ADVERTISEMENT

പാതി തണൽ കിട്ടുന്നിടത്തെ  പൂച്ചെടിയായും കട്ട് ഫ്ലവർ ഇനമായും ആന്തൂറിയം മലയാളിയുടെ പൂ മുഖത്തിനും ആഘോഷങ്ങൾക്കും അലങ്കാരമാണ്. പൂക്കളാണ് ഇവയുടെ ഭംഗി. എന്നാല്‍ ഇലകളുടെ ഭംഗികൊണ്ടു ശ്രദ്ധ നേടുന്ന ആന്തൂറിയം ഇനങ്ങളും നമ്മുടെ ഉദ്യാനങ്ങളില്‍ ട്രെന്‍ഡ് ആയി മാറുകയാണ്.  ആയിരത്തിലേറെ ഇനങ്ങളുള്ള ആന്തൂറിയം ജനുസ്സിലെ നല്ല പങ്കും ഇലച്ചെടികളാണ്. കട്ട് ഫ്ലവർ ആയി ഉപയോഗമുള്ള ഫ്ളമിംഗോ ഫ്ലവർ, ടുലിപ് ഫ്ലവർ, പിഗ്ഗ് ടെയിൽ ഫ്ലവർ തുടങ്ങി വിരലിൽ എണ്ണാവുന്നത്ര ഇനങ്ങൾക്കു  മാത്രമേ ഭംഗിയുള്ള പൂക്കൾ ഉള്ളൂ.

ചേമ്പ് കുടുംബത്തിലെ അംഗമായ ആന്തൂറിയത്തിന്റെ ഇലച്ചെടികളിൽ പലതിന്റെയും ഇലകൾക്ക് ചേമ്പിലയോട് രൂപസാദൃശ്യമുണ്ട്. റാവെൻസ് ഹാർട്ട്, ബേർഡ്‌സ് നെസ്റ്റ് ആന്തൂറിയം, ഫിംഗർ ആന്തൂറിയം, വെൽവെറ്റ് കാർഡ് ബോർഡ്, ക്രിസ്റ്റൽ, എയ്‌സ്‌ ഓഫ് സ്പേഡ്സ്, കിംഗ്, ഫെസന്റ് ടെയിൽ എന്നിവ ഇലയുടെ ആകൃതിയിലും വലുപ്പത്തിലും വൈവിധ്യമുള്ള ആന്തൂറിയം ഇനങ്ങള്‍. ഞരമ്പുകളുടെ വെള്ളി നിറവും സവിശേഷ ഡിസൈനുമൊക്കെ ഇലയുടെ ഭംഗിക്ക് മാറ്റു കൂട്ടുന്നു. ഇവയുടെ ഇലകൾ നിറം മങ്ങാതെ, കൊഴിയാതെ 6-7 മാസം ചെടിയിൽ നില്‍ക്കും. 

നമ്മുടെ നാട്ടിലെ ഉഷ്ണമേഖലാ കാലാവസ്ഥയിൽ ആന്തൂറിയത്തിന്റെ ഇലയിനങ്ങളെല്ലാംതന്നെ നല്ല ഭംഗിയോടും ആരോഗ്യത്തോടും വളരും. ക്രിസ്റ്റൽ, വെൽവെറ്റ് കാർഡ്ബോർഡ്, ബേർഡ്‌സ് നെസ്റ്റ്, കിംഗ്, ക്വീൻ, ലവ്‌ലി ഗ്രീൻ  എന്നീ ഇലച്ചെടിയിനങ്ങള്‍ക്കെല്ലാം വിപണിയില്‍ നല്ല ഡിമാൻഡ് ഉണ്ട്.  ഇവയില്‍ കിംഗ്, ക്വീൻ ഇനങ്ങൾക്കും വിറ്റാരിഫോളിയം ഇനത്തിനുമാണ് ഏറ്റവും വലുപ്പമുള്ള ഇലകൾ. വിറ്റാരിഫോളിയം ഇനത്തിന്റെ നീണ്ടു വീതി കുറഞ്ഞ ഇലകൾക്ക് ഒന്നര മീറ്റർവരെ നീളം വയ്ക്കും. എന്നാൽ ഇവയുടെ പൂക്കൾ ചെറുതും അനാകർഷകവുമാണ്.

foliage-anthoorium-1

നടീല്‍, പരിപാലനം

നല്ല വളർച്ചയുള്ള ചെടികളുടെ ചുവട്ടിൽ ഉണ്ടായിവരുന്ന തൈകളും തണ്ടിന്റെ, മണ്ണിനു മുകളിൽ കാണുന്ന ഭാഗവുമാണ് നടീല്‍വസ്തുക്കള്‍. മുന്തിയ സങ്കര ഇനങ്ങളിൽ തൈകൾ വളരെ സാവധാനമേ ഉണ്ടായി വരികയുള്ളൂ. മണ്ണിനു തൊട്ടു മുകളിലുള്ള, വേരുകളോടു കൂടിയ, തണ്ടുഭാഗം മുറിച്ചെടുത്ത് നടീൽവസ്തുവായി ഉപയോഗിക്കാം. തണ്ട് നട്ടാൽ അതിന്റെ മുട്ടിൽനിന്ന്  ഇലകൾ ഉല്‍പാദിപ്പിച്ചു ചെടി വളരാൻ തുടങ്ങും.

foliage-anthoorium-3

ആന്തൂറിയത്തിന്റെ പലതരം ഇലയിനങ്ങളുടെ ശേഖരമുള്ളവർക്ക് ഇവയിൽ ഉണ്ടാകുന്ന പൂക്കളിൽ കൃത്രിമ പരാഗണം നടത്തി വിത്തും തൈയും  വളർത്തിയെടുക്കാന്‍ കഴിയും. പൂവിന്റെ നടുവിൽ കാണുന്ന, നീണ്ട തിരിപോലുള്ള ഭാഗത്താണ് കേസരവും പൂമ്പൊടിയും അണ്ഡാശയവുമെല്ലാമുള്ളത്. ഈ തിരിയിലാണ് കൃത്രിമ പരാഗണം നടത്തേണ്ടത്. 2 വ്യത്യസ്ത ഇനങ്ങളിൽ നടത്തുന്ന കൃത്രിമ പരാഗണം വഴി ഉണ്ടാകുന്ന വിത്തുകളിൽനിന്നു പുതിയ സങ്കര ഇലയിനം  ലഭിച്ചേക്കാം. 

ആന്തൂറിയം പരിപാലിക്കുന്ന മിശ്രിതത്തിൽ അധിക സമയം വെള്ളം തങ്ങി നിന്നാൽ വേരുകൾ  കേടായി ചെടി അപ്പാടെ നശിച്ചുപോകും. അതുകൊണ്ട് ഇവ വളർത്താൻ നല്ല നീർവാർച്ചയുള്ള മിശ്രിതം വേണം. ഗുണനിലവാരമുള്ള ചകിരിച്ചോറ്, ചുവന്ന മണ്ണ്, ആറ്റുമണൽ അല്ലെങ്കിൽ പെർലൈറ്റ്, മണ്ണിരവളം, അൽപം കുമ്മായം ഇവ കലർത്തിയെടുത്ത മിശ്രിതത്തിലാണ് ചെടി പരിപാലിക്കേണ്ടത്. മിശ്രിതത്തിൽനിന്ന് അധിക ജലം വാർന്നുപോകാൻ ചട്ടിയുടെ അടിയിൽ ഓടിന്റെ കഷണങ്ങൾ നിരത്തുന്നതു നന്ന്. പ്ലാസ്റ്റിക് ചട്ടിയെക്കാൾ മൺചട്ടിയാണ് പറ്റിയത്. മൺചട്ടിയിലുള്ള  അധിക ജലം ബാഷ്പീകരണം വഴി വേഗത്തിൽ പുറത്തേക്കു പോകുക വഴി മിശ്രിതത്തിലെ ഈർപ്പം നിയന്ത്രി ക്കാം. ക്രിസ്റ്റൽ, എയ്‌സ്‌ ഓഫ് സ്പേഡ്സ് തുടങ്ങിയ ഇനങ്ങൾക്കായി മിശ്രിതം തയാറാക്കുമ്പോൾ വേരുകൾക്ക് നല്ല വായുസഞ്ചാരം കിട്ടാൻ ഓടിന്റെ കഷണങ്ങൾ മിശ്രിതത്തിൽ ചേർക്കണം.

foliage-anthoorium-2

വീടിന്റെ ബാൽക്കണി, പാതി തണൽ കിട്ടുന്ന വരാന്ത തുടങ്ങിയ ഭാഗങ്ങളിലോ  50 ശതമാനം തണൽ കിട്ടുന്ന തണൽവലയ്ക്കു കീഴിലോ ആന്തൂറിയത്തിന്റെ ഇല ഇനങ്ങൾ ആരോഗ്യത്തോടും ഭംഗിയോടും വളരും. ഇലകളുടെ അഗ്രഭാഗത്തിന് തവിട്ടുനിറം വന്നു കരിയുന്നുണ്ടെങ്കിൽ ചെടി വളർത്തുന്നിടത്ത് വെയിലും ചൂടും അധികമാണെന്നു മനസ്സിലാക്കണം. നട്ടിരിക്കുന്ന മിശ്രിതത്തിലെ ഈർപ്പ ത്തിന്റെ അളവനുസരിച്ചുവേണം നന.  ഇലകളും നന്നായി നനയ്ക്കുക. ഫോളിയേജ് ആന്തൂറിയത്തിൽ പലതിലും നട്ടിരിക്കുന്ന മിശ്രിതത്തിനു മുകളിലേക്ക് തടിച്ച വേരുകൾ ഉണ്ടായി വരും. ഇത്തരം വേരുകൾക്കും  വെള്ളവും വളവും  മറ്റും വലിച്ചെടുക്കാനാകും. അതിനാല്‍ ഇവയും നന്നായി നനയ്ക്കണം. രാസവളങ്ങളെക്കാൾ ജൈവവളങ്ങളാണ് നല്ല ഭംഗിയുള്ള കരുത്തോടെ വളരുന്ന ഇലക ൾ ഉണ്ടാകാൻ നല്ലത്. ഉണങ്ങിയ ചാണകപ്പൊടി, ആട്ടിൻകാഷ്ഠം എന്നിവ മാസത്തിൽ ഒരിക്കൽ നൽകാം. പല നവീന ഇനങ്ങളും വളരെ സാവധാനമാണ് വളരുക. അതുകൊണ്ട് ചെറുചട്ടിയില്‍നിന്നു പിന്നീടു വലിയതിലേക്കു മാറ്റിനടേണ്ടതില്ല. 

English summary: Foliage anthurium care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com