വേറിട്ട കാഴ്ച വെർട്ടിക്കൽ ഗാർഡൻ

DSCN1822
SHARE

കുത്തനെ ഉദ്യാനമൊരുക്കുന്ന വെർട്ടിക്കൽ ഗാർഡൻ രീതി ഇന്നു നമുക്ക് അപരിചിതമല്ല. സ്ഥല ദൗർലഭ്യമുള്ള സാഹചര്യങ്ങളിൽ അതിനെ മറികടന്ന് ഉദ്യാനമെന്ന ആഗ്രഹം  സഫലമാക്കുക,  അതായിരുന്നു  വെർട്ടിക്കൽ ഗാർഡന്‍ എന്ന ആശയത്തിനു പിന്നില്‍.  എന്നാൽ ഇന്നത് വേറിട്ടൊരു ദൃശ്യാനുഭവം എന്ന നിലയിൽ പുതിയൊരു ഉദ്യാനശൈലിയായി  വളർന്നിരിക്കുന്നു. 

ബിസിനസ് സ്ഥാപനങ്ങളും വൻകിട ഹോട്ടലുകളുമെല്ലാം തീർക്കുന്ന വിശാലമായ വെർട്ടിക്കൽ ഗാർഡനുകൾ ഇന്നു വിദേശങ്ങളിലെ മാത്രം കാഴ്ചയല്ല, നമ്മുടെ നഗരങ്ങളിലുമുണ്ട്. നഗരം വളരുമ്പോൾ നഷ്ടപ്പെടുന്ന പച്ചപ്പ് വെർട്ടിക്കൽ ഗാർഡനിലൂടെ തിരിച്ചു നൽകുകയാണ് കോഴിക്കോട് തളിയിലെ ഗോകുൽ വെങ്കിടാചലം എന്ന ചെറുപ്പക്കാരൻ. കാലിക്കട്ട് സർവകലാശാലയിൽനിന്ന് എംബിഎ നേടി അച്ഛനൊപ്പം ടെക്സ്റ്റൈൽ രംഗത്തു പ്രവർത്തിക്കുന്ന ഗോകുലിന് ബിസിനസിനപ്പുറമുള്ള അഭിരുചികളാണ് ഡെയറിഫാമും വെർട്ടിക്കൽ ഗാർഡനും. നഗരനടുവിൽ പതിമൂന്നു പശുക്കളെ പരിപാലിച്ച് ദിവസം നൂറു ലീറ്ററിനടുത്ത് പാൽ വിറ്റിരുന്ന ഫാം ഈയിടെ നിർത്തിയത് നഷ്ടംകൊണ്ടല്ല,  സമയക്കുറവുകൊണ്ടെന്ന് ഗോകുൽ. വീട്ടാവശ്യത്തിനായി  ഇപ്പോഴും  ഒരു പശുവിനെ വളര്‍ത്തുന്നുണ്ട്.

DSCN1817

ബിസിനസ്   യാത്രയ്ക്കിടയിൽ എട്ടു വർഷം മുമ്പ് മുംബൈ വിമാനത്താവളത്തിൽ കാണാനിടയായ വെർട്ടിക്കൽ ഉദ്യാനമാണ് ഈ സംരംഭത്തിന്റെ സാധ്യത തുറന്നു തന്നതെന്നു ഗോകുൽ. വെർട്ടിക്കൽ ഗാർഡൻ ക്രമീകരിക്കുന്ന വിർജിൻ പ്ലാസ്റ്റിക് മൊഡ്യൂളുകൾ അന്നു കേരളത്തിൽ ലഭ്യമായിരുന്നില്ല. പുണെയിൽനിന്ന് അവ വരുത്തി. മൂന്നെണ്ണം ഉൾപ്പെടുന്ന ഒരു മൊഡ്യൂളിന്  350 രൂപയായിരുന്നു വില. 35,000രൂപ ചെലവിട്ടു നൂറെണ്ണം വാങ്ങി. തുടർന്ന് വെർട്ടിക്കൽ ഗാർഡനു യോജിക്കുന്ന ചെടികൾ ഏതൊക്കെയെന്നു പഠിച്ചു. പുണെയിൽനിന്ന് അവയുടെ ടിഷ്യുകൾച്ചർ തൈകൾ വാങ്ങി  വളവും വെള്ളവും ക്രമീകരിച്ച് ഓരോന്നിന്റെയും വളർച്ച നിരീക്ഷിച്ചു.

ഫിലോഡെൻഡ്രോൺ, സിങ്കോണിയം ചെടികളായിരുന്നു അന്നു വെർട്ടിക്കൽ ഉദ്യാനങ്ങൾക്കു പരിഗണിച്ചിരുന്ന മുഖ്യ ഇനങ്ങൾ. പരീക്ഷണങ്ങൾ മുന്നേറിയപ്പോൾ നാടൻചെടികളും അലങ്കാരപ്പനകളും ഫേൺസസ്യങ്ങളുമെല്ലാം ഇണങ്ങുമെന്നു ബോധ്യപ്പെട്ടു. താമസിയാതെ വീടിന്റെ ടെറസിനു മുകളിൽ വെർട്ടിക്കൽ പൂന്തോട്ടങ്ങളുടെ ഒരു നിര തന്നെ വളർത്തിയെടുത്തു ഗോകുൽ. പൂർണമായും വളർന്നുനിൽക്കുന്ന പൂന്തോട്ടങ്ങൾ വിൽക്കുകയും വാടകയ്ക്കു നൽകുകയും ചെയ്യുന്നു ഇന്ന് ഈ ചെറുപ്പക്കാരൻ.

വെർട്ടിക്കൽ ലോകം

മതിൽക്കെട്ടുകളെ മനോഹരമാക്കാനും അനാകർഷകമായ കാഴ്ചകൾ മറയ്ക്കാനും തെരുവിൽ നിന്നു വീടിനുള്ളിലേക്കുള്ള എത്തിനോട്ടങ്ങൾക്കു തടയിടാനുമെല്ലാം വെർട്ടിക്കൽ ഗാർഡന്‍ പരിപാലിക്കുന്നവരുടെ എണ്ണം കൂടി വരുന്നെന്ന് ഗോകുൽ. വിവാഹവേദികളുടെ ബാക്ഡ്രോപ് വേറിട്ടതാക്കാൻ വെർട്ടിക്കൽ ഗാർഡൻ വാടകയ്ക്കെടുക്കുന്ന പതിവുമുണ്ട്. 

ചെടികൾ ആരോഗ്യത്തോടെ വളർന്ന് പൂർണതയിലെത്തിയ വെർട്ടിക്കൽ ഗാർഡനുകൾ മാത്രമേ വിൽക്കൂ എന്നു ഗോകുൽ. നടീൽമിശ്രിതം നിറച്ച പ്ലാന്റർ ബോക്സുകളിൽ  വളർന്നു നിൽക്കുന്ന ഒട്ടേറെയിനം ചെടികളുണ്ട് ഗോകുലിന്റെ ടെറസിൽ.  ഒാരോ വീടിനും, വീട്ടുകാർക്കും ഇണങ്ങിയത് ഏതെന്നു നിശ്ചയിച്ച ശേഷമാണ്  കൈമാറ്റം. 

