വിൽക്കാനുണ്ട് ഗ്രാഫ്റ്റഡ് അഡീനിയവും കാക്ട്സും

adeniam-1
SHARE

ഭാഗം–2

മലയാളിക്ക് ഇന്നേറെ പ്രിയമുള്ള അഡീനിയം, കാക്ട്സ് ചെടികളുടെ കാര്യത്തിൽ ഗ്രാഫ്റ്റ് ചെ‌യ്ത ഹൈബ്രിഡ് ഇനങ്ങൾക്കാണ് വിപണിയിൽ ആവശ്യക്കാർ അധികവും. മറ്റ് അലങ്കാരച്ചെടി‌കളെ അപേക്ഷിച്ചു വളരെ എളുപ്പത്തിൽ അഡീനിയവും കാക്ട്സും ഫ്ലാറ്റ്  ഗ്രാഫ്റ്റ് ചെയ്ത് വിൽപനയ്ക്കെത്തിക്കാനും സാധിക്കും. ഈ രണ്ടു ചെടികൾ മാത്രം വളർത്തി നേരിട്ടും ഓൺലൈൻ ആയും വിൽക്കുന്നവർ നമ്മുടെ നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും ഇന്ന് ഒട്ടെറെയുണ്ട്.  

അഡീനിയം ഗ്രാഫ്റ്റിങ്

അഡീനിയത്തിന്റെ സങ്കരയിനം ചെടിയിൽനിന്നും ഒരു സമയത്ത് ഒന്നിൽ കൂടുതൽ ചെടികൾ ഉണ്ടാക്കാൻ കഴിയുന്ന ഗ്രാഫ്റ്റിങ് രീതിയാണ് ഫ്ലാറ്റ് ഗ്രാഫ്റ്റ്. ട്രിപ്പിൾ പെറ്റൽ പൂക്കളുള്ള നൂതനയിനം അഡീനിയം ചെടികൾ കൈവശമുണ്ടെങ്കിൽ ഈ ഗ്രാഫ്റ്റിങ് രീതി ഉപയോഗിച്ച് കൂടുതലെണ്ണം അനായാസം വളർത്തിയെടുക്കാം. 

ഇതിനായി വിത്തുവഴി ചട്ടിയിൽ വളർത്തിയെടുത്ത ചെടി റൂട്ടഡ് സ്റ്റോക് ആയും പുതിയ സങ്കരയിനം ചെടിയുടെ തണ്ടിൽനിന്നും മുറിച്ചെടുത്ത ചെറിയ കഷ്ണം സയോൺ ആയും ഉപയോഗിക്കുക. റൂട്ടഡ് സ്റ്റോക്കിന് 8-10 മാസം വളർച്ചയായ ചെടിയാണ് വേണ്ടത്. സ്റ്റോക് ചെടിയുടെ 4 - 5 ഇഞ്ച് നീളത്തിൽ ചുവടു ഭാഗം നിർത്തി തലപ്പ് കുറുകെ മുറിച്ചു നീക്കം ചെയ്യണം. ഈ കടയുടെ മുറിഭാഗത്തുനിന്ന് ഊറി വരുന്ന കറ ഉണങ്ങുന്നതിനു മുൻപ് തന്നെ സയോൺ കഷണം ചേർത്തുവച്ചു ഗ്രാഫ്റ്റ് ചെയ്തിരിക്കണം. 

അടുത്ത പടിയായി സയോൺ ആയി തിരഞ്ഞെടുത്ത ചെടിയുടെ തലപ്പ് മുറിച്ചെടുക്കാം. ഈ തലപ്പിൽനിന്ന് ഒരു മുട്ട് ഉൾപ്പെടുന്ന ഒരിഞ്ചോളം നീളമുള്ള കഷണം കുറുകെ മുറിച്ചെടുത്തു സയോൺ ആയി ഉപയോഗിക്കാം. സയോൺ ആവശ്യത്തിനായി മുറിച്ചെടുത്തതിൽനിന്ന് ഒരു മുട്ടോടു കൂടിയ ഒന്നിൽ അധികം കഷണം ഗ്രാഫ്റ്റിങ്ങിനായി ലഭിക്കും. മുറിച്ചെടുത്ത സയോൺ കഷണം സ്റ്റോക്കിന്റെ മുകളിൽ ചേർത്ത് വയ്ക്കുക. സയോൺ കഷണത്തിന്റെ വീതി സ്റ്റോക്കിന്റെ മുറി ഭാഗത്തിനൊപ്പമോ അൽപം കുറഞ്ഞോ ആണ് വേണ്ടത്. 

