sections
MORE

ലക്ഷങ്ങൾ മുടക്കാതെലക്ഷണമൊത്ത പൂന്തോട്ടം

IMG_6437
SHARE

സാധാരണ വീടുകള്‍ക്കു ചേരുന്ന ഉദ്യാനത്തിന്റെ രൂപകല്‍പന, കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന ഘടകങ്ങള്‍, കുറഞ്ഞ ചെലവില്‍ പൂന്തോട്ടമൊരുക്കല്‍.

വീടു വയ്ക്കാൻവേണ്ടി വാങ്ങാനായത് ആറു സെന്റ് സ്ഥലം. വീടിനായി മൂന്നു സെന്റ് സ്ഥലം ഉപയോഗിക്കേണ്ടിവന്നു. മിച്ചമുള്ള മൂന്നു സെന്റിലെ ഒരു സെന്റ് കാർപോർച്ചിലേക്കു വഴിക്കായി പോയി. ബാക്കി കഷ്ടിച്ച് രണ്ടു സെന്റ് ഭൂമി. അതായത്, 870 ചതുരശ്ര അടിയോളം സ്ഥലം. ഇവിടെയാണ് ഉദ്യാനമെന്ന സ്വപ്നം സാക്ഷാൽക്കരിക്കേണ്ടത്. ടൈൽ വിരിച്ച് മോടിയാക്കാമെന്നുവച്ചാൽ വേനൽക്കാലത്ത് മുറിക്കുള്ളിൽ ടൈൽ‍ വിരിച്ചിടത്തുനിന്നു ചൂടു പ്രതിഫലിക്കുമോയെന്നു പേടി. ഉള്ള സ്ഥലസൗകര്യത്തിൽ  പുൽത്തകിടിയും പൂച്ചെടികളും അലങ്കാരക്കുളവുമെല്ലാമുള്ള ഉദ്യാനംതന്നെയാണ് മനസ്സില്‍.പട്ടണത്തിലെന്നോ നാട്ടിൻപുറത്തെന്നോ വ്യത്യാസമില്ലാതെഇന്നു  മിക്കവരും വീടിന് ഒരു പൂന്തോട്ടം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ വീടുപണി പൂർത്തിയാകാറാകുമ്പോൾ പലരുടെയും കീശ കാലിയായിരിക്കും.  ഈ അവസ്ഥയിലാണ് ഉദ്യാനം തയാറാക്കേണ്ടത്. അതായത്, കുറഞ്ഞ ബജറ്റിലൊരു ഉദ്യാനം.

bimeata

പൂന്തോട്ടം തയാറാക്കാൻ മുഴുവനായി കരാർ കൊടുക്കാതെ വീട് നിർമിക്കുന്ന രീതിയിൽ പുല്ല്, ചെടികൾ ഉൾപ്പെടെ അസംസ്കൃതവസ്തുക്കൾ വാങ്ങി ഉദ്യാനനിർമാണത്തിൽ പ്രാവീണ്യമുള്ളവരെ പ്രയോജനപ്പെടുത്തി ചെലവു കുറഞ്ഞ രീതിയിൽ ഉദ്യാനം ഒരുക്കിയെടുക്കാം. നിർ‌മാണം: സ്വന്തമായി പൂന്തോട്ടം തയാറാക്കുന്നതിനു മുമ്പ് സ്ഥലത്തു സൂര്യപ്രകാശത്തിന്റെയും നനയ്ക്കാനുള്ള ജലത്തിന്റെയും ലഭ്യത, മണ്ണിന്റെ ഘടന എന്നിവ മനസ്സിലാക്കണം. 4–5 മണിക്കൂർ നേരിട്ട് വെയിൽ കിട്ടുന്നിടത്തേ പുൽത്തകിടിയും പൂച്ചെടികളും ഭംഗിയോടെ വളരുകയുള്ളൂ. ദീർഘചതുരാകൃതിയിലുള്ള രണ്ടു സെന്റ് സ്ഥലത്തു നിർമിക്കുന്ന ഉദ്യാനത്തിന് 40 അടി നീളവും 21.5 അടി വീതിയുമുണ്ടെന്ന് കണക്കാക്കാം. രണ്ടു വശത്തും കൂടി 61.2 അടി നീളത്തിൽ മതിലുമുണ്ട്. 

പൂന്തോട്ടം ഒരുക്കാനുള്ളിടത്തിന്റെ ഔട്ട് ലൈൻ കടലാസിൽ വരച്ച് അതിൽ പുൽത്തകിടി, നടപ്പാത, അലങ്കാരക്കുളം, പാറക്കൂട്ടം, പൂത്തടം, മതിലിനോടു ചേർന്ന് അതിർചെടികൾ തുടങ്ങി പൂന്തോപ്പിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്ന ഘടകങ്ങൾ എല്ലാം വ്യക്തമായി അടയാളപ്പെടുത്തണം. പുൽത്തകിടി, നടപ്പാത, പൂത്തടം, അതിർചെടികൾ തുടങ്ങിയവയ്ക്ക് ആവശ്യമായ സ്ഥലം, ആകൃതി ഇവയെല്ലാം സ്കെച്ചിൽ കാണിച്ചിരിക്കണം.ആകെയുള്ള 870 ചതുരശ്ര അടിയിൽ 300  ച.അടി പുൽത്തകിടിക്കായി മാറ്റിവയ്ക്കാം. പുൽത്തകിടി ഒരിടത്തു മാത്രമാക്കാതെ ഉദ്യാനത്തിന്റെ അഞ്ചിടങ്ങളിലായി 60 ചതുരശ്ര അടിയോളം വിസ്താരത്തിലാക്കാം. പുൽത്തകിടി ഓരോന്നിനും ആകർഷകവും വ്യത്യസ്തവുമായ ആകൃതി നൽകാം. ഉദ്യാനത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തിച്ചേരുന്ന വിധത്തിൽ പുൽത്തകിടിക്കും ഗ്രൗണ്ട് കവർ ചെടികൾക്കും ചുറ്റുമായി നടപ്പാതകൾ ഒരുക്കണം. രണ്ട് അടി വീതിയിൽ ഒരുക്കുന്ന നടപ്പാതയ്ക്ക് ഏകദേശം 135 അടി നീളം വേണ്ടിവരും. അതായത്, ഈ ആവശ്യത്തിനായി 270 ച.  അടി മാറ്റിവയ്ക്കാം. മറ്റൊരു 100 ച. അടി ഗ്രൗണ്ട് കവർ ചെടികൾ ഉപയോഗിച്ചു നിറയ്ക്കാം. 61.2 അടി നീളമുള്ള മതിലിനോടു ചേർന്ന് രണ്ട് അടി വീതിയിൽ അതിർചെടികൾ നടാം. ഇതിനായി ഏകദേശം 124 ച. അടി സ്ഥലം ആവശ്യമാണ്. ഇത്രയും ഘടകങ്ങൾ തയാറാക്കാൻ എണ്ണൂറോളം ച. അടി സ്ഥലം  വേണ്ടിവരും. ബാക്കിയുള്ള ഭാഗം പാറക്കൂട്ടം, പൂത്തടം, അലങ്കാരക്കുളം ഇവയ്ക്കായി പ്രയോജനപ്പെടുത്താം.

പൂന്തോട്ടമൊരുക്കാൻ തിരഞ്ഞെടുത്തയിടത്തെ മേൽമണ്ണ് ഗുണമില്ലാത്തതെങ്കിൽ ഒരടി കനത്തിൽ നീക്കി നല്ല ചുവന്ന മണ്ണ് പകരം നിറയ്ക്കണം. മണ്ണ് നിരത്തുമ്പോൾ വെള്ളം വാർന്നുപോകാനായി ആവശ്യത്തിന് ചെരിവു നൽകണം.

ചെലവിനം രൂപ

ഒരു വലിയ ടിപ്പർ ലോഡ് ചുവന്ന മണ്ണ് 4800 

മണ്ണ് നിരത്തുവാനായി 3 തച്ച് പണിക്കൂലി @ ` 700 2100  

ആകെ 6900  

അടുത്തതായി ഉദ്യാനത്തിന്റെ മേൽവിവരിച്ച ഓരോ ഘടകവും തയാറാക്കുന്ന വിധവും അതിന് ആവശ്യമായ ചെലവും മനസ്സിലാക്കാം. പുൽത്തകിടിഉദ്യാനം തയാറാക്കുന്ന സ്ഥലത്തിന്റെ അഞ്ചിടങ്ങളിലായി പുൽത്തകിടിയുടെ ആകൃതി മണ്ണിൽ അടയാളപ്പെടുത്തണം. അടയാളപ്പെടുത്തിയ ഭാഗത്തെ മണ്ണ് നന്നായി അടിച്ച് ഉറപ്പിക്കണം. ഇതിനുമേൽ ആറ്റുമണലും വേപ്പിൻപിണ്ണാക്കും ചേർന്ന മിശ്രിതം ഒരു സെന്റിമീറ്റർ കനത്തിൽ വിരിക്കണം. മിശ്രിതം നിരത്തിയശേഷം വിപണിയിൽ ലഭ്യമായ പുൽത്തകിടിയുടെ ഷീറ്റ്, ടൈൽ വിരിക്കുന്നതുപോലെ ഒന്നിനോടൊന്ന് നന്നായി ചേർത്തുവച്ച് ഉറപ്പിക്കണം. ഷീറ്റ് ഏത് ആകൃതിയിലും മുറിച്ചുമാറ്റാൻ ആക്സോ ബ്ലേഡ് ഉപയോഗിക്കാം. ഷീറ്റ് വിരിച്ചശേഷം ചിതലിന്റെ ശല്യം ഒഴിവാക്കാൻ ചിതൽനാശിനി പ്രയോഗിക്കണം.

കാലാവസ്ഥയനുസരിച്ച് പുൽത്തകിടി 2–3 തവണ നനയ്ക്കണം.

ചെലവിനം രൂപ

300 ച. അടി പുൽത്തകിടി @ Rs. 27 / ച. അടി 8100 

10 ചാക്ക് ആറ്റുമണൽ      @ Rs. 110 / ച.അടി 1100 

വേപ്പിൻപിണ്ണാക്ക് 4 കിലോ 100  

ചിതൽനാശിനി 100 മില്ലി 80  

പണിക്കൂലി 3 തച്ച് @ 750 / തച്ച് 2250 

ആകെ 11630                                                            

ഗ്രൗണ്ട് കവർ

മഞ്ഞപ്പൂക്കളോടുകൂടി കാണാൻ അഴകുള്ളതും താരതമ്യേന വില കുറഞ്ഞതുമായ അലങ്കാര നിലക്കടലയാണ് ഗ്രൗണ്ട് കവർ ഇനമായി ഉപയോഗിക്കാൻ പറ്റിയത്. പുൽത്തകിടിപോലെ നിലക്കടലയും 30–33 ച. അടി വലുപ്പത്തിൽ, ആകർഷകമായ ആകൃതിയിൽ,  മൂന്നു  വെവ്വേറെ കൂട്ടമായി നടാം. ഒരു ചതുരശ്ര അടിയിൽ നാലെണ്ണം വീതം 100 ച.അടിക്കായി 400 ചെടികൾ വേണ്ടിവരും. വളമായി നന്നായി ഉണങ്ങിയ ചാണകപ്പൊടി മതി. ചെടി നടാൻ ഉദ്ദേശിക്കുന്നിടത്തെ മണ്ണ് ചെടി നട്ടിരിക്കുന്ന നഴ്സറി കവറിന്റെ ആഴത്തിൽ മുഴുവനായി നീക്കം ചെയ്യണം. ഇതിനുശേഷം കവറിൽനിന്നും മിശ്രിതമുൾപ്പെടെ പുറത്തെടുത്ത ചെടികൾ നടാനായി തയാറാക്കിയിടത്തേക്ക് ഒരേ അകലത്തിൽ ഇറക്കിവച്ച് ചുറ്റും ചകിരിച്ചോറും ചുവന്ന മണ്ണും വളവും കലർത്തിയ മിശ്രിതം നിറച്ച് ഉറപ്പിക്കണം.

ചെലവിനം രൂപ

നിലക്കടല 400 എണ്ണം @ ` 9 / ചെടി 3600

ചകിരിച്ചോറ് 100

ചാണകപ്പൊടി 50

പണിക്കൂലി അര തച്ച് 350

ആകെ 4100

IMG_3297

നടപ്പാത

ബേബിമെറ്റൽ നിരത്തിയ നടപ്പാതയാണ് വെള്ളാരംകല്ല് അല്ലെങ്കിൽ കോബിൾ സ്റ്റോൺ വിരിച്ചതിനേക്കാൾ ചെലവു കുറഞ്ഞ

ത്.135 അടി നീളത്തിലും രണ്ട് അടി വീതിയിലും ബേബിമെറ്റൽ ഉപയോഗിച്ച് നടപ്പാത തയാറാക്കാൻ 90 ഘന അടി ബേബിമെറ്റൽ വേണ്ടിവരും. ആദ്യപടിയായി തയാറാക്കാൻ ഉദ്ദേശിക്കുന്നിടത്തെ മേൽമണ്ണ് നന്നായി ഇടിച്ച് ഉറപ്പിക്കണം. മണ്ണുമായി ബേബിമെറ്റൽ കലർന്ന് ഭംഗി കെടാതിരിക്കുവാൻ ഈടുനിൽക്കുന്ന കറുത്ത നെറ്റ് മണ്ണിനു മുകളിൽ വിരിക്കണം. ഈ നെറ്റിനു മുകളിലാണ് ബേബിമെറ്റൽ നിരത്തേണ്ടത്. ബേബിമെറ്റൽ നന്നായി കഴുകി വൃത്തിയാക്കിയശേഷം ഉപയോഗിക്കുക.

ചെലവിനം രൂപ

90 ഘന അടി ബേബിമെറ്റൽ 5000

കറുത്ത നെറ്റ് 270 ച. അടി 1080

പണിക്കൂലി ഒരു തച്ച് 750

ആകെ 6830

loan1

അലങ്കാരക്കുളം

നാലടി വീതിയുള്ള സിമന്റ് നിർമിത അലങ്കാരക്കുളം വിപണിയിൽ ലഭ്യമാണ്. കുളത്തിന്റെ വക്കുമാത്രം കാണുന്ന വിധത്തിൽ ഇറക്കിയിടാൻ മണ്ണ് ആവശ്യാനുസരണം നീക്കം ചെയ്യണം. ഉദ്യാനത്തിലെ നല്ല വെയിൽ കിട്ടുന്നിടത്താണ് കുഴി തയാറാക്കേണ്ടത്. ഈ വിധത്തിൽ തയാറാക്കിയ കുഴിയിലെ മണ്ണ് അടിച്ചുറപ്പിച്ച് ഒരിഞ്ചു കനത്തിൽ ബേബിമെറ്റൽ നിരത്തണം. ഇതിനു മുകളിൽ കുളം ഇറക്കിവച്ച് ബേബിമെറ്റൽ ആവശ്യാനുസരണം കുളത്തിനും മണ്ണി

നുമിടയിലുള്ള വിടവിൽ നിറച്ച് ബലപ്പെടുത്തണം. കുളം നന്നായി കഴുകിയശേഷം അൽപം കുമ്മായം ചേർത്ത വെള്ളം 2–3 ദിവസം നിറച്ചിടണം. ഈ വെള്ളം മാറ്റി ശുദ്ധജലം നിറയ്ക്കാം. പരന്ന് ആഴം കുറഞ്ഞ ട്രേയിൽ വയലിലെ ചെളിയും വളമായി ചാണകപ്പൊടിയും കലർത്തിയ മിശ്രിതം നിറയ്ക്കണം. ഇതിൽ ആമ്പൽ നടാം. ചെടി നട്ടശേഷം ചെടി ഉൾപ്പെടെ ട്രേ കുളത്തിൽ ഇറക്കിവയ്ക്കാം. ട്രേയിലെ ചെളി കുളത്തിലെ ജലത്തിൽ കലരാതിരിക്കുവാൻ ചെടി നട്ടശേഷം മിശ്രിതത്തിനു മുകളിൽ ഒരുനിര ചെറിയ വെള്ളാരംകല്ലുകൾ നിരത്തണം.

ചെലവിനം രൂപ

നാലടി വിസ്താരമുള്ള സിമന്റ് കുളം 3000

രണ്ടിനം ആമ്പൽ 400

പരന്ന ട്രേ ഒരെണ്ണം 100

വെള്ളാരംകല്ല് രണ്ടു കിലോ 60

പണിക്കൂലി ഒരു തച്ച് 700

ആകെ 4260

loan

അതിർചെടികൾ

61.2 അടി നീളത്തിലും രണ്ടടി വീതിയിലുമായി 124 ച. അടി മതിലിനോടു ചേർന്ന അതിരിലാണ് ചെടികൾ നടേണ്ടത്. മിനിയേച്ചർ ചുവന്ന ചെത്തിയാണ് ഇവിടേക്ക് യോജിച്ച ഒരിനം. ഇവയ്ക്കിടയിൽ വർണവ്യത്യാസം നൽകാനായി ഗോൾഡൻ ബോൾ അരേലിയ അഞ്ചടി ഇടവിട്ട് നടാം. ഒരു ച.അടിയിൽ രണ്ടു ചെത്തി എന്ന കണക്കിൽ 250 ചെടികളും ഗോൾഡൻ ബോൾ അരേലിയ 24 എണ്ണവും വേണ്ടിവരും. ചെടികൾ നടുന്നതിനു മുൻപായി അര അടി ആഴത്തിലും രണ്ടടി വീതിയിലും 61.2 അടി നീളത്തിലും മണ്ണ് നീക്കം ചെയ്യണം. ഇങ്ങനെ തയാറാക്കിയിടത്ത് ചെടികൾ നട്ടിരിക്കുന്ന പോളിബാഗ് നീക്കിയശേഷം  ചുവന്ന മണ്ണും ചാണകപ്പൊടിയും ചകിരിച്ചോറും കലർത്തിയ മിശ്രിതം ചെടികൾക്കിടയിൽ മുഴുവനായി നിറച്ച് നടാം.

ചെലവിനം  രൂപ

ചുവപ്പ് മിനിയേച്ചർ ചെത്തി 250 എണ്ണം @ 25 / ചെടി 6250

ഗോൾഡൻ ബോൾ അരേലിയ 

24 എണ്ണം @ ` 75 / ചെടി 1800

ചകിരിച്ചോറ്                 300

രണ്ടു പാട്ട ചാണകപ്പൊടി 120

പണിക്കൂലി ഒരു തച്ച് 700

ആകെ 9170

ഉദ്യാനത്തിന്റെ ഭംഗിക്കു മാറ്റു കൂട്ടാൻ ചെറിയൊരു പാറക്കൂട്ടവും നല്ല ആകാരഭംഗിയുള്ള ഏതാനും ചെടികളും ഉപയോഗിക്കാം. അത്രയ്ക്കു നോട്ടം കിട്ടാത്ത അല്ലെങ്കിൽ തണലുള്ള ഭാഗത്ത് പാറക്കൂട്ടം ഒരുക്കാം. പാറക്കൂട്ടം തയാറാക്കാൻ ഉദ്ദേശിക്കുന്നിടത്ത് നടുവിൽ ഒരടി ഉയരം കിട്ടുന്ന വിധത്തിൽ  ചുവന്ന മണ്ണുകൊണ്ട് ചെറിയ കുന്ന് ഉണ്ടാക്കണം. കുന്നിന് മൂന്ന് അടി വീതി മതി. ഒത്ത നടുവിൽ‌ ബ്ലാക്ക് ലില്ലി അല്ലെങ്കിൽ വേരിഗേറ്റ‍ഡ് ലില്ലി മൂന്നെണ്ണം അടുപ്പിച്ചു നടാം. കുറച്ച് അകലം വിട്ട് കുന്നിൽതന്നെ റഡ്ഡീലിയ രണ്ട് എണ്ണം ഒരുമിച്ച് നടണം. സ്ഥലസൗകര്യമുണ്ടെങ്കിൽ അൽപംകൂടെ മാറി ചുവപ്പ് ക്രിപ്റ്റാന്തസ് രണ്ട് എണ്ണം കൂടി നടാം. ഇതിനുശേഷം മിച്ചമുള്ള ഭാഗത്തെ മണ്ണ് നന്നായി അടിച്ചുറപ്പിച്ച് മീതെ നല്ല ആകൃതിയിലും പല വലുപ്പത്തിലുമുള്ള പാറക്കല്ലുകൾ നിരത്തണം. പാറകൾ ഒന്നിനോടൊന്ന് ചേർന്ന് താഴത്തെ മണ്ണ് കാണാത്ത വിധത്തിലാണ് അടുക്കേണ്ടത്. ഇതിനായി ഏകദേശം 30 എണ്ണം ആവശ്യമായി വരും. പാറകൾ അടുക്കിയ ശേഷം ചുറ്റും പുൽത്തകിടി തയാറാക്കാൻ ഉപയോഗിച്ച പുല്ലിന്റെ കഷണങ്ങൾ പതിപ്പിച്ച് മോടിയാക്കാം. പാറകൾക്കിടയിലുള്ള വിടവുകളിലുംഇതുപോലെ പുല്ലിന്റെ കഷണങ്ങൾ പതിപ്പിച്ചു മണ്ണ് മറയ്ക്കാൻ സാധിക്കും.

ചെലവിനം രൂപ

പാറക്കല്ലുകൾ 30 എണ്ണം @ `115 / കല്ല്       3450

ലില്ലി ചെടികൾ 3 എണ്ണം @ ` 80 / ചെടി     240

റഡ്ഡീലിയ ചെടികൾ 2 എണ്ണം @ `.50 / ചെടി 100

ചുവപ്പ് ക്രിപ്റ്റാന്തസ് 2 എണ്ണം @ `110 / ചെടി 220

പണിക്കൂലി അര തച്ച് 350

ആകെ 4360

photo

ഉദ്യാനത്തിന്റെ അഞ്ചു ഭാഗങ്ങളിലായി തയാറാക്കിയിരിക്കുന്ന പുൽത്തകിടികളിൽ ഏറ്റവും നോട്ടം കിട്ടുന്ന രണ്ടെണ്ണത്തിന്റെ നടുവിൽ അത്ര ഉയരം വയ്ക്കാത്ത ചെറുമരങ്ങൾ നടാം. പുല്ല് വിരിക്കുന്നതിനുമുമ്പ് മരം നടുന്നതാണ് നല്ലത്. പുല്ല് വിരിച്ചശേഷമാണ് മരം നടുന്നതെങ്കിൽ ഷീറ്റ് പുറകോട്ടു മടക്കിവച്ചശേഷം കുഴിയെടുത്ത് മരം നടാം. നട്ടശേഷം ഷീറ്റ് പഴയപടി തിരിച്ചുവച്ച് ഉറപ്പിക്കണം. നല്ല ആകൃതിയിൽ ഉള്ള ഫൈക്കസ് നൈറ്റിഡ‍, പാലചെമ്പകം, യുജീനിയ, നൊള്ളിനോ ഇവിടേക്കായി പറ്റിയവയാണ്.

ചെലവിനം രൂപ   

രണ്ട് അലങ്കാര മരങ്ങൾ @ ` 800 / മരം 1600

പണിക്കൂലി 200

ആകെ 1800

ഉദ്യാനം തയാറാക്കാൻ ആവശ്യമായ ചെടികൾ മണ്ണുത്തിയിലെ നഴ്സറികളിൽനിന്നു വാങ്ങുന്നതാണ് നല്ലത്. ബെംഗളൂരുവിൽനിന്ന് എത്തിക്കുന്ന നാലു ച. അടി വിസ്തൃതിയിലുള്ള പുല്ലിന്റെ ഷീറ്റുകൾ പുൽത്തകിടി തയാറാക്കാൻ ഉപയോഗിക്കാം. രണ്ട് സെന്റ് സ്ഥലം ഇങ്ങനെ ആകർഷകമായ ഉദ്യാനമായി മാറ്റിയെടുക്കാം. മേൽ വിവരിച്ച ഘടകങ്ങൾ തയാറാക്കാൻ ഏകദേശം 50,000 രൂപ ചെലവു വരും. അതായത് ഒരു ച. അടി ചെടികൾ നട്ടും പുല്ലുവിരിച്ചും മറ്റും മോടിയാക്കാന്‍ ആവശ്യമായത് 57 രൂപ മാത്രം. പകരം ഇതേ സ്ഥലത്ത് ടൈൽ വിരിക്കുകയാണെങ്കിൽ ഒരു ച. അടിക്ക് 70 രൂപ  ചെലവു വരും. ചെടികളും പുൽത്തകിടിയും മറ്റും നൽകുന്ന വൈവിധ്യവും സ്വാഭാവികതയും  ടൈലിന് നൽകാൻ കഴിയുകയുമില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
FROM ONMANORAMA