ADVERTISEMENT

വീട്ടമ്മമാരുൾപ്പെടെ പലരും തങ്ങളുടെ പൂന്തോട്ടത്തിൽ വളർത്തുന്ന ചെടികൾ കമ്പു മുറിച്ചു നട്ടും ഗ്രാഫ്റ്റ്  ചെയ്തും മറ്റും തൈകൾ വളർത്തിയെടുക്കാറുണ്ട്. സ്വന്തം ആവശ്യത്തിനായും ഹോബിയായും ചെയ്യുന്ന തൈ നിര്‍മാണം വരുമാനമാർഗമാക്കിയാലോ?

കമ്പ് മുറിച്ചു നട്ടും ഗ്രാഫ്റ്റ് ചെയ്തും വളർത്തിയെടുക്കുന്ന ചെടികൾക്കു പൂവിന്റെ നിറവും രൂപഭംഗിയും ഉൾപ്പെടെ മാതൃസസ്യത്തിന്റെ എല്ലാ ഗുണങ്ങളും കാണുമെന്നതുകൊണ്ട്  ഇവയ്ക്കാണ് വിപണിയിൽ പ്രിയം.  ഓൺലൈൻ ഉൾപ്പെടെ എല്ലാ വിപണനസാധ്യതകളും  പ്രയോജനപ്പെടുത്താം. ഓർക്കിഡ്, അഡീനിയം, വാക്സ് പ്ലാന്റ് തുടങ്ങിയവയെല്ലാം ചട്ടിയോ മിശ്രിതമോ ഒന്നുമില്ലാതെ ചെടി മാത്രമായി കൊറിയർ ചെയ്യാമെന്ന മെച്ചവുമുണ്ട്. 

orchid-1

ഡെൻഡ്രോബിയം ഓർക്കിഡ്

കുറഞ്ഞ പരിപാലനത്തിലും നന്നായി വളര്‍ന്നു സമൃദ്ധമായി പൂവിടുന്ന ഡെൻഡ്രോബിയം മലയാളിയുടെ ഇഷ്ട പൂച്ചെടിയാണ്. തായ്‌ലൻഡിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ചെടികൾ സുലഭമായതിനാല്‍ പലരും ഡെൻഡ്രോബിയം വളർത്തി വലുതാക്കി വില്‍ക്കുന്നുണ്ട്. 2 വർഷം മുൻപ് ഇറക്കുമതിനയത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതി കാരണം, പൂവിട്ട ഓർക്കിഡ് ചെടികൾ വിദേശത്തുനിന്നു വരുന്നില്ല. പകരം ടിഷ്യുകൾച്ചർ തൈകളാണ് വരുന്നത്. 5 - 6 ഇഞ്ച് വലുപ്പമുള്ള ഈ തൈകൾക്ക് 110 രൂപയോളം വിലയുണ്ട്. എന്നാൽ വളർത്തി പൂവിടുന്ന പരുവമായാല്‍ 250 രൂപയിലേറെ വില കിട്ടും.

ചെറു തൈകള്‍ വളർത്തുന്ന രീതി: തീരെ ചെറിയ നെറ്റ് പോട്ടിലോ അല്ലെങ്കിൽ തേങ്ങയുടെ പൊതിമടലിന്റെ ചെറിയ കഷണങ്ങൾകൊണ്ട് വേരുഭാഗം പൊതിഞ്ഞോ ആണ് തൈ കിട്ടുക.  6 ഇഞ്ച് വലുപ്പമുള്ള നെറ്റ് പോട്ടിലേക്കു ചെടി നടാം. തൈ നട്ടിരിക്കുന്ന ചെറിയ ചട്ടിയിൽനിന്നോ അല്ലെങ്കിൽ പൊതിമടൽ കഷണങ്ങളിൽനിന്നോ വേരുകൾ വേർപെടുത്താതെ വേണം എടുക്കാന്‍. വെയിലത്തിട്ട് നന്നായി ഉണക്കിയെടുത്ത ഓടിന്റെയും കരിയുടെയും കഷണങ്ങൾ ആണ് നടീൽമിശ്രിതമായി വേണ്ടത്. ചട്ടിയുടെ അടിയിൽ കരിയും ഓടും മാത്രം നിറയ്ക്കണം. ഇതിനു മുകളിൽ വേരുകൾ ഉള്ള ഭാഗം വച്ച് ചുറ്റും ഓടും കരിയും നിറയ്ക്കാം.  ആവശ്യമെങ്കിൽ താങ്ങു നൽകണം. നട്ട ശേഷം ചെടി മുഴുവനായി കോൺടാഫ്+ കുമിൾനാശിനി  (1 മില്ലി / ലീറ്റർ വെള്ളം) തളിച്ച് സംരക്ഷിക്കണം. 

ഡെൻഡ്രോബിയത്തിന്റെ 2- 3 വർഷം വളർച്ചയായ ചെടിയിൽ ഇലകൾ കൊഴിഞ്ഞു നിൽക്കുന്ന കമ്പുകൾ കാണാം. ഇവയുടെ   മുട്ടുകളിൽനിന്നു ചിലപ്പോൾ കിക്കി തൈകളും ഉണ്ടായി വരും. ഇത്തരം കിക്കി തൈയ്ക്ക് ആവശ്യത്തിന് വേരും ഇലകളുമായാൽ തണ്ടിൽനിന്നു വേർപെടുത്തിയെടുത്ത് നട്ടുവളർത്താം.

വീടിന്റെ, പാതി തണൽ കിട്ടുന്ന ഭാഗങ്ങളിൽ അല്ലെങ്കിൽ പ്രത്യേകം തണൽഗൃഹത്തിൽ വച്ചാണ് ഈ ഓർക്കിഡ് പരിപാലിക്കേണ്ടത്.  ദിവസവും രാവിലെ മിശ്രിതമുൾപ്പെടെ ചെടി നന്നായി നനയ്ക്കണം. ചെടിയുടെ പ്രാരംഭദശയില്‍ കരുത്തുറ്റ വളർച്ചയ്ക്കും പിന്നീട് പൂവിടാനും എൻപികെ 19:19 :19 രാസവളം (2 ഗ്രാം / ലീറ്റർ വെള്ളം) നൽകാം. പുഷ്പിക്കാറായ ചെടിക്ക് പൊട്ടാസ്യം അധികമുള്ള രാസവളം നൽകാം. പൂക്കൾക്കു നല്ല നിറവും വലുപ്പവും കിട്ടാൻ സൂക്ഷ്മ ലവണങ്ങൾ നന്ന്. 

hoya

ഹോയ അഥവാ വാക്സ് പ്ലാന്റ്

പാതി തണൽ ഉള്ളിടത്ത് പൂവിടുന്ന വള്ളിച്ചെടിക്കു തണ്ടിന്റെ മുട്ടുകളിലുള്ള വേരുകൾ ഉപയോഗിച്ച് പ്രതലത്തിൽ സ്വയം പടർന്നു കയറാൻ കഴിവുണ്ട്. ഈ 2 സവിശേഷതകളുമുള്ള ഒരിനം പൂച്ചെടിയേ നമ്മുടെ നാട്ടിലുള്ളൂ. ഹോയാ അഥവാ വാക്സ് പ്ലാന്റ്. ചെറിയ നക്ഷത്രങ്ങൾ കുത്തിനിറച്ച ബോളിന്റെ ആകൃതിയിലുള്ള പൂങ്കുലയില്‍ പൂക്കൾ വിരിഞ്ഞു വരുമ്പോൾ കാണാൻ നല്ല ചന്തം. നേർത്ത സുഗന്ധവുമുണ്ട്. ഞാ ന്നുകിടക്കുന്ന പൂക്കൾക്കു മെഴുകുപോലുള്ള ആവരണമുള്ളതുകൊണ്ട് ഒറ്റ നോട്ടത്തിൽ പ്ലാസ്റ്റിക് പൂക്കളാണെന്നു തോന്നും. പൂക്കളുടെ നിറത്തിലും വലുപ്പത്തിലും വ്യത്യാസമുള്ള അമ്പതിലേറെ സങ്കരയിനങ്ങൾ വിപണിയിൽ കിട്ടും. നൂതന ഇനങ്ങൾക്കു നല്ല വിലയുമുണ്ട്.

മറ്റ് ഉദ്യാനച്ചെടികളെ അപേക്ഷിച്ച് വാക്സ് പ്ലാന്റ് അനായാസം വളർത്തിയെടുക്കാം. വേണ്ടത്ര വലുപ്പമായ ചെടിയുടെ തണ്ടും ഇലയും നടീൽവസ്തുവായി എടുക്കാം. ഇലകളോടു കൂടിയ, 2 മുട്ടുകൾ ഉൾപ്പെടുന്ന തണ്ടുഭാഗം മുറിച്ചെടുത്തശേഷം താഴത്തെ മുട്ടിലുള്ള ഇലകൾ നീക്കി ആറ്റുമണലും കൊക്കോ പിറ്റും ഒരേ അളവിൽ ചേർത്ത് കുതിർത്തെടുത്ത മിശ്രിതം  നിറച്ച ചെറിയ കവറിൽ  നടാം. താഴത്തെ മുട്ടുഭാഗം മിശ്രിതത്തിൽ ഇറക്കിവച്ച് ഉറപ്പിക്കണം. ഈ രീതിയിൽ നട്ടാൽ മുകളിലെ മുട്ടിൽനിന്നു പുതിയ നാമ്പും താഴത്തെ മുട്ടിൽനിന്നു വേരുകളും ഉണ്ടായി വരും. നട്ട ശേഷം പാതി തണൽ കിട്ടുന്നിടത്തു വച്ചു സംരക്ഷിക്കണം.  മിശ്രിതത്തിൽ നേരിയ ഈർപ്പം നിലനിർത്തുന്ന വിധത്തിൽ മാത്രം നനയ്ക്കുക. 3-4 ആഴ്ചയ്ക്കു ള്ളിൽ പുതിയ തളിർപ്പ്  വരും. തണ്ടുവഴി വളർത്തിയെടുത്ത ചെടി ആദ്യം നല്ല നീളത്തിൽ, ഇലകൾ ഇല്ലാതെ വള്ളിപോലെയാണ് കാണുക. പിന്നീടാണ് ഇലകൾ ഉണ്ടാകുക. നന്നായി വളർച്ചയായ ഇലകളും നടാം. തണ്ടു നടാൻ ഉപയോഗിച്ച അതേ മിശ്രിതം തന്നെ മതി ഇല നടാനും.  ഇലയുടെ ഞെട്ടു മാത്രം മിശ്രി തത്തിൽ ഇറക്കി ഉറപ്പിക്കണം. ഒരു മാസത്തിനുള്ളിൽ ഇലയുടെ ചുവട്ടിൽനിന്നു വേരുകളും പിന്നീട് തളിർപ്പും വളർന്നു വരും.

ആറ് ഇഞ്ച് വലുപ്പമുള്ള ചട്ടിയിലോ അല്ലെങ്കിൽ തൂക്കുചട്ടിയിലോ ചെടി നടാം. വിപണനത്തിനാകുമ്പോള്‍ ചട്ടിയാണ് നല്ലത്. ആറ്റുമണലും ചകരിച്ചോറും ഒരേ അളവിൽ കലർത്തിയതിൽ വളമായി നന്നായി ഉണങ്ങിയ ചാണകപ്പൊടിയും ചേർത്ത മിശ്രിതം തയാറാക്കാം. കവറിൽ നട്ടുവളർത്തിയ ചെടി ഇതിലേക്കു മാറ്റി നടണം. നിലത്തുവച്ച് വളർത്തുന്ന  ചെടിക്ക് പടർന്നുകയറാൻ താങ്ങു നൽകണം. തൂക്കുചട്ടിയിൽ വളർ ത്തുന്ന ചെടിയുടെ വള്ളികൾ ചട്ടി തൂക്കാൻ ഉപയോഗിച്ച വള്ളിയിൽ പടർന്നോളും. ഓർക്കിഡ് വളർത്താൻ പറ്റിയ ഇടവും പരിപാലനവുമാണ് ഹോയാ ചെടിക്കും വേണ്ടത്. രാസവളങ്ങൾ ഇലകളിലേക്ക് തുള്ളിന നയായി നേരിട്ടു നൽകാം. ജലവും അധികമായി നല്‍കേണ്ടത് ഇലകളിലും തണ്ടിലുമാണ്.

പല ഹോയ ഇനങ്ങളും ഒരു വർഷത്തോളം വളർച്ചയായാൽ പൂവിടും. കടുത്ത മഴക്കാലം കഴിഞ്ഞുള്ള കാലാവസ്ഥയിലാണ് നന്നായി പൂവിടുക. പൂവിട്ട ചെടികൾക്കാണ് വിപണിയിൽ ഡിമാൻഡ്.  പൂവിടാൻ പൊട്ടാസ്യം കൂടുതലുള്ള രാസവളങ്ങള്‍ നല്‍കുന്നതു നന്ന്.  

adenium

അഡീനിയം 

ഉരുണ്ട തടിച്ച സസ്യപ്രകൃതി, ആരെയും മോഹിപ്പിക്കും പൂക്കൾ; അഡീനിയം എന്ന വിദേശ അലങ്കാരച്ചെടി വന്നെത്തിയ നാൾ മുതൽ മലയാളിയുടെ പൂമുഖത്തു നല്ലൊരു സ്ഥാനം കണ്ടെത്തിക്കഴിഞ്ഞു. പൂവിട്ട 5 - 6 അഡീനിയം ചെടി മതി പൂന്തോട്ടത്തിന്റെ ഭംഗി പതിന്മടങ്ങാകാന്‍. പൂച്ചെടിയായും  ബോൺസായ് ആയും അഡീനിയത്തെ കരുതാം. ഒറ്റനിരയിതള്‍ പൂക്കളുമായി ആദ്യം വന്ന ഇനങ്ങൾക്കൊപ്പം ഡബിൾ പെറ്റൽ, ട്രിപ്പിൾ പെറ്റൽ  സങ്കരയിനങ്ങളും ഇന്നു  വിപണിയിൽ കിട്ടും. പൂവിട്ട നൂതന ഇനം ചെടികൾക്കാണ് ആവശ്യക്കാരേറെ.

ലളിതമായ ഗ്രാഫ്റ്റിങ് വഴി നൂതന ഇനങ്ങളുടെ തൈകൾ അനായാസം വളർത്തിയെടുക്കാം. ഫ്ലാറ്റ് കട്ട് ഗ്രാഫ്റ്റ് ഉപയോഗിച്ച്  ഒരു ചെടിയിൽനിന്ന് ഒരേ സമയം ഒന്നിൽ കൂടുതൽ തൈകൾ ഉണ്ടാക്കാം. ഇതിനായി വിത്ത് മുളപ്പിച്ചു വളർത്തി, 6- 7 മാസം പ്രായമായ ചെടി സ്റ്റോക്ക് പ്ലാന്റ് ആയും സങ്കരയിനം ചെടിയുടെ തണ്ടിൽനിന്നു മുറിച്ചെടുത്ത ഒരു കഷണം സയോൺ (ഒട്ടു കമ്പ് ) ആയും ഉപയോഗിക്കാം. സ്റ്റോക്ക് ചെടിയുടെ 5 ഇഞ്ചോളം നീളത്തിൽ ചുവടു ഭാഗം നിർത്തി തലപ്പ് ലംബമായി കുറുകേ മുറിച്ച് നീക്കം ചെയ്യണം. മുറിഭാഗത്തെ കറ ഉണങ്ങുന്നതിനു മുൻപുതന്നെ സയോൺ കഷണം വച്ച് ഗ്രാഫ്റ്റ് ചെയ്യണം. സയോൺ ആയി തിരഞ്ഞെടുത്ത ചെടിയുടെ തലപ്പ് മുറിച്ചെടുക്കുക. ഇലകൾ നീക്കം ചെയ്തശേഷം ഇതിൽ നിന്ന് ഒരു മുളപ്പോ അല്ലെങ്കിൽ മുട്ടോ ഉൾപ്പെടുന്ന ഒരിഞ്ചോളം നീളമുള്ള കഷണം കുറുകെ മുറിച്ചെടുത്ത് സയോൺ ആയി ഉപയോഗിക്കാം. സയോൺ കഷണം സ്റ്റോക്കിന്റെ മുകളിൽ ചേർത്ത് വയ്ക്കുക. സയോൺ കഷണത്തിന്റെ വീതി സ്റ്റോക്കിന്റെ മുറിഭാഗത്തിനൊപ്പമോ അല്ലെങ്കിൽ അതിൽ കുറവോ ആയിരിക്കണം. സയോൺ ആവശ്യത്തിനായി മുറിച്ചെടുത്ത കമ്പിൽനിന്ന് ഈ വിധത്തിൽ ഒന്നിലധികം കഷണങ്ങള്‍  ഗ്രാഫ്റ്റിങ്ങിനായി ലഭിക്കും. ഗ്രാഫ്റ്റ് ചെയ്ത ഭാഗം പ്രകാശം കയറുന്ന പ്ലാസ്റ്റിക് നാട ഉപയോഗിച്ച് പൊതിഞ്ഞു ഭദ്രമാക്കണം. പ്ലാസ്റ്റിക് ആവരണം നൽകുമ്പോൾ സയോണിലെ മുട്ടുള്ള ഭാഗം ഒഴിവാക്കുക. ഗ്രാഫ്റ്റ് ചെയ്ത ചെടി തണലത്തു വച്ച് സംരക്ഷിക്കണം. മിശ്രിതത്തിൽ നേരിയ ഈർപ്പം നിലനിർത്തുന്ന വിധത്തിൽ നനയ്ക്കുക. 2- 3 ആഴ്ചയ്ക്കുള്ളിൽ സയോണിൽ പുതിയ തളിർപ്പ് ഉണ്ടായി വളരാൻ തുടങ്ങും. തളിർപ്പിന് ആവശ്യത്തിനു വളർച്ചയായാൽ പ്ലാസ്റ്റിക് നീക്കം ചെയ്യാം.

അഡീനിയം വളരെ ശ്രദ്ധിച്ചു മാത്രം നനയ്ക്കുക. 3 - 4 മണിക്കൂർ നേരിട്ട് വെയിൽ കിട്ടുന്നതും എന്നാൽ നേരിട്ട് മഴ കൊള്ളാത്തതുമായ ഇടങ്ങളിലാണ് ഈ പൂച്ചെടി പരിപാലിക്കേണ്ടത്. കൂടുതൽ എണ്ണം ചെടി കൾ ഉണ്ടെങ്കിൽ മഴമറ തയാറാക്കി അതിൽ വളർത്താം. ജൈവവളങ്ങൾ പലതരം കീടങ്ങളെയും ചെടിയി ലേക്ക് ആകർഷിക്കുമെന്നതുകൊണ്ട് വളരെ ശ്രദ്ധിച്ചുമാത്രം ഉപയോഗിക്കുക. ചെടിയുടെ പ്രാരംഭ ദശയില്‍ കരുത്തുറ്റ വളർച്ചയ്ക്ക് ഡൈ അമോണിയം ഫോസ്‌ഫേറ്റ് നന്ന്. മാസത്തിൽ ഒരിക്കൽ പൊട്ടാസ്യം നൈട്രേറ്റ് നൽകുന്നത് പൂവിടാൻ ഉപകരിക്കും. ചെറു പ്രാണിയുടെ ശല്യം മൂലം പൂമൊട്ടിന്റെയും ഇളം ഇലകളുടെയും മുരടിപ്പാണ്  മുഖ്യ കീടബാധ. മാസത്തിൽ ഒരിക്കൽ ചെടി മുഴുവനായി കോണ്‍ഫിഡോർ കീടനാശിനി (1 മില്ലി/ലീറ്റർ വെള്ളം) തളിക്കുന്നത് ഈ കീടത്തിൽ നിന്ന് ഒരു പരിധിവരെ ചെടിയെ സംരക്ഷിക്കും. പൂവില്ലാസമയത്ത് കമ്പു കോതുന്നത് ബോൺസായ് പ്രകൃതം നിലനിർത്താനും ഒപ്പം നന്നായി ശാഖകളും പൂക്കളുമെല്ലാം ഉണ്ടാകാനും ഉപകരിക്കും.

begonia

ബിഗോണിയ 

പക്ഷിയുടെ വർണച്ചിറകുകളോടു സാദൃശ്യമുള്ള ഇലകളുമായി ബിഗോണിയ എന്ന ഇലച്ചെടി മലയാളിയുടെ പൂമുഖവും ബാൽക്കണിയും അലങ്കരിക്കുന്നു. നല്ല വലുപ്പത്തിൽ, ആകർഷകമായ ഇലകളുള്ള റെക്സ് വർഗമാണ് നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ളത്.  ഇവയിൽത്തന്നെ അപൂർവ നിറത്തിലും ആകൃതിയിലുമുള്ള ഇലകളുമായി നൂതന സങ്കര ഇനങ്ങൾക്കാണ് ഡിമാൻഡ്. തീരെ കുറുകിയ തണ്ട് മറയുന്ന   വിധത്തിൽ നിറയെ വർണ ഇലകളുള്ള റെക്സ് ഇനങ്ങൾ വീടിന്റെ പൂമുഖത്തിന് അലങ്കാരമാണ്. ചട്ടിയിൽ വളർത്തി വലുതാക്കിയ ചെടികൾക്ക് വിപണിയിൽ മോഹവിലയുമുണ്ട്. 

ഇലകൾ ഉപയോഗിച്ച് റെക്സ് ഇനങ്ങൾ എല്ലാം തന്നെ വളർത്തിയെടുക്കാം. ഇതിനായി നല്ല വളർച്ചയായ ഇലകളാണ് വേണ്ടത്. ആറ്റുമണലും ചാണകപ്പൊടിയും കലർത്തിയെടുത്ത് നല്ല വെയിലത്തിട്ട് നന്നായി ഉണക്കിയെടുത്ത മിശ്രിതം മതി ഇല നടാൻ. ചീയൽ തടയാൻ മിശ്രിതത്തിൽ അൽപം സ്യൂഡോമോണാസ് പൊടി ചേർക്കാം. ഇലയുടെ ഞെട്ടും നടുവിലുള്ള ഞരമ്പും മാത്രമാണ് നട്ടുവളർത്താൻ വേണ്ടത്.  ബാക്കി ഭാഗം മുറിച്ചു നീക്കം ചെയ്ത ശേഷം വേണം ഇത് ഉപയോഗിക്കാൻ. ഇലയിൽ വേറെയും നല്ല വലുപ്പമുള്ള ഞരമ്പ് ഉണ്ടെങ്കിൽ അവയും നടാനെടുക്കാം. നമ്മുടെ നാട്ടിൽ മഴക്കാലമൊഴികെ എല്ലായ്പ്പോഴും  ഇതു നട്ടുവളർത്താം. ചെറിയ നഴ്സറിച്ചട്ടിയിൽ നട്ട ഞരമ്പിൽനിന്നു പുതിയ ചെടി ഉണ്ടായി വന്നാല്‍, മാറ്റി നടാനുള്ള വളര്‍ച്ചയാകാന്‍ ഇനമനുസരിച്ച് 3-4 മാസം  വേണ്ടിവരും.

ആറ്റുമണലും ചുവന്ന മണ്ണും വളമായി എല്ലുപൊടിയും ചാണകപ്പൊടിയും കലർത്തിയെടുത്ത മിശ്രിതം വെയിലത്തിട്ട് ഉണക്കി ചട്ടിയിൽ നിറച്ചതിൽ  ബിഗോണിയ നട്ടുവളർത്താം. നന വളരെ ശ്രദ്ധിച്ചു മതി. കടുത്ത മഴക്കാലമൊഴികെ എല്ലായ്പ്പോഴും ദ്രവരൂപത്തിലുള്ള ജൈവവളങ്ങളായ പുളിപ്പിച്ചെടുത്ത കടലപ്പിണ്ണാക്കിന്റെ തെളി നേർപ്പിച്ചതും ഗോമൂത്രം 20 ഇരട്ടിയായി നേർപ്പിച്ചതും ഉപയോഗിക്കാം. ചീയൽ രോഗം തടയാന്‍  മാസത്തിൽ ഒരിക്കൽ സാഫ് കുമിൾനാശിനി ( 2 ഗ്രാം / ലീറ്റർ വെള്ളം) ചെടി മുഴുവനായി തളിക്കുക. 

English summary: Best Garden Plants in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com