sections
MORE

വീടിനുള്ളിൽ പൂന്തോട്ടം; അറിയേണ്ടതെല്ലാം

home-garden
SHARE

അകത്തളങ്ങളിൽ‌ അലങ്കാര ഇലച്ചെടികളും പൂച്ചെടികളും നട്ടുവളർത്തി വീടിനുള്ളിൽ ഉദ്യാനപ്രതീതി ഒരുക്കുന്ന രീതി വ്യാപകമാകുന്നു. ഉദ്യാനത്തിലെ പച്ചപ്പ് വീടിന്റെ വരാന്തയിലും അകത്തളത്തിലും, വീട് പണിയുമ്പോൾത്തന്നെ ഇതിനായി അകത്തളവും ഭാഗികമായി വെയിൽ കിട്ടുന്ന ഇടനാഴിയുമെല്ലാം ഒരുക്കിയെടുക്കാറുണ്ട്. എന്നാൽ ഇവിടങ്ങളിലേക്ക് യോജിച്ച ചെടികൾ നല്ല ശ്രദ്ധയോടെ വേണം തിരഞ്ഞെടുക്കാൻ. വെയിലത്തു നന്നായി വളരുന്ന ചെടികൾ ഇവിടെ വച്ചാൽ നന്നായി വളരാതെ പൂവിടാതെ നശിച്ചുപോകും.

പൂന്തോട്ടം തയാറാക്കുമ്പോൾ മരത്തിന്റെ നിഴൽ വീഴുന്നിടങ്ങൾ സാധാരണ വെള്ളാരംകല്ലുകൾ വിരിച്ചോ, പേവ്മെന്റ് ടൈലുകൾ‍ പതിച്ചോ മനോഹരമാക്കുകയാണ് പതിവ് എന്നാൽ വീടിന്റെ അകത്തളത്തിലും വരാന്തയിലും മരത്തണലുള്ളിടത്തുമെല്ലാം അലങ്കാര ഇലച്ചെടികൾ നട്ടു പരിപാലിക്കുന്നതാണ് പുതിയ രീതി. വീടിനുള്ളിലെ ഈ ചെറിയ പച്ചത്തുരുത്തുകൾ ദുഷിച്ച വായുവിനെ നീക്കി ശുദ്ധവായു പ്രദാനം ചെയ്യുന്നു. പൊടിപടലങ്ങളെ ഒരു പരിധിവരെ നീക്കം ചെയ്യാനും ഇതു സഹായിക്കും. 

ഇലച്ചെടി തിരഞ്ഞെടുക്കുമ്പോൾ

നിത്യഹരിതപ്രകൃതമുള്ളതും ആകാരഭംഗിയുള്ളതുമായ ഇലച്ചെടികളാണ് തിരഞ്ഞെടുക്കേണ്ടത്. വീടിനുള്ളിലെ പല ഭാഗങ്ങളിലും നടുത്തളത്തിലും കിട്ടുന്ന പ്രകാശത്തിന്റെ അളവനുസരിച്ചു വേണം ചെടികൾ തിരഞ്ഞെടുക്കാൻ. പല നിറങ്ങളിൽ ഇലകൾ ഉള്ള ചെടികൾ കൂടുതൽ പ്രകാശം ലഭിക്കുന്ന വരാന്തയിലും ജനലിന്റെ അരികിലും മറ്റും വയ്ക്കാം. അഗ്ലേ‍ാനിമ, മരാന്റ, ഡിഫൻബെക്കിയ, സിൻഗോണിയം പെപ്പറോമിയ ഇവയെല്ലാം ഇവിടേക്കു നന്ന്. കടുംപച്ചനിറത്തിൽ ഇലകളുള്ളവ പ്രകാശം കുറഞ്ഞിടത്തുവച്ച് പരിപാലിക്കാം. ടേബിൾപാം, ഫിംഗർപാം, മോൺ സ്റ്റീറ, മിനി ഫിലോഡെൻഡ്രോൺ, സ്പാത്തിഫില്ലം എല്ലാം ഇവിടെക്കു പറ്റും തൈകൾക്കു പകരം നന്നായി വളർച്ചയെത്തിയ ചെടികൾ വേണം നടാൻ.

അകത്തളത്തിന്റെ വലുപ്പം കൂടി നോക്കി ചെടികൾ തിരഞ്ഞെടുക്കണം നല്ല വലുപ്പമുള്ള നടുത്തളത്തിലേക്ക് വലുപ്പം വയ്ക്കുന്ന ഇനങ്ങളും ചെറിയ സ്ഥലത്തേക്കു കുഞ്ഞൻ ഇനങ്ങളുമാണ് വേണ്ടത്.

