കടലാക്രമണത്തിൽ ഉറക്കം നഷ്ടപ്പെട്ട തൃക്കുന്നപ്പുഴയ്ക്ക് പുതുജീവൻ; വേറിട്ട കാഴ്ചയായി ചെണ്ടുമല്ലിപ്പൂക്കൾ

thrikkunnappuzha-flowers
തൃക്കുന്നപ്പുഴയിലെ ചെണ്ടുമല്ലിക്കൃഷി
SHARE

ആലപ്പുഴ ജില്ലയിലെ കടലോരത്തുള്ള കൊച്ചു ഗ്രാമം, തൃക്കുന്നപ്പുഴ. കടലാക്രമണത്താൽ പലപ്പോഴും ഉറക്കം നഷ്ടപ്പെടുന്ന ഒരു കൂട്ടം മനുഷ്യരുടെ ലോകം. പരമ്പരാഗത തൊഴിലായ മത്സ്യബന്ധനത്തിൽനിന്നു വരുമാനം കണ്ടെത്തെന്നുവരാണിവിടെ അധികവും. തീരത്തെ കരിമണലിനെ വിൽപ്പനച്ചരക്കാക്കി ലോറികൾ പായുമ്പോഴും ഇവരുടെ മനസിൽ ആധിയാണ്. ഉപ്പു കാറ്റേൽക്കുന്ന തെങ്ങുകൾക്കും വൃക്ഷങ്ങൾക്കുമിടയിൽ അധികം പച്ചതുരുത്തുകൾ കണ്ടു പരിചയിച്ചിട്ടില്ലാത്ത ഇവിടുത്തുകാർക്ക് ഈ വർഷത്തെ ഓണം പൊന്നോണമാണ്. ഓണത്തിനാവശ്യമായ ചെണ്ടുമല്ലി പൂക്കൾ, പച്ചക്കറികൾ എന്നിവ ഉപ്പു കൂടിയ മണ്ണിൽ വിളവെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു. ഒരു കൃഷിയ്ക്കും യോജിച്ച മണ്ണോ ഭൂപ്രകൃതിയോ ഇല്ലാത്ത ഈ കൊച്ചു ഗ്രാമം ദൈവത്തിന്റെ സ്വന്തം നാടായി മാറിക്കഴിഞ്ഞു.

ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തും കൃഷിഭവനും ഓണത്തോടനുബന്ധിച്ച് പുഷ്പകൃഷിയെയും പച്ചക്കറി കൃഷിയേയും കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. കരുത്തുറ്റ നേതൃത്വവും ജനപങ്കാളിത്തവും മാത്രമായിരുന്നു കൈ മുതൽ. പൂക്കൾക്ക് ഏറെ ആവശ്യമുള്ള ഓണക്കാലം മുന്നിൽ കണ്ട് ചെണ്ടുമല്ലി ചെടികൾ കൃഷി ചെയ്യണം എന്നകാര്യത്തിൽ ആർക്കും എതിർപ്പില്ലായിരുന്നു. ആദ്യ പടിയായി കുടുംബശ്രീ, തൊഴിലുറപ്പ് എന്നിവയുടെ സജീവ പങ്കാളിത്തം ഉറപ്പാക്കി. ഓരോ വാർഡിലുമുള്ള ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ സ്ഥലം കണ്ടെത്തി. വെയിൽ ഉള്ള പ്രദേശം, വെള്ളക്കെട്ടുള്ള പ്രദേശം എന്നിങ്ങനെ ഏറെ പ്രതിസന്ധികൾക്കിടയിൽ നിന്നും അനുയോജ്യമായ കൃഷിയിടങ്ങൾ കണ്ടെത്തി. മണ്ണ് പരിശോധന നടത്തി ആവശ്യമായ സ്ഥലം തിരഞ്ഞെടുക്കുകയും ചെയ്തു. 

thrikkunnappuzha-flowers-1
വിളവെടുപ്പുത്സവം

മണ്ണിൽ ഉപ്പ് കൂടിയ സ്ഥലങ്ങളിൽ ചെടിച്ചട്ടിയിലായിരുന്നു പുഷ്പകൃഷി. മണ്ണിന് വലിയ പ്രശ്നങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ ഡോളോമൈറ്റ് അധികം കൊടുത്ത് മണ്ണിനെ പോളിത്തീൻ  മൾച്ചിങ് ഷീറ്റുകൾ ഉപയോഗിച്ച് ഫീൽഡ് പ്ലോട്ടുകൾ ആയി രൂപപ്പെടുത്തി. ഓരോ ഗ്രൂപ്പുകളിലേയും 2 അംഗങ്ങൾക്ക് വീതം തൈ നടുന്നത് മുതൽ പിഞ്ചിങ് വരെയുള്ള വിവിധ പ്രവർത്തനങ്ങൾക്കുള്ള ആദ്യ ഘട്ട പരിശീലനവും കൃഷി ഭവൻ നൽകി. വിവിധ കീട, രോഗബാധകളെ കുറിച്ചും രോഗ നിയന്ത്രണ മാർഗ്ഗങ്ങളും ഉൾപ്പെടുത്തി രണ്ടാം ഘട്ട പരിശീലനം കൃഷി വിജ്ഞാൻ കേന്ദ്രം വഴി നൽകി. കൃഷിഭവൻ നേരിട്ട് പുഷ്പകൃഷിക്കാവശ്യമായ ഹൈബ്രിഡ് ഇനങ്ങളുടെ വിത്തുകൾ സംഭരിച്ചു, കർഷകരെ കൊണ്ട് തൈകൾ ഉൽപ്പാദിപ്പിക്കുകയും ചെയ്തു. 

ജൂൺ അവസാനത്തോടെ തൈകൾ കർഷകർക്ക് വിതരണം ചെയ്തു. ചെടി നടീൽ മുതലുള്ള വിവിധ ഘട്ടങ്ങൾ കൃഷിഭവൻ ഉദ്യോഗസ്ഥരുടെ ശക്തമായ മേൽനോട്ടത്തിലും സാങ്കേതിക സഹായത്തോടെയും ആയിരുന്നു. ഓരോ ഗ്രൂപ്പുകളിലെയും അംഗങ്ങളെ ഉൾപ്പെടുത്തി വാട്സാപ് ഗ്രൂപ്പുകൾ ഉണ്ടാക്കുകയും എല്ലാ ദിവസവും രാവിലെ കൃഷിയിടങ്ങളുടെ ഫോട്ടോകൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതു വഴി ചെറിയ പ്രശ്നങ്ങൾ പോലും തുടക്കത്തിലെ തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്തുന്നതിനും കഴിഞ്ഞു.

മഴയുള്ള സമയങ്ങളിൽ കുറച്ച് അസുഖങ്ങൾ ഉണ്ടായി എന്നല്ലാതെ കാര്യമായ പ്രശ്നങ്ങൾ ഇല്ലായിരുന്നു എന്ന് കൃഷി ഓഫീസർ സാക്ഷ്യപ്പെടുത്തുന്നു. മണ്ണ് പരിശോധന നടത്തി ആവശ്യമായ വളപ്രയോഗം നടത്തിയതിനാൽ കൃത്യസമയത്ത് തന്നെ പൂവിടുകയും ചെയ്തു. ഏകദേശം പതിനായിരത്തോളം ചെണ്ടുമല്ലി ചെടികളാണ് ഇത്തവണ ഇവിടെ നിന്നും അത്തപ്പൂക്കളം തീർക്കാനുള്ള പൂ നൽകാൻ പാകത്തിലായിട്ടുള്ളത്. തുടക്കം മുതൽ കൃഷി ഓഫീസർ എസ്.ദേവിക, കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ശിവകുമാർ, കൃഷി അസിസ്റ്റന്റുമാരായ മായശ്രീ, എ.രാജേഷ്, ടി. സീമ എന്നിവരുടെ നിർലോഭമായ നിർദ്ദേശങ്ങളും കർഷകരുടെ ആത്മാർഥമായ പങ്കാളിത്തവും ഈ വിജയത്തിനു കാരണമായി.

വിപണനത്തിന്റെ കാര്യത്തിലും മുന്നോട്ട് പോയി കഴിഞ്ഞിരിക്കുന്നു. സമീപ പ്രദേശങ്ങളിലെ പൂക്കടക്കാർ ഇപ്രാവശ്യം ഓണപ്പൂക്കൾക്കായി തമിഴ്‌നാട്ടിലേക്ക് പോകേണ്ടതില്ല എന്ന തീരുമാനത്തിലാണ്. ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളുടെ ഫോൺ നമ്പർ വഴി വാട്‌സാപ്, ഫെയ്‌സ്ബുക്ക് കൂട്ടായ്മകളിലൂടെ ഓൺലൈൻ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. അരിക്കും പച്ചക്കറിക്കും വാഴയിലയ്ക്കും പൂക്കൾക്കും അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന നമ്മുടെ നാട്ടിലും ഇവയൊക്കെ കൃഷി ചെയ്യാൻ ഇനിയും നമ്മൾ മടിച്ചു കൂടാ. തൃക്കുന്നപ്പുഴയിലെ ചെണ്ടുമല്ലി പൂക്കൾ ഓണത്തെ പൊന്നോണമാക്കുക തന്നെ ചെയ്യും.

ഫോൺ: 9383470638

English summary: Onam flowers bloom in Thrikkunnapuzha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}