ADVERTISEMENT

കേരളത്തിലെ വീടുകളുടെ മുഖ്യ ഘടകമാണല്ലോ പൂന്തോട്ടം. പൂന്തോട്ടം പക്ഷേ നന്നായി പരിപാലിച്ചില്ലെങ്കിൽ അനാകർഷകമായി മാറും. ചെടികൾ കാലാകാലങ്ങളിൽ കമ്പുകോതി നല്ല ആകൃതിയിൽ പരിപാലിക്കുക, പുൽത്തകിടി വെട്ടി കനം കുറച്ചു നിർത്തുക, പൂച്ചെടികളെ രോഗ, കീടബാധയിൽനിന്നു  സംരക്ഷിക്കുക തുടങ്ങിയ ജോലികൾക്കെല്ലാം ഈ മേഖലയിൽ അറിവുള്ളവരുടെ സഹായം വേണ്ടിവരും. ഈ തൊഴിൽമേഖല ഇന്ന് ഏറെയും അതിഥിത്തൊഴിലാളികളുടെ കയ്യിലാണ്. വീട്ടുകാരുമായി ആവശ്യാനുസരണം ആശയവിനിമയം നടത്താനോ, രോഗ, കീടബാധകള്‍ക്ക് പരിഹാരമായി കൃത്യമായ കീടനാശിനി പ്രയോഗിക്കാനോ ഒന്നും ഇവർക്ക് പലപ്പോഴും കഴിയാറില്ല.  

നമ്മുടെ നാട്ടിലെതന്നെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കു നല്ലൊരു സംരംഭമാക്കാം പൂന്തോട്ട പരിപാലനം. അഗ്രിക്കൾച്ചർ അല്ലെങ്കിൽ ബോട്ടണി ഡിഗ്രി ഉള്ളവരും വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽനിന്നു കൃഷി ഐച്ഛിക വിഷയമായി പഠിച്ചിറങ്ങുന്നവരും ഈ മേഖലയിൽ നന്നായി ശോഭിക്കും. പൂന്തോട്ട പരിപാലന വൈദഗ്ധ്യമുള്ള തൊഴിലാളികളെ ഉൾപ്പെടുത്തി ഒരു സംഘമുണ്ടാക്കിയാൽ നഗര, ഗ്രാമ വ്യത്യാസമില്ലാതെ ഓർഡര്‍ ലഭിക്കും. ആവശ്യമെങ്കിൽ  വെബ്സൈറ്റും ആരംഭിക്കാം.

ഇത്തരം സംരംഭം ആരംഭിക്കുമ്പോൾ പൂന്തോട്ട പരിപാലനത്തിനായി പണി ആയുധങ്ങള്‍ വേണ്ടി വരും. ലോൺ മൂവർ, ബ്രഷ് കട്ടർ, സ്പ്രേയർ, ഹെഡ്ജ് കട്ടർ, പ്രൂണിങ് ഷീയേഴ്സ് തുടങ്ങിയവയാണ്  പ്രധാനം. വർഷം മുഴുവൻ ശുദ്ധ ജലവും വെയിലും കിട്ടുന്ന ഒരിടം കണ്ടെത്തി പൂന്തോട്ടം തയാറാക്കാൻ വേണ്ട ചെടികൾ അവിടെ ശേഖരിക്കണം. സ്വന്തമായി ചെടികൾ ഉൽപാദിപ്പിക്കാ നുള്ള സ്ഥലസൗകര്യമുണ്ടെങ്കിൽ അവിടെ തൈകൾ ആവശ്യാനുസരണം വളർത്തി വലുതാക്കി അനുബന്ധ സംരംഭമാക്കുകയും ചെയ്യാം.

വാർഷികപൂച്ചെടികളായ വിങ്ക, മാരിഗോൾഡ് എന്നിവയുടെ പൂവിട്ട ചെടിക്കു വിപണിയിൽ 30-35 രൂപ വില വരും. പകരം ഇവയുടെ വിത്തു വാങ്ങി പ്രൊട്രേയിൽ കിളിപ്പിച്ചു ചെറിയ ചട്ടിയിൽ വളർത്തി പൂവിട്ടാൽ അകെ ചെലവ് 10 രൂപയിൽ താഴയേ വരൂ.  ആന്ധ്രയിൽ പല അലങ്കാരപ്പനകളുടെയും തൈകൾ കുറഞ്ഞ വിലയ്ക്ക് കിട്ടും.  ഇത്തരം തൈ വലിയ പ്ലാസ്റ്റിക് കവറിൽ വളർത്തി ആവശ്യത്തിന് വലുപ്പമായാൽ പൂന്തോട്ട നിർമാണത്തിന് ലഭിക്കുന്ന ഓർഡറിനൊപ്പം അവർക്കുള്ള ചെടികൾകൂടി ലഭ്യമാക്കാൻ കഴിയും അതുവഴി ലാഭവും വർദ്ധിക്കുന്നു.

പല വീട്ടുകാരും ഉദ്യാനം ഒരുക്കുന്നതിനു മുൻപ് ഒരു ലേ ഔട്ട് ആവശ്യപ്പെടാറുണ്ട്. ലേ ഔട്ട് തയാറാക്കുന്നതിന് മുൻപായി അവിടെ ലഭിക്കുന്ന വെയിലിന്റെ അളവ്, ശുദ്ധജലത്തിന്റെ ലഭ്യത എല്ലാം നേരിട്ടുകണ്ടു മനസിലാക്കണം. ലേ ഔട്ടിൽ വീട്ടുകാരുടെ ആവശ്യാനുസരണം ചെടികളും മരങ്ങളും നടേണ്ട സ്ഥാനം, അലങ്കാരകുളമുണ്ടെങ്കിൽ അത് തയാറാക്കേണ്ട ഇടം, നടപ്പാത, പുൽത്തകിടി എല്ലാം ഉൾപ്പെടുത്തിയിരിക്കണം.

വെയിൽ നന്നായി കിട്ടുന്നിടത്താണ് പൂച്ചെടികളും പുൽത്തകിടിയും അടയാളപ്പെടുത്തേണ്ടത്. വെയിൽ കുറവുള്ളിടത്തു പാതി തണലത്തു വളരുന്ന ചെടികളും വെള്ളാരംകല്ലുമാണ് നിർദേശി ക്കേണ്ടത്. ഈ ലേ ഔട്ടിനെ ആശ്രയിച്ചാണ് ഇതിനു ആവശ്യമായ ബജറ്റും മറ്റും തീരുമാനിക്കുക. ഈ മേഖലയിൽ ഉള്ള അറിവ് മാത്രമല്ല ചെടികളോടും പ്രകൃതിയോടുമുള്ള ജന്മമസിദ്ധമായ താൽപര്യം കൂടി ചേരുമ്പോഴേ വിജയം നേടാന്‍ കഴിയു എന്നും ഓർക്കുക.  

ഡോമിനിക്കിന്റെ പൂന്തോട്ടങ്ങൾ

എറണാകുളം, ബോൾഗാട്ടി, നടുവത്തേഴത്തു വീട്ടിൽ എൻ.ജെ. ഡോമിനിക്കിനെ പരിചയപ്പെടാം. ഐടിഐ വിദ്യാഭ്യാസമുള്ള ഇദ്ദേഹം എളിയ രീതിയിൽ തുടങ്ങിയ പൂന്തോട്ട പരിപാലനം ഇന്ന് എറണാകുളം നഗരത്തിലെ തന്നെ ഈ രംഗത്തെ മുൻനിര സംരംഭമായി വളർന്നിരിക്കുന്നു. 30 വർഷത്തെ ഉദ്യാനപരിപാലന പരിചയമുള്ള ഡോമിനിക് ഗാർഡൻ കോൺട്രാക്ടറുടെ സാഹായി ആയാണ് ഈ മേഖലയിൽ എത്തിപ്പെടുന്നത്. പിന്നീട് മറ്റ് 2 പേരെ ഒപ്പം കൂട്ടി വർക്കുകൾ നേരിട്ടു ചെയ്യാൻ ആരംഭിച്ചു. ഇന്ന് ഗാർഡൻ ജോലികളിലെല്ലാം വൈദഗ്ധ്യമുള്ള മലയാളികളും  അതിഥി ത്തൊഴിലാളികളും ഉൾപ്പെടുന്ന സംഘം തന്നെ ഡോമിനിക്കിനൊപ്പമുണ്ട്.

സ്‌പൈസസ് ബോർഡ്, വിപ്രോ, ബാങ്ക് തുടങ്ങിയ സ്ഥാപങ്ങൾ കൂടാതെ കെട്ടിട നിർമാതാക്കളായ സ്കൈലൈൻ, മേത്തർ, എബിസി ഇവരുടെ പൂന്തോട്ട പരിപാലന ജോലികൾ  ഡോമിനിക്കി ന്റെ ടീം ആണ് ചെയ്യുന്നത്. ഉദ്യാന നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും കൃത്യമായ മേൽനോട്ടവും ഒപ്പം ചെടികളെകുറിച്ച് നല്ല അറിവുമുണ്ടെങ്കിലേ സംരംഭം വിജയത്തിലെത്തൂ എന്ന് ഡോമിനിക്.  

ഫോൺ: 9349859755 

ചെടികൾ വാടകയ്ക്കു നൽകാം. അതേക്കുറിച്ചു നാളെ

English summary: Garden Money Making Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com