നടീൽ രീതി

അകത്തളത്തിൽ ചെടി നടാനുദ്ദേശിക്കുന്ന സ്ഥലത്ത് നടീൽമിശ്രിതമായി ചുവന്ന മണ്ണും ജൈവവളവും ചകിരിച്ചോറും ഒരേയളവിൽ എടുത്തത് നിറച്ചുകൊടുക്കാം. ജൈവവളമായി മണ്ണിരവളവും കമ്പോസ്റ്റും മതി. ചട്ടിയിൽ വളർത്തിയ ചെടി, ചട്ടിയുൾപ്പെടെ കുഴിയിൽ ഇറക്ക‍ിവച്ച് ചെടിമാത്രം കാണുന്നവിധത്തിൽ ചുറ്റും മണ്ണ് നിറച്ച് നടുന്ന രീതിയുമുണ്ട്. ഇങ്ങനെ നടുന്ന ചെടി പിന്നീട് അനാകർഷകമായി മാറിയാൽ ചട്ടിയുൾപ്പെടെ എടുത്തുമാറ്റി പുതിയതു വയ്ക്കാമെന്ന സൗകര്യമുണ്ട്. നടുമുറ്റം മുഴുവൻ ചെടികൾകൊണ്ടു നിറയ്ക്കാതെ നൂറു ചതുരശ്രയടി വലുപ്പമുള്ളിടത്ത് 5–6 ചെടികൾ എന്ന കണക്കിൽ ആവശ്യത്തിന് അകലം നൽകി നടുക. കൂടാതെ, ഇലകൾക്കു മുഴുവനായോ കൂടുതലായോ പച്ചനിറമുള്ളയിനങ്ങൾ നടുമുറ്റത്തിന്റെ തണലുള്ള ഭാഗങ്ങളിലും വർണ ഇലകളും വേരിഗേറ്റഡ് ഇലകളുമുള്ളവ കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്ന ഭാഗങ്ങളിലുമാണ് വളർത്തേണ്ടത്. ചെടികൾ നട്ടശേഷം ബാക്കിയുള്ള ഭാഗത്തു വെള്ളാരംകല്ലുകൾ വിരിച്ചും നല്ല ആകൃതിയുള്ള പാറകൾ, പോളിഷ് ചെയ്ത മാർബിൾ കല്ലുകൾ, ടെറാകോട്ട ശിൽപങ്ങൾ എന്നിവ വച്ചും കൂടുതൽ മോടിയാക്കാം.

വീടിന്റെയും ഒാഫിസിന്റെയും അകത്തളങ്ങളും ഹോട്ടലിന്റെ ലോബിലും മറ്റും ചട്ടിയിൽ നട്ട ഇലച്ചെടികൾ വച്ച് ഭംഗിയാക്കാം. ആകർഷകമായ പ്ലാസ്റ്റിക് ബോക്സ് ഇവയെല്ലാമാണ് ഇലച്ചെടികൾ നട്ടുവളർത്താൻ വേണ്ടത്. ഇവയിൽ ആറ്റുമണൽ, ചുവന്ന മണ്ണ്, ജൈവവളം എന്നിവ ചേർത്തുണ്ടാക്കിയ നടീൽ മിശ്രിതം നിറച്ചു ചെടി നടാം. വളർന്നുവരുമ്പോൾ ചട്ടിയിൽ നിറഞ്ഞു നിൽക്കാൻ പാകത്തിൽ 2–3 ചെടികൾ ഒരുമിച്ചു നടാം. എന്നാൽ ഡിഫൻ ബെക്കിയ, ഫിംഗർപാം, ഇന്ത്യൻ റബർ ചെടി തുടങ്ങിയവ ഒന്നുവീതം നട്ടാൽ മതി.

പ്ല‍ാന്റർ ബോക്സിന്റെ വലുപ്പമനുസരിച്ചാണ് ചെടികളുടെ എണ്ണം തീരുമാനിക്കേണ്ടത്. പടർന്നുകയറുന്ന വള്ളിയിനങ്ങൾക്ക് താങ്ങു നൽകണം. ഒന്നരയിഞ്ച് വ്യാസവും നാല് അടിയോളം നീളവുമുള്ള പിവിസി പൈപ്പിൽ ഉണങ്ങിയ മോസ് അല്ലെങ്കിൽ ചകിരിനാര്, നേർത്ത പ്ലാസ്റ്റിക് വള്ളി ഉപയോഗിച്ച് നന്നായി പൊതിഞ്ഞു ചുറ്റണം. ഈ രീതിയിൽ തയാറാക്കി, താങ്ങ് ചട്ടിയുടെ നടുവിൽ ഇറക്കി ഉറപ്പിക്കുക. ഇതിലേക്കു വള്ളിച്ചെടി പടർത്തിക്കയറ്റാം.

