ADVERTISEMENT

താമരയിലെ കുഞ്ഞന്മാരാണ് മൈക്രോ ലോട്ടസ് അഥവാ മിനിയേച്ചർ ലോട്ടസ്. ചെറിയ ബൗളുകളിൽ വളർത്താൻ പറ്റിയ ഇവ ബൗൾ ലോട്ടസ് എന്നും അറിയപ്പെടുന്നു. വെയിൽ വേണ്ടതിനാൽ പൂർണമായും അകത്തളച്ചെടിയായി വളർത്താനാവില്ലെങ്കിലും സിറ്റൗട്ടിലും ബാൽക്കണിയിലുമൊക്കെ പരിപാലിക്കാം. കുഞ്ഞൻ താമരയെ വികസിപ്പിച്ചെടുത്തത് ചൈനയിലാണ്. സ്പാർക് എന്നാണ് ആദ്യ മൈക്രോ ലോട്ടസിന്റെ പേര്. വലുപ്പമനുസരിച്ചു താമര ഇനങ്ങളെ നാലായി തിരിച്ചിരിക്കുന്നു. 6 ഇഞ്ചിനു താഴെയുള്ളവയാണ് കുഞ്ഞന്മാർ. കുഞ്ഞൻ താമരയുടെ ഇലകളും പൂക്കളും കിഴങ്ങുകളും ചെറുതായിരിക്കും. യഥാർഥ മൈക്രോ ലോട്ടസ് ഇനങ്ങൾ പ്രകൃത്യാതന്നെ കുഞ്ഞന്മാരാണ്. വലിയ ചട്ടികളിൽ വളർത്തിയാലും കുഞ്ഞന്മാരായേ വളരൂ. 

മംഗള പതും (Mangala Patum), ലിയാങ് ലി (Liang Li), ന്യൂ സ്റ്റാർ (New Star), ബുദ്ധ സീറ്റ് 13 (Budha Seat 13), ലിറ്റിൽ ഗ്രീൻ മൈക്രോ (Little Green Micro), ലേഡി  ബിങ്‌ലെ (Lady Binglei), അഫെക്‌ഷൻ 16 (Affection 16), റെഡ് ട്യൂലിപ് (Red Tulip), ഗ്രാൻഡ് മാസ്റ്റർ (Grand Master), ലിറ്റിൽ ലോഞ്ചിവിറ്റി സ്റ്റാർ (Little Longevity Star), അമേരി കമീലിയ (Amiry Camelia) എന്നിവയൊക്കെ ബൗളിൽ വളർത്താവുന്ന ഇനങ്ങള്‍.

ഏകദേശം 6 ഇഞ്ച് പൊക്കവും 12 ഇഞ്ച് വ്യാസവുമുള്ള പാത്രങ്ങളാണ് മൈക്രോ ലോട്ടസ് വളർത്താൻ യോജ്യം. താമര വളർത്തുന്നതിൽ വൈദഗ്ധ്യമുണ്ടെങ്കിൽ 3 ഇഞ്ച് വ്യാസമുള്ള കപ്പുകളിൽപോലും പരിപാലിക്കാം. വളർത്താനായി, ചെറിയ ചട്ടി അല്ലെങ്കിൽ സെറാമിക് ബൗൾ തിരഞ്ഞെടുത്തശേഷം അടിഭാഗത്ത് അൽപം ചാണകപ്പൊടിയോ മണ്ണിരക്കംപോസ്റ്റോ ആട്ടിൻകാഷ്ഠമോ ഇടണം. അൽപം എല്ലുപൊടിയും നൽകണം. അതിനു മുകളിൽ ചെളിമണ്ണോ പുരയിടത്തിലെ മണ്ണോ ചട്ടിയുടെ മൂന്നിൽ രണ്ടു ഭാഗം വരെ നിറയ്ക്കണം. മണ്ണു ചെറുതായി നനച്ച ശേഷം അതിലേക്ക് കുഞ്ഞൻതാമരയുടെ കിഴങ്ങോ(ട്യൂബർ) അഗ്രഭാഗത്തുനിന്ന് രണ്ടോ മൂന്നോ മുട്ടുകളോടുകൂടി മുറിച്ചെടുത്ത താമരത്തണ്ടോ നടാം. നടീൽമാധ്യമം കലങ്ങാത്ത രീതിയിൽ ചട്ടിയിലേക്ക് വെള്ളം കുറേശ്ശെ ഒഴിച്ചുകൊടുക്കണം. ചട്ടി വെയിലത്തു വയ്ക്കണം. ദിവസം 6 മണിക്കൂർ എങ്കിലും സൂര്യപ്രകാശം ലഭിക്കണം. മൊട്ടു വരുന്ന സമയം ചട്ടികൾ സിറ്റൗട്ട്, ബാൽക്കണി എന്നിവിടങ്ങളിലേക്കു മാറ്റിവയ്ക്കാം. 

ചട്ടിയിലെ വെള്ളം വറ്റിപ്പോകാതെ ശ്രദ്ധിക്കണം. ചെടി പെട്ടെന്ന് ഉണങ്ങിപ്പോകും. രണ്ടാഴ്ചയിലൊരിക്കൽ ഡൈ അമോണിയം ഫോസ്‌ഫേറ്റ്, മോണോ അമോണിയം ഫോസ്‌ഫേറ്റ്, 19:19:19 എന്നിങ്ങനെ ഫോസ്ഫറസ് നൽകുന്ന ഏതെങ്കിലും രാസവളം കാൽ ടീസ്പൂൺ നൽകാം. കരിയുന്ന ഇലകളും ഉണങ്ങിയ പൂക്കളും യഥാസമയം  നീക്കം ചെയ്യണം. ചെറിയ പാത്രങ്ങളിൽ വളർത്തുന്നതിനാൽ കുഞ്ഞൻ താമരയ്ക്ക് കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ചെറിയ ചെടികളായതുകൊണ്ടും കുറച്ചു മാത്രം നടീൽ മാധ്യമത്തിൽ വളരുന്നതുകൊണ്ടും മറ്റു താമരകളുടെ അത്ര പൂക്കൾ ബൗൾ താമരയിൽ ലഭിക്കില്ല. ഇനങ്ങൾ അനുസരിച്ചു ലഭിക്കുന്ന പൂക്കളുടെ എണ്ണം വ്യത്യാസപ്പെടാം.

തട്ടിപ്പുകാരെ സൂക്ഷിക്കുക 

ബൗൾ താമരവിത്ത് വിൽപനയ്ക്കെന്ന പരസ്യം ഫെയ്സ്ബുക്കിലും വാട്ട്സാപ്പിലും ഓൺലൈൻ സൈറ്റുകളിലും കാണാം. ബോൺസായ് താമര, നീലത്താമര, നെതെർലൻഡ്സ് ഹൈബ്രിഡ് താമര എന്നിങ്ങനെ വിത്തുവിൽപന പോസ്റ്റുകൾ ഓൺലൈനിൽ സജീവം. ഫോട്ടോഷോപ്പ് ചെയ്ത താമരച്ചിത്രങ്ങൾ കണ്ട് പലരും തട്ടിപ്പിൽ വീഴുന്നുണ്ട്. നാടൻ താമരയുടെ വിത്തുകളാണ് ഇങ്ങനെ വിൽക്കുന്നത്. മിക്ക ബൗൾ താമരയിനങ്ങളിലും അധികം വിത്തുണ്ടാകുന്നവയല്ല. യഥാർഥ ബൗൾ താമരവിത്തു വേണമെങ്കിൽ വളർത്തുന്ന ആളുകളിൽനിന്നുതന്നെ വാങ്ങണം. പരപരാഗണം നടക്കുന്ന ചെടി ആയതിനാൽ വിത്തിൽനിന്നുള്ള തൈകളുടെ ഇനം മാറും. അതൊഴിവാക്കാൻ കിഴങ്ങുതന്നെ വാങ്ങി നടുക.

വിലാസം: അസിസ്റ്റന്റ് പ്രഫസർ, ഇൻസ്ട്രക്‌ഷണൽ ഫാം, കോളജ് ഓഫ് അഗ്രിക്കൾചർ, വെള്ളായണി. ഫോൺ: 9497453663 

English summary: How to grow micro lotus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com