ADVERTISEMENT

കൊല്ലത്തെ ഈ പൂന്തോട്ട നഴ്സറിയിൽ വന്നാൽ വ്യക്തമാകും മലയാളിക്ക് ഇപ്പോള്‍ അലങ്കാര ഇലച്ചെടികളോടാണ് കൂടുതൽ താൽപര്യമെന്ന്. ഉദ്യാനത്തിലും വീടിനുള്ളിലും പരിപാലിക്കാൻ പറ്റിയ എത്രയോ തരം ഇലച്ചെടികൾ ഇന്ന്  ലഭ്യമാണ്. ഈ സാധ്യത ഏറെ മുൻപേ മനസിലാക്കി 'കൃഷ്‌ണകൃപ' വീട്ടിൽ സുഗതൻ. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിലെ ജോലിയിൽനിന്ന് 2012ല്‍ വിരമിച്ച ശേഷമാണ് സുഗതന്‍ ഇലച്ചെടികളുടെ വിപണനകേന്ദ്രം തുറന്നത്. ന്യൂസ് പ്രിന്റ് ഫാക്ടറിയിൽ 32 വർഷം ഹോർട്ടികൾച്ചറിസ്റ്റ് ആയിരുന്ന സുഗതന് ചെടികളുടെ പരിപാലനത്തിലുള്ള പരിജ്ഞാനം വിപണനകേന്ദ്രം തുടങ്ങുമ്പോൾ വലിയൊരു മുതൽകൂട്ടായി. വിരമിക്കും മുൻപുതന്നെ അലങ്കാര ഇലച്ചെടികളുടെ ശേഖരിക്കൽ ഹോബിയായി  ആരംഭിച്ചിരുന്നു. എന്‍ജിനീയറായ മകൻ രോഹിത് ഗൾഫിലെ ജോലി ഉപേക്ഷിച്ചു പിതാവിനൊപ്പം വാണിജ്യാടിസ്ഥാനത്തിൽ വീടിനു ചേർന്നുള്ള 20 സെൻറ് സ്ഥലത്തു വിപണനകേന്ദ്രം ആരംഭിച്ചു.  സാങ്കേതിക ഉപദേശം നൽകാൻ രോഹിതിന്റെ ഭാര്യ കൃഷി ഓഫിസർ ദര്‍ശനയുമുണ്ട്. 

garden-1
സുഗതൻ നഴ്സറിയിൽ

പതിനായിരത്തിനുമേൽ ഇലച്ചെടികളിൽ ഡ്രസീന, സീസീ പ്ലാന്റ്, അഗ്ളോനിമ,  മണി പ്ലാന്റ്, അലങ്കാര പന്നൽ ഇനങ്ങൾ, സിങ്കോണിയം, മദർ ഇൻലോസ് ടങ് പ്ലാന്റ് എല്ലാം ഉൾപ്പെടുന്നു. നേരിട്ട് വെയിൽ വേണ്ടാത്ത ചെടികൾ 10 സെന്റിൽ തയാറാക്കിയ മഴമറയ്ക്കുള്ളിലാണ് സംരക്ഷിച്ചിരിക്കുന്നത്. ചെടികളുടെ പരിപാലനവും വിപണനവുമെല്ലാം നോക്കുന്നതു രോഹിതാണ്. നൂതന  ഇനങ്ങൾ പുണെയിൽനിന്നോ ഓൺലൈനിലോ ആണ് വാങ്ങുക. പുതിയ ഒരു ചെടി കിട്ടിക്കഴിഞ്ഞാൽ അത് ഏതു വിധേനയും എണ്ണം വർധിപ്പിച്ചതിനുശേഷമേ വിൽപനയ്ക്കു വയ്ക്കുകയുള്ളൂ. പല നൂതന ഇനങ്ങളുടെയും  തൈകൾ ഉൽപാദിപ്പിക്കുക അത്ര എളുപ്പമല്ല.  

പല ചെടികൾക്കും വളരെ ശ്രദ്ധയോടെ വേണം നനയും വളവും നൽകാനെന്നു സുഗതന്‍. സിസി പ്ലാന്റ്, മദർ ഇൻലോസ് ടങ് പ്ലാന്റ് തുടങ്ങിയവ വേനലിൽപോലും ആഴ്ചയിൽ ഒരിക്കൽ നനച്ചാൽ മതി. ദ്രവരൂപത്തിലുള്ള വളങ്ങളായ എൻപികെ. 19:19:19, വേപ്പിൻപിണ്ണാക്ക് പുളിപ്പിച്ചെടുത്തത്, എഗ് അമിനോ ആസിഡ് ഇവയാണ് ചെടികൾക്ക് അധികമായി നൽകുന്നത്. 

ഫോൺ : 9446758342

English summary: Nursery for leafy garden plants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com