sections
MORE

പാഠം ഒന്ന്: പച്ചക്കറിക്കൃഷി

Jacob
SHARE

മികച്ച വിദ്യാർഥി കർഷകനുള്ള കൃഷിവകുപ്പിന്റെ ജില്ലാപുരസ്കാരം നേടിയ ജേക്കബ് ബേബി

പത്തു വയസ്സിന്റെ വ്യത്യാസമുണ്ട് ജേക്കബിനും ചേച്ചി റിയയ്ക്കും തമ്മിൽ. ബി.ടെക് നേടി ചേച്ചി ജോലിക്കാരിയായതോടെ എട്ടാം ക്ലാസ്സ് വിദ്യാർഥി ജേക്കബിനും ഒരാഗ്രഹം,‘തനിക്കും വേണം ചേച്ചിയെപ്പോലെ വരുമാനം’. എട്ടാം ക്ലാസ്സുകാരന് എവിടെ കിട്ടും ജോലിയും ശമ്പളവും! ജേക്കബിന്റെ മുന്നിൽ തെളിഞ്ഞത് പച്ചക്കറിക്കൃഷി. അറിയാവുന്ന പണിയും ചെലവില്ലാതെ ചെയ്യാവുന്നതും അതുതന്നെ. വീടിരിക്കുന്നത് പതിമൂന്നു സെന്റിന്റെ പരിമിതിയിലായതിനാൽ കൃഷിയിടമായി മട്ടുപ്പാവുതന്നെ തിരഞ്ഞെടുത്തു.കയ്യിൽക്കിട്ടിയ പ്ലാസ്റ്റിക് കൂടുകളിലും ചാക്കുകളിലുമെല്ലാം മണ്ണു നിറച്ച് കൃഷി തുടങ്ങി. ചെറിയൊരു അടുക്കളത്തോട്ടം പരിപാലിച്ചിരുന്ന അമ്മ സുജ വിത്തുകളും തൈകളും  നൽകി. അമ്മയുടെ കൃഷിയിൽ പങ്കുചേർന്ന് പച്ചക്കറിക്കൃഷിയുടെ പാഠങ്ങൾ ജേക്കബിനും വശമായിരുന്നു. സ്കൂളിൽ പോകുന്നതിനു മുമ്പ് നന, വൈകുന്നേരം മറ്റ് കൃഷിപ്പണികൾ; ജേക്കബിന്റെ ടൈംടേബിളിൽ അങ്ങനെ കൃഷികൂടി ഇടം പിടിച്ചു. കൃഷിയോടു മമത ഇല്ലാത്തതുകൊണ്ടും ജോലിയുള്ളതിനാലും ഭാര്യയുടെയും മകന്റെയും കൃഷി കാണാൻ ബേബി താൽപര്യപ്പെട്ടില്ല. റിയയുടെ വഴിയും അങ്ങനെതന്നെ. ഏതാനും നാളുകൾക്കു ശേഷം പയറിന്റെയും പാവലിന്റെയുമെല്ലാം തലപ്പുകൾ ടെറസ്സിൽനിന്ന് പുറത്തേക്കു പടർന്നു നിൽക്കുന്നതു കണ്ടപ്പോൾ പക്ഷേ ബേബിക്കും റിയയ്ക്കും കൗതുകം. ഏറെക്കാലത്തിനു ശേഷം ടെറസ്സിന്റെ പടികയറി ചെന്നപ്പോൾ ഇരുവരും കണ്ടത് പച്ചത്തഴപ്പാർന്ന മട്ടുപ്പാവ്. അന്നു മുതൽ തങ്ങളും ജേക്കബിന്റെ പങ്കുകൃഷിക്കാരായെന്ന് ബേബിയും റിയയും.

എറണാകുളത്തിനടുത്ത് പത്താംമൈൽ പാങ്കോട് മതിലോട്ടുപറമ്പിൽ ജേക്കബ്, ആഗ്രഹിച്ചതു നടന്നതിന്റെ ആവേശത്തിലാണിപ്പോൾ; ടെറസ്് കൃഷിയിൽനിന്ന് വരുമാനം വന്നു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ സീസണിലെ കൃഷിയിൽനിന്ന് വീട്ടാവശ്യം കഴിഞ്ഞ് വിറ്റ പയറും പാവലും ജേക്കബിന്റെ കുഞ്ഞു പോക്കറ്റു നിറച്ചു. ടെറസിനു താഴെ സൺ ഷെയ്ഡിൽ ഗ്രോബാഗിൽ വളർത്തിയ ചെറുകിഴങ്ങിൽനിന്ന് മാത്രം നേടിയത് ആയിരം രൂപ. ആയിരം അത്ര വലുതല്ലെങ്കിലും പതിനായിരത്തിന്റെ സന്തോഷം അതു നൽകിയെന്ന് ജേക്കബ്.

ബേബിക്കും റിയയ്ക്കും കൃഷിയോടു മമതയില്ലാതിരുന്നതിനാൽ  ഇരുവരോടും സഹായം തേടിയിരുന്നില്ല ജേക്കബ്. അതുകൊണ്ടുതന്നെ ആദ്യ കൃഷി സമ്പൂർണമായും‘ചെലവില്ലാക്കൃഷി’. തുണിത്തരങ്ങൾ വാങ്ങുമ്പോൾ കിട്ടുന്ന പ്ലാസ്റ്റിക് കൂടുകളായിരുന്നു ഗ്രോബാഗുകൾ.  

ഇന്ന് കഥമാറിയിരിക്കുന്നു. ജേക്കബിന്റെ  ടെറസിൽ ഇന്ന് സമ്പൂർണ കുടുംബക്കൃഷി. ഗുണമേന്മയുള്ള ഗ്രോബാഗുകളും അവ വയ്ക്കാനായി  ഇരുമ്പു സ്റ്റാൻഡുകളും പച്ചക്കറികൾക്കു പടരാൻ പ്ലാസ്റ്റിക് ചരടുകൾകൊണ്ടുള്ള പന്തലും ജൈവവളങ്ങളുമെല്ലാം ഒരുക്കിക്കൊടുത്ത് അമ്മയും അച്ഛനും സഹോദരിയും ജേക്കബിനൊപ്പമുണ്ട്.

വർഷം മുഴുവൻ പച്ചക്കറി വിളയിക്കുന്ന രീതിയാണ് ഇവിടെ. മഴക്കാലത്ത് കൃഷി ദുഷ്കരമെങ്കിലും കരുതലോടെ പരിപാലിച്ചാൽ പയറും കോവലുമെല്ലാം   മികച്ച വിളവു നൽകുമെന്ന് ജേക്കബ്. ചകിരിച്ചോറും ആട്ടിൻകാഷ്ഠവും ചാണകപ്പൊടിയും ചേർന്ന് സമ്പുഷ്ടമായ നടീൽമിശ്രിതത്തിലാണിപ്പോൾ കൃഷി. ഗ്രോബാഗുകൾക്കൊപ്പം ചെറിയ പ്ലാസ്റ്റിക് വീപ്പകളും കൃഷിക്ക് ഉപയോഗിക്കുമെങ്കിലും അതിലത്ര തൃപ്തിപേരാ. മണ്ണ് ഇളകിക്കിടക്കുന്നതും വേരോട്ടം കൂടുതൽ ലഭിക്കുന്നതും ഗ്രോബാഗുകളിൽ തന്നെയെന്ന് ജേക്കബ്. തക്കാളിയും വെണ്ടയും വഴുതനയും പയറും പാവലും പച്ചമുളകും ചീരയുമെല്ലാം ചേരുന്നതാണ്ഈ  കൃഷിയിടം. പയറും പാവലും ചീരയുമാണ് എല്ലാക്കാലത്തും ബമ്പർ വിളവു നൽകുന്ന വിളകൾ.  

കാര്യമായ കീടശല്യമില്ലെന്നതാണ് പ്രധാന നേട്ടം. ഇലചുരുട്ടിപ്പുഴുക്കളുെട ശല്യമുണ്ടായപ്പോൾ ഇലകൾ പറിച്ചു നീക്കി പുഴുക്കളെ നശിപ്പിച്ചതല്ലാതെ കീടനാശിനികളുടെ സഹായം തേടിയില്ല. അതുകൊണ്ടുതന്നെ പച്ചക്കറികളത്രയും സമ്പൂർണ ജൈവോൽപന്നങ്ങൾ. കുഞ്ഞു ജേക്കബിന്റെ കൃഷി കേട്ടറിഞ്ഞ് ഐക്കരനാട് കൃഷിഭവനുമിപ്പോൾ പിന്തുണ നൽകുന്നു. വർഷം മുഴുവൻ വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ ഉൽപാദിപ്പിക്കുന്നത് തന്റെ കൃഷിയിടമാണ് എന്നു പറയുമ്പോൾ ജേക്കബിന്റെ കണ്ണുകളിൽ അഭിമാനത്തിളക്കം. 

ഫോൺ: 9645955115

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA