ADVERTISEMENT

പുതിയ ഡിസൈനിലുള്ള പൂന്തോട്ടം, അതില്‍ പുതിയ ഇനം ചെടികൾ എല്ലാം മലയാളിക്ക് എന്നും താല്‍പര്യമാണ്. കൊള്ളാം, നന്നായിട്ടുണ്ട് എന്നു  കേൾക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്. അതുകൊണ്ടുതന്നെ വീടുനിർമാണത്തിലെന്നപോലെ എത്രയെത്ര നൂതനാശയങ്ങളാണ് പൂന്തോട്ടനിര്‍മാണത്തിലും ഉരുത്തിരിയുന്നത്. ആകർഷകമായ ആകൃതിയില്‍ ജലാശയങ്ങള്‍, പുല്‍ത്തകിടികള്‍, അകത്തളപ്പച്ചപ്പുകള്‍... അങ്ങനെയങ്ങനെയെന്തെല്ലാം. ഇത്തരം ചില പുത്തന്‍ ആശയങ്ങളും അവ നടപ്പാക്കിയവരെയും പരിചയപ്പെടാം.  

garden-trends-3

ധ്യാനോദ്യാനം (മെഡിറ്റേഷൻ ഗാർഡൻ)

പൂന്തോട്ടം ഉല്ലസിക്കാനും കണ്ടാസ്വദിക്കാനും മാത്രമല്ല,  മനസ്സ് ശാന്തമാക്കാനും ധ്യാനിക്കാനുമുള്ള ഇടം കൂടിയായാലോ? മറ്റു ശല്യമൊന്നുമില്ലാതെ മരത്തണലിന്റെ കുളിർമയിൽ മനസ്സിനെ ഏകാഗ്രമാക്കി വിശ്രമിക്കാനുതകുന്ന മെഡിറ്റേഷന്‍ ഗാര്‍ഡന്‍.  ഇരിപ്പിടങ്ങളും അടുത്തൊരു നീരുറവയുമു ള്ള, ഇളംകാറ്റു വീശുന്ന ഇടം. ഇവിടെയിരുന്നു ധ്യാനിക്കാം, എഴുതാം, വായിക്കാം. പുത്തനാശയങ്ങള്‍ ചിന്തിച്ചെടുക്കാം. 

garden-trends-1

ചെറുതാണെങ്കില്‍ ഉദ്യാനം മുഴുവനായോ വലുതാണെങ്കില്‍ ഒരു ഭാഗമോ മെഡിറ്റേഷൻ ഗാർഡൻ ആക്കാം. തണൽ ഇവിടെ വളരെ പ്രധാനമാണ്. മരത്തണലാണു നല്ലത്. അതില്ലെങ്കില്‍ ഗാർഡൻ ഹട്ട് ഒരുക്കാം. സ്വകാര്യത ഉറപ്പാക്കാന്‍ ചുറ്റും വേണ്ടത്ര ഉയരത്തിലുള്ള വേലി ആവശ്യമാണ്. ഇത് ചെടികൾ നട്ടോ അല്ലെങ്കിൽ മരപ്പത്തലുപയോഗിച്ചോ തയാറാക്കാം. ഉദ്യാനത്തിനു ഗെയ്‌റ്റോ വള്ളിച്ചെടികള്‍  പടർത്തിക്കയറ്റിയ കമാനമോ വേണം. കവാടം കടക്കുമ്പോഴേ മനസ്സില്‍നിന്ന് അനാവശ്യ ചിന്തകള്‍ ഒഴിവാക്കാം. ചെടികൾ അതിരിൽ മാത്രമായി ഒതുക്കി ബാക്കി ഭാഗത്ത് പുല്‍ത്തകിടി മാത്രമാക്കാം. അല്ലെങ്കില്‍ തകിടിയില്‍ കല്ലുകൾകൂടി നിരത്തി ഭംഗി കൂട്ടാം. ഒരു ഭാഗത്തു ധ്യാന ബുദ്ധന്റെ പ്രതിമ വയ്ക്കുന്നതു മനസ്സിന് ഏകാഗ്രത കിട്ടാൻ സഹായിക്കും.

രാധികയുടെ ധ്യാനോദ്യാനം

എറണാകുളം വെണ്ണലയിൽ രണ്ടു പങ്കാളികൾക്കൊപ്പം ഇൻഡോർ ഗാർഡന്റെ വിപണനകേന്ദ്രം നടത്തുന്ന രാധിക ഒയ്യാരത്ത് തന്റെ സ്ഥാപനത്തിൽ മെഡിറ്റേഷൻ ഗാർഡന്റെ മാതൃക ഒരുക്കിയിട്ടുണ്ട്. മഹാഗണി മരത്തിന്റെ തണൽ കിട്ടുന്ന ഭാഗത്ത് ചുറ്റും പെയിന്റിങ് ബ്രഷ് മുളകൊണ്ട് അതിരിട്ടു  തയാറാക്കിയ ഈ ഉദ്യാനത്തിന്റെ നിലം മുഴുവന്‍ പേൾ ഗ്രാസ്  വിരിച്ചിരിക്കുന്നു. കാസ്റ്റ് അയണിലും തടിയിലും നിർമിച്ച ഇരിപ്പിടങ്ങൾ തണലില്‍ ആവശ്യാനുസരണം നിരത്തിയിട്ടുണ്ട്.  

ഫോണ്‍: 6235882205

garden-trends-2

ജലധാരയോടെ വെർട്ടിക്കൽ ഗാർഡൻ

ചെടികൾ മാത്രം ഉപയോഗിച്ച് തയാറാക്കുന്ന വെർട്ടിക്കൽ ഗാർഡനുകളാണ് ഇതുവരെയുണ്ടായിരുന്നത്. ജലധാരയും ശില്‍പങ്ങളും കൂടി ഉൾപ്പെടുത്തിയ വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകളാണ് ഏറ്റവും പുതിയ ട്രെൻഡ്. നേരിട്ട് വെയിൽ കിട്ടുന്നിടത്തെ വെർട്ടിക്കൽ ഗാർഡനിൽ ജലധാര ഒരുക്കുമ്പോൾ താഴെയുള്ള സംഭരണിയിൽ ആമ്പൽപോലുള്ള ജലസസ്യങ്ങളും വളർത്താൻ പറ്റുമെന്ന മെച്ചമുണ്ട്.

വെർട്ടിക്കൽ ഗാർഡനിൽ ജലധാര അഥവാ കാസ്കേഡ് ഒരുക്കാൻ സ്ലേറ്റ് സ്റ്റോൺ അടുക്കിയോ ടൈൽ ഒട്ടിച്ചോ  ഭിത്തി തയാറാക്കണം. ഇതിനു മുൻപിൽ മുകളിൽനിന്നു താഴേക്ക് കർട്ടൻപോലെ പതിക്കുന്ന നേർത്ത ജലധാരയാണു വേണ്ടത്. താഴെ പതിക്കുന്ന വെള്ളം ശേഖരിക്കാന്‍ യോജിച്ച ജലസംഭരണിയും വേണം. സംഭരണിയുടെ, കാണുന്ന ഭാഗമെല്ലാം ടൈൽ ഒട്ടിച്ചോ അല്ലെങ്കിൽ സ്‌ളേറ്റ് സ്റ്റോൺ അടുക്കിയോ മോടിയാക്കാം. നടുവില്‍ ജലധാരയും ഇരുവശത്തും ചെടികളുമായി  വെർട്ടിക്കൽ ഗാർഡന്‍ നിർമിക്കാം. ജലധാരയില്‍നിന്നു തെറിക്കുന്ന വെള്ളത്തുള്ളികൾ ചെടികൾക്ക് ആവശ്യമായ ഈർപ്പം കിട്ടാൻ ഉപകരിക്കും. 

ഭിത്തിയിൽ പല വലുപ്പത്തില്‍ ചട്ടമുണ്ടാക്കി അതിനുള്ളിൽ മാത്രം ചെടികൾ നട്ട് ഭിത്തിയുടെ ബാക്കി ഭാഗം നന്നായി നിറം നൽകിയും വെർട്ടിക്കൽ ഗാർഡൻ ഒരുക്കാം. ഒരു ചട്ടത്തില്‍ ഒരേ തരം ചെടികള്‍ വയ്ക്കുന്നതാണ് ഭംഗി. വെർട്ടിക്കൽ ഗാർഡനിൽ ചെടികളുടെ എണ്ണം താരതമ്യേന കുറവായതിനാല്‍ പരിപാലനം എളുപ്പമാണ്. 

ഫോണ്‍(ഡോമിനിക്): 9349859755

garden-trends-4

അകത്തളത്തില്‍ കുഞ്ഞന്‍ ഉദ്യാനങ്ങള്‍

വീട് നിർമിക്കുമ്പോൾതന്നെ നടുത്തളം ഒരുക്കി അതിൽ ചെടികൾ നട്ടു ഭംഗിയാക്കുന്നതു കൂടാതെ വീടിനുള്ളിലെ  മറ്റിടങ്ങളിലും ചെടികൾ നിരത്തി കുഞ്ഞൻ ഉദ്യാനം ഒരുക്കുന്ന രീതി പ്രചാരത്തിലാകുന്നു.  തറനിരപ്പിൽനിന്ന് ഉയർന്നു നിൽക്കുന്ന വിധത്തിലും വീടിനുള്ളിലെ സ്ഥലസൗകര്യം അനുസരിച്ചുമാണ്  ഇത്തരം മിനി ഗാർഡൻ ഒരുക്കുക. ഉയരത്തിൽ വളരുന്ന അരക്കാ പാം അല്ലെങ്കിൽ പാർലർ പാം പോലുള്ള  ചെടികൾ പ്ലാന്റർ ബോക്സുകളിൽ നിരയായി നട്ട് രണ്ടു മുറികൾ തമ്മിൽ വേർതിരിക്കുന്ന രീതിയുമുണ്ട്. 

ഉദ്യാനമൊരുക്കാൻ ഉദ്ദേശിക്കുന്നിടത്തേക്ക് ഇണങ്ങുന്ന ആകൃതിയിൽ ഉള്ളതായിരിക്കണം  പ്ലാന്റർ ബോക്സ്. തടിപ്പലക, മറൈൻ പ്ലൈവുഡ് അല്ലെങ്കിൽ മൾട്ടി വുഡ് ഉപയോഗിച്ച് പ്ലാന്റർ ബോക്സ് ഉണ്ടാക്കിയെടുക്കാം. പ്ലാന്റർ ബോക്സിന്റെ പുറംഭാഗത്തിന് ഇളം നിറമാണ് യോജിച്ചത്. വലുപ്പമുള്ള ചട്ടികളിൽ  ചെടികൾ നട്ട് അതു  മുഴുവനായി ബോക്സിൽ ഇറങ്ങിയിരിക്കുന്ന വിധത്തില്‍ വച്ച് ചുറ്റും വെള്ളാരംകല്ലുകൾ നിറച്ചാല്‍ കൂടുതൽ മോടിയാകും. മുറിയുടെ ഭിത്തിയുടെ നിറത്തിന് ഇണങ്ങുന്ന നിറത്തിലുള്ള സെറാമിക് ചട്ടികളില്‍ ചെടികൾ നട്ട് കൂട്ടമായി വച്ചും വീടിനുള്ളിൽ പച്ചപ്പ് ഒരുക്കാം. ഒരേ നിറത്തിൽ പല വലുപ്പത്തിലുള്ള ചട്ടികളാണ് ഇതിനു വേണ്ടത്. 

ചെടികൾ നട്ട ചട്ടികൾ നിരത്തിവയ്ക്കാൻ പറ്റിയ തട്ടുകളോടുകൂടിയ സ്റ്റാൻഡുകൾ വിപണിയിൽ ലഭ്യമാണ്. സ്ഥലസൗകര്യം കുറഞ്ഞ ഇടത്തേക്ക് ഇത്തരം സ്റ്റാൻഡുകളിൽ പരിമിതമായ സൗ കര്യത്തിൽ കൂടുതൽ എണ്ണം ചെടികൾ ഒരുമിച്ച് പരിപാലിക്കൻ സാധിക്കും. കൂടാതെ, ഭിത്തിയിൽ ഉ റപ്പിക്കുന്ന, തട്ടുകളോടുകൂടിയ ഗാർഡൻ ഷെൽഫുകളും ലഭ്യമാണ്. ബാൽക്കണിയുടെ ഭിത്തിയിൽ ഇത്തരം ഷെൽഫുകൾ ഉറപ്പിച്ച് പലതരം ചെടികൾ ഒരുമിച്ചു വളർത്തുവാൻ പറ്റും.   

English summary: Garden Trends to Try in Your Backyard

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com