sections
MORE

അമേരിക്കയിലെ ആരാമങ്ങൾ; വിനോദമാണ് ഇവർക്ക് ഉദ്യാന പരിചരണം

american-garden
SHARE

എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും പുൽത്തകിടികള്‍ പച്ചപ്പരവതാനി വിരിച്ച പൂന്തോട്ടങ്ങൾ. അതിനു മാറ്റു കൂട്ടാന്‍ പൂവിട്ടു നിൽക്കുന്ന പൂമരങ്ങളും പൂച്ചെടികളും. അമേരിക്കയിൽ ശീതകാലം കഴിഞ്ഞു വസന്തം വിരുന്നെത്തിയാൽ പൂക്കാലമായി. ടുലിപ്പും, റോഡോഡെൻഡ്രോനും, അസ്സേലിയയും, ഡോഗ് വുഡ് മരവും എല്ലാം നിറയെ പൂക്കളുമായി കണ്ണിനു പൂക്കാവടി ഒരുക്കുന്നു. ഒപ്പം ചുവപ്പും മഞ്ഞയും ഓറഞ്ചും നിറത്തിൽ ഇലകളുമായി മേപ്പിൾ മരങ്ങളും. വസന്തം മനുഷ്യർക്കെന്നപോലെ പ്രകൃതിക്കും ഉണർവിന്റെ കാലമാണ്. തളിർത്തും പൂവിട്ടും ചെടികൾ വസന്തത്തെ വരവേല്‍ക്കുന്നതു കാണേണ്ട കാഴ്ചതന്നെ. 

ഇവിടെ പാർപ്പിട സമുച്ചയങ്ങളിലെ വീടുകൾ തമ്മിൽ വേർതിരിക്കാൻ അതിർവേലികൾ ഇല്ല; സമുച്ചയത്തിന്റെ ഒരറ്റം തൊട്ടു മറ്റേ അറ്റം വരെ പരന്നു കിടക്കുന്ന പുൽത്തകിടിയും പൂച്ചെടികളും മരങ്ങളും എല്ലാം ഉൾപ്പെട്ട ഒരൊറ്റ പൂന്തോട്ടത്തിന്റെ പ്രതീതി. വീടിന്റെ എല്ലാ വശവും ഒരുപോലെ സുന്ദരം. അമേരിക്കയിലെ മിക്ക വീടുകൾക്കും പിന്നാമ്പുറത്ത് തുറന്ന ഡെക്ക് ഉണ്ടാകും. വീട്ടുകാർ ഒഴിവുസമയം െചലവഴിക്കാൻ ഡെക്ക് ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് വീടിന്റെ പിന്‍ഭാഗവും ഇവർ വൃത്തിയോടും ഭംഗിയോടുമാണ് സൂക്ഷിക്കുക. 

വസന്തവും ഗ്രീഷ്മവുമാണ് ഈ നാട്ടില്‍ ഉദ്യാനങ്ങളുടെ നല്ല കാലം. കൂടുതലും വളർന്നു നന്നായി പൂവിട്ട െചടികള്‍. ചട്ടികളിൽ കലാപരമായി നട്ട െചടികള്‍ വിപണിയില്‍ കിട്ടും. വളം ചേർത്ത നടീൽ മിശ്രിതം, പല തരം വളങ്ങൾ, കീടനാശിനികൾ എല്ലാം നഴ്സറികളിൽ ഉണ്ട്. വാർഷിക പൂച്ചെടികളായ ദയാന്തസും മാരിഗോൾഡും വെർബീനയും പെറ്റൂണിയായും പാൻസിയും എല്ലാം ഉദ്യാനങ്ങളെ കൂടുതൽ മോടിയാക്കുന്നു. ഓക്ക്, മേപ്പിൾ, കോണിഫെർ മരങ്ങളാണ് അമേരിക്കയിൽ സ്വാഭാവികമായി കാണുന്നത്. റോസില്‍ നോക്ക് ഔട്ടും ഹാർഡി ഇനങ്ങളുമാണ് അധികവും. 

american-garden1

അണ്ണാനും ബീവറും മുയലും ഗ്രൗണ്ട് ഹോഗും ചിലയിടങ്ങളിൽ മാനും ഉദ്യാനച്ചെടികളുടെ ശത്രുക്കളാണ്. മുയലും അണ്ണാനുമാണ് വലിയ ശല്യക്കാർ. ഇവയെ തുരത്താൻ റിപ്പല്ലന്റ് വസ്തുക്കൾ ലഭ്യമാണ്. ചുവട്ടിൽ കിഴങ്ങുള്ള ടുലിപ്പിനും, ഐറിസിനും, ലിലിച്ചെടികൾക്കും മറ്റും അണ്ണാനും, മുയലും, ഗ്രൗണ്ട് ഹോഗും ഭീഷണിയാണ്. ദീർഘനേരം പകലുള്ള വസന്തത്തിലും ഗ്രീഷ്മത്തിലുമാണ് ഇവ ഇത്തരം ചെടികളുടെ കിഴങ്ങു നശിപ്പിച്ച് ഏറെ ശല്യം ചെയ്യുന്നത്. 

ഉദ്യാന പരിപാലനം

അമേരിക്കയില്‍ ഉദ്യാന പരിപാലനം കഴിവതും വീട്ടുകാര്‍തന്നെയാണ് ചെയ്യുന്നത്. ആൺ, പെൺ ഭേദമോ പ്രായ വ്യത്യാസമോ ഇല്ലാതെ വിനോദമായാണ് ചെടികളുടെ പരിചരണം. ഉദ്യാന നിർമാണത്തിനും പരിപാലനത്തിനുമായി ഉപകരണങ്ങളും യന്ത്രങ്ങളും ഉപയോഗിക്കുന്നതുകൊണ്ട് പണി അത്ര ആയാസകരമല്ല. വസന്തമായാൽ നഴ്സറികളിൽനിന്നു വാങ്ങുന്ന ചെടികൾ നടുക, പൂത്തടങ്ങൾ തയാറാക്കുക, വളമിടുക തുടങ്ങിയ പണികളുമായി എല്ലാവരും ഉത്സാഹത്തിലാകും. തണുപ്പ് മാറി വെയിൽ വന്നാൽ ഇളം വെയിൽ കൊള്ളുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്. ചട്ടിയിൽ നട്ട ചെടികൾ മഞ്ഞുകാലത്തെ അതി ശൈത്യത്തിൽ നന്നായി കമ്പുകോതി നിർത്തി വീടിനുള്ളിലെ ചൂടിലോ ചൂട് കിട്ടുന്ന മറ്റിടങ്ങളിലോ വച്ച് സംരക്ഷിക്കുന്ന പതിവും ഇവിടെയുണ്ട്. വസന്തമായാൽ ഇവ വീണ്ടും പൂമുഖത്തേക്കോ അല്ലെങ്കിൽ ഉദ്യാനത്തിലേക്കോ മാറ്റി സ്ഥാപിക്കും; വെള്ളവും വളവും നൽകി ഊർജസ്വലമാക്കി വീണ്ടും വളർത്തും. 

