ഉദ്യാനത്തിന് അഴകേകാൻ പുതിയ ആമ്പലുകൾ; പരിചരണത്തിൽ ശ്രദ്ധിക്കേണ്ടത്

HIGHLIGHTS
  • താമരയിൽനിന്നു വ്യത്യസ്തമായി ആമ്പൽ ചെടിയുടെ ചുവട്ടിൽ കിഴങ്ങുണ്ട്
  • താമരയിൽനിന്നു വ്യത്യസ്തമായി ആമ്പൽ ചെടിയുടെ ചുവട്ടിൽ കിഴങ്ങുണ്ട്
water-lily
SHARE

അലങ്കാരപ്പൊയ്കയ്ക്കു ചന്തം ചാര്‍ത്തുന്ന ജലസസ്യങ്ങളിൽ മുന്നില്‍ ആമ്പൽതന്നെ.  ദൂരെനിന്നുപോലും നോട്ടം കിട്ടുന്ന വിധത്തിൽ വെള്ളത്തിനു  മുകളിൽ തലയെടുപ്പോടെ വിരിഞ്ഞു നിൽക്കുന്ന വിവിധ വർണങ്ങളിലും വലുപ്പത്തിലുമുള്ള പൂക്കൾ, കാലവ്യത്യാസമില്ലാതെ പൂവിടുന്ന പ്രകൃതം, ജലപ്പരപ്പിനോടു പറ്റി പരന്നു കിടക്കുന്ന ഇലകൾ എന്നിവയെല്ലാം ആമ്പലിനെ മറ്റ് അലങ്കാര ജലസസ്യങ്ങളിൽനിന്ന്  വേറിട്ടുനിർത്തുന്നു. ചെറിയ ചട്ടിയിലും വലിയ ജലാശയത്തിലും  ഒരുപോലെ പരിപാലിക്കാവുന്ന  ഇനങ്ങൾ ഇതിനെ കൂടുതൽ ജനപ്രിയമാക്കുന്നു.

water-lily-4

പകൽ പൂവ് വിരിയുന്ന ട്രോപ്പിക്കൽ, ഹാർഡി, ഓസ്‌ട്രേലിയൻ ഇനങ്ങളാണ് നമ്മുടെ നാട്ടിലെ ഉഷ്ണമേഖലാ കാലാവസ്ഥയിൽ പൊയ്കയിൽ വളർത്താന്‍ നന്ന്. ഇവയിൽ ഓസ്‌ട്രേലിയൻ ഇനങ്ങള്‍ ഈയിടെയാണ് നമ്മുടെ നാട്ടിലെത്തിയത്. ഒട്ടേറെ  ഇതളുകളുമായി കപ്പിന്റെ ആകൃതിയിൽ സവിശേഷ നിറത്തിലുള്ള പൂക്കൾ ഇവയ്ക്കു വേറിട്ട ഭംഗി നൽകുന്നു. ജലൗസ്, ന്യൂ ഓർലാൻസ് ലേഡി, റ്ററന്റുല (Tarantula) എല്ലാം ഇവയിലെ നൂതന ഇനങ്ങള്‍. ട്രോപ്പിക്കൽ വർഗത്തിലെ സാസിമോൻതോൻ, പൂവഡോൾ, ഗാലക്സി, കിങ് ഓഫ് സിയാം, പ്ലം ക്രേസി, കരോൺചനോക് എന്നിവ മുന്തിയ സങ്കര ഇനങ്ങളാണ്.  ഇവയെല്ലാം കാലവ്യത്യാസമില്ലാതെ ആണ്ടുവട്ടം പൂവിടുന്നു. പല ട്രോപ്പിക്കൽ ഇനങ്ങളുടെയും ഇലകളിൽ പച്ച നിറത്തിനൊപ്പമുള്ള തവിട്ടു നിറം ചെടിയെ കൂടുതൽ ആകർഷകമാക്കുന്നു. 100 രൂപ മുതൽ 40000 രൂപ വരെ വിലയുള്ള ചെടികൾ വിപണിയിൽ ഉണ്ട്.

water-lily-3

നട്ടു വളർത്താം

താമരയിൽനിന്നു വ്യത്യസ്തമായി ആമ്പൽ ചെടിയുടെ ചുവട്ടിൽ കിഴങ്ങുണ്ട്. പുതുതായി ഉണ്ടായി വരുന്ന കിഴങ്ങാണ് ചെടി നടാനെടുക്കുക. ഇതു നേരിട്ടു നടാതെ, പകരം ശുദ്ധജലത്തിൽ ഇട്ടുവച്ചാൽ പുതിയ നാമ്പും വേരുമെല്ലാം ഉണ്ടായി വരും. ഇതിനു ശേഷം പറിച്ചു നടാം. പരാഗണം നടന്ന പൂവ്  ചീഞ്ഞു നശിച്ചുപോകാതെ അതിന്റെ തണ്ടുൾപ്പെടെ വളഞ്ഞു വെള്ളത്തിനടിയിൽ നിൽക്കും. ഇതിൽ കാലക്രമേണ വിത്തുകൾ ഉണ്ടായി വരും. ഈ വിത്തും ശേഖരിച്ച് നടാം. മണ്ണും ചാണകപ്പൊടിയും കലർത്തിയ  ഈര്‍പ്പമുള്ള മിശ്രിതത്തിൽ വിത്ത് നട്ടു തൈകൾ ഉൽപാദിപ്പിക്കാം. ഇവയും  നടീൽവസ്തുവാണ്.

water-lily-5

ആറ് ഇഞ്ച് വലുപ്പമുള്ള ചട്ടിയില്‍ മുതൽ ചെറുതും വലുതുമായ ഏതു തരം സംഭരണിയിലും ആമ്പൽ നടാം. വലിയ ജലാശയങ്ങളുടെ  അടിത്തട്ടില്‍ മുഴുവനായി മണ്ണ് വിരിച്ചു ചെടി നടുന്നതിനു പകരം ചട്ടിയിൽ നട്ട ചെടി ജലാശയത്തിന്റെ അടിത്തട്ടിൽ ഇറക്കിവച്ച് വളർത്തുന്നതാണ് നല്ലത്. ചട്ടിയുടെ ഏറ്റവും അടിയിൽ ഡിഎപി (ഡൈ അമോണിയം ഫോസ്ഫേറ്റ്) രാസവളത്തിന്റെ തരികൾ വിതറണം. കട്ടയും കല്ലും നീക്കിയ മണ്ണിൽ ചാണകപ്പൊടിയും ഡിഎപിയും കലർത്തിയെടുത്ത മിശ്രിതം ഇതിനു മുകളിലായി നിറയ്ക്കണം. ഇതിനു മുകളിൽ വളമൊന്നും ചേർക്കാത്ത മണ്ണിലാണ് ചെടി നടേണ്ടത്.  നൂതന ഇനങ്ങളിൽ വേഗത്തിൽ വേരുകൾ ഉണ്ടായി ചെടി വളരാൻ ഹ്യൂമിക് ആസിഡ് വളം കൂടി മിശ്രിതത്തിൽ കലർത്താം. ഈ വിധത്തിൽ ചട്ടിയിൽ നട്ട ചെടി ജലാശയത്തിലേക്ക് ഇറക്കി സ്ഥാപിക്കണം. ഓസ്‌ട്രേലിയൻ ഇനങ്ങൾ ആഴവും വിസ്താരവുമുള്ള ജലാശയത്തിലാണ് വളർത്തേണ്ടത്. ചെടിയുടെ ചുവട്ടിൽ നേർത്ത തണുപ്പും ജലപ്പരപ്പിനു മുകളിൽ ചൂടും ഉണ്ടെങ്കിലേ ഇവ നന്നായി വളരുകയും പുഷ്പിക്കുകയും ചെയ്യൂ.

water-lily-1

ആമ്പൽ കരുത്തോടെ വളരാനും പൂവിടാനും രാസവളങ്ങളാണ് കൂടുതൽ യോജിച്ചത്. ഒരു ടീസ്പൂൺ എൻപികെ  19:19:19 രാസവളം പകുതി വീതം വെവ്വേറെ രണ്ടു കടലാസു പൊതിയാക്കി മിശ്രിതത്തിൽ ഇറക്കി വച്ചു നൽകാം. വലിയ ജലസംഭരണിയിൽ കൂടുതൽ എണ്ണം രാസവളപ്പൊതി വേണ്ടിവരും. ഈ വിധത്തിൽ ഡിഎപിയും ചെടിക്ക് വളമായി പ്രയോഗിക്കാം. കൂടാതെ, നൂതന ഇനങ്ങൾ പൂവിടാൻ എൻപികെ 13:27:27 മേൽപ്പറഞ്ഞ വിധം ഉപയോഗിക്കാം.  കടലപ്പിണ്ണാക്കുപോലുള്ള ജൈവവളങ്ങള്‍ ജലാശയത്തിലെ വെള്ളം മോശമാക്കാനിടയുള്ളതുകൊണ്ട് കഴിവതും ഒഴിവാക്കുക. ചെറിയ ചട്ടിയിലും ബൗളിലും മറ്റും പരിപാലിക്കുന്ന ചെടിക്ക് കൂടക്കൂടെ വളം വേണ്ടിവരും. അല്ലെങ്കിൽ കുറച്ചു നാൾ കഴിയുമ്പോൾ പുതിയ ഇലകളും പൂക്കളും ഉണ്ടാകാതെ ചെടി മുരടിച്ചു സുഷുപ്‌താവസ്ഥയിലാകും. ആമ്പൽ സമൃദ്ധമായി പൂവിടാൻ വളത്തിനൊപ്പം  ആവശ്യമാണ് സൂര്യപ്രകാശവും. കുറഞ്ഞത് 5 മണിക്കൂർ നേരിട്ട് വെയിൽ കിട്ടുന്നിടത്താണ്  ആമ്പൽ വളർത്തേണ്ടത്. തണൽ അധികമായാൽ പൂവിടീല്‍ കുറയുന്നതു കൂടാതെ,  ഇലകളുടെ വലുപ്പവും പച്ചനിറവും കുറയും. 

water-lily-3

ജലാശയത്തിൽ കാണുന്ന ഇലതീനി ഒച്ചാണ് ആമ്പലിന്റെ മുഖ്യ ശത്രു. ഇവയെ ശേഖരിച്ച് ഉപ്പുലായനിയിൽ ഇട്ടു നശിപ്പിക്കുക. ചെടി നടുമ്പോള്‍ ജലസംഭരണിയും ചെടിയുമെല്ലാം പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിൽ കഴുകിയാല്‍ ചെടിയിലും സംഭരണിയിലുമുള്ള ഒച്ചിന്റെ മുട്ട നിർവീര്യമാക്കാം. ഏതു മിശ്രിതമാണെങ്കിലും നല്ല വെയിലത്ത് 2-3 ദിവസം ഉണക്കിയെടുത്ത ശേഷം മാത്രം ഉപയോഗിക്കുക. ജലത്തിലെ നേരിയ അമ്ലാവസ്ഥയും ഒപ്പം സൂര്യപ്രകാശവും ജലാശയത്തിൽ പച്ചപ്പാടപോലെ പായൽ (ആൽഗ) വളരാന്‍ കാരണമാകും. പായൽ നീക്കം ചെയ്യാൻ കുമ്മായം തുണിയിൽ കിഴിയായി കെട്ടി ജലാശയത്തിൽ മുക്കി ഇട്ടാൽ മതി.

English summary: How to Grow Water Lilies at Home

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FLORICULTURE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS