ADVERTISEMENT

ഉപയോഗമില്ലാത്ത ഉപ്പുമാങ്ങാഭരണി, പൊട്ടിപ്പോയ ചായക്കപ്പ്, ഫ്യൂസായ ബൾബ്, ഹോസിന്റെ മുറിക്കഷ്ണങ്ങൾ, ഉപേക്ഷിച്ച ചെരുപ്പുകൾ, നിറം മങ്ങിയ തുണികൾ, കാലിയായ ചില്ലുകുപ്പികൾ, മണ്ണിലുപേക്ഷിച്ച പ്ലാസ്റ്റിക് പാത്രങ്ങൾ, വക്കുപൊട്ടിയ കറിച്ചട്ടി അങ്ങനെ എന്തെല്ലാം പാഴ്‌വസ്തുക്കളുണ്ടാവും ഒാരോ വീടിന്റെയും പരിസരങ്ങളിൽ.  എവിടെയൊക്കെയോ ചിതറിക്കിടക്കും അവയൊക്കെയും. മണ്ണിനും മനുഷ്യർക്കും ഭാരമാകുന്ന ഈ പാഴ്‌വസ്തുക്കൾ പക്ഷേ പൗർണമിച്ചന്തം നേടും എറണാകുളം അത്താണി കാട്ടുപറമ്പിൽ ടിന്റു ബേണിയുടെ കൈകളിലെത്തിയാൽ. 

‘‘ഉപയോഗം കഴിഞ്ഞതോ ഉപേക്ഷിക്കപ്പെട്ടതോ ആയ ഒട്ടേറെ വസ്തുക്കളുണ്ടാവും ഓരോ വീട്ടിലും. അകത്തും പുറത്തും ഏതെങ്കിലും മൂലകളിൽ ആർക്കും വേണ്ടാതെ കിടക്കും. അവയിൽ ചിലതെങ്കിലും നമുക്ക് ആത്മബന്ധമുള്ളവ ആയിരിക്കാം. എങ്കിലും പുതിയ വീടിന് ഇണങ്ങാത്തതു കൊണ്ടോ നന്നാക്കിയെടുക്കാൻ പറ്റാത്തതുകൊണ്ടോ ഉപേക്ഷിക്കപ്പെടുന്നു. അവയെ വീണ്ടെടുക്കുന്നതും ഉദ്യാന പശ്ചാത്തലത്തിൽ വീണ്ടും കാണുന്നതും ഹൃദ്യമായ അനുഭവം തന്നെ’’ കാട്ടു പറമ്പിലെ വീട്ടുമുറ്റത്ത്, പാഴ്‌വസ്തുക്കളെ കലാഭംഗിയോടെ പുനരാവിഷ്കരിച്ച ‘റീസൈക്കിൾ ഗാർഡനി’ൽ  ഇരുന്ന്  ടിന്റു പറയുന്നു. പൊട്ടിയ ചായക്കപ്പു മുതൽ കാലി ചില്ലുകുപ്പിവരെയുള്ളവ പൂച്ചട്ടിയും പൂപ്പാത്രവുമൊക്കെയായി പുനർജന്മം നേടുന്ന ഉദ്യാനക്കാഴ്ച ഹൃദ്യം, സുന്ദരം. 

കുട്ടിക്കാലം മുതൽ ഈ കലാകൗതുകം കൂടെയുണ്ടെന്നു ടിന്റു. ഫുഡ് ആൻഡ് ന്യൂട്രീഷനിൽ എംഎസ്്സി ബിരുദം നേടി ജോലിയിലേക്കു തിരിഞ്ഞപ്പോഴും കലാവിഷ്കാരം കൈവിട്ടില്ല. പഴയ പാത്രമോ കുപ്പിയോ എന്തു കയ്യിൽ തടഞ്ഞാലും അതിൽ എന്തെങ്കിലുമൊക്കെ കലാവിരുതുകൾ പ്രയോഗിക്കും. വിവാഹിതയായി അത്താണിയിലെത്തിയപ്പോൾ ഭർത്താവിന്റെ അമ്മ സിസിലിയുടെ കൈവശവുമുണ്ട് ഇതേപോലെ ചില നുറുങ്ങുവിദ്യകൾ. എങ്കിൽപ്പിന്നെ വീടിനകത്തെ കൗതുകക്കാഴ്ചകൾ ഉദ്യാനത്തിലും പരീക്ഷിക്കാമെന്നായി. ഭർത്തൃപിതാവ് ഫ്രാൻസിസും താൽപര്യത്തോടെ ഒപ്പം കൂടിയപ്പോൾ ഇത്തിരി വീട്ടുമുറ്റം ഒത്തിരി കൗതുകങ്ങൾ നിറഞ്ഞ വേറിട്ട കാഴ്ചയായി.

home-garden-1
ടിന്റു ഉദ്യാനത്തിൽ

വിലയും മൂല്യവും

അകത്തളങ്ങളിൽ വളർത്തുന്ന പൂച്ചെടികൾ പരിപാലിക്കാനായി മനോഹരമായ ചില്ലുകുപ്പികളാണ് ടിന്റു പ്രയോജനപ്പെടുത്തുന്നത്. മിൽമയുടെ മിൽക് ഷെയ്ക് കുപ്പികൾ മുതൽ ഷാംപെയ്ൻ കുപ്പികൾ വരെ. ചില്ലു കുപ്പികളുടെ കാര്യത്തിൽ, അഴകും ആകൃതിയുമൊത്തവ മദ്യക്കുപ്പികൾ തന്നെയെന്നു ടിന്റു. വിശേഷിച്ചും വിദേശരാജ്യങ്ങളിൽനിന്നു വരുന്ന മദ്യക്കുപ്പികൾ. മംഗോളിയയിൽ ജോലി നോക്കുന്ന ഭർത്താവ് ബേണി ആ നാട്ടിലെ സുഹൃത്തുക്കൾക്കിടയിൽ തിരക്കി അപൂർവ ഭംഗിയുള്ള ചില്ലുകുപ്പികൾ നാട്ടിലെത്തിക്കും. 

ജൂട്ട്, ലെയ്സ്, പേപ്പർ ത്രെഡ്‌സ്, മുത്തുകൾ, വർണക്കല്ലുകൾ, ഫേബ്രിക്, ഇനാമൽ പെയ്ന്റുകൾ എന്നിങ്ങനെ പലതും പ്രയോഗിക്കും കാലിക്കുപ്പിയെ കലാശിൽപമാക്കാൻ. പേപ്പർ ത്രെഡ് കൊണ്ട് സുന്ദരമാക്കിയ ബക്കാർഡി ബ്രാൻഡ് മദ്യക്കുപ്പിക്ക് ടിന്റു ഇട്ടിരിക്കുന്ന വില 400 രൂപ. അത് സാധാരണക്കാർക്കുള്ള  സാമ്പിൾ മാത്രം. അവിടെനിന്നു തുടങ്ങും വിലക്കയറ്റം. കുപ്പിയുടെ അഴകിന് അനുസരിച്ച് വിലയും മൂല്യവും മാറും.

അധികം പരിപാലനം ആവശ്യമില്ലാത്ത മണിപ്ലാന്റ് ഇനങ്ങൾ, ലക്കി ബാംബു, എയർ പ്ലാന്റ്സ് തുടങ്ങിയ ചെറു ചെടികൾകൂടി അവയിൽ വളർത്തുന്നതോടെ മദ്യക്കുപ്പിയെന്ന ചീത്തപ്പേര് അപ്പാടെ മായ്ച്ചു കളഞ്ഞ് കുപ്പി ഉത്തമ കലാസൃഷ്ടിയായി മാറും. ഇൻറീരിയർ ഡിസൈനർമാരാണ് ടിന്റുവിന്റെ കുപ്പിശിൽപങ്ങളുടെ മുഖ്യ ആവശ്യക്കാർ. 

പഴയതൊന്നും പാഴല്ല

പുനരുപയോഗിക്കുന്ന പാഴ്‌വസ്തുക്കളിൽ ടിന്റു വിൽപനയ്ക്കു തയാറാക്കുന്ന ഏക കലാസൃഷ്ടിയും കുപ്പിതന്നെ. ബാക്കിയെല്ലാം ഇടംപിടിച്ചിരിക്കുന്നത് ഉദ്യാനത്തിൽ. ‘പൊട്ടിപ്പോയ ചായക്കപ്പ് ചേർത്തൊട്ടിച്ച്, അൽപം നടീൽമിശ്രിതം നിറച്ച് അതിൽ ചെറിയൊരു ചെടി നട്ടു വരാന്തയിൽ വയ്ക്കുക. അതത്ര കഷ്ടപ്പാടുള്ള കാര്യമല്ല. നല്ല ഭംഗിയുള്ളൊരു ചായക്കപ്പ് പൊട്ടിപ്പോയതിന്റെ സങ്കടം അതോടെ മാറും, ചായക്കപ്പിനു പുതിയൊരു ജീവിതവും ലഭിക്കും’, ടിന്റുവിന്റെ കലാദർശനവും ഇതു തന്നെ.