ചെടികൾക്കും മരങ്ങൾക്കും പുതയിടീല്‍ അമേരിക്കയിൽ സാധാരണമാണ്. കടുത്ത തണുപ്പിൽനിന്നും വേനലിലെ ചൂടിൽനിന്നും വേരുകൾക്ക് സംരക്ഷണം നൽകാനാണ് ഈ പുതയിടീല്‍. തണുപ്പുകാലത്തു വേരിന് ആവശ്യമായ ചൂട് നിലനിർത്താന്‍ പുത ഉപകരിക്കും. നമ്മുടെ നാട്ടിൽ പ്ലാസ്റ്റിക് ഷീറ്റോ അല്ലെങ്കിൽ ഉണങ്ങിയ ഇലയോ മറ്റ് െജെവ അവശിഷ്ടങ്ങളോ ഉപയോഗിച്ചാണല്ലോ പുത ഇടുക. ഇവിടെയാകട്ടെ, ചെറിയ തടിക്കഷണങ്ങൾ അഥവാ വുഡ് ചിപ്സ് ആണ് ഉപയോഗിക്കുക. പല നിറത്തിൽ ലഭിക്കുന്ന ഇവ ചെടി നട്ടിരിക്കുന്നിടം മോടിയാക്കാനും ഒപ്പം വൃത്തിയായി സൂക്ഷിക്കാനും കൂടി ഉപകരിക്കുന്നു. ഉദ്യാനത്തിന്റെ ഭാഗമായി ഡ്രൈ ഗാർഡനും കാണാറുണ്ട്. വെള്ളാരം കല്ലും പല ആകൃതിയിലുള്ള പാറയും വുഡ് ചിപ്സും ഉപയോഗിച്ചാണ് ഡ്രൈ ഗാർഡൻ നിർമാണം. വലുപ്പത്തിൽ വളരുന്ന ചെടികൾക്കും മരങ്ങൾക്കും ചുറ്റുമാണ് സാധാരണയായി ഡ്രൈ ഗാർഡൻ ഒരുക്കുക. മരങ്ങളും ചെടികളും കൊമ്പുകോതി ആകർഷകമായ ആകൃതിയിൽ പരിപാലിക്കുന്നത് അമേരിക്കയിൽ സാധാരണമാണ്. അസ്സേലിയയും, കോണിഫറും, മേപ്പിളും മറ്റുമാണ് ഇങ്ങനെ കമ്പു കോതി നിർത്തുന്നത്. 

american-garden3

ജോലിത്തിരക്കു കാരണം ഉദ്യാന പരിപാലനത്തിനു സമയമില്ലാത്തവർക്കായി അമേരിക്കയിൽ പരിചയ സമ്പന്നരായ പൂന്തോട്ട പരിപാലകരുടെ സേവനം ലഭ്യമാണ്. വലിയ ലോറികളിൽ ലോൺ മൂവർ, കീടനാശിനിയും വളവും തളിക്കാനുള്ള യന്ത്രം, മരം വെട്ടാന്‍ യന്ത്രവത്കൃത വാൾ തുടങ്ങി സർവ സാമഗ്രികളുമായി എത്തുന്ന ഇവരാണ് പുല്ലു വെട്ടുന്നതും ചെടിയുടെ കമ്പു കോതുന്നതും വളമിടുന്നതുമെല്ലാം. പുല്ലിന്റെ വിത്ത് നടാനും, കള നീക്കാനും, കുഴി എടുക്കാനും എല്ലാം യന്ത്രങ്ങളുണ്ട്. ഏതെങ്കിലും കീടനാശിനി പൂന്തോട്ടത്തിൽ പ്രയോഗിച്ചിട്ടുണ്ടെങ്കിൽ മുന്നറിയിപ്പായി പ്രത്യേക ബോർഡ് ആ സമയത്ത് അവിടെ വച്ചിട്ടുണ്ടാകും. ശീത കാലത്ത് പുറത്തു മഞ്ഞു പെയ്തു കിടക്കുമ്പോൾ വീടിനുള്ളിൽ വളർത്തുന്ന ചെടികൾ മാത്രമാണ് ഹരിതഭംഗി നൽകുക. ഫലനോപ്സിസ് ഓർക്കിഡ്, കോളിയസ്, പീസ് ലില്ലി, ബിഗോണിയ, അലങ്കാര പന്നൽച്ചെടികൾ എന്നിവയെല്ലാം ഇങ്ങനെ വീടിനുള്ളില്‍ വളര്‍ത്തുന്നു. 

പുൽത്തകിടി

അമേരിക്കൻ ഉദ്യാനങ്ങളുടെ ഭംഗിക്കു മാറ്റുകൂട്ടുന്നത് വിസ്‌തൃതമായ പുൽത്തകിടികളാണ്. ഒറ്റനോട്ടത്തിൽ നമ്മുടെ നാട്ടിലെ മെക്സിക്കൻ പുല്ല് ഉപയോഗിച്ചുള്ള ലോൺപോലെ തോന്നുമെങ്കിലും ഇവിടെ കെന്റക്കി (Kentucky) അല്ലെങ്കിൽ ഫെസ്ക്യൂ (Fescue) എന്നീ പുല്ലിനങ്ങളാണ് തകിടി നിർമാണത്തിന് ഏറെയും ഉപയോഗിക്കുന്നത്. ഇവ രണ്ടും ഉയരത്തിൽ വളരുന്നവയാണ്. ചവിട്ടി നടന്നാലോ, കുട്ടികൾ കുത്തി മറിഞ്ഞാലോ അല്ലെങ്കിൽ മഞ്ഞുവീഴ്ചയിലോ ഈ പുല്ലിനങ്ങൾ നശിച്ചു പോകില്ല. ഇവിടെ പുൽത്തകിടി വച്ചു പിടിപ്പിക്കുന്നത് പുല്ലിന്റെ ഷീറ്റ് ഉപയോഗിച്ചോ വിത്ത് നട്ടോ ആണ്. നമ്മുടെ നാട്ടിലെപ്പോലെ പുല്ല് കഷണങ്ങളായി നടുന്ന രീതി ഇവിടെയില്ല. 

പുല്ലു വെട്ടുന്നതും പ്രത്യേക രീതിയിലാണ്. നമ്മുടെ നാട്ടിലെപ്പോലെ അടിചേർത്തു വെട്ടാതെ ഇലകളുടെ താഴെ ഭാഗം നിൽക്കുന്ന വിധത്തിലാണ് ഇവിടെ പുല്ല് വെട്ടുക. മഞ്ഞുകാലത്ത് ഇലകളെല്ലാം നശിച്ചു പോകുന്ന പുല്ല് വസന്തമായാൽ വീണ്ടും കിളിർത്തു വരും. നന്നായി വളർച്ചയായാൽ 8 - 10 ദിവസത്തിൽ ഒരിക്കൽ ഇവ വെട്ടി നിർ ത്തുന്നു. ഇവിടെയും പുൽത്തകിടിക്കു ചിതല്‍, കുമിള്‍ശല്യം കാണാം. അത്ര ശ്രദ്ധ നൽകാത്ത പുൽത്തകിടിയിൽ കളച്ചെടികളും സാധാരണം. പുൽത്ത കിടിയുടെ സംരക്ഷണത്തിനായി ലോ ൺ ഡോക്ടർമാർവരെ ഇവിടെയുണ്ട്. പുല്ലിന് രോഗം വന്നാലോ അല്ലെങ്കിൽ കള അധികമായാലോ ഇവരുടെ സേ വനം തേടാം. 

അമേരിക്കൻ മലയാളിയുടെ ഉദ്യാനവിശേഷങ്ങൾ

chinnamma-sebastian-chakiath
ചിന്നമ്മ സെബാസ്റ്റ്യൻ

അമേരിക്കയിലെ മേരിലാന്‍ഡിൽ താമസിക്കുന്ന ചക്കിയത്ത് ചിന്നമ്മ സെബാസ്റ്റ്യന്റെ വീടിന്റെ അകവും പുറവും അലങ്കാരച്ചെടികളാൽ നിബിഡമാണ്. 30 വർഷങ്ങൾക്കു മുൻപ് മേരിലാൻഡിൽ ഭർത്താവും മക്കളുമായി താമസം ആരംഭിച്ച ഈ വീട്ടമ്മയുടെ ഒഴിവുസമയ വിനോദമാണ് ഉദ്യാനച്ചെടികളുടെ പരിപാലനം. വീടിനോടു ചേർന്നുള്ള 20 സെൻറ് സ്ഥലത്ത് ഒരിഞ്ചുപോലും വെറുതെ ഇടാതെ പുൽത്തകിടിയും പൂച്ചെടികളുമായി ഇവർ സംരക്ഷിച്ചു പോരുന്നു. പൂച്ചെടികളുടെയും അലങ്കാര ഇലച്ചെടികളുടെയും നല്ലൊരു ശേഖരം ഇവർക്കുണ്ട്. വാർഷിക പൂച്ചെടികൾ പലതും കടുത്ത ശൈത്യത്തിൽ നശിച്ചു പോവുമെന്നതിനാല്‍ ചിരസ്ഥായി സ്വഭാവമുള്ളവയെയാണ് ചിന്നമ്മ പരിപാലിക്കുന്നത്. വീടിന്റെ പിൻഭാഗത്തു ഡെക്കിനോടു ചേർന്നുള്ള ഉദ്യാനപ്പൊയ്കയും ജലധാരയും അതിമനോഹരം. പിൻഭാഗത്തെ ഉദ്യാനത്തിൽ പക്ഷികൾക്കായുള്ള ബേർഡ് ഫീഡിലെ വിത്തുകൾ തിന്നാൻ എത്തുന്ന പലതരം പക്ഷികൾ വേറിട്ട കാഴ്ചയാണ്. ശീതോഷ്ണ കാലാവസ്ഥയിലെ പൂച്ചെടികളായ ക്രീപ് മെർറ്റൽ, റോഡോഡെൻഡ്രോൺ, ഐറിസ്, ഡാഫൊഡിൽ, ടുലിപ്പ്, ജാപ്പനീസ് മേപ്പിൾ ഇവയ്ക്കൊപ്പം നാടൻ ചെടികളായ മുല്ല, പത്തുമണിച്ചെടി, നിശാഗന്ധി, വാടാമുല്ല, സൂര്യകാന്തി, കാപ്പി എന്നിവയെല്ലാം ഈ വീട്ടമ്മയുടെ ഉദ്യാനത്തിന് വേറിട്ട ഭംഗി നൽകുന്നു. നാടൻ ചെടികളിൽ പലതും സുഹൃത്തുക്കളിൽനിന്നു ലഭിച്ചതോ അല്ലെങ്കിൽ നഴ്സറിയിൽനിന്നു വാങ്ങിയതോ ആണ്. വീടിനുള്ളിൽ സുഗന്ധം പകരാന്‍ കാപ്പിച്ചെടിയും, നിശാഗന്ധിയും സൂര്യപ്രകാശം കിട്ടുന്ന വിധത്തിൽ ജനലരികില്‍ വച്ചിരിക്കുന്നു. വീടിനുള്ളിൽ ചെടികളെല്ലാം ആകർഷകമായ ചട്ടികളിൽ കലാപരമായാണ് ഈ വീട്ടമ്മ വളർത്തുന്നത്.

വീട്ടിൽ സ്വയം തയാറാക്കുന്ന ജൈവവളങ്ങളാണ് ചിന്നമ്മ ചെടികള്‍ക്കു നല്‍കുന്നത്. മുട്ടത്തോട് പൊടിച്ചത്, കഞ്ഞിവെള്ളം നേർപ്പിച്ചത്, കംപോസ്റ്റ് ഇവയ്ക്കൊപ്പം എല്ലുപൊടി, ബ്ലഡ് മീൽ, ചാണകപ്പൊടി എല്ലാം ആവശ്യംപോലെ ചെടികൾക്കു നൽകുന്നു. അടുക്കള യിലെ പാത്രം കഴുകിയ വെള്ളവും മഴസംഭരണിയിലെ വെള്ളവും ഉപയോഗിച്ചാണ് നന. കീട നിയന്ത്രണത്തിനു വിന്നാഗിരിയും ബേക്കിങ് സോഡയും സോപ്പും ചേർത്ത ലായനിയാണ് പ്രയോഗിക്കുക. ആവശ്യമെങ്കിൽ കടയിൽനിന്നു വാങ്ങുന്ന ജൈവ കീടനാശിനിയും പ്രയോജനപ്പെടുത്താറുണ്ട്.

മക്കളെല്ലാം വിവാഹം കഴിച്ചു മാറിത്താമസിച്ചതോടെ ചിന്നമ്മയ്ക്കു കൂടുതൽ സമയമുണ്ട്; ഒപ്പം ചെടികളുടെ എണ്ണവും കൂടി. ഗ്രൗണ്ട് ഹോഗിന്റെയും അണ്ണാന്റെയും റാക്കൂണിന്റെയും ശല്യത്തിൽനിന്നു ചെടികളെ രക്ഷിക്കുക ശ്രമകരമായ ജോലിയാണെന്നു ചിന്നമ്മ. ഇതിനു ഭർത്താവ് സെബാസ്റ്റ്യന്റെ സഹായമുണ്ട്. ഫോണ്‍ (ചിന്നമ്മ സെബാസ്റ്റ്യൻ): +1(301)7875719

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA