ADVERTISEMENT

വരാന്തയിലും ബാല്‍ക്കണിയിലും വളര്‍ത്തുന്ന ഭൂരിഭാഗം ചെടികളുടെയും ഇലകളുടെ നിറം ശ്രദ്ധിച്ചിട്ടുണ്ടോ? ഒന്നുകില്‍ വിരസമായ പച്ച അല്ലെങ്കില്‍ വെള്ള കലര്‍ന്ന പച്ച. ഇവയ്ക്കു പകരം പിങ്ക്, ചുവപ്പ്, മെറൂണ്‍, തുടങ്ങി ആരെയും മോഹിപ്പിക്കും നിറങ്ങളുള്ള അഗ്‌ളോനിമ എന്ന ഇലച്ചെടി വളര്‍ത്തിയാലോ? അഴകാര്‍ന്ന നിറമുള്ള ഇലകള്‍ മാത്രമല്ല, ഒതുക്കമുള്ള സസ്യപ്രകൃതം, ലളിതമായ പരിപാലനം എന്നിവയും  അഗ്‌ളോനിമയുടെ സവിശേഷതയാണ്. ഇന്ന് അലങ്കാര ഇലച്ചെടികളില്‍ അഗ്രഗണ്യരാണ് അഗ്‌ളോനിമയുടെ നവീന സങ്കരയിനങ്ങള്‍. പലര്‍ക്കും നല്ലൊരു വരു മാനമാര്‍ഗം കൂടിയാണ് ഈ ചെടിയുടെ വിപണനം.

അത്രകണ്ട് ആകര്‍ഷകമല്ലാത്ത, പച്ചയില്‍ വെള്ള കലര്‍ന്ന നിറമായിരുന്നു അഗ്‌ളോനിമയുടെ പരമ്പരാഗത ഇനങ്ങളില്‍ ഒട്ടു മിക്കവയ്ക്കും. നല്ല നീളത്തില്‍ ഇലകളുള്ള ഇവ മറ്റ് ഇലച്ചെടികളില്‍നിന്നു വ്യത്യസ്തമായിരുന്നില്ല. കുറച്ചു കാലം മുന്‍പ് നമ്മുടെ നാട്ടില്‍ എത്തിയ, കണ്ണഞ്ചിപ്പിക്കും വര്‍ണങ്ങളില്‍ നീളം കുറഞ്ഞു വീതിയുള്ള ഇലകളുമായി, കുള്ളന്‍ പ്രകൃതമുള്ള നൂതന സങ്കരയിനം അഗ്‌ളോനിമ ചെടികള്‍ (റൊട്ടന്‍ഡം വര്‍ഗം) ഇന്ന് ഇലച്ചെടിവിപണി അടക്കി വാഴുകയാണ്. ഒറ്റ നോട്ടത്തില്‍ പ്ലാസ്റ്റിക് ചെടിയെന്നു തോന്നുമാറുള്ള  ഭംഗിയാണ് ഇവയുടെ ഇലകള്‍ക്ക്. സവിശേഷ സസ്യപ്രകൃതിയും ആകര്‍ഷകമായ ഇലകളുമാണ് അലങ്കാര ഇലച്ചെടിയുടെ ഭംഗിയെങ്കില്‍ ഈ ഗുണങ്ങളെല്ലാം അഗ്‌ളോനിമയ്ക്കുണ്ട്. നല്ല വീതിയുള്ള ഇലയില്‍ പച്ചയും ചുവപ്പും പിങ്കും മഷി കോരിയൊഴിച്ചതുപോലെ മാരിവില്‍ ഇലകളുള്ള 'റെഡ് കൊച്ചിന്‍', 'ക്രെറ്റ', 'റെഡ് വീനസ്,' 'പ്രോ സ്‌പെറിറ്റി' മുഴുവനായി ചുവന്ന ഇലകളുമായി 'സൂപ്പര്‍ റെഡ്', തൂവെള്ള ഇലകളുള്ള 'സൂപ്പര്‍ വൈറ്റ്' എല്ലാം  കാഴ്ചയ്ക്ക്  അതിമനോഹരം. 

പാതി തണല്‍ കിട്ടുന്ന വരാന്ത, ജനല്‍പടി, ബാല്‍ക്കണി, ഡെക്ക്  എന്നിവിടങ്ങളിലെല്ലാം ഇവ വളര്‍ത്താം. ഇലകളുടെ അരികിലൂടെ കടും ചുവപ്പ് ലിപ്സ്റ്റിക് പുരട്ടിയപോലുള്ള 'ലിപ്സ്റ്റിക്' ഇനം കൂട്ടമായി നിലത്തും വളര്‍ത്താം, വെയില്‍ അല്‍പം അധികമായാലും ചെടി കേടാവില്ല.  കടും പച്ചനിറത്തില്‍ ഇലകളുള്ള ഇനങ്ങള്‍ മുറിക്കുള്ളിലെ വെളിച്ചത്തിലും പരിപാലിക്കാം. പലതിന്റെയും ഇലകളില്‍ ഹരിതകം വളരെ കുറവായതുകൊണ്ട് വളര്‍ച്ച സാവധാനമാണ്. 

ചേമ്പ് ഉള്‍പ്പെടുന്ന കുടുംബത്തിലെ അംഗമാണെങ്കിലും അഗ്‌ളോനിമയ്ക്കു മണ്ണിനടിയില്‍ കിഴങ്ങുണ്ടാകാറില്ല. മണ്ണിനടിയിലുള്ള കുറുകിയ തണ്ടില്‍നിന്ന് ഈ ചെടി ചുറ്റും തൈകള്‍ ഉല്‍പാദിപ്പിച്ചു കാലക്രമേണ ഒരു കൂട്ടമായി മാറും. മുന്തിയ ഇനങ്ങളിലെല്ലാം തൈകള്‍ വളരെ സാവധാനമേ ഉണ്ടായി വരൂ. അതുകൊണ്ട് ഇവയ്ക്കു വിപണിയില്‍ നല്ല വിലയുമുണ്ട്. ഇലയുടെ നിറവും ആ കൃതിയും അനുസരിച്ച് നൂതന ഇനത്തിന് 400 രൂപ മുതല്‍ 3000 രൂപവരെ വില ലഭിക്കാറുണ്ട്. കൂടുതല്‍ ഡിമാന്‍ഡ് ഉള്ള സങ്കരയിനങ്ങളുടെ തൈകള്‍ ഉല്‍പാദിപ്പിച്ചു വിപണനം ചെയ്യുന്നത് നല്ലൊരു വരുമാനമാര്‍ഗമാക്കാം. സംരംഭമായി അഗ്‌ളോനിമച്ചെടികള്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ പരമ്പരാഗത ഇനങ്ങള്‍ വളര്‍ത്തി പരിപാലനം നന്നായി മനസ്സിലാക്കിയശേഷം മാത്രം നൂതന ഇനങ്ങളിലേക്കു തിരിയുക; അല്ലെങ്കില്‍ പരാജയപ്പെടാന്‍ സാധ്യതയേറെയാണ്.  

aglonima-2

നടീല്‍രീതി

നല്ല വളര്‍ച്ചയെത്തിയ ചെടി ചുറ്റും ഉല്‍പാദിപ്പിക്കുന്ന തൈകളും ചെടിയുടെ തലപ്പുമാണ് അഗ്‌ളോനിമയുടെ  നടീല്‍വസ്തുവായി സാധാരണ ഉപയോഗിക്കുക. നവീന ഇനങ്ങള്‍ വിരളമായേ തൈകള്‍ ഉല്‍പാദിപ്പിക്കുകയുള്ളൂ. ഇവയുടെ തലപ്പാണ് നടീല്‍വസ്തു. ചെടി പൂവിടാറാകുമ്പോഴോ അല്ലെങ്കില്‍ പൂവിട്ടു കഴിഞ്ഞ ഉടനെയോ ആണ് തൈകള്‍ വളര്‍ന്നുവരിക.

തൈകള്‍ ഉണ്ടായി വന്ന ചെടിയില്‍നിന്നു തൈ വേര്‍പെടുത്തിയെടുത്തു നടുന്നതിന്റെ ആദ്യ പടിയായി നട്ടിരിക്കുന്ന മിശ്രിതം നന്നായി നനച്ചു കുതിര്‍ക്കണം. മിശ്രിതമുള്‍പ്പെടെ ചെടി സാവധാനം ചട്ടിയില്‍നിന്നു പുറത്തെടുക്കണം. വേരില്‍ പറ്റിയിരിക്കുന്ന മണ്ണ് മുഴുവനായി കഴുകി വൃത്തിയാക്കിയ ശേഷം നല്ല മൂര്‍ച്ചയുള്ള കത്തിയോ ബ്ലേഡോ ഉപയോഗിച്ച് ശ്രദ്ധയോടെ വേരുള്‍പ്പെടെ തൈ വേര്‍പെടുത്തിയെടുക്കണം. 4- 5 ഇലകളുള്ള തൈ ആണ് മാറ്റി നടാന്‍ പറ്റിയത്. ഇത്രയും വളര്‍ച്ചയായവയെല്ലാം നടാനായി ഉപയോഗിക്കാം. ചെടിയുടെയും തൈയുടെയും മുറിഭാഗത്തു പേസ്റ്റ് രൂപത്തിലാക്കിയ ഇന്‍ഡോഫില്‍ അല്ലെങ്കില്‍ ആന്‍ട്രാക്കോള്‍ കുമിള്‍നാശിനി പുരട്ടി സംരക്ഷിക്കണം.  

എട്ട് ഇഞ്ച് എങ്കിലും വലുപ്പമുള്ള പ്ലാസ്റ്റിക് ചട്ടിയിലാണ് തൈ നടേണ്ടത്. നന്നായി വെള്ളം വാര്‍ ന്നുപോകുന്ന മിശ്രിതമാണ് അഗ്‌ളോനിമ വളര്‍ത്താന്‍ വേണ്ടത്. ഇതിനായി ഗുണമേന്മയുള്ള ചകിരിച്ചോറും ആറ്റുമണലും ഒരേ അളവില്‍ എടുത്തതില്‍ അല്‍പം കുമ്മായവും, വളമായി ആട്ടിന്‍കാഷ്ഠമോ നന്നായി ഉണങ്ങിയ ചാണകപ്പൊടിയോ കലര്‍ത്തി കുതിര്‍ത്തെടുത്ത മിശ്രിതത്തില്‍ തൈ നടാം.

ഇലകള്‍ക്ക് നല്ല നിറം കിട്ടാന്‍ ചെമ്മണ്ണ് മിശ്രിതത്തില്‍ കലര്‍ത്തുന്നത് ഗുണം ചെയ്യും. 2- 3 ദിവസം വെയിലത്തിട്ടുണക്കിയ ചെമ്മണ്ണു വേണം ഉപയോഗിക്കാന്‍. നടീല്‍മിശ്രിതം നിറയ്ക്കുന്നതിനു മുന്‍പ് അധികജലം വേഗത്തില്‍ വാര്‍ന്നുപോകാന്‍ ചട്ടിയുടെ അടിഭാഗത്തു ടെറാക്കോട്ട ബോള്‍ അല്ലെങ്കില്‍ ഓടിന്റെയോ കരിയുടെയോ കഷണങ്ങള്‍ നിരത്തണം. ചെടിയുടെ വേരുഭാഗം മാത്രം മിശ്രിതത്തില്‍ ഇറക്കി ഉറപ്പിക്കുക. തൈകള്‍ വേര്‍പെടുത്തിയ ചെടിയും ചട്ടിയില്‍ ഇതേ മിശ്രിതം നിറച്ച ശേഷം വീണ്ടും നടാം.  

ആവശ്യത്തിനു വളര്‍ച്ചയായ ചെടിയുടെ തലപ്പും മുറിച്ചെടുത്തു നടാം. 4-5 ഇലകളെങ്കിലും തലപ്പില്‍ ഉണ്ടാകണം. 2 ഗ്രാം ഇന്‍ഡോഫില്‍ അല്ലെങ്കില്‍ ആന്‍ട്രാക്കോള്‍ കുമിള്‍നാശിനി ഒരു ലീറ്റര്‍ വെള്ളത്തില്‍ ലായനിയാക്കിയതില്‍ തലപ്പിന്റെ ചുവടുഭാഗം ഒരു രാത്രി മുക്കിവച്ച് അണുമുക്ത മാക്കണം. തൈ നടാന്‍ ഉപയോഗിച്ച മിശ്രിതംതന്നെ തലപ്പ് നടാനും മതി. തലപ്പ് മുറിച്ചെടുത്ത ചെടിയുടെ മുറിഭാഗവും കുഴമ്പുരൂപത്തിലാക്കിയ കുമിള്‍നാശിനി പുരട്ടി സംരക്ഷിക്കണം.  

aglonima-3

പരിപാലനം

നട്ടിരിക്കുന്നിടത്ത് അധിക ഈര്‍പ്പം വേണ്ടാത്ത ചെടിയാണ് അഗ്‌ളോനിമ. അതുകൊണ്ട് വളരെ ശ്രദ്ധിച്ചു മാത്രം നനയ്ക്കുക. സാധിക്കുമെങ്കില്‍ മഴവെള്ളം സംഭരിച്ച് അതുകൊണ്ടു നനയ്ക്കുക. നല്ല വേനല്‍ക്കാലത്തുപോലും 3 ദിവസത്തില്‍ ഒരിക്കല്‍ നനച്ചാല്‍ മതി. മഴക്കാലമായാല്‍ നട്ടിരിക്കുന്നിടത്ത്  ഈര്‍പ്പം തീരെ കുറയുമ്പോള്‍ മാത്രം മതി നന. രാവിലെ വെയിലാകുന്നതിനു മുന്‍പ് നനയ്ക്കുന്നതാണ് ഉചിതം. ചുവട്ടിലെ ഇലകളുടെ തണ്ടു ചീഞ്ഞ് ഇല കൊഴിയുന്നത് മിശ്രിതത്തില്‍ ഈര്‍പ്പം അധികമായതിന്റെ സൂചനയാണ്. 

നല്ല ആരോഗ്യമുള്ള വേരുകളാണ് ചെടിയുടെ കരുത്ത്. അതു കാരണം വേരുകള്‍ കേടാകാതെ സൂക്ഷിക്കണം. ഇതിനായി മാസത്തിലൊരിക്കല്‍ കോണ്‍ടാഫ് കുമിള്‍നാശിനി (1മില്ലി/ലീറ്റര്‍ വെള്ളം) ലായനിയായി തളിച്ചു നല്‍കുന്നതും ചുവട്ടില്‍ ഒഴിച്ചു കൊടുക്കുന്നതും വേരുചീയല്‍ രോഗത്തില്‍നിന്നു ചെടിയെ സംരക്ഷിക്കും. വീടിന്റെ, പാതി തണല്‍ കിട്ടുന്ന ഇടങ്ങളില്‍ അഗ്‌ളോനിമ നന്നായി വളരും. 

വെയിലിന്റെ ചൂട് അധികമായാല്‍ ഇലകളുടെ വലുപ്പം കുറഞ്ഞ് അറ്റത്തു തവിട്ടു നിറം വന്ന് ഉണ ങ്ങാനിടയുണ്ട്. തണല്‍ അധികമായാല്‍ ഇലകളുടെ തിളക്കുള്ള നിറം മങ്ങി അനാകര്‍ഷകമാകും.   മുന്തിയ സങ്കര ഇനങ്ങള്‍ എല്ലാംതന്നെ വളരെ സാവധാനമേ വളരുകയുള്ളൂ.

ചെടി നട്ട് 3 - 4 പുതിയ ഇലകള്‍  ഉണ്ടായി വന്നശേഷം മാത്രം വളം നല്‍കിയാല്‍ മതി. കടലപ്പിണ്ണാക്കും വേപ്പിന്‍പിണ്ണാക്കും പുളിപ്പിച്ചെടുത്തതിന്റെ തെളി നേര്‍പ്പിച്ചത് നല്ല ജൈവവളമാണ്. രണ്ടാഴ്ചയിലൊരിക്കല്‍ ഈ തെളി ചെടിയുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. രണ്ടു മാസത്തിലൊരിക്കല്‍ എല്ലുപൊടിയും കംപോസ്റ്റും ചേര്‍ത്ത വളക്കൂട്ട് മിശ്രിതത്തില്‍ കലര്‍ത്തി നല്‍കാം. മഴക്കാലത്തു ജൈവവളങ്ങള്‍ കഴിവതും ഒഴിവാക്കണം. തുടക്കത്തില്‍ കരുത്തുള്ള വളര്‍ച്ചയ്ക്കു രാസവളമായി, വെള്ളത്തില്‍ ലായനിയാക്കിയ ഡൈ അമോണിയം ഫോസ്ഫേറ്റ് അല്ലെങ്കില്‍ എന്‍പികെ 19:19:19 നല്ലതാണ്. ചേമ്പു കുടുംബത്തിലെ അംഗമായ അഗ്‌ളോനിമയുടെ പൂക്കളും ചേമ്പിന്റെയത്ര ആകര്‍ഷകമല്ല. ചെടി പൂവിട്ടാല്‍ പിന്നീടുള്ള വളര്‍ച്ച സാവധാനമാകും. പൂമൊട്ടുകള്‍ കാണുമ്പോള്‍തന്നെ മുറിച്ചു നീക്കണം. നല്ല വളര്‍ച്ചയായ  ചെടി ചുറ്റും തൈകള്‍ ഉണ്ടായി വന്നു ചട്ടി തിങ്ങി നിറഞ്ഞാല്‍ പഴയ മിശ്രിതം മാറ്റി പുതിയതിലേക്കു നടണം. മാറ്റി നടുന്നതിനു മുന്‍പ് തൈകള്‍ വേരുള്‍പ്പെടെ വേര്‍പെടുത്തിയെടുത്തു പുതിയ ചെടികളാക്കി മാറ്റാം.

English summary: How to grow Aglaonema

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com