ഗ്രാഫ്റ്റ് ചെയ്ത ശേഷം നേർത്തതും പ്രകാശം കയറുന്നതുമായ പ്ലാസ്റ്റിക് നാട ഉപയോഗിച്ച് ഗ്രാഫ്റ്റ് ഭാഗം പൊതിഞ്ഞു സംരക്ഷിക്കണം. ഇതിനായി നാട സ്റ്റോക്കിന്റെ താഴെ വശത്തുനിന്നു തുടങ്ങി മുകളിലേക്ക് സയോൺ ഭാഗം പൊതിഞ്ഞ് സ്റ്റോക്കിന്റെ മറുഭാഗത്തു താഴെ വരെ എത്തിക്കണം. സയോണിന്റെ മുട്ടുള്ള വശം ഒഴിവാക്കുവാൻ ശ്രദ്ധിക്കണം. പ്ലാസ്റ്റിക് ആവരണം റബർ ബാൻഡ് ഉപയോഗിച്ച് ചുവട്ടിൽ ചുറ്റി ബലപ്പെടുത്തണം.  ഗ്രാഫ്റ്റ് ചെയ്ത ചെടി തണലത്തുവച്ച് സംരക്ഷിക്കണം. മിശ്രിതത്തിൽ നേരിയ ഈർപ്പം നിലനിർത്തുന്ന വിധത്തിൽ മാത്രം നന നൽകുക. തളിർപ്പ് ഉണ്ടായി ആവശ്യത്തിന് ഇലകളും വലുപ്പവുമായാൽ പ്ലാസ്റ്റിക് നാട നീക്കാം.

adeniam

കാക്ട്‌സ് ഗ്രാഫ്റ്റിങ്

കൗതുകകരമായ ആകൃതിയിലും വ്യത്യസ്ത നിറങ്ങളിലുമുള്ള കാക്ടസ് ഗ്രാഫ്റ്റിങ്ങിലൂടെ തയാറാക്കി  വിപണിയിലിറക്കാം. ചട്ടിയിൽ വളർത്തിയ, ത്രികോണാകൃതിയിൽ തണ്ടുള്ള, വന്യ ഇനമായ അക്കാന്തോസീറിയസ് അല്ലെങ്കിൽ കുത്തനെ മുകളിലേക്ക് കമ്പുപോലെ വളരുന്ന ഇനമാണ് ഗ്രാഫ്റ്റിങ്ങിൽ സ്റ്റോക്ക് ആയി വേണ്ടത്. 

പല നിറത്തിലും ആകൃതിയിലുമുള്ള അലങ്കാരയിനം കാക്ടസ് സയോൺ ആയി ഉപയോഗിക്കാം. സ്റ്റോക് ചെടിയുടെ  മണ്ണിന്റെ ഉപരിതലത്തിൽനിന്ന് 4 ഇഞ്ച് ഉയരത്തിൽ ലംബമായി കുറുകെ മുറിക്കുക. സയോൺ ആയി ഉപയോഗിക്കുന്ന കാക്റ്റസിന്റെ 2 ഇഞ്ച് നീളത്തിൽ കാണ്ഡത്തിന്റെ മുകൾ ഭാഗം നിലനിർത്തി കീഴ്ഭാഗം കുറുകെ മുറിച്ചു മാറ്റണം. സയോണിന്റെയും സ്റ്റോക്കിന്റെയും മുറിഭാഗത്തു നടുവിൽ തുടർവളർച്ച നിറവേറ്റുന്ന വൃത്താകൃതിയിലുള്ള ഇടം കണ്ടു മനസിലാക്കുക. 

ഗ്രാഫ്റ്റിങ് ഫലവത്താകാന്‍  സ്റ്റോക്കിന്റെയും സയോണിന്റെയും നടുവിൽ ഉള്ള ഈ ഭാഗം തുല്യമായി ചേരുന്ന വിധത്തിൽ മുറിച്ചു തയാറാക്കിയ സ്റ്റോക്കിന്റെ മീതെ സയോൺ എടുത്തു വയ്ക്കുക. ഇങ്ങനെ വയ്ക്കുമ്പോൾ സയോൺ സ്വൽപം അമർത്തി രണ്ടു ഭാഗത്തിന്റെയും ഇടയിൽ കുടുങ്ങി യിട്ടുള്ള വായു പുറത്തേക്കു തള്ളിക്കളയണം. സയോണിന് സ്ഥാനചലനം ഉണ്ടാകാതിരിക്കാൻ സ്റ്റോക്കും സയോണും നൂലോ റബർബാൻഡോ ഉപയോഗിച്ച് ചുറ്റി വരിഞ്ഞു ദൃഢമായി കെട്ടണം. ഗ്രാഫ്റ്റ്  ചെയ്ത ചെടി 2 - 3 ആഴ്ചക്കാലം നനയ്ക്കരുത്. സയോൺ പതുക്കെ തള്ളി നോക്കിയാൽ നീങ്ങുന്നില്ലെങ്കിൽ ഗ്രാഫ്റ്റ് തമ്മിൽ കൂടിയിട്ടുണ്ടെന്നു മനസ്സിലാക്കാം; നൂലോ റബർബാൻഡോ ചുറ്റിയത് അഴിച്ചുമാറ്റുകയും ചെയ്യാം. 

പൂന്തോട്ട പരിപാലനവും നല്ലൊരു സംരംഭമാക്കാം. അതേക്കുറിച്ച് നാളെ

English summary: Home Gardening Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FLORICULTURE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA