ADVERTISEMENT

ഭിത്തികളിൽ ഒരുക്കുന്ന പൂന്തോട്ടം; അതാണ് വെർട്ടിക്കൽ ഗാർഡൻ. ചെടികള്‍ ഹുക്കോടു കൂടിയ ചട്ടിയിൽ നട്ടു വളർത്തിയ ശേഷം ഭിത്തിയിൽ ഉറപ്പിക്കുന്നു.  ചെടികൾ ക്രമേണ ചട്ടി കാണാത്ത വിധം തിങ്ങിനിറഞ്ഞു ഹരിത ഭിത്തിയായി പൂപാന്തരപ്പെടുന്നു. ഭിത്തികളിൽ കലാപരമായി ചെയ്യുന്ന വെർട്ടിക്കൽ ഗാർഡനുകൾ, ചുവർ ചിത്രങ്ങളോട് കിടപിടിക്കുന്ന കലാസൃഷ്ടികൾ പോലെ മനോഹരമായ കാഴ്ചയനുഭവം സമ്മാനിക്കും..  

കാലം ചെല്ലുംതോറും ഹരിതഭിത്തിയുടെ ഭംഗി പതിന്മടങ്ങ് വർധിക്കുമെന്ന സവിശേഷതയുണ്ട്. ചട്ടികളിൽ നട്ട ചെടികൾ  ഇടയ്ക്കിടെ പുനർക്രമീകരിച്ച് പുതിയ രൂപഭാവങ്ങള്‍ നല്‍കുകയും ചെയ്യാം. സാധാരണ പൂന്തോട്ടത്തിലെന്നപോലെ വെര്‍ട്ടിക്കല്‍ ഗാര്‍ഡനിലും  ഒരു ചെടി കേടായാൽ മാറ്റി പുതിയത് വയ്ക്കാം. 

മതിലിലും  ഭിത്തിയിലും വള്ളിച്ചെടികൾ പടർത്തി പച്ചപ്പ് നൽകുന്ന രീതിയായിരുന്നു പണ്ട്. ഇന്നാകട്ടെ ആ സ്ഥാനത്ത് വെർട്ടിക്കൽ ഗാർഡൻ അഥവാ ഗ്രീൻ വോൾ പ്രചാരം നേടിയിരിക്കുന്നു.  കുത്തനെ നിൽക്കുന്ന ഇത്തരം ഉദ്യാനം ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ ഏതു തരം ഭിത്തിയിലും തയാറാക്കാം. കെട്ടിടത്തിന്റെ പുറം ഭിത്തി,  മെട്രോ റെയിൽ തൂണുകൾ,  ബാൽക്കണിയുടെ ഭിത്തി എല്ലാം ഇതിന് യോജിച്ച ഇടങ്ങളാണ്. ശുദ്ധവായുവിനും പച്ചപ്പിനും പ്രാധാന്യം നൽകുന്ന ആധുനിക കെട്ടിട നിർമാണ ശൈലിയിൽ ഗ്രീൻ വോളിന് നല്ല സ്വീകാര്യതയാണുള്ളത്. 

vertical-garden-7
shutterstock image

ഗ്രീൻ വോൾ

തിരഞ്ഞെടുത്ത ഭിത്തിയുടെയോ മതിലിന്റെയോ ഉയരം, നീളം, സൂര്യപ്രകാശത്തിന്റെ ലഭ്യത എല്ലാം മനസിലാക്കിയശേഷമാണ് ഏതുവിധത്തിലുള്ള ഗ്രീൻ വോൾ ഇവിടെ ഒരുക്കുവാൻ സാധിക്കുമെന്ന് തീരുമാനിക്കേണ്ടത്.  ഇത്തരം ഉദ്യാനം തയ്യാറാക്കാൻ ചട്ടി ഉൾപ്പടെയുള്ള പ്ലാസ്റ്റിക് ഫ്രെയിമുകൾ വിപണിയിൽ ലഭ്യമാണ്.  4 ഇഞ്ച് വലുപ്പമുള്ള ചട്ടികളാണ് ഇതിനൊപ്പം ലഭിക്കുക. ഫ്രെയിം ഭിത്തിയിലേക്ക് നേരിട്ട് സ്‌ക്രൂ ചെയ്തു ഉറപ്പിക്കാം. ഇതിൽ ചട്ടികൾ കൊളുത്തിയിടാനും ആവശ്യാനുസരണം ഊരിയെടുക്കാനുമുള്ള സൗകര്യമുണ്ട്.

