ADVERTISEMENT

ചെടികളും ചെടിച്ചട്ടികളും നിറഞ്ഞൊരു വീട്. വീടിന്റെ ഭംഗിയേക്കാളേറെ അതിനു ചുറ്റും ഭംഗിയായി വച്ചിരിക്കുന്ന ചെടികളെയും ചെടിച്ചട്ടികളെയും ആരുമൊന്നു ശ്രദ്ധിക്കും. സമൂഹമാധ്യമ കർഷക കൂട്ടായ്മകളിൽ ഒട്ടേറെ പേരുടെ ആരാധനാസൗധമാണ് തിരുവനന്തപുരം വെള്ളനാട് സ്വദേശി സജിൻ കുമാറിന്റേത്. 3 നില വീടിന് ചുറ്റും ഒരിഞ്ചു സ്ഥലം പോലും പാഴാക്കാതെ ചെടികൾക്ക് സ്ഥാനം നൽകിയിരിക്കുന്നു.

10 സെന്റ് സ്ഥലമാണ് സജിലിന് ആകെയുള്ളത്. ഈ സ്ഥലത്ത് വീടും ചെറിയ കാർഷിക നഴ്സറിയും ഫലവൃക്ഷത്തോട്ടവുമെല്ലാം ഭംഗിയായി ചിട്ടപ്പെടുത്തിയിരിക്കുന്നു. വീട് നിർമിച്ചപ്പോൾത്തന്നെ ഹാങ്ങിങ് പ്ലാന്റുകൾ സജി‌ന്റെ മനസിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഷെയ്ഡുകളിൽ ചെടിച്ചട്ടികൾ തൂക്കാനായി പ്രത്യേകം ഹുക്കുകൾ‌ ഘടിപ്പിച്ചായിരുന്നു നിർമാണം. ‌വീടിന്റെ 3 വശങ്ങളിലായി പല നിറത്തിലും ആകൃതിയിലുമുള്ള ചെടിച്ചട്ടികൾ ആരെയും ആകർഷിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. വീടിനു ചുറ്റും 200ൽപ്പരം ചെടിച്ചട്ടികളാണ് തൂങ്ങിനിൽക്കുന്നത്. സ്ഥിരമായി ഒരു പാറ്റേൺ സജിൻ സ്വീകരിക്കാറില്ല. അതുകൊണ്ടുതന്നെ എപ്പോഴും വീടിന് ഒരു പുതുമ നിലനിർത്താൻ കഴിയുന്നുണ്ടെന്ന് സജിൻ.

sajin
സജിനും കുടുംബവും

ഓർക്കിഡുകൾ, 75ൽപ്പരം പത്തുമണി, അഗ്ലോണിമ, ബൊഗെയ്ൻവില്ല, ഒട്ടേറെ ഇനം ഇലച്ചെടികൾ എന്നിവയെല്ലാം ഈ ഭവനോദ്യാനത്തിന് അഴകാകുന്നു. പരിമിതമായ സ്ഥലമായതിനാൽ വീടിന് ചുറ്റും വച്ചിരിക്കുന്ന ചെടികൾ വിൽപനയ്ക്കുകൂടിയുള്ളതാണ്. 

ഹാങ്ങിങ് ചെടികൾക്കാണ് സജിൻ ഏറെ പ്രാധാന്യം നൽകുന്നത്. പല നിറത്തിലും ആകൃതിയിലുമുള്ള പ്ലാസ്റ്റിക് ചെടിച്ചട്ടികളുടെ അടിഭാഗത്ത് ചകിരിത്തൊണ്ട് ചെറിയ കഷണങ്ങളാക്കി അടുക്കുന്നു. അതിനു മുകളിലാണ് നടീൽ മിശ്രിതം നിറയ്ക്കുക. ചെടിച്ചട്ടിയിൽ ഈർപ്പം നിലനിർത്താനും ഭാരം കുറയ്ക്കാനും ഈ രീതി സഹായിക്കും. കൂടാതെ ഹാങ്ങിങ് പ്ലാന്റുകൾക്ക് താഴേക്ക് വേരോട്ടം ഇല്ലാത്തതിനാൽ അടിഭാഗത്ത് മണ്ണിന്റെ ആവശ്യം വരുന്നുമില്ലെന്ന് സജിൻ. ചകിരിച്ചോറ്, മണൽ, മണ്ണ്, ചാണകപ്പൊടി, അൽപം വേപ്പിൻപിണ്ണാക്ക് എന്നിവ കൂട്ടിക്കലർത്തിയാണ് നടീൽമിശ്രിതം തയാറാക്കുന്നത്. ഈ മിശ്രിതത്തിൽ ചെടി നട്ട് ഒരാഴ്ച കഴിയുമ്പോൾ മുതൽ ചാണകപ്പൊടി മേൽവളമായി നൽകുന്നു. മറ്റു വളങ്ങളൊന്നും നൽകാറില്ല. 

home-garden-1

സാധാരണ 2 നേരമാണ് നന. എന്നാൽ, കൂടുതൽ വെയിലുള്ള ഭാഗത്ത് നന 4 നേരമാകും. ഭാര്യ ഷീജയും മക്കളായ ഷിന്റോയും സാന്റോയുമാണ് ചെടി പരിചരണത്തിൽ സജിനെ സഹായിക്കുന്നത്.

പത്തു സെന്റിൽ വീടു കഴിഞ്ഞുള്ള ഭാഗത്ത് പ്ലാവ്, മാവ്, റംബുട്ടാൻ, മുസംബി, ഇറാനിയൻ പിസ്ത എന്നിങ്ങനെ ഒട്ടേറെ ഫലവൃക്ഷങ്ങളും ഈ ഉദ്യാനത്തിന് അലങ്കാരമാകുന്നു. 

ഫോൺ: 9447864020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com