home-garden-2
ടിന്റുവിന്റെ മുറ്റത്തെ റീസൈക്കിൾ ഗാർഡൻ

വീട്ടുമുറ്റത്ത് അനാകർഷകമായി നിന്ന പൈപ്പ് കമ്പോസ്റ്റിനു മുകളിൽ വള്ളിച്ചെടി പടർത്തിയും പഴങ്ങൾ  പൊതിഞ്ഞു ലഭിക്കുന്ന പ്ലാസ്റ്റിക് വലയിൽ ചകിരിച്ചോറും വൈക്കോലുമെല്ലാം നിറച്ച് കോക്കഡാമ രൂപത്തിൽ ഇലച്ചെടി വളർത്തിയും പ്ലാസ്റ്റിക് കുപ്പിയിൽ തലകീഴായി ബന്തിച്ചെടി പരിപാലിച്ചും പഴയ ഉപ്പുമാങ്ങാഭരണി പെയ്ന്റടിച്ച് പൂച്ചട്ടിയാക്കിയും ടിന്റു ഉദ്യാനം ചേതോഹരമാക്കുമ്പോൾ കുപ്പികൾ ടിന്റുവിന്റെ മനസ്സിനിണങ്ങിയ മട്ടിൽ മുറിച്ചു നൽകി ഫ്രാൻസിസും പൂച്ചെടികളെ കരുതലോടെ കാത്ത് സിസിലിയും ഉദ്യാനത്തിൽ സജീവം.

നിറം മങ്ങി ഉപേക്ഷിച്ച തങ്ങളുടെ പഴയ ഷൂസ് മണ്ണും ചാണകപ്പൊടിയും ചകിരിച്ചോറും  നിറച്ച് അമ്മ ഉദ്യാനത്തിൽ വച്ചപ്പോൾ നാലിലും രണ്ടിലുമായി പഠിക്കുന്ന മക്കൾ ക്രിസിനും ഡാനിക്കും കൗതുകം. ഇപ്പോളവരും ഉദ്യാന നിർമാണത്തിൽ ഒപ്പം കൂടുമെന്നു ടിന്റു. ‘‘വാങ്ങുകയും ഉപയോഗിക്കുകയും വലിച്ചെറിയുകയും ചെയ്യുന്ന പുതുതലമുറ ശീലങ്ങളിൽ ഒരു മാറ്റം കൊണ്ടുവരാനും ഇത്തരം പുനരുപയോഗങ്ങൾക്കു കഴിയും. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒഴിവുസമയ വിനോദമായി ഈ ഉദ്യാന നിർമാണരീതി ശീലിക്കാം. പഴയ ടയർ, കിളിക്കൂടു നിർമിച്ചപ്പോൾ ബാക്കിയായ കമ്പിവലത്തുണ്ടുകൾ, ശീതളപാനീയങ്ങൾ വാങ്ങിയ പ്ലാസ്റ്റിക് കുപ്പികൾ, പഴയ കളിപ്പാട്ടങ്ങൾ എന്നിവയെല്ലാം ഒരുപാട് സാധ്യതകൾ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. അൽപം ഭാവനയും കരവിരുതുംകൂടി ചേരണമെന്നു മാത്രം. ഒപ്പം, ഒാരോന്നിനും ഇണങ്ങിയ പൂച്ചെടികളും ഇലച്ചെടികളും കണ്ടെത്തണം’’, ടിന്റുവിന്റെ വാക്കുകളിൽ നിറയെ പ്രോത്സാഹനം.

‘‘അപ്പനും അമ്മയ്ക്കും മുമ്പൊരിക്കൽ വിവാഹ വാർഷികത്തിനു സമ്മാനമായി ലഭിച്ച ഫാൻസി ലാംപാണിത്. കേടായതോടെഅതും പാഴ്‌വസ്തുവായി. അതിനെക്കുറിച്ചു മറന്നുംപോയി. അതു വീണ്ടും കണ്ടെടുത്ത് വരാന്തയിൽ വച്ച് അതിൽവള്ളിച്ചെടി പടർത്തിയപ്പോൾ എല്ലാവർക്കും കൗതുകം. പഴയ ഓർമകളും അനുഭവങ്ങളുമെല്ലാം ആ ഫാൻസി ലാംപിനൊപ്പം തിരിച്ചു വന്നതിന്റെ സന്തോഷം. അതിന്റെ മൂല്യം ഒന്നുവേറെതന്നെ’’,  ചാരുതയാർന്ന ഫാൻസി ലാംപ് ചെടിച്ചട്ടി ചൂണ്ടി ടിന്റു പറയുന്നു.

home-garden-3
ഉദ്യാനത്തിലെ അഴക്

വർണസുന്ദരമായ ഇലകളുള്ള കോളിയസ് ചെടികളുടെ ഇനവൈവിധ്യമാണ് ടിന്റുവിന്റെ ഉദ്യാനത്തിലെ മറ്റൊരു കൗതുകം. മോടിപിടിപ്പിച്ച ചില്ലുകുപ്പികൾക്കൊപ്പം കോളിയസും ഓൺലൈൻ വിപണിയിലെത്തിക്കുന്നു. ചില്ലുപാത്രങ്ങളിലൊരുക്കുന്ന ടെറേറിയം ഉദ്യാനങ്ങളുടെ നിർമാണത്തിലും വൈദഗ്ധ്യമുണ്ട് ടിന്റുവിന്. 

ഫോൺ: 8078076149

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com