ADVERTISEMENT

ഭാഗം 4

ബാങ്ക്, ഹോട്ടൽ, ട്രാവൽ ഏജൻസി, ഐടി ഓഫിസ് തുടങ്ങിയവയുടെയെല്ലാം ലോബി അല്ലെങ്കിൽ റിസപ്ഷൻ അലങ്കരിക്കാനായി അകത്തളച്ചെടികൾക്കു ഇന്ന് ഡിമാൻഡ് ഏറെയുണ്ട്. ഇവിടങ്ങളിൽ ഇന്നു നാം കാണുന്ന ചെടികളിൽ ഭൂരിഭാഗവും ഈ സ്ഥാപനങ്ങളുടെ സ്വന്തമല്ലെന്നുള്ളത് നിങ്ങൾക്ക് അറിയാമോ? ചെടികൾ വാടകയ്ക്ക് നൽകുന്ന ഏജൻസികളുടേതാണ് അവ. 

ചെടികൾ വാങ്ങി ചട്ടിയിൽ നട്ടു പരിപാലിക്കുന്നതിലും ചെലവും അധ്വാനവും കുറവാണ് ഇവ വാടകയ്ക്കെടുക്കുമ്പോൾ. മാസത്തിൽ 1 - 2 തവണ ഈ ചെടികൾ മാറ്റി പുതിയവ വച്ച് അകത്തളത്തിനു പുതുമ നൽകാമെന്ന മെച്ചവുമുണ്ട്. മുറിക്കുള്ളിലെ വായൂ ശുദ്ധീകരിക്കുവാൻ കഴിവുള്ള ചെടികൾ ഉപയോഗിച്ചാൽ കൃത്രിമ എയർ പ്യൂരിഫൈർ ഒഴിവാക്കാനും സാധിക്കും. ആകെയുള്ള ജോലി ചെടികൾ നനയ്ക്കുന്നതു  മാത്രം. ചെടികൾ വാടകയ്ക്കു നൽകുന്നവർക്കും വാടകയ്ക്ക് എടുക്കുന്നവർക്കും നേട്ടം. 

സംരംഭത്തിനായി ചെടികൾ സൂക്ഷിക്കാനും പരിപാലിക്കാനും കുറഞ്ഞത് 20 സെന്റ് സ്ഥലം ഒരുക്കേണ്ടതുണ്ട്.  തണൽ പന്തലും ശുദ്ധജല സൗകര്യവും ഇവിടെ വേണം. ചെടികൾ വാടകയ്ക്ക് എത്തിക്കാനും തിരിച്ചു ഫാമിലേക്കു കൊണ്ടുവരാനും വാഹനസൗകര്യവും ഉണ്ടാകണം. അലങ്കാര ഇലച്ചെടികൾ ഭംഗിയുള്ളതും ഈടുനിൽക്കുന്നതുമായ പ്ലാസ്റ്റിക് ചട്ടികളിൽ നട്ടു പരിപാലിക്കണം. ചെടിയുടെ വലുപ്പമനുസരിച്ചു വേണം ചട്ടി തിരഞ്ഞെടുക്കാൻ. ഉദാഹരണത്തിന് സ്പൈഡർ പ്ലാന്റിന് 8 ഇഞ്ച് വലുപ്പമുള്ള ചട്ടി മതിയെങ്കിൽ ഫിംഗർ പാമിന്  ഒരടി ചട്ടി വേണ്ടിവരും. 

ആകാരഭംഗിയും നിത്യഹരിത സ്വഭാവവും രോഗ, കീടബാധക്കുറവുമുള്ള  ചെടികൾ തിരഞ്ഞെടുക്കുക. ചെടികൾ സ്ഥാപനത്തിലെ ലോബിയിലോ റിസെപ്ഷനിലോ സ്ഥാപിക്കുമ്പോൾ അവിടെയുള്ള പ്രകാശത്തിന്റെ അളവ്, മുറിയുടെ വലുപ്പം ഇവയെല്ലാം പരിഗണിക്കണം. പച്ചയ്ക്കൊപ്പം മറ്റു നിറത്തിൽ ഇലകൾ ഉള്ള ചെടികൾ കൂടുതൽ പ്രകാശം കിട്ടുന്ന ഇടത്തും, മുഴുവനായി പച്ചനിറത്തിൽ ഇലകൾ ഉള്ളവ പ്രകാശം കുറഞ്ഞ ഭാഗത്തുമാണ് സ്ഥാപിക്കേണ്ടത്. ചട്ടിയിലെ അധിക നനജലം ഊർന്നിറങ്ങി നിലം വൃത്തികേടാകാതിരിക്കാൻ ചുവട്ടിൽ സ്പിൽ ട്രേ ഉപയോഗിക്കാം. 

വാടകയ്ക്ക് നൽകിയിരിക്കുന്നതിന്റെ പകുതിയോളം എണ്ണം ചെടികൾ എപ്പോഴും  ഫാമിൽ സ്റ്റോക്ക് ഉണ്ടായിരിക്കണം. സാധരണ 15 ദിവസത്തിലൊരിക്കലാണ് ചെടികൾ മാറ്റി പുതിയവ വയ്‌ക്കേണ്ടത്. ബ്യൂട്ടി പാർലറിൽ മുടിക്കും മുഖത്തിനും നൽകുന്ന സൗന്ദര്യ പ്രക്രിയ പോലെ  ഫാമിൽ തിരിച്ചെത്തുന്ന ചെടികൾക്കു പരിചരണം നൽകണം. പഴകിയതും കേടുവന്നതുമായ ഇലകൾ നീക്കം ചെയ്യണം. ബാക്കി ഇലകൾ നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കണം; ഒപ്പം ചട്ടിയുടെ പുറംഭാഗവും തുടച്ചു മോടിയാക്കണം. ആവശ്യമെങ്കിൽ മേൽമണ്ണിളക്കി ദുർഗന്ധമില്ലാത്ത ജൈവവളം മിശ്രിതത്തിൽ കലർത്തിനൽകാം. 

കുറഞ്ഞത് രണ്ടാഴ്ച ഫാമിൽവച്ചു പുഷ്ടി വരുത്തി വേണം ചെടികൾ വീണ്ടും വാടകയ്ക്കു നൽകാൻ.  വാടകയ്ക്കു വാങ്ങുന്ന സ്ഥാപനത്തിന്റെ അശ്രദ്ധ കാരണം കുറച്ചു ശതമാനം ചെടികൾ നശിച്ചുപോകാനിടയുണ്ട്. ഈ നഷ്ടം കൂടി പരിഗണിച്ചുവേണം വാടകനിരക്ക് നിശ്ചയിക്കാന്‍. ഈ കാര്യങ്ങൾ വ്യക്തമാക്കി  മുൻ‌കൂർ കരാർ വയ്ക്കുന്നതു നന്ന്. .

റെന്റ് എ പ്ലാന്റ് @ തിരുവനന്തപുരം

തിരുവന്തപുരം, ശ്രീകാര്യം ശിവോദയത്തിലെ ഗിരീഷിന്റെ ഭാര്യ ശ്രീപ്രിയയ്ക്ക് നിന്നു തിരിയാൻ നേരമില്ല. 10 വർഷം മുൻപ് ഏതാനും ചെടികൾ വാടകയ്ക്കു നൽകി ആരംഭിച്ച  സംരംഭം ഇന്ന് നൂറു കണക്കിനു ചെടികളും ജോലിക്കാരുമായി ഒരു പ്രസ്ഥാനമായി വളർന്നിരിക്കുന്നു. 

മകനു വേണ്ടി തുടങ്ങിയ ചെടിപരിപാലനം ക്രമേണ സംരംഭമായി വളരുകയായിരുന്നുവെന്ന് ശ്രീപ്രിയ. അധ്യാപികയായിരുന്ന ശ്രീപ്രിയ സെറിബ്രൽ പാൾസി രോഗമുള്ള മകനെ പരിചരിക്കാനായി ജോലി രാജിവയ്ക്കുകയായിരുന്നു. മകന്റെ ചികിത്സയുടെ ഭാഗമായി പലതും പരീക്ഷിച്ചപ്പോൾ ചെടികളോട് അവന് പ്രത്യേക ഇഷ്ടമുള്ളതായി മനസിലായി. അങ്ങനെയാണ് അലങ്കാരച്ചെടി പരിപാലനം ആരംഭിച്ചത്. 

ചെടിപരിപാലനത്തിൽ മകനും പങ്കാളിയായി. അതിലവൻ പ്രത്യേക ആനന്ദവും സംതൃപ്തിയും കണ്ടെത്തിയതോടെ. ചെടികളുടെ  എണ്ണം വർധിപ്പിച്ചു. അപ്പോഴാണ് അടുത്ത സുഹൃത്ത് ചെടികൾ വാടകയ്ക്ക് കൊടുത്തുകൂടെ എന്ന് ചോദിച്ചത്.  ടെക്നോപാർക്കിലെ 1 - 2 കമ്പനികളെ പരിചയപ്പെടുത്തുകയും ചെയ്തു. പുതിയൊരു സംരംഭത്തിന്റെ തുടക്കമായിരുന്നു അത്.

ഇന്നു ടെക്നോപാർക്കിലെ പല ഐടി സ്ഥാപങ്ങളുടെയും അകത്തളം അലങ്കരിക്കുന്നത് ഇവരു ടെ ചെടികളാണ്. ചെടികൾ കൊണ്ടുപോകാൻ മാരുതി വാനുമുണ്ട്. എല്ലാ ആഴ്ചയും സ്ഥാപനങ്ങളിൽ എത്തി ചെടികൾ സർവീസ് ചെയ്യും. ഏതെങ്കിലുമൊരു ചെടിക്കു കേടു കണ്ടാൽ അപ്പോൾത്തന്നെ മാറ്റി പുതിയതു വയ്ക്കും. അതല്ലെങ്കിലും മാസത്തിൽ ഒരിക്കൽ ചെടികൾ മുഴുവൻ മാറ്റി പകരം പുതിയവ നൽകും. സ്ഥാപനത്തിൽ ഗസ്റ്റ് വരുന്നുണ്ടെങ്കിൽ കൂടുതൽ ചെടികൾ വച്ച് അകത്തളം കൂടുതൽ മോടിയാക്കും. 

ഫോൺ: 9495163458     

വിപണിയിലേക്ക് ന്യൂജെൻ ചെടിച്ചട്ടികൾ. അതേക്കുറിച്ചു നാളെ

English summary: Garden Money Making Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com