ഫ്രെയിമിനും ചട്ടിക്കും പകരം രണ്ട് ഹുക്കുകളോടുകൂടി 4 ഇഞ്ച് വലുപ്പമുള്ള പ്ലാസ്റ്റിക് ചട്ടികളും ലഭ്യമാണ്. ഇത്തരം ചട്ടികൾ ഉപയോഗിച്ച് വെർട്ടിക്കൽ ഗാർഡൻ ഒരുക്കാൻ തിരഞ്ഞെടുത്ത ഭിത്തിയിൽ ഇരുമ്പു മെഷിന്റെ പ്രത്യേക ഫ്രെയിം നിർമിച്ച് ഉറപ്പിക്കണം. ചട്ടിയും ചെടിയും മിശ്രിതവും എല്ലാംകൂടി നല്ല ഭാരം ഉള്ളതുകൊണ്ട് ബലമുള്ള ഇരുമ്പ് മെഷ് വേണം ഉപയോഗിക്കാൻ. ഈ വിധത്തിൽ തയ്യാറാക്കിയ മെഷിൽ ഹുക്കുള്ള ചട്ടികൾ തൂക്കിട്ടു ഗ്രീൻ വോൾ നിർമ്മിക്കാം. 

vertical-garden-1

വീടിന്റെ വരാന്തയിലും ബാൽക്കണിയിലും മറ്റുമുള്ള വെർട്ടിക്കൽ ഗാർഡനിലെ ചെടികൾക്ക് നൽകുന്ന നന ജലം ചട്ടിയിൽനിന്നു പുറത്തേക്ക് ഒഴുകി നിലം മോശമാകതിരിക്കാൻ ചുവട്ടിൽ പ്രത്യേകം ഡ്രെയിനേജ് സംവിധാനം ആവശ്യമാണ്. നല്ല നീളമുള്ള വെർട്ടിക്കൽ ഗാർഡൻ പല ഭാഗങ്ങളായി തിരിച്ച് ഇടയിൽ ജലധാരയോ അല്ലെങ്കിൽ മറ്റുവിധത്തിൽ ഭിത്തി ആകർഷകമാക്കാനുള്ള വസ്തുക്കളോ ഉപയോഗിച്ച് വേറിട്ട ഭംഗി നൽകാം. ഇതിനായി വോൾ ടൈൽ, ആവശ്യത്തിന് വലുപ്പമുള്ള ശില്പങ്ങൾ എല്ലാം പ്രയോജനപ്പെടുത്താം. 

ഗ്രീൻ വോൾ ഒരുക്കാൻ ഉദ്ദേശിക്കുന്നിടത്തെ സൂര്യപ്രകാശത്തിന്റെ ലഭ്യതയനുസരിച്ചുവേണം ചെടികൾ തിരഞ്ഞെടുക്കാൻ. ഉദ്യാനത്തിൽ വളർത്തുന്ന എല്ലാത്തരം അലങ്കാരച്ചെടികളും ഇത്തരം കുത്തനെ നിൽക്കുന്ന ഗാർഡനിലേക്ക് യോജിച്ചവയല്ല. കുറുകിയ തണ്ടോടുകൂടി നിറയെ ഇലകൾ ഉള്ളവ അല്ലെങ്കിൽ ഇലകളും തണ്ടും തിരസ്‌ചീനമായി വളരുന്നവയോ ആണ് വേണ്ടത്. പല നിറത്തിൽ ഇലകളുള്ള ചെടികൾ  ഉപയോഗിച്ചാൽ ഈ ഗ്രീൻ വോളിന് പ്രത്യേക ഡിസൈൻ നൽകി കൂടുതൽ മോടിയാക്കാൻ സാധിക്കും. 

vertical-garden-3

വെർട്ടിക്കൽ ഗാർഡനിൽ വലുപ്പമനുസരിച്ച് ജോമെട്രിക് ആകൃതികളായ ചതുരം, സമചതുരം, ട്രയാങ്കിൾ, നീളത്തിലും കുറുകെയും വരകൾ, കൂടാതെ തിരമാലയുടെ ആകൃതി എല്ലാം കലാപരമായി ഇവിടെ അവതരിപ്പിക്കാൻ പറ്റും. കുറഞ്ഞത് രണ്ടു വരി ചെടികൾ ഉപയോഗിച്ചുവേണം ഇത്തരം ഡിസൈൻ നിർമ്മിക്കാൻ. എങ്കിൽ മാത്രമേ ചെടികളുടെ നിറഭേദങ്ങൾ വ്യക്തമാകൂ. പാതി തണൽ കിട്ടുന്നിടത്തെ പ്രതലത്തിൽ വള്ളിച്ചെടികൾ നന്നായി ആരോഗ്യത്തോടെ വളരില്ല. ഇവിടേക്ക് പലതരം ഇലച്ചെടികൾ ഉപയോഗിച്ചുള്ള പച്ചപ്പാണ് കൂടുതൽ യോജിച്ചത്. 

vertical-garden-2

നേരിട്ട് സൂര്യപ്രകാശം കിട്ടുന്നിടത്തേക്ക് പറ്റിയ ചെടികൾ

ഡയാനെല്ല, അസ്പരാഗസ് മയൂരി, അസ്പരാഗസ് സ്പിൻജേറി, തായ് പന്റാനസ് (pandanus), റിബ്ബൺ ഗ്രാസ്, റിയോ ഇനങ്ങൾ, ഫിലോഡെന്ററോന്റെ  സിലോൺ ഗോൾഡ്, ഹാർട്ട് ലീഫ് ഇനങ്ങൾ, പിങ്ക് കേൾ ചെടി,  വേരിഗേറ്റഡ് മിനി പന്റാനസ്(pandanus), കോറിയോപ്സിസ്, സൺ സെറ്റ് ബെൽസ് ചെടി, വെള്ള, നീല പൂവുള്ള കൊങ്ങിണി തുടങ്ങിയവ.

vertical-garden-3

ഭാഗികമായി തണൽ ഉള്ളിടത്തേക്ക് യോജിച്ച ചെടികൾ

ഡ്വാർഫ് പീസ് ലില്ലി, സിങ്കോണിയം ഇനങ്ങൾ, നിയോറിജേലിയ, ഗുസ്‌മാനിയ, പിങ്ക് കേൾ ചെടി, ബോസ്റ്റൺ ഫേൺ, ബിൽബേർജിയാ, വാൻഡറിങ് ജോ പ്ലാന്റ്, ഒഫിയോപോഗോൺ, മണി പ്ലാന്റ് ഇനങ്ങൾ, സ്പൈഡർ പ്ലാന്റ്, പെപ്പറോമിയ ഇനങ്ങൾ,  മധുരക്കിഴങ്ങിന്റെ അലങ്കാരയിനം തുടങ്ങിയവ.

ചട്ടി നിറയ്ക്കാൻ ഭാരം കുറഞ്ഞതും അനായാസം വെള്ളം വാർന്നുപോകുന്നതുമായ മിശ്രിതമാണ് വേണ്ടത്. ഇതിനായി ചകിരിച്ചോറും ആറ്റുമണലും നല്ല ചുവന്ന മണ്ണും ഒരേ അളവിൽ എടുത്തതിൽ വളമായി മണ്ണിരകമ്പോസ്റ്റും ചേർത്ത മിശ്രിതമാണ് നല്ലത്. ഇതിൽ പായൽ വരാതിരിക്കാൻ അൽപ്പം കുമ്മായവും ചേർക്കാം. തിരഞ്ഞെടുത്ത ചെടി നട്ടിരിക്കുന്ന മിശ്രിതം സാധിക്കുന്ന അത്ര നീക്കിയശേഷം വേണം വെർട്ടിക്കൽ ഗാർഡൻ തയ്യാറാക്കുവാനുള്ള ചട്ടിയിലേക്ക് മാറ്റി നടുവാൻ. ചട്ടിയിൽ ചെടി ഇറക്കിവെച്ച ശേഷം ചുറ്റും കുതിർത്തെടുത്ത മിശ്രിതം നന്നായി നിറച്ചു കൊടുക്കണം. ചെടിയുടെ ഇലകളും തണ്ടുകളും മുൻപിലേക്ക് അൽപ്പം ചാഞ്ഞു നിൽക്കുന്ന വിധത്തിലാവണം നടുവാൻ. 

vertical-garden

പരിപാലനം

ഉയരം കുറഞ്ഞ ഗ്രീൻ വോളിലെ ചെടികൾക്ക്  ഹെൽത്ത് ഹോസ് ഉപയോഗിച്ച് തുള്ളി നന നൽകാം. എന്നാൽ നല്ല ഉയരമുള്ള ഇത്തരം ഉദ്യാനം നനയ്ക്കാൻ ഡ്രിപ് ഇറിഗേഷൻ സംവിധാനം ആവശ്യമാണ്. ഭിത്തിയിൽ ഫ്രെയിം ഉറപ്പിക്കുന്നതിനൊപ്പം ഡ്രിപ്പ് ഇറിഗേഷൻ സംവിധാനവും  ഒരുക്കണം. ഹോസ് അല്ലെങ്കിൽ ഡ്രിപ്പ് വഴി നനയ്ക്കുമ്പോൾ എല്ലാം ചട്ടിയിലും നന ജലം എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. കൂടാതെ മിശ്രിതത്തിൽ ഈർപ്പം അധികമാകാതെ ശ്രദ്ധിക്കുകയും വേണം.  

ചെടികളുടെ ഇലകൾ പുറത്തേക്ക് വളർന്നുവന്നു ചട്ടികൾ മറയുമ്പോഴാണ് ഹരിത ഭിത്തിയുടെ പ്രതീതി ഉണ്ടാകുക. ചെടികളുടെ വളർച്ചയ്ക്കായി വളം ചട്ടിയിലെ മിശ്രിതത്തിൽ ചേർക്കുക അത്ര പ്രായോഗികമല്ല. പകരം വെള്ളത്തിൽ ലയിക്കുന്ന എൻ.പി.കെ. 19 : 19 : 19 രണ്ടു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ലായനിയായി രണ്ടാഴ്ചയിലൊരിക്കൽ തുള്ളി നനയായി ഇലകളിൽ നൽകാം. അല്ലെങ്കിൽ ഡ്രിപ്പ് വഴി തുള്ളി നന നൽകുന്നതിൽ വളം കൂടി ചേർക്കാം. അനാവശ്യമായി പുറത്തേക്ക് തള്ളി വരുന്ന തണ്ടുകൾ മുറിച്ചു നീക്കി വെർട്ടിക്കൽ ഗാർഡന്റെ ഭംഗി എന്നും ഒരുപോലെ നിലനിർത്തണം.

English summary: How to Start a Vertical Garden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com