ADVERTISEMENT

ഒറ്റപ്പാലം കല്ലിങ്കൽ വീട്ടിൽ രാജേഷിന്റെ ഫാമിൽ വളർത്തുന്നതു പലതരം ജലസസ്യങ്ങൾ.  എം.കോം ബിരുദധാരിയായ രാജേഷ് 9 വര്‍ഷങ്ങള്‍ക്കു മുൻപ് ആദ്യം തുടങ്ങിയത് അലങ്കാരമത്സ്യങ്ങളുടെ ഫാം ആയിരുന്നു. പിന്നീട് അക്വേറിയം ചെടികളുടെ ഡിമാൻഡ് മനസിലാക്കി അവയുടെ പരിപാലനവും പ്രജനനവും തുടങ്ങി. കേരളത്തിലെ പല സ്ഥലങ്ങളിൽനിന്ന് ജലസസ്യങ്ങൾ കൊണ്ടുവന്നു വംശവര്‍ധന നടത്തിയ രാജേഷിന്റെ കൃഷിയിടത്തിൽ ഇന്നുള്ളത് നൂറ്റിയമ്പതിലേറെ ഇനങ്ങളിലായി ആയിരത്തിലേറെ ചെടികള്‍. പടുത, സിമന്റ്,  ഗ്ലാസ് ടാങ്കുകളിലാണ് ഇവ വളര്‍ത്തുന്നത്.  

തണ്ട് അല്ലെങ്കിൽ ചുവട്ടിൽനിന്ന് ഉണ്ടായി വരുന്ന തൈകൾ ഉപയോഗിച്ച് മിക്ക ഇനങ്ങളുടെയും പുതിയ ചെടികൾ വളർത്തിയെടുക്കാം. എന്നാൽ അനൂബിയാസ് പോലുള്ളവ ടിഷ്യുകൾച്ചർ രീതിയില്‍ മാത്രമേ ഉൽപാദിപ്പിക്കാൻ സാധിക്കുകയുള്ളൂ. ചെടികൾക്ക് വളമായി  രാസവളവും ചാണകവുമാണ് നൽകുന്നത്. വെള്ളത്തില്‍ ശുദ്ധവായുവിന്റെയും കാർബൺ ഡൈ ഓക്‌സൈ ഡിന്റെയും അളവ് ചെടിവളർച്ചയ്ക്കു  പ്രധാനമാണെന്നു രാജേഷ്. കാർബൺ ഡൈ ഓക്സൈഡ് വെള്ളത്തിൽ ലഭ്യമാക്കാൻ ഇദ്ദേഹം ഒരു സംവിധാനം ഒരുക്കിയിട്ടുണ്ട്.  പഞ്ചസാരയും, യീസ്റ്റും, ബേക്കിങ് സോഡയും കലർത്തിയ ലായനി വലിയ കുപ്പികളിൽ നിറച്ച് ഉൽപാദിപ്പിക്കുന്ന കാർബൺ ഡൈ ഓക്‌സൈഡ്, ചെടികൾ വളരുന്ന വെള്ളത്തിലേക്കു  പൈപ്പിലൂടെ കുമിളകളായി എത്തും. ചെടികൾ ഈ കാർബൺ ഡൈ ഓക്സൈഡ് ആവശ്യാനുസരണം ഉപയോഗിച്ചുകൊള്ളും. ശുദ്ധവായുവിനായി ഏയ്റേറ്റർ ആണ് പ്രയോജനപ്പെടുത്തുന്നത്. 

ഫാമിനോടു ചേർന്ന് അക്വേറിയം ചെടികളുടെ വിപണനകേന്ദ്രവും  നടത്തിവരുന്നു. ആമസോൺ,  മിന്റ്, ഫോക്സ് ഫേൺ, വാലിസ്നേറിയ തുടങ്ങിയവ വിപണിയിൽ ഏറ്റവും ഡിമാൻഡ് ഉള്ള ഇനങ്ങളാണ്. കേരളത്തിൽ ജലസസ്യങ്ങൾക്ക് ആവശ്യക്കാർ അത്രയ്ക്കില്ലെങ്കിലും തമിഴ്നാട്ടിലും ഉത്തരേന്ത്യയിലും  നല്ല ഡിമാൻഡാണെന്നു രാജേഷ് പറയുന്നു. ഒച്ചും, പായലും (ആൽഗ) ആണ് ജലസസ്യങ്ങളുടെ  പ്രധാന ശത്രുക്കള്‍. ഒച്ചുകളെ കൈകൊണ്ടുതന്നെ പിടിച്ചു നശിപ്പിക്കണം. പായൽ നീക്കം ചെയ്യാൻ നേർപ്പിച്ച ഹൈഡ്രജൻ പെറോക്‌സൈഡ് ലായനി നല്ലതാണ്.

ഫോണ്‍: 9400709310

English summary: Aquatic Plant Farm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com