്ന് നല്ല രീതിയിൽ പുഷ്പിക്കുകയും ചെയ്തു. നിലത്തോടു ചേർന്ന് ഒട്ടേറെ നിറങ്ങൾ കണ്ട് ആരാധന മൂത്താണ് പത്തുമണിചെടികളേക്കുറിച്ച് കൂടുതൽ അറിയാനും ഇനങ്ങൾ സ്വന്തമാക്കാനും ശ്രമിച്ചത്. 

രണ്ടു വർഷമായി തന്റെ കൃഷിയിടത്തിലെ 15 സെന്റ് സ്ഥലം പത്തുമണിച്ചെടികൾക്കായി സുരേഷ് മാറ്റിവച്ചിരിക്കുന്നു. ബ്രസീൽ, തായ്‌ലൻഡ് എന്നിവിടങ്ങളിൽനിന്ന് എത്തിച്ച ഇനങ്ങളടക്കം ആറിനം പത്തുമണികളാണ് ഇവിടുള്ളത്. അതിൽത്തന്നെ ആകെ 180ൽപ്പരം നിറവൈവിധ്യങ്ങളും സുരേഷിനു സ്വന്തം.

10-mani-suresh-1
നിറവൈവിധ്യങ്ങൾ

നടീൽ രീതി

നീർവാർച്ചയുള്ള മണൽ കലർന്ന മണ്ണാണ് പത്തുമണിച്ചെടി നടാൻ അനുയോജ്യമെന്നു സുരേഷ്. മണ്ണ് കൊത്തിയിളക്കി എല്ലുപൊടി, ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക്, കമ്പോസ്റ്റ് തുടങ്ങിയവ അടിവളമായി ചേർത്താണ് നടീൽ സ്ഥലം തയാറാക്കുന്നത്. ഓടുകൾ അടുക്കി തടം നിർമിച്ചാണ് സുരേഷ് പത്തുമണിച്ചെടികൾ നട്ടിരിക്കുന്നത്. തണ്ടുകൾ നാലിഞ്ച് നീളത്തിൽ മുറിച്ചു നടും. ദിവസം ഒരു നേരം മാത്രമാണ് നന. നന അധികമായാൽ ചുവട് ചീയൽ ഇവയെ ബാധിക്കും. അതുകൊണ്ടുതന്നെ ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാത്ത വിധത്തിൽവേണം സ്ഥലമൊരുക്കാനെന്നും സുരേഷ് പറയുന്നു. ചുവട് ചീയുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അത് പിഴുതു മാറ്റി ചുവട് പൂർണമായി നീക്കി വീണ്ടും നടും. 

നല്ല സൂര്യപ്രകാശമുള്ള സ്ഥലമാണെങ്കിൽ പൂക്കളുടെ എണ്ണത്തിൽ വർധന ഉണ്ടാകും. അതേസമയം സൂര്യപ്രകാശം കുറവുള്ള സ്ഥലത്ത് നട്ടാൽ ചെടികൾക്ക് നല്ല വളർച്ചയുണ്ടാകുമെങ്കിലും പൂക്കൾ നന്നേ കുറവായിരിക്കും.

10-mani-suresh-2
സുരേഷിന്റെ പത്തുമണിപ്പാടം

വളപ്രയോഗം

പച്ചച്ചാണകം കലക്കി നേർപ്പിച്ച് രണ്ടാഴ്ച കൂടുമ്പോൾ ചെടികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുന്ന രീതിയാണ് സുരേഷിന്റേത്. അതുപോലെ അസോള ജീർണിപ്പിച്ച് സ്ലറിയാക്കി ചാണവെള്ളത്തിനൊപ്പം കൊടുക്കാറുമുണ്ട്.

10-mani-suresh-4
1. പോർട്ടുലിക, 2. പേഴ്‌സ്‌ലേൻ, 3. സിൻഡ്രല്ല, 4. ടിയാര, 5. ജംബോ, 6. ടൈഗർസ്ട്രിപ്

ഇനങ്ങൾ ആറ്

പേഴ്സ്‌ലേൻ, പോർട്ടുലക, സിൻഡ്രല, ‌ടൈഗർസ്ട്രിപ്, ജംബോ, ടിയാര എന്നിങ്ങനെ ആറിനങ്ങളാണ് സുരേഷിന്റെ കൈവശമുള്ളത്. പേഴ്സ്‌ലേൻ ഒരു ലെയർ മാത്രം ഇതളുകളുള്ള ഇനമാണ്. രാവിലെ 10ന് വിരിഞ്ഞാൽ 11.30 ആകുമ്പോഴെക്കും കൂമ്പും.  പോർട്ടുലക എന്ന ഇനത്തിന്റെ പൂക്കൾക്കാവട്ടെ ഒട്ടേറെ അടുക്കുകളുള്ള ഇതളുകളാണുള്ളത്. രാവിലെ വിരിഞ്ഞാൽ വൈകുന്നേരം 3–4 മണി വരെ ഇത് വാടാതെ നിൽക്കും. കാണാൻ ഏറെ ഭംഗിയുള്ള ഇനമാണ് സിൻഡ്രല്ല. രണ്ടു തരം ഇതളുകളാണ് ഈ ഇനത്തിനുള്ളത്. ടൈഗർ സ്ട്രിപ് എന്ന ഇനമാണ് മറ്റൊന്ന്. വലിയ പൂക്കളുള്ള ഈ ഇനം വൈകുന്നേരം വരെ വാടാതിരിക്കും. പേരുപോലെതന്നെ പൂക്കളുടെ വലുപ്പമാണ് ജംബോ പത്തുമണിയുടെ ആകർഷണം. 

മഴ കൂടുതലുള്ള സമയങ്ങളിൽ പേഴ്സിലേൻ, സിൻഡ്രല്ല ഇനങ്ങളിൽ കടചീയൽ വലിയ തോതിൽ കാണപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രത്യേക പരിചരണം അവയ്ക്കു നൽകണം. 

10-mani-suresh-3
പത്തുമണിപ്പാടം

വിൽപന

ചെടികൾ വളർത്തുന്നതിനൊപ്പം ഇവയുടെ തണ്ടുകൾ വിൽക്കുന്നതിലൂടെ ചെറിയൊരു വരുമാനവും സുരേഷ് നേടുന്നുണ്ട്. 10 മുതൽ 100 വരെ രൂപ വിലവരുന്ന പത്തുമണിച്ചെടികളാണ് സുരേഷിന്റെ കൈവശമുള്ളത്. പ്രധാനമായും ഓൺലൈൻ വിൽപനയാണ്. ഇന്ത്യയിലുടനീളം കൊറിയർ ചെയ്ത് കൊടുക്കുന്നുമുണ്ട്.

ഫോൺ: 9995862611

English summary: How to Grow and Care for Moss Rose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com