DSCN1805

ഉന്നത നിലവാരമുള്ള വിർജിൻ പ്ലാസ്റ്റിക്കിൽ നിർമിച്ച മൊഡ്യൂളുകളാണ് വെർട്ടിക്കൽ ഗാർഡനു വേണ്ടി വിദേശങ്ങളിൽ ഉപയോഗിക്കുന്നത്. അവ ഭിത്തിയിൽ സ്ക്രൂ ചെയ്തു പിടിപ്പിക്കുന്ന ചട്ടത്തില്‍  ഉറപ്പിച്ചു ലോക്ക് ചെയ്യും. അടുത്തടുത്തു ഘടിപ്പിക്കുന്ന ഇത്തരം മൊഡ്യൂളുകളിലെ പ്ലാന്റർ ബോക്സുകളിൽ നടീൽമിശ്രിതം നിറച്ച് അനുയോജ്യമായ ചെടികൾ നട്ടു വളർത്തി വെർട്ടിക്കൽ ഉദ്യാനം ഒരുക്കുന്നു. 200 രൂപ മുതൽ ആയിരത്തി ഇരുനൂറു രൂപവരെ വിലയിൽ ഇത്തരം മൊഡ്യൂളുകൾ ആകർഷകമായ നിറങ്ങളിൽ ലഭ്യമാണ്. മികച്ച ഗുണനിലവാരവും ഉയർന്ന വിലയുമുള്ള ഇത്തരം മൊഡ്യൂളുകൾക്കു പകരം  ഇപ്പോൾ പ്രയോജനപ്പെടുത്തുന്നത് കേരളത്തിൽത്തന്നെ നിർമിക്കുന്ന താരതമ്യേന വില കുറഞ്ഞ ബോക്സുകളാണെന്നു ഗോകുൽ. എങ്കിലേ സാധാരണക്കാർക്കു താങ്ങാവുന്ന വിലയ്ക്കു ലഭ്യമാക്കാനാവുകയുള്ളൂ. ഇറക്കുമതി ചെയ്യുന്ന മൊഡ്യൂളുകളുടെ സ്ഥാനത്ത് ഇന്ന് സ്വദേശി ഡിസൈനുകളും  വന്നിരിക്കുന്നു. സ്ക്രൂ ചെയ്യുന്ന പ്ലാസ്റ്റിക് ചട്ടങ്ങൾക്കു പകരം എടുത്തു മാറ്റാവുന്ന ഇരുമ്പുചട്ടങ്ങളും അവയിൽ തൂക്കിയിടാവുന്ന പ്ലാന്റർ ബോക്സുകളുമാണ് സ്വദേശി സ്റ്റൈൽ. ചെലവു താരതമ്യേന കുറവായ തിനാൽ കേരളത്തിലെ ഉദ്യാനപ്രേമികൾക്കു പ്രിയവും അതു തന്നെ. അതേ സമയം വില കൂടിയ മൊഡ്യൂളുകൾ ആവശ്യപ്പെടുന്നവർക്ക് അതും ലഭ്യമാക്കും. 

കൊച്ചി മെട്രോയുടെ തൂണുകളെ മനോഹരമാക്കുന്ന, ജിയോടെക്സ്റ്റൈൽകൊണ്ടുള്ള വെർട്ടിക്കൽ ഗാർഡനും ആവശ്യക്കാരുണ്ട്. വെയിലും ചൂടും അധികമേൽക്കുന്ന കോൺക്രീറ്റ് പ്രതലത്തിൽ ഉറപ്പിക്കുന്ന പ്ലാസ്റ്റിക് ബോക്സുകൾ ഉരുകിപ്പോയേക്കാം. അതിനുപരിഹാരമാണു ജിയോടെക്സ്റ്റൈൽ സഞ്ചികൾ. സിങ്കോണിയം, ഫിലോഡെൻഡ്രോൺ,  സ്പാത്തിഫില്ലം, മയൂരിഅസ്പരാഗസ്, ബ്രൊമീലിയാഡ്സ്, മിനിയേച്ചർ മണിപ്ലാന്റ് തുടങ്ങിയവയാണ് വെർട്ടിക്കൽ പരിപാലനത്തിനു സാധാരണ പ്രയോജനപ്പെടുത്തുന്ന ചെടികൾ. അതേസമയം അധികമാരും പരീക്ഷിക്കാത്ത ഷെഫ്ളോറ, അരീ ലിയ, ലെന്റാന, ക്രോട്ടൺ ഇനങ്ങൾ, ഡ്രസീന, റിബൺ ഗ്രാസ്, പെന്റാനസ്, പെപ്പറോമ, ഫൈക്കസ്, റിയോ, കോളിയോസ്, ഫേണുകൾ, പനയിനങ്ങൾ എന്നിവയുൾപ്പെടെ നമ്മുടെ കാലാവസ്ഥയോട് കൂടുതൽ ഇണങ്ങിയ മുപ്പത്തഞ്ചോളം ചെടികളുണ്ട് ഗോകുലിന്റെ ലിസ്റ്റിൽ. നഗരം വളരുകയും സ്ഥലദൗർലഭ്യം രൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ കുത്തനെയുള്ള പച്ചപ്പിന് ആസ്വാദകർ കൂടുമെന്ന കാര്യത്തിൽ സംശയമില്ല ഈ യുവ സംരംഭകന്.

ഫോൺ: 9495922987 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
FROM ONMANORAMA