ADVERTISEMENT

താമരയോടുള്ള ഇഷ്ടംകൊണ്ട് വീട്ടുമുറ്റത്ത് വലിയൊരു താമരത്തോട്ടം വളർത്തിയെടുത്ത ആളാണ് കോട്ടയം ജില്ലയിലെ ചങ്ങനാശേരി മലകുന്നം പ്രശാന്ത് ഭവനിൽ പ്രമോദ് കുമാർ. പോലീസിലാണ് ജോലിയെങ്കിലും പ്രമോദിന്റെ മനസ് എപ്പോഴും താമരകൾക്കൊപ്പമാണ്. മൂന്നു വർഷം മുമ്പ് ഒരു താമരയുടെ കിഴങ്ങ് നട്ടുകൊണ്ടാണ് തുടക്കം. അത് മുളച്ച് നല്ലരീതിയിൽ വളർന്നുവന്നതോടെ കൂടുതൽ ഇനങ്ങൾ അന്വേഷിച്ചു കണ്ടെത്തി വാങ്ങുകയായിരുന്നു.

ആ അന്വേഷണത്തിന്റെ ഫലം വീട്ടുമുറ്റത്ത് കാണാം. രണ്ടു വർഷമായി ഒട്ടേറെയിനം താമരകളും ആമ്പലുകളും പ്രമോദ് വളർത്തിവരുന്നു. 30 ലീറ്ററിന്റെ പ്ലാസ്റ്റിക് പാത്രങ്ങളിൽ 20 ഇനം താമരകളും 15 ഇനം ആമ്പലുകളും ശേഖരത്തിലുണ്ട്. ഫോർനർ ലോട്ടസ്, ലേഡീ ബൻഗ്ലി, പിങ്ക് ക്ലൗഡ്, വസുകി, ഗ്ലീൻ ആപ്പിൾ, ബുദ്ധാ സീറ്റ്, N42 മാസ്റ്റർ ലോട്ടസ്, ബുദ്ധാ സീറ്റ് 13 b, ലിറ്റിൽ റെയിൻ, ബ്ലഡ് ഡ്രോപ്പ്, ഹേർട്ട് ബ്ലഡ്, സിൽക്ക് റെഡ്, സ്നോവൈറ്റ്, ലിയാൻ ഗ്ലി മൈക്രോ എന്നുതുടങ്ങി നാടൻ ഇനങ്ങളിലെ വെള്ളയും പിങ്കും വരെ ഈ ശേഖരത്തിൽ ഉൾപ്പെടും. എല്ലാം നട്ടിരിക്കുന്നത് പ്ലാസ്റ്റിക് പാത്രങ്ങളിൽത്തന്നെ. 

lotus-in-home-garden-2
വിവിധയിനം താമരകൾ

പ്ലാസ്റ്റിക് പാത്രങ്ങളിൽ 2 ഇഞ്ച് കനത്തിൽ ചാണകപ്പൊടി നിരത്തിയശേഷം 4 ഇഞ്ച് കനത്തിൽ സാധാരണ മണ്ണ് വിരിക്കുന്നു. ഇതിലാണ് താമരയുടെ കിഴങ്ങ് നടുക. കിഴങ്ങ് വച്ചതിനുശേഷം വെള്ളമൊഴിക്കുന്നു. ചെടി മുളച്ചു വളർന്നുതുടങ്ങുന്നത് അനുസരിച്ചാണ് വെള്ളത്തിന്റെ അളവ് ഉയർത്തുക. ഒരടി ഉയരം വരും ഈ പ്ലാസ്റ്റിക് പാത്രങ്ങൾക്ക്. അത് നിറയെ വെള്ളം ഒഴിക്കേണ്ട ആവശ്യം താമരകൾക്ക് വരുന്നില്ല. ചുവട്ടിൽ നല്ല രീതിയിൽ ഈർപ്പം മതിയെന്ന് പ്രമോദ് പറയുന്നു. അതേസമയം, ആമ്പലുകൾക്ക് ഇല കിടക്കാനാവശ്യമായ വെള്ളം വേണം. അല്ലാത്തപക്ഷം ഇല കരിഞ്ഞുണങ്ങാൻ സാധ്യതയുണ്ട്.

പ്രധാന നടീൽ വസ്തു കിഴങ്ങുകളാണ്. വിത്ത് നട്ടാലും മുളയ്ക്കുമെങ്കിലും മാതൃസസ്യത്തിന്റെ ഗുണം അതിന് ലഭിച്ചെന്നുവരില്ല. മാത്രമല്ല മുളപ്പിച്ചെടുക്കുക എന്നത് ശ്രമകരമാണെന്നും പ്രമോദ്. അതുകൊണ്ടുതന്നെ പുതിയ ഇനങ്ങൾ അന്വേഷിച്ച് കണ്ടെത്തുമ്പോഴെല്ലാം അവയുടെ കിഴങ്ങുകളാണ് വാങ്ങുക. പ്രധാനമായും ഓൺലൈൻ വഴിയാണ് ഓരോ ഇനവും ശേഖരിച്ചത്. 

താമരകളുടെ വലിയൊരു ശേഖരം ഒരുക്കിയതിനൊപ്പം അവയുടെ കിഴങ്ങുകൾ ആവശ്യക്കാർക്ക് വിൽക്കുന്നുമുണ്ട് പ്രമോദ്. സമൂഹമാധ്യമങ്ങൾ വഴിയാണ് വിൽപന. ആവശ്യക്കാർക്ക് കൊറിയർ ചെയ്തു നൽകുന്നു. 200 രൂപ മുതൽ 2000 രൂപ വരെ വിലയുള്ള താമരകൾ ഇവിടുണ്ട്. താമരകളിലെ ഏറ്റവും വിശിഷ്ട ഇനമായ സഹസ്രദളവും ഇവിടുണ്ട്. 2000 രൂപയാണ് ഇതിന് വില വരിക.

അമ്മയും മകൻ ആദി ദേവും അടങ്ങുന്നതാണ് പ്രമോദിന്റെ കുടുംബം. ജ്യേഷ്ഠന്റെ മക്കളായ ശിവനന്ദയും ശ്രീനന്ദനും കൃഷ്ണേന്ദുവും താമരകളുടെ പരിപാലനത്തിൽ പ്രമോദിന് കൂട്ടായുണ്ട്. 

ഫോൺ: 9497584901

English summary: How to Grow Lotus Plant at Home, Gardening As A Hobby, Gardening Flower Pots, Gardening Flowers, Gardening For Home, Gardening Ideas Kerala, Gardening In Kerala, Gardening Is My Passion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com