ADVERTISEMENT

മലപ്പുറം കോട്ടയ്ക്കൽ ആയുർവേദ മാസസികാരോഗ്യകേന്ദ്രത്തിലെ മനോരോഗവിദഗ്ധ ഡോ. പാർവതി മൂർത്തിയുടെ ഉദ്യാനത്തിലെ ഹോയശേഖരം ആരെയും അമ്പരപ്പിക്കും. ഡോക്ടറുടെ എടപ്പാളിലെ വീട്ടുമുറ്റത്തെത്തിയാൽ പരിചയപ്പെടാം നൂറ്റിയെൺപതിലേറെ ഹോയ ഇനങ്ങൾ.

വിൽപനയോ വിപണിയോ അല്ല വിനോദം മാത്രമാണ് ഡോക്ടറുടെ താൽപര്യം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നവരിൽനിന്നുമെല്ലാം പലപ്പോഴും മോഹവില നൽകിയാണ് അപൂർവയിനങ്ങളുടെ തൈ വാങ്ങുന്നത്. ഹോയ വളർത്തിയെടുക്കാൻ നല്ല ക്ഷമ  വേണം. തൈകൾ പൂവിടണമെങ്കിൽ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും. എന്നാൽ ഈ കാത്തിരിപ്പിന്റെ മടുപ്പ് മുഴുവൻ മാറ്റി മനസ്സു നിറയ്ക്കും പുതുപൂക്കളെന്ന് ഡോ. പാർവ്വതി. 

hoya

വേറിട്ട കാഴ്ചകൾ

ഹോയ മണിപ്പൂരെൻസിസ്, ഹോയ ബൂട്ടാണിക്ക, ഹോയ ഷെഫേർഡിയ, ഹോയ കന്യാകുമാരിയ, ഹോയ പോളിന്യൂറ, ഹോയ ലൈചിനാ എന്നിവ ഡോ. പാർവതിയുടെ ശേഖരത്തിലുള്ള ചില അപൂർവ ഇനങ്ങള്‍. പൂക്കൾപോലെ മനോഹരമാണ് പലതിന്റെയും ഇലകളുമെന്ന് ഡോക്ടർ. അതുകൊണ്ടു പൂവിടാത്ത കാലത്തും ആകർഷകമാണ് ഈ പൂച്ചെടി.  പലർക്കും പരിചിതമായ ഇനമാണ് ഭംഗിയേറിയ ചുരുണ്ട ഇലകളുള്ള ഹോയ ഹിന്ദുറോപ്പ്. എന്നാൽ ഹിന്ദുറോപ്പിന്റെ വേരിഗേറ്റഡ് ഇനങ്ങൾ കണ്ടിട്ടുള്ളവർ ചുരുങ്ങും. 

ഹിന്ദുറോപ്പിന്റെ മാത്രമല്ല, അപൂർവ ഹോയകളിൽ പലതിന്റെയും വേരിഗേറ്റഡ് ഇനങ്ങളുണ്ട് ഇവിടെ. പ്രണയദിനത്തിൽ സമ്മാനിക്കുന്ന, ഹൃദയാകൃതിയിൽ ഇലയുള്ള ഹാർട് ലീഫ് ഹോയ അഥവാ ഹോയ കെറിയുടെ നാലു വേറിട്ട ഇനങ്ങളുണ്ട്.  

തായ്‌ലൻഡ്, ഇന്തോനീഷ്യ എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന നഴ്സറികളില്‍നിന്നു വാങ്ങുന്ന വേരുപിടിപ്പിച്ച തണ്ടുകൾ ആദ്യഘട്ടത്തിൽ ക്ലേ ബോളുകൾ നിറച്ച ചെറിയ പോട്ടുകളിൽ  പരിപാലിക്കുന്നു. മികച്ച വളർച്ചയും ആരോഗ്യവും നേടുന്ന മുറയ്ക്ക് ഇവയെ വലിയ ചട്ടികളിലേക്കു മാറ്റി നടും. ഓർക്കിഡ് പോലെ മണ്ണില്ലാതെ വളർത്താവുന്ന ഇനമാണ് ഹോയ. നടീൽമാധ്യമമായി ചകിരിക്കഷണങ്ങളുും കരിക്കട്ടയും മതി. രണ്ടാഴ്ചയിലൊരിക്കൽ എൻപികെയും ചാണകകപ്പൊടിയും മാറിമാറി നൽകുന്നത് വളർച്ച ത്വരിതപ്പെടുത്തും. ഹോയ ഓസ്ട്രാലിസ് പോലെ മണ്ണിൽ വളരുന്ന ഇനങ്ങളുമുണ്ട്. പൂവിട്ടു തുടങ്ങിയാൽ അടി മുടി പൂക്കൾ നിറയുന്നു. ചിലയിനത്തിന്റെ പൂക്കൾക്ക് സുഗന്ധവുമുണ്ട്. 

ഓർക്കിഡ് പോലെ ഭാവിയിൽ മികച്ച വിപണന സാധ്യതയുള്ള ഇനമായി മാറും ഹോയയെന്നു പാർവതി പറയുന്നു.  ഭാവിസാധ്യതയുള്ള മറ്റൊരിനമായി ഡോക്ടർ കാണുന്നത് ഇലച്ചെടിയായി പരിപാലിക്കാവുന്ന ഫോളിയേജ് ആന്തൂറിയമാണ്. ഇതിന്റെ പൂക്കൾക്ക് അത്ര ചന്തമൊന്നുമില്ല, ഇലകളാവട്ടെ, വേറിട്ട നിറങ്ങൾകൊണ്ടും രൂപംകൊണ്ടും അത്യാകർഷകം. റാഡിക്കൻസ്, രാവൺസ് ഹാർട്, ക്രിസ്റ്റലിനം തുടങ്ങിയ അഴകും മൂല്യവുമേറിയ ഫോളിയേജ് ആന്തൂറിയം ഇനങ്ങളും ഈ ഉദ്യാനത്തിലുണ്ട്. മോൺസ്റ്റെറ, ബിഗോണിയ, എയർ പ്ലാന്റ് എന്നിവയുടെയെല്ലാം വ്യത്യസ്ത ഇനങ്ങൾ, ലിപ്സ്റ്റിക് പ്ലാന്റ് പോലുള്ള കൗതുകങ്ങൾ തുടങ്ങി വേറിട്ട കാഴ്ചകൾ വേറെയുമുണ്ട് ഈ ഉദ്യാനത്തിൽ. 

കേരളത്തിലെ ഉദ്യാനപ്രേമികളുടെ അഭിരുചി  മാറുന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ ഉദ്യാനം. അതുകൊണ്ടുതന്നെ ഉദ്യാനസംരംഭർക്കുള്ള ദിശാ സൂചകവും.  

ഫോൺ: 9447276834

English summary:  Hoyas as Indoor and Outdoor Plants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com