പരിപാലനം 

നടുമുറ്റത്തു നട്ടും അകത്തളങ്ങളിൽ ചട്ടിയിലാക്കിയും പരിപാലിക്കുന്ന ഇലച്ചെടികൾ കാലാവസ്ഥയനുസരിച്ചു മാത്രം നനയ്ക്കുക. ദിവസവും നേരിയ അളവിൽ നനയ്ക്കുക. ദിവസവും നേരിയ അളവിൽ നനയ്ക്കുന്നതിനുപകരം 2–3 ദിവസത്തിലൊരിക്കൽ മിശ്രിതം നന്നായി കുതിരുന്ന വിധത്തിൽ നനയ്ക്കുകയാണ് നന്ന്. ചട്ടിയിൽ വളർത്തുന്ന ചെടി നനയ്ക്കുമ്പോൾ അധിക ജലം വാർന്നിറങ്ങി തറ വൃത്തികേടാകാതിരിക്കാൻ ചട്ടി ഒരു ട്രെയ‍ിൽ വയ്ക്കാം. 

ചെടിയുടെ ചെറുപ്രായത്തിലുള്ള വളർച്ചയ്ക്ക് എൻപികെ 18:18:18 മാസത്തിലൊരിക്കൽ ഒരു ടേബിൾ സ്പൂൺ വീതം രാസവളമായി നൽകാം. ആവശ്യത്തിനു വലുപ്പമായ ചെടിയുടെ ത‍ുടർന്നുള്ള വളർച്ച സാവധാനമാകാൻ പാകത്തിൽ രാസവളം, സ്റ്റെറാമീൽ എന്നിവ മാത്രം നൽകുക മേൽമണ്ണിളക്കി അതിൽ വളം ചേർത്തു മേൽമണ്ണിട്ടു മ‍ൂടണം.

അകത്തളത്തിൽ പരിപലിക്കുന്ന ചെടികളുടെ ഇലകൾ മാസത്തിലൊരിക്കൽ നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കണം. ഇതിനായി തുണി നനച്ചെടുക്കുവാൻ 2–3 മില്ലി വേപ്പെണ്ണ ഒരു ലീറ്റർ വെള്ളത്തിൽ സോപ്പും ചേർത്ത് ലായനിയാക്കിയത് ഉപയോഗിക്കാം വേപ്പെണ്ണ ഇലകൾ‍ക്കു നല്ല തിളക്കം നൽകുമെന്നതു കൂടാതെ, പലതരം കീടങ്ങളെ ചെടിയിൽ നിന്ന് അകറ്റിനിർത്തുകയും ചെയ്യും.

ചട്ടിയിൽ വളർത്തുന്ന ചെടികൾ രണ്ടാഴ്ചയിലൊരിക്കൽ 2–3 ദിവസം വീടിനു പുറത്ത് ഭാഗികമായി തണൽ കിട്ടുന്നിടത്ത് വയ്ക്കുന്നത് ചെടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് നല്ലതാണ്. വളർച്ച മുരടിച്ച് ഇലകൾ നിറം മങ്ങുന്നതായും പൊഴിയുന്നതായും കണ്ടൽ ചെടിക്ക് ആവശ്യത്തിനു വെളിച്ചം കിട്ടുന്നില്ല എന്നും ഇലകൾ വലുപ്പം കുറഞ്ഞ് അരികുകളിൽ തവിട്ടുപുള്ളികൾ കണ്ടാൽ സൂര്യപ്രകാശം ആവശ്യത്തിലും അധികമായെന്നും മനസ്സിലാക്കണം. 

അകത്തളത്തിലെ പുഷ്പിണികൾ

ആഫ്രിക്കൻ വയലറ്റ്, ഗ്ലോക്സ‍ീനിയ, ഒാർക്കിഡ് ഇനങ്ങളായ ഡെൻഡ്രോബിയം, ഫലനോപ്സ‍ിസ്, ക്യാറ്റ്ലിയ, ഡാൻസിങ് ഗേൾ എന്നിവ കൂടാതെ, സ്പാത്തിഫില്ലത്തിന്റെ വേരിഗേറ്റഡ് ഇലകൾ ഉള്ളവയും പച്ച ഇലകൾ ഉള്ളവയുമെല്ലാം വരാന്തയിലും കോറിഡോറിലും ഭാഗികമായി സൂര്യപ്രകാശം കിട്ടുന്നിടങ്ങളിലും വളർത്താൻ നന്ന്. ഇത്തരം ചെടികൾ നന്നായി പുഷ്പിക്കുന്നതിന് എൻപികെ രാസവളക്കൂട്ട് നൽകുന്നതു കൊള്ളാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA