അകത്തളങ്ങൾക്കു ഭംഗിയേകി ഇരപിടിയൻ ചെടികൾ, ഒപ്പം വരുമാനവും

HIGHLIGHTS
  • ഇന്റീരിയർ ഡിസൈനിങ്ങിൽനിന്ന് ഇരപിടിയൻ ചെടികളിലേക്ക്
  • പൂന്തോട്ടത്തിൽ പുതിയ അതിഥിയായി ഇരപിടിയൻസസ്യങ്ങൾ
carnivorous-plants
നിർമൽ കുമാർ ഇരപിടിയൻ ചെടികൾക്കൊപ്പം
SHARE

സസ്യലോകത്തെ സവിശേഷ ജന്മമാണ് കാർണിവോറസ്. ഇരപിടിച്ച് ഉപജീവനം സാധിക്കുന്ന സസ്യവിഭാഗം. ഇരകളെ ആകർഷിച്ച് കെണിയിൽ വീഴ്ത്തി ആഹാരമാക്കുന്ന കാർണിവോറസ് ചെടികളെ ചുറ്റിപ്പറ്റി നിഗൂഢ കഥകൾ പലതുണ്ട് പ്രാചീന കാലം മുതൽ. 1875ൽ ചാൾസ് ഡാർവിന്റെ പഠനങ്ങൾ പുറത്തു വന്നതോടെയാണ് ഈ സസ്യവിഭാഗത്തെക്കുറിച്ചുള്ള കൽപിത കഥകൾ കൗതുകത്തിനു വഴിമാറുന്നത്. ഇന്നാകട്ടെ, ഇരപിടിയൻ സസ്യവിഭാഗം ലോകമെങ്ങും ഉദ്യാനപ്രേമികളുടെ പ്രിയപ്പെട്ട അലങ്കാരച്ചെടിയിനമായിത്തന്നെ മാറിയിരിക്കുന്നു. എന്നു മാത്രമല്ല, ഈയിനം സസ്യങ്ങളുടെ പരിപാലനവും വിൽപനയും സംരംഭമായിത്തന്നെ വളരുകയും ചെയ്തിരിക്കുന്നു. ഈ രംഗത്ത് സജീവമായുള്ള ഉദ്യാന സംരംഭകനാണ് എറണാകുളം ജില്ലയിൽ പറവൂർ മാഞ്ഞാലി സ്വദേശി നിർമൽ കുമാർ.

ഇരപരിടിയൻ സസ്യത്തെക്കുറിച്ചുള്ള കഥകൾ വായിച്ച കുട്ടിക്കാലം മുതൽ അതിനെ ചുറ്റിപ്പറ്റിയുള്ള കൗതുകം മനസ്സിലുണ്ടെന്ന് നിർമൽ. അതുകൊണ്ടുതന്നെ ഇന്റീരിയർ ഡിസൈനിങ്ങിൽ ബിരുദം നേടി ആ രംഗത്ത് ജോലി ചെയ്യുമ്പോഴും കാർണിവോറസ് ചെടികളെക്കുറിച്ച് അന്വേഷണം തുടർന്നു. ക്രമേണ എഴുപതോളം കാർണിവോറസ്  ഇനങ്ങളിലേക്ക് കൗതുകശേഖരം വളർന്നു. ടെറസ്സിൽ പോളി കാർബണേറ്റ് മേഞ്ഞ മഴമറയ്ക്കു കീഴിലാണ് നിർമലിന്റെ കാർണിവോറസുകൾ വളരുന്നത്. 

ലോക്ഡൗൺ കാലത്ത് വീട്ടിലിരുന്നപ്പോഴാണ് കാർണിവോറസിന്റെ കൗതുകലോകം കൂടുതൽപേർക്ക് പരിചയപ്പെടുത്തിയാലോ എന്നു നിർമൽ ചിന്തിക്കുന്നത്. യുട്യൂബ് ചാനൽ തുടങ്ങി കാർണിവോറസ് കഥകൾ പങ്കുവയ്ക്കാൻ തുടങ്ങിയപ്പോൾ തൈകൾക്ക് ആവശ്യക്കാരെത്തി. കൂടുതൽ വിഡിയോകളുടെയും മാധ്യമം ഇംഗ്ലിഷ് ആയതിനാൽ ഇന്ത്യയിലെ  മിക്ക സംസ്ഥാനങ്ങളിൽനിന്നും ആവശ്യമെത്തി, പിന്നാലെ, മികച്ച വരുമാനവും.

carnivoruus-plant-2

കാർണിവോറസുകളുടെ കൗതുകലോകം

അന്റാർട്ടിക്ക ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും കാർണിവോറസ് ചെടികളുണ്ട്. വടക്കേ അമേരിക്കയിലാണ് കൂടുതലും. ഏഷ്യയിലേക്കു വന്നാൽ ചൈന, ഇന്തൊനീഷ്യ, മലേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലൊക്കെ ഒട്ടേറെ ഇനങ്ങളുണ്ട്. ഇന്ത്യയിലും ശ്രീലങ്കയിലുമൊക്കെ പക്ഷേ പേരിനു  മാത്രം. ഇരകളെ വീഴ്ത്താനുള്ള സഞ്ചിയോടുകൂടിയ ഇനമായ നെപ്പന്തസാണ് സമീപകാലത്ത് നമ്മുടെ പൂന്തോട്ടങ്ങളിൽ പലരും പരിചയപ്പെട്ടു തുടങ്ങിയ ഏക കാർണിവോറസ്. എന്നാൽ ഇരപിടിയൻചെടികളിൽ അമ്പരപ്പും കൗതുകവും സമ്മാനിക്കുന്ന ഒട്ടേറെയിനങ്ങൾ ഇനിയുമുണ്ടെന്ന് നിർമൽ. വീനസ് ഫ്ലൈ ട്രാപ്പ്, സൺഡ്യൂ തുടങ്ങി വേറിട്ട ഇനങ്ങൾ സ്വന്തമാണ് എന്നതാണ് നിർമലിന്റെ ശേഖരത്തിന്റെ പ്രത്യേകതയും. കേൾവികേട്ട വിദേശയിനം കാർണിവോറസുകൾ സ്വന്തമാക്കണമെങ്കിൽ ആയിരങ്ങൾ ചെലവിടേണ്ടിയും വരും. അതുകൊണ്ടുതന്നെ എക്സോട്ടിക് ഗണത്തിൽപ്പെടും ഈയിനം സസ്യങ്ങൾ.

കൗതുകംകൊണ്ടു മാത്രം സ്വന്തമാക്കാനുള്ള ചെടിയിനമല്ല കാർണിവോറസ് എന്ന് ഓർമിപ്പിക്കുന്നു നിർമൽ. കാരണം വിവിധ ദേശങ്ങളിലും വിവിധ ഭൂഖണ്ഡങ്ങളിലും ജീവിക്കുന്ന കാർണിവോറസുകൾ ആകൃതിയിലും പ്രകൃതിയിലും വ്യത്യസ്തരാണ്. ഈ ചെടിയിനങ്ങളെ പൂന്തോട്ടത്തിൽ വളർത്തിയെടുക്കാൻ ആവോളം ക്ഷമ വേണം. വിത്തുകൾ മുളപ്പിച്ചെടുക്കുന്ന തൈകൾ വിൽപനയ്ക്കു പാകമാകണമെണെങ്കിൽ ചിലപ്പോൾ വർഷങ്ങൾതന്നെ വേണ്ടിവരും. തണ്ട് മുറിച്ചുള്ള വംശവർധനയാണ് പൊതുവെ സ്വീകരിക്കാറ്. ആവശ്യപ്പെടുന്നവർക്കെല്ലാം കാർണിവോറസ് ഇനങ്ങൾ നൽകാൻ കഴിയാതെ പോകുന്നതും അതുകൊണ്ടെന്ന് നിർമൽ. 

carnivorus-plant

കാർണിവോറസുകൾക്ക് പൊതുവേ പറയാവുന്ന സമാനത അവയ്ക്കെല്ലാം സമൃദ്ധമായി നനയും വെളിച്ചവും  വേണം എന്നതാണ്. വളർത്തേണ്ടതാവട്ടെ, വെറും ചകിരിച്ചോർപോലെ തീർത്തും നിർഗുണമായ നടീൽമിശ്രിതത്തിലും. മണ്ണിൽനിന്ന് അൽപംപോലും പോഷകങ്ങൾ ലഭിക്കാൻ സാഹചര്യമില്ലാത്ത, തീർത്തും പ്രതികൂലമായ സാഹചര്യങ്ങളിൽ വളർന്നപ്പോൾ നിലനിൽപിന് ഇരയെ ആകർഷിക്കാനുള്ള കഴിവ് വളർത്തിയെടുത്ത ചെടികളാണ് കാർണിവോറസുകള്‍.  അതുകൊണ്ടുതന്നെ മണ്ണിൽനിന്ന് ഏതെങ്കിലും തരത്തിലുള്ള ആഹാരലഭ്യതയുണ്ടായാൽ ഇരപിടിക്കാനുള്ള കഴിവില്ലാതാകും. ഇത്തരം ഒട്ടേറെ സവിശേഷതകൾ കണക്കിലെടുത്തു വേണം ഇവയെ  സ്വന്തമാക്കാനും പരിപാലിക്കാനുമെന്ന് നിർമൽ.

കേരളത്തിന്റെ കാലാവസ്ഥയിൽ ഇപ്പോൾ വന്നിട്ടുള്ള മാറ്റം ഇത്തരം പുതുസസ്യങ്ങളുടെ പരിപാലനത്തിനും വംശവർധനയ്ക്കും അനുകൂലമെന്നാണ് നിർമലിന്റെ നിരീക്ഷണം, തുടർച്ചയായ കനത്ത മഴയും നീണ്ടുനിൽക്കുന്ന കഠിനമായ വേനലിനും പകരം വർഷം മുഴുവൻ ഇടയ്ക്കിടെ മഴയുള്ള കാലാവസ്ഥ, ട്രോപ്പിക്കൽ മേഖലകളിലെല്ലാം വളരുന്ന അലങ്കാരച്ചെടികൾ കേരളത്തിലും കൃഷി ചെയ്യാൻ അവസരം നൽകുന്നു. ഏതായാലും കാർണിവോറസ് ഇനങ്ങളും കാക്ടസ് (കള്ളിമുൾച്ചെടിയിനം) ഇനങ്ങളുമെല്ലാം സമീപ വർഷങ്ങളിൽ കേരളത്തിൽ പ്രചാരം നേടുന്നതും ഈ രംഗത്തെ വരുമാനസാധ്യത വർധിക്കുന്നതും ശുഭസൂചനയെന്ന് നിർമൽ. 

ഫോൺ: 8113934755 (വാട്സാപ് മെസജുകൾ മാത്രം)    

English summary: Carnivorous plants have got the attention of gardening

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS