കണ്ണൂർ കുഞ്ഞിമംഗലം സ്വദേശി അഭിലാഷ് വായനക്കാർക്കായി പങ്കുവയ്ക്കുന്നത് പൂച്ചട്ടി നിർമാണരീതിയാണ്. ഗൾഫിൽ ഓട്ടമൊബീൽ എൻജിനീയറായിരുന്ന അഭിലാഷ് കൗതുകത്തിനു തുടങ്ങിയ പൂച്ചട്ടി നിർമാണം ഉദ്യാനസംരംഭമായി വളർന്നിരിക്കുന്നു. അഭിലാഷിന്റെ വാക്കുകൾ ശ്രദ്ധിക്കാം. ‘‘പൂച്ചട്ടി നിർമാണത്തിന് ഒട്ടേറെ രീതികളുണ്ട്. ഡിസൈനർ ചട്ടികളാണ് എന്റേത്. ഒന്നിനൊന്നു വ്യത്യസ്തമായ ചട്ടികൾ.’’
നമുക്ക് മനോഹരമെന്നു തോന്നുന്ന ഏതു പാത്രവും ചട്ടിയുടെ മോൾഡായി പ്രയോജനപ്പെടുത്താം. അതിൽ മണ്ണ് നിറയ്ക്കുന്നതാണ് ആദ്യപടി. പശിമയുള്ള മണ്ണാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്. പെയ്ന്റ് ബക്കറ്റിന്റെ ആകൃതിയിലാണ് ചട്ടി നിർമിക്കുന്നത് എന്നു കരുതുക. അതിൽ ഈ മണ്ണ് അമർത്തി നിറ യ്ക്കുക. എന്നിട്ട് തല തിരിച്ചു വച്ച് ബക്കറ്റ് ഊരിയെടുക്കുമ്പോൾ മോൾഡ് തയാർ. (മണ്ണ് തീരെ പശിമ കുറഞ്ഞതെങ്കിൽ മോൾഡ് പൊടിഞ്ഞു പോകാം)
അടുത്ത ഘട്ടം ഇതിൽ നേരിയ കനത്തിൽ സിമന്റ് പാളി തേച്ചു പിടിപ്പിക്കലാണ്. 2:1 എന്ന അനുപാതത്തിൽ പി സാൻഡും (തേപ്പിന് ഉപയോഗിക്കുന്ന പാറപ്പൊടി) സിമന്റും ചേർത്തു തയാറാക്കുന്ന പരുക്കൻ, മോള്‍ഡില്‍ മുഴുവനായും തേച്ചു പിടിപ്പിക്കാം. അതിനുശേഷം വെള്ളം വലിഞ്ഞ് ഉണങ്ങിത്തുടങ്ങുമ്പോൾ രണ്ടാമത്തെ പരുക്കൻ പാളി തേച്ചു പിടിപ്പിക്കാം. ഈ സമയത്ത് മോൾഡിന്റെ മുകൾഭാഗത്ത് (അതായത് ചട്ടിയുടെ അടിഭാഗം) ചെറിയ പിവിസി പൈപ്പ് വച്ച് ചട്ടിയിൽനിന്നു വെള്ളം വാർന്നുപോകാനുള്ള ദ്വാരങ്ങളിടാം. ഇൻഡോർ ചട്ടികൾക്ക് ഒരു ദ്വാരവും പുറത്തു വയ്ക്കാനുള്ളവയ്ക്ക് രണ്ട് ദ്വാരവും നൽകുക.
ഈ ഘട്ടത്തിൽ ഒാരോരുത്തർക്കും സ്വന്തം യുക്തിയും കലാബോധവും അനുസരിച്ച് ചട്ടിയെ ശിൽപഭംഗി യുള്ളതാക്കാം. അല്ലെങ്കിൽ ശരാശരി അര ഇഞ്ച് കനത്തിൽ തേച്ച് ചട്ടി പൂർത്തിയാക്കാം. 2 ദിവസം നനച്ച് ഉറച്ചു കഴിയുന്നതോടെ തിരിച്ചു വച്ച് ഉള്ളിലെ മണ്ണു നീക്കി ചട്ടി എടുക്കാം. കടയിൽനിന്നു വാങ്ങുന്ന സിമന്റ് ചട്ടികൾ പലതും കുറെക്കഴിയുമ്പോൾ വിണ്ടുകീറാൻ കാരണം നന കുറയുന്നതാണ്. മണ്ണു നീക്കിയ ശേഷം 3–4 ദിവസം ടാങ്കിലോ മറ്റോ താഴ്ത്തിയിട്ടാൽ സിമന്റ് ചട്ടിക്ക് നല്ല ഉറപ്പുണ്ടാവും. ശേഷം പെയ്ന്റ് ചെയ്ത് ഉപയോഗിക്കാം.

പൂച്ചട്ടികളുടെ സ്ഥിരം രൂപഘടന മടുത്തവർക്ക് മേൽപ്പറഞ്ഞതുപോലെ നിർമാണഘട്ടത്തിൽ കരവിരുതു പരീക്ഷിക്കാം. ഉദ്യാനച്ചെടികൾക്കൊപ്പം രൂപവൈവിധ്യമുള്ള പൂച്ചട്ടികൾക്കും ഇപ്പോൾ ഡിമാൻഡുണ്ട്. അതുകൊണ്ടുതന്നെ വരുമാനസാധ്യതയും ചെറുതല്ല.
ഫോൺ: 9656485256
English summary: Amazing flower pot making at home