തനി നാടനാവാം പൂക്കളം: നാടിന്റെ തനതു രീതിയിലേക്കൊരു തിരിച്ചുപോക്കാകാം ഈ ഓണക്കാലം

HIGHLIGHTS
  • ഉദ്യാനത്തിലും തൊടിയിലുമുള്ള പൂക്കള്‍ ഉപയോഗിച്ചു പൂക്കളം ഒരുക്കുക
pookkalam
SHARE

മറുനാടന്‍ പൂക്കളുടെ വരവു കുറഞ്ഞ് ഈ മഹാമാരിക്കാലത്ത് ഉദ്യാനത്തിലും തൊടിയിലുമുള്ള പൂക്കള്‍ ഉപയോഗിച്ചു പൂക്കളം ഒരുക്കാം. നാടിന്റെ തനതു രീതിയിലേക്കൊരു തിരിച്ചുപോക്കാകാം ഈ ഓണക്കാലത്ത്.

ഓണം ഇങ്ങെത്തി. പൂക്കളം ഒരുക്കാന്‍ പതിവുപോെല മറുനാടന്‍ പൂക്കളുണ്ടോ? അവ എത്തിയാല്‍ത്തന്നെ ജമന്തിയും വാടാമുല്ലയും അരളിയും വാങ്ങാന്‍ പുറത്തേക്ക് ഇറങ്ങാന്‍ പറ്റുമോ- സംശയം. എന്നു കരുതി  വീടിന്റെ പൂമുഖത്തു പൂക്കളമിടാതിരിക്കാന്‍ പറ്റില്ലതാനും. അപ്പോള്‍ എന്താണ് പോംവഴി. ഉദ്യാനത്തിലും തൊടിയിലുമുള്ള പൂക്കള്‍ ഉപയോഗിച്ചു പൂക്കളം ഒരുക്കുക തന്നെ. അതായത് നാടിന്റെ തനതു രീതിയിലേക്കൊരു തിരിച്ചുപോക്കാകാം ഈ ഓണക്കാലത്ത്. മുന്‍പ് തൊടിയിലും പറമ്പിലുമുള്ള പൂക്കളായിരുന്നല്ലോ പൂക്കളമിടാന്‍ ഉപയോഗിച്ചിരുന്നത്. ഓണത്തപ്പനു മാര്‍ക്കറ്റിലെ പൂക്കളെക്കാള്‍ പ്രിയം  ചെത്തി, ചെമ്പരത്തി, കോളാമ്പി, കൊങ്ങിണിപ്പൂക്കളായിരിക്കും, സംശയമില്ല. വര്‍ണക്കടലാസിനും പല നിറത്തിലുള്ള പൊടികള്‍ക്കും പകരം പൂക്കളും ഇലകളും ഉപയോഗിച്ചുണ്ടാക്കുന്ന പൂക്കളത്തിന്റെ പൊലിമ ഒന്നു വേറെതന്നെയാണ്. അയല്‍വീട്ടിലെ പൂക്കള്‍ ഒളിച്ചുനിന്നു പറിച്ചെടുക്കുന്നതിന്റെ ത്രില്‍ ഇപ്പോഴത്തെ തല മുറയോടു പറഞ്ഞാല്‍ മനസിലാകുമോ?

അത്തം മുതല്‍ തിരുവോണംവരെ ദിവസവും പൂക്കളം തീര്‍ക്കാന്‍ ഉപയോഗിക്കുന്ന പൂക്കള്‍ക്ക് ഒരു ദിവസത്തെ ആയുസ് എങ്കിലും ഉണ്ടാകണം. പൂക്കളം നിറക്കൂട്ടുകൂടിയാണ്. അതിനു പറ്റിയ തരത്തില്‍ പല നിറത്തിലുള്ള പൂക്കള്‍ വേണം. പൂന്തോട്ടത്തിലും പറമ്പിലും നിന്നു കിട്ടുന്ന പൂക്കളെല്ലാം തന്നെ പൂക്കളമിടാന്‍ ഉപയോഗിക്കാം.

pookkalam-2
  • വെള്ളപ്പൂക്കള്‍: മുല്ല,  പവിഴമല്ലി,  പിച്ചി,  നന്ത്യാര്‍വട്ടം, പാലച്ചെമ്പകം, ഗന്ധരാജന്‍, വെള്ള കൊങ്ങിണി, മന്താരം, കാശിത്തുമ്പ.  
  • മഞ്ഞ: കോളാമ്പി, മഞ്ഞ ചെത്തി, മഞ്ഞ കൊങ്ങിണി, മഞ്ഞ മന്ദാരം, മഞ്ഞ രാജമല്ലി
  • ചുവപ്പ്: ചുവന്ന ചെത്തി, ചുവന്ന ചെമ്പരത്തി, ചെത്തിക്കൊടുവേലി, കൃഷ്ണകിരീടം, ചുവന്ന ബൊഗൈന്‍വില്ല, ചുവന്ന യൂഫോര്‍ബിയ, ചുവന്ന കൊങ്ങിണി, ചുവന്ന രാജമല്ലി.
  • പിങ്ക്: ആദം-ഹവ്വ പൂവ് (വിന്‍ക), പിങ്ക് ചെമ്പരത്തി, പിങ്ക് മന്ദാരം, പിങ്ക് ചെത്തി, പിങ്ക് ബൊഗൈന്‍വില്ല, പിങ്ക് യൂഫോര്‍ബിയ, പിങ്ക് അരളി, പിങ്ക് മുസ്സാന്‍ഡ.
  • നീല: നീല കോളാമ്പി ( ബുഷ് വൈന്‍ ), കൃഷ്ണക്രാന്തി, ബംഗാള്‍ ക്ലോക്ക് വൈനിന്റെ നീലപ്പൂവ് ഇനം, നീലക്കൊടുവേലി, നീല ശംഖുപുഷ്പം.

ചുവപ്പ് ചീര ഇല, ഡ്രസീനയുടെ പല നിറത്തിലുള്ള ഇലകള്‍, ക്രോട്ടണ്‍ ചെടിയുടെ ഇലകള്‍, കോളിയസ് ചെടിയുടെ ഇല, വേരിഗേറ്റഡ് റിബണ്‍ ഗ്രാസ് ഇലകള്‍ എന്നിവയെല്ലാം തുളസിയുടെ പച്ച ഇലകള്‍ക്കൊപ്പം മറ്റു നിറക്കൂട്ട് ഒരുക്കാന്‍ നന്ന്.  

ഇതളിനു പകരം തണ്ട് ഉള്‍പ്പെടെ പൂവ് മുഴുവനായി ഉപയോഗിക്കുമ്പോഴാണ് കൂടുതല്‍ ആയുസ്സുള്ളത്. അതുപോലെ കൃഷ്ണകിരീടം, മുല്ല തുടങ്ങിയവയുടെ പൂവിനു പകരം വിടരാറായ മൊട്ട് ഉപയോഗിക്കാം. യൂഫോര്‍ബിയ, മുസ്സാന്‍ഡ, ബൊഗൈന്‍വില്ല ഇവയുടെ വര്‍ണ ഇലകളാണ് പൂവിന്റെ ഭംഗി. ഇത്തരം വര്‍ണ ഇലകളുള്ള പൂക്കള്‍ കൂടുതല്‍ നേരം നിറം മങ്ങാതെ, വാടാതെയിരിക്കും. ഇതേ സ്വഭാവം ഇലഞ്ഞിപ്പൂവിനുമുണ്ട്. 

pookkalam-1

നല്ല തണല്‍ കിട്ടുന്നിടത്താണ് പൂക്കളമൊരുക്കുന്നതെങ്കില്‍ വാടാതെ ഏറെനേരം നിലനില്‍ക്കും. പൂക്കളത്തിനു പഴകിയ പൂക്കള്‍ ഉപയോഗിക്കാറില്ല. അന്നോ അല്ലെങ്കില്‍ തലേന്നു വൈകുന്നേരമോ ശേഖരിച്ച പൂവ്, പൂമൊട്ട് ഇവയാണു വേണ്ടത്. പുതിയവയ്‌ക്കൊപ്പം പഴകിയ പൂക്കള്‍ ഉപയോഗിച്ചാല്‍ പഴയവയില്‍നിന്നും പുറത്തേക്കു വരുന്ന എത്തിലിന്‍ വാതകം പുതിയതിന്റെയും ആയുസ്സ് കുറയ്ക്കും. 

നന്നായി വൃത്തിയാക്കിയ നിലത്ത് നേരിട്ടോ, ചാണകം മെഴുകിയ നിലത്തോ ആണ് പരമ്പരാഗതമായി പൂക്കളം ഒരുക്കുക. അല്ലെങ്കില്‍ കളിമണ്ണ് ഉപയോഗിച്ച് പൂപ്പട (തറ) തയാറാക്കി അതിനു മേലായിരിക്കും. പൂപ്പടയുടെ നടുവില്‍ ഒരു കമ്പ് അടിച്ചിറക്കി ഉറപ്പിച്ച് അതില്‍ വാഴപ്പിണ്ടി നാട്ടും. ഇത് പൂക്കളത്തില്‍ കുട തീര്‍ക്കാനാണ്. ബലമുള്ള ഈര്‍ക്കിലിയില്‍ കോര്‍ത്ത പൂക്കള്‍ പൂക്കളത്തിന്റെ നടുവില്‍ കളിമണ്ണില്‍ കുത്തി നിര്‍ത്തി അലങ്കരിക്കുന്ന പരമ്പരാഗത രീതിയുമുണ്ട്. ഇതിനായി ചെമ്പരത്തി,  കോളാമ്പി എന്നീ പൂക്കളാണ് സാധാരണ ഉപയോഗിക്കുക. ഉത്രാട നാളിലെ പൂക്കളത്തിലാണ് പൂക്കുടയും പൂക്കളുമെല്ലാം അധികം. 

മാവേലിത്തമ്പുരാനെ വരവേല്‍ക്കാന്‍ ഒരുക്കുന്ന പൂക്കളം നല്ല വൃത്തിയോടും വെടിപ്പോടും കൂടി വേണം തയാറാക്കാന്‍. വൃത്തിഹീനമായ സ്ഥലത്ത് ഒരുക്കുന്ന പൂക്കളത്തിലെ പൂക്കള്‍ കുമിളും ബാക്ടീരിയയും വഴി വേഗത്തില്‍ കേടാകും. കുതിര്‍ത്തെടുത്ത കളിമണ്ണില്‍ തയാറാക്കിയ തറയില്‍ പൂക്കളുടെ തണ്ട് ഇറക്കി ഉറപ്പിച്ചാണ് പൂക്കളം നിര്‍മിക്കുന്നതെങ്കില്‍ പൂവിന് ആയുസ്സ് കൂടും. പൂവുകള്‍ക്കിടയില്‍ അധികം ഈര്‍പ്പം നില്‍ക്കുന്നത് അവ വേഗത്തില്‍ നശിക്കാന്‍ കാരണമാകും. തലേന്നു ശേഖരിച്ച പൂക്കള്‍ പുതുമ പോകാതിരിക്കാന്‍ വെള്ളം നനച്ചാണ് പിറ്റേന്ന് ഉപയോഗിക്കുക. പൂക്കളിലെ അധിക ഈര്‍പ്പം നീക്കിയ ശേഷം മാത്രം പൂക്കളത്തില്‍ നിരത്തണം.

English summary: Know About Onam Pookalam And The Flowers Used For It

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FLORICULTURE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA