വസന്തത്തിൽ മാത്രമല്ല, ഗ്രീഷ്മത്തിലും ശിശിരത്തിലും ശരത്കാലത്തുമെല്ലാം പൂക്കള്‍, നിത്യ ഹരിത പ്രകൃതം, ലളിതമായ പരിചരണം മാത്രം ആവശ്യം. ഉദ്യാനപ്രേമികള്‍ തേടുന്ന ഇത്തരം ഗുണങ്ങളെല്ലാമുള്ള 8 ഇനം ചെടികള്‍ പരിചയപ്പെടാം. വിദേശച്ചെടികൾക്കു നൽകുന്നതിന്റെ നൂറിലൊന്നു ശ്രദ്ധ കൊടുത്താൽ മതി ഇവ നന്നായി വളരുകയും പുഷ്പിക്കുകയും ചെയ്യും. കാലാവസ്ഥമാറ്റത്തിന്റെ ഈ കാലത്തുപോലും മഴയെന്നോ വെയിലെന്നോ വ്യത്യാസമില്ലാതെ പൂവിടുന്ന ഇവയ്ക്കു രാസകീടനാശിനിപ്രയോഗം ആവശ്യമില്ലതാനും. വളമായി ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി എന്നിവ മതി. ഒന്നു രണ്ട് ദിവസം നനച്ചില്ലെങ്കിലും ഈ ചെടികള്‍ വാടുകയുമില്ല.

മുളകു ചെമ്പരത്തി
വിരിയാൻ മടിക്കുന്ന കടുംചുവപ്പ് പൂക്കളുമായി മുളക് ചെമ്പരത്തി നാട്ടിന്‍പുറത്തെ പൂമുഖങ്ങളില്‍ അഴകു വിടര്‍ത്തിയിരുന്നു പണ്ട്. എല്ലാ ചെമ്പരത്തി ഇനങ്ങളും വര്‍ഷം മുഴുവൻ പൂവിടുമെങ്കിലും മുളകു ചെമ്പരത്തിക്ക് മറ്റിനങ്ങളെ അപേക്ഷിച്ച് രോഗ, കീടബാധ തീരെ കുറവാണ്. അൽപം ഞാന്നു കിടക്കുന്ന പൂക്കൾ ചെടിയിൽ 4-5 ദിവസം കൊഴിയാതെ നിൽക്കും. കമ്പു കോതി ഉയരം ക്രമീകരിച്ച് ജൈവവേലിയായും വളർത്താന്‍ പറ്റിയതാണ് ഈ കുറ്റിച്ചെടി.
കമ്പു മുറിച്ചു നട്ട് അനായാസം വളർത്താം. നല്ല വെയിൽ കിട്ടുന്നിടത്തു വേണം നടാൻ. നിറയെ ശിഖരമിടുന്ന ഈ പൂച്ചെടി വളരാനും പുഷ്പിക്കാനും ചാണകപ്പൊടി, കടലപ്പിണ്ണാക്ക് പുളിപ്പിച്ചതിന്റെ തെളി തുടങ്ങിയവ നല്‍കാം. കടും പച്ചനിറത്തിൽ ഇലകളുള്ള മുളകു ചെമ്പരത്തിക്ക് ഇളം പിങ്ക് പൂക്കൾ ഉള്ള ഇനവുമുണ്ട്.

മഞ്ഞക്കോളാമ്പി
നമ്മുടെ ഉദ്യാനങ്ങളിൽ വള്ളിപ്പൂച്ചെടിയായി പരിപാലിച്ചുവരുന്ന കോളാമ്പിയുടെ മിനിയേച്ചർ ഇനത്തിനാണ് ഇന്ന് ഡിമാൻഡ്. കമ്പു കോതി നിർത്തിയാൽ ഉയരം കുറഞ്ഞ കുറ്റിച്ചെടിയായി വളർത്താവുന്ന ഇതിൽ പൂവൊഴിഞ്ഞിട്ട് നേരമില്ല. നല്ല വെയിൽ കിട്ടുന്നിടത്ത് അതിർ വേലി തിരിക്കാൻ നിരയായും പൂത്തടത്തിൽ കൂട്ടമായും ട്രെല്ലീസിൽ സാവധാനം പടർന്നു കയറുന്ന വള്ളിച്ചെടിയായും വളർത്താം. കടും പച്ചനിറത്തിൽ മെഴുകുപോലെ ആവരണമുള്ള ചെറിയ ഇലകൾ തണ്ടിന്റെ മുട്ടുകളിൽ നിറയെ കാണാം. കമ്പിന്റെ അറ്റത്ത് ഉണ്ടായി വരുന്ന പൂങ്കുലയിലെ പൂക്കൾ ഒന്നൊന്നായാണ് വിരിയുക. കടുത്ത വേനൽക്കാലത്തുപോലും ഒരു ദിവസം നനച്ചില്ലെങ്കിലും ഈ ചെടി തളരാതെ വിരിഞ്ഞ പൂക്കളുമായി പുഞ്ചിരി തൂവി നിൽക്കും. കമ്പു മുറിച്ചു നട്ട് മിനിയേച്ചർ കോളാമ്പി അനായാസം വളർത്തിയെടുക്കാം. നഴ്സറിക്കവറിൽ നിറച്ച മിശ്രിതത്തിൽ ഇലകൾ നീക്കിയ ഇളംകമ്പ് നട്ടാൽ ഒരാഴ്ചയ്ക്കുള്ളിൽ ചെടി വളരാൻ തുടങ്ങും.
റൺഗൂൺ ക്ലൈമ്പർ
നാട്ടിൻപുറങ്ങളിലെ വേലികളിൽ പൂവിടും വള്ളിച്ചെടിയായ കാട്ടുപുല്ലാനി അഥവാ കുലമറിച്ചിയുടെ നവീന സങ്കരയിനമായ റൺഗൂൺ ക്ലൈമ്പറിനാണ് ഉദ്യാനത്തിൽ പൂച്ചെടിയായി സ്ഥാനമുള്ളത്. നാടൻ ഇനത്തിൽനിന്നു വിഭിന്നമായി എന്നും പൂവിടും. ഇലകൾ ചെറുതാണ്. 10 - 20 പൂക്കളുള്ള, ഭാഗികമായി ഞാന്നുകിടക്കുന്ന പൂങ്കുലയിൽ വെള്ള, ഇളം പിങ്ക്, കടും പിങ്ക് നിറമുള്ള പൂക്കൾ ഒരേ സമയത്തു കാണാം. സാവകാശം പടർന്നു കയറുന്ന ഈ വള്ളിയിനം ആവശ്യാനുസരണം കമ്പുകോതി കുറ്റിച്ചെടിയായി പരിപാലിക്കാം. തവിട്ടുനിറത്തിൽ ഉണ്ടായിവരുന്ന തണ്ടുകളാണ് പടർന്നു വളരുക. ഇവ മുറിച്ചുനീക്കിയാണ് കുറ്റിച്ചെടിയായി നിർത്തേണ്ടത്. പൂവിടാത്ത ഇളം തണ്ടുകൾ മഴ കഴിഞ്ഞുള്ള കാലാവസ്ഥയിൽ മുറിച്ചു നട്ട് വളർത്തിയെടുക്കാം. നല്ല സൂര്യപ്രകാശം ഉള്ളിടത്തേ നന്നായി പൂവിടുകയുള്ളൂ.

ഗാൾഫീമിയ
വിടർന്നു നിൽക്കുന്ന മഞ്ഞപ്പൂക്കൾക്കുള്ളിൽ ഓറഞ്ച് നിറത്തിൽ കേസരങ്ങളുമായി സുന്ദരിയായ ഗാൾഫീമിയ ഉദ്യാനത്തിൽ ഒറ്റയ്ക്കും പൂത്തടത്തിൽ കൂട്ടമായും വളര്‍ത്താം. അതിരില്‍ നല്ല െജെവ വേലിയുമാണ്. കുത്തനെ നിവർന്നുനിൽക്കുന്ന പൂങ്കുലകൾ ഇലച്ചാർത്തി നു മുകളിലാണ് ഉണ്ടായിവരിക. ഇടതൂർന്ന ശാഖകളാൽ നിബിഡമായ കുറ്റിച്ചെടിക്ക് ഇളം തവി ട്ടുനിറത്തിലുള്ള തണ്ടുകളും കടുംപച്ച ഇലകളും. 2 - 3 അടി ഉയരത്തിൽ വളരുന്ന ചെടി നിരയായി അതിർവേലിക്കായി വളർത്തുമ്പോൾ മതിലുപോലെ കമ്പു കോതി നിർത്താം. പൂക്കളിൽ പരാഗ ണം നടന്നുണ്ടാകുന്ന വിത്തും കമ്പുമാണ് നട്ടുവളർത്തേണ്ടത്. തണ്ടു മുറിച്ചു നട്ട് വേഗത്തിൽ വ ളർത്തിയെടുക്കാമെങ്കിലും വലുതാകുമ്പോൾ ആകർഷകമായ ആകൃതി കിട്ടാറില്ല. പകരം പൂവിനു ള്ളിൽ പരാഗണം നടന്നുണ്ടാകുന്ന വിത്ത് നട്ടാൽ നല്ല ആകൃതിയിലുള്ള ചെടി വളർത്തിയെടു ക്കാം. വിത്ത് വഴി ഉല്‍പാദിപ്പിക്കുന്ന ചെടി വളരെ സാവധാനമേ വളർന്നു വലുതാവുകയുള്ളൂ.

ഹെലിക്കോണിയ സെന്റ് വിൻസെന്റ് റെഡ്
പാതി തണലോ നേരിട്ട് വെയിലോ എന്ന വ്യത്യാസമില്ലാതെ കടും ചുവപ്പ് പൂക്കൾ വിരിയും ഹെലിക്കോണിയ സെന്റ് വിൻസെന്റ് റെഡ് ഇനം ഉദ്യാനപ്രേമികളുടെ ഇഷ്ടപ്പൂച്ചെടിയാണ്. മറ്റ് ഹെലിക്കോണിയ ഇനങ്ങളിൽനിന്നു വ്യത്യസ്തമായി ഈ ചെടിയിൽ എന്നും പൂക്കാലമാണ്. പൂക്കളാവട്ടെ, 2 - 3 ആഴ്ച കൊഴിയാതെ നിൽക്കും. മണ്ണിൽ പടർന്നു വളരുന്ന കിഴങ്ങിൽനിന്നാണ് മുകളിലേക്ക് വലുപ്പമുള്ള ഇലകളോടുകൂടിയ തണ്ടും അതിന്റെ നടുവിൽനിന്നു പൂക്കളും ഉണ്ടായി വരിക. പൂക്കൾ ഇലകൾക്ക് മുകളിലായി ദൂരെ നിന്നുപോലും കാണാവുന്ന വിധത്തിൽ നീളമുള്ള പൂന്തണ്ടിന്റെ അറ്റത്താണുള്ളത്. നിരയായും കൂട്ടമായും എല്ലാം വളർത്താൻ പറ്റിയ ഈ ചെടിയുടെ പുതിയ മുളപ്പോടു കൂടിയ കിഴങ്ങാണ് നടീൽ വസ്തു. നഴ്സറിക്കവറിൽ നട്ട കിഴങ്ങ് ഒരു മാസത്തിനുള്ളിൽ മാറ്റി നടാൻ പാകത്തിന് വളർച്ചയാകും. രാസവളങ്ങളെക്കാൾ ചാണകപ്പൊടിപോലുള്ള ജൈവവളങ്ങളാണ് ഇതിനു നല്ലത്. പൂവിട്ടു കഴിഞ്ഞ തണ്ട് വീണ്ടും പൂവിടില്ല. ഇവ നീക്കം ചെയ്യുന്നത് ചെടി നന്നായി പുഷ്പിക്കാൻ ഉപകരിക്കും.
ഡ്വാർഫ് പിങ്ക് ചെത്തി
അലങ്കാരച്ചെത്തിയിനങ്ങളിൽ ഇടമുറിയാതെ പൂവിടുന്ന ഇനം. നാടൻ ചെത്തിയിൽനിന്നു വ്യത്യസ്തമായി 1–1/2 അടി മാത്രമേ ഉയരം വയ്ക്കൂ. മിനിയേച്ചർ ചെത്തിയുടെ ഇലകളെക്കാൾ വലിയ ഇലകൾ. ചെടി കൂട്ടമായോ നിരയായോ വളർത്തുമ്പോഴാണ് കൂടുതൽ ഭംഗി. കമ്പു കോതി നിർത്തിയാൽ ചെടി നിറയെ ശാഖകളും പൂങ്കുലകളും ഉണ്ടായി വരും. നീണ്ട സൂചിപോലുള്ള ഇളം പിങ്ക് കുഴലിന്റെ അറ്റത്ത് വിടർന്നു നിൽക്കുന്ന നാലിതള്‍പൂക്കൾ നിറഞ്ഞ പൂങ്കുല ശാഖാഗ്രങ്ങളിലാണ് കാണുക. പൂവിടാത്ത ഇളം കമ്പു മുറിച്ചു നട്ട് അനായാസം വളർത്തി യെടുക്കാം. മഴ കഴിഞ്ഞുള്ള കാലാവസ്ഥയാണ് ഇതിന് ഏറ്റവും യോജ്യം. രാവിലത്തെ 2-3 മണി ക്കൂർ വെയിൽ കിട്ടുന്നിടത്തുപോലും ഈ ചെടി നന്നായി പൂവിടും. കടുത്ത മഴക്കാലത്ത് ചിലപ്പോൾ ഇലകളിൽ കറുത്ത പുള്ളിരോഗം കാണാറുണ്ട്. വിപണിയിൽ ലഭ്യമായ കുമിൾനാശിനി 1- 2 തവണ തളിച്ച് ഇത് നിയന്ത്രിക്കാം.

പിങ്ക് ടെക്കോമ
വള്ളിച്ചെടിയാണിത്. തണ്ടിന്റെ അറ്റത്തുള്ള പൂങ്കുലയിൽ ചെറിയ കോളാമ്പിയുടെ ആകൃതിയിലുള്ള പൂക്കൾ എല്ലാ വശത്തേക്കും ഒരുപോലെ ഉണ്ടായിവരുന്നു. 3 - 4 ദിവസത്തെ ആയുസ്സുള്ള പൂക്കൾ കൊഴിഞ്ഞു വീണാൽ നിലത്തു പിങ്ക് പരവതാനി വിരിച്ചതുപോലെ. കുഞ്ഞൻ പല്ലുപോലെ കുതകളുള്ള ഇലകൾക്ക് കടും പച്ചനിറം. നിത്യഹരിതമായ പിങ്ക് ടെക്കോമ കമ്പു കോതി നിർത്തിയാൽ കുറ്റിച്ചെടിയായും പരിപാലിക്കാം. കമ്പു കോതിയ ചെടിയിൽ വളർന്നു വരുന്ന പുതിയ തളിർപ്പുകളിലെല്ലാം പൂങ്കുലകൾ ഉണ്ടാകും. 4 - 5 മണിക്കൂർ വെയിൽ കിട്ടുന്ന, വെള്ളം അധികസമയം തങ്ങിനിൽക്കാത്ത ഉദ്യാനത്തിന്റെ ഭാഗങ്ങളാണ് ഈ പൂച്ചെടി നട്ടു വളർത്താൻ നല്ലത്. പൂവിടാത്ത, കരുത്തോടെ വളരുന്ന കമ്പുകൾ നടാം. മുട്ടിന് തൊട്ടു താഴെ വച്ചു മുറിച്ചെടുത്ത കമ്പ് ചെറിയ കവറിൽ നട്ടാൽ അനുകൂല കാലാവസ്ഥയിൽ ഒന്നു രണ്ട് ആഴ്ചയ്ക്കുള്ളിൽ പുതിയ തളിർപ്പുകൾ ഉണ്ടായി മാറ്റി നടാൻ പാകമാകും.

ബ്രസീലിയൻ സ്നാപ് ഡ്രാഗൺ പ്ലാന്റ്
ആമസോൺ ബ്ലൂ എന്നും അറിയപ്പെടുന്ന ഈ കുഞ്ഞൻ പൂച്ചെടിയുടെ കടും പച്ച ഇലച്ചാർത്തിനു മുകളിൽ വിടർന്ന ചുണ്ടുപോലെ 2 ഇതളുകളുമായി നില്‍ക്കുന്ന നീലപ്പൂക്കൾ. പൂവിന്റെ ഒത്ത നടുവിലുള്ള വെളുത്ത പൊട്ട് വേറിട്ട അഴക് നൽകുന്നു. നിത്യഹരിത സ്വഭാവമുള്ള ആമസോൺ ബ്ലൂ 2– 3 മണിക്കൂർ നേരിട്ട് വെയിൽ കിട്ടുന്നിടത്തുപോലും പൂത്തടമൊരുക്കാന്‍ യോജ്യം. തണൽ കൂടിയാൽ പൂവിടല്‍ കുറയുമെന്നു മാത്രമല്ല, പൂക്കൾക്ക് വിള റിയ നീല നിറവുമായിരിക്കും.
കുത്തനെ നിവർന്നു നിൽക്കുന്ന തണ്ടിന്റെ വശങ്ങളിലേക്ക് ശാഖകൾ വളർന്നു വന്ന് ഒരു മീറ്ററോളം ഉയരം വയ്ക്കുന്ന ഈ പൂച്ചെടിയുടെ കമ്പു കോതിയാൽ കുറ്റിച്ചെടിയായും പരിപാലിക്കാം. ശാഖകൾ കൂടുതലും ചെടിയുടെ മുകള്‍ഭാഗത്താണ് ഉണ്ടായിവരിക. പൂക്കൾ തണ്ടിന്റെ അറ്റത്ത് എല്ലാ വശത്തേക്കും വിരിയും. 8-10 ദിവസത്തോളം കൊഴിയാതെ നിൽക്കുന്ന പൂക്കൾക്ക് നേർത്ത സുഗന്ധവുമുണ്ട്. പൂവിടാത്ത ഇളം കമ്പു നട്ട് ബ്രസീലിയൻ സ്നാപ് ഡ്രാഗൺ ചെടിയിൽ നിന്നും തൈകൾ അനായാസം വളർത്തിയെടുക്കാം.
English summary: 8 Flowers That Bloom All Year Round