sections
MORE

ഒരുവെടിക്ക് രണ്ടു പക്ഷി: വെയിലും മാറും പച്ചക്കറിയും കിട്ടും

HIGHLIGHTS
  • തണൽമരങ്ങൾ തന്നെ വേണമെന്നു നിർബന്ധമില്ല
  • GI പൈപ്പുകളാണ് ഉപയോഗിച്ചിരിക്കുന്നത്
vegetable-garden-4
SHARE

പകൽ താപനില ദിനംപ്രതി ഉയരുകയാണ്. ഉച്ചസമയത്ത് മുറ്റത്തേക്കുപോലും ഇറങ്ങാൻ പറ്റാത്ത അവസ്ഥ. ഇത്തരം സാഹചര്യത്തിൽ പച്ചക്കറി കൃഷി ചെയ്താൽ മുറ്റത്തെയും വീട്ടിലേക്കുള്ള വഴിയിലെയും ചൂട് കുറയ്ക്കാനാകും. ഒരുവെടിക്ക് രണ്ടു പക്ഷി എന്നു പറയുന്നതുപോലെ.

തണലും പച്ചക്കറിയും ലക്ഷ്യമി‌ട്ട് തൃശൂർ ചെങ്ങാലൂർ സ്വദേശി വിജോ വർഗീസിന്റെ വീട്ടിലും അത്തരത്തിലൊരു പന്തലൊരുക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിൽക്കൂടിത്തന്നെ പന്തലിനെയും തണലിനെയും പിന്നെ പച്ചക്കറികളെയും കുറിച്ച് അറിയാം.

നിങ്ങളുടെ വീട്ടുമുറ്റം, വീട്ടിലേക്കുള്ള വഴി തുടങ്ങിയ തുറസായ സ്ഥലങ്ങളിൽ വെയിൽ കാരണം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നുണ്ടോ? തണൽ വേണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതിന് തണൽമരങ്ങൾ തന്നെ വേണമെന്നു നിർബന്ധമില്ല. ഒരു കൊച്ചു പന്തൽ നിർമ്മിക്കൂ, 4-5 മാസങ്ങൾക്കൊണ്ട് ഒരുപറ്റം വള്ളിച്ചെടികൾ ആ പന്തലിനു മുകളിലേക്കു കയറിയിട്ട് നിങ്ങൾക്കും സൂര്യനുമിടയിൽ നെഞ്ചുവിരിച്ചുനിന്ന് ഇങ്ങനെ പറയും.

"ഈ വെയിൽ, ഇത് ഞങ്ങളങ്ങ് എടുക്കുവാ"

എന്നിട്ട്, കുറച്ച് നാളുകൾ അവയുടെ ഫലങ്ങൾ നൽകി, അവയുടെ അവസാന ദിനം വരെയും തണൽ നൽകി അവർ മറ്റൊരു ലോകത്തേക്ക് യാത്രയാകും. അപ്പോഴേക്കും അവരുടെ മറ്റൊരു തലമുറ പന്തലിനോളം പൊന്തി വന്നിരിക്കും, അവരുടെ പൂർവ്വികർ നൽകിയത് വീണ്ടും നൽകാൻ.

vegetable-garden
കോൺക്രീറ്റ് കാലുകളിൽ ചട്ടക്കൂട് സ്ഥാപിച്ചിരിക്കുന്നു.

നിർമ്മാണ രീതി

വീടിനുള്ള ചുറ്റുമതിൽ കെട്ടിയ സമയത്തുതന്നെ വീട്ടിലേക്കുള്ള നീണ്ട വഴിയുടെ രണ്ടു വശങ്ങളിലും, രണ്ടു സ്ലാബുകളുടെ അകലത്തിൽ 8 അടി ഉയരത്തിലുള്ള കോൺക്രീറ്റ് കവരക്കാലുകൾ സ്ഥാപിച്ചിരുന്നു. സ്റ്റീൽ പൈപ്പ് കൊണ്ടുള്ള പന്തൽ തന്നെയാണ് അന്ന് മനസിൽ കണ്ടിരുന്നത്. പക്ഷേ, കാലുകൾ നാട്ടി 2.5 വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് ആദ്യമായി സ്റ്റീൽ കൊണ്ട് ചെറിയ ചട്ടക്കൂട് ഉണ്ടാക്കിയത്.

2cm x 4cm GI പൈപ്പുകളാണ് ഉപയോഗിച്ചിരിക്കുന്നത്. (A) പന്തലിന്റെ നടുവിലായി പ്ലാസ്റ്റിക് ചരടുകൾ വലിച്ചു കെട്ടുന്നതിനും, പച്ചക്കറികളുടെ ഭാരം കൊണ്ട് നടുഭാഗത്തു പന്തൽ തൂങ്ങിക്കിടക്കാതിരിക്കാനും 2cmx2cm പൈപ്പിന്റെ സപ്പോർട്ട് ലൈൻ കൊടുത്തിട്ടുണ്ട്. (B) ഈ സ്റ്റീൽ ചട്ടക്കൂട് കോൺക്രീറ്റ് കവരക്കാലുകളിൽ വെറുതേ വച്ചിട്ടേയുള്ളു. ശേഷം പ്ലാസ്റ്റിക് ചരടുകൾ പൈപ്പിൽനിന്ന് പൈപ്പിലേക്ക് വലിച്ചുകെട്ടി.

vegetable-garden-1
പ്ലാസ്റ്റിക് വള്ളി വലിച്ചുകെട്ടിയപ്പോൾ പന്തൽ തയാർ

ചെലവ്

  • സ്റ്റീൽ ട്യൂബ്, പ്രൈമർ, വെൽഡിങ് റോഡ്, സ്റ്റീൽ കടയിൽനിന്ന് വീടുവരെ കൊണ്ടുവരാനുള്ള വണ്ടിച്ചെലവ് - 8000 രൂപ.
  • പ്രൈമർ അടിക്കാനുള്ള ചെലവ് (സ്വയം ചെയ്യുക)
  • ഒരു ദിവസത്തേക്ക് ഒരു വെൽഡറും ഹെൽപ്പറും, വെൽഡിങ് മെഷീൻ വാടകയും (2200 രൂപ).
  • പ്ലാസ്റ്റിക് ചരട് (600-700 രൂപ).
  • പ്ലാസ്റ്റിക് വലിച്ചു കെട്ടൽ (സ്വയം ചെയ്താൽ നല്ലത്, ആളെ വിളിച്ചാൽ 700 രൂപ).
  • കവരക്കാലുകൾ പിടിപ്പിച്ചത് വന്ന ചെലവ് 7000 രൂപ (2016).

ഇത്രയൊക്കെ ചെലവുണ്ടെങ്കിലും പിന്നീടുള്ള ഗുണം വളരെ വലുതായതിനാൽ അധിക ചെലവായി കണക്കാക്കേണ്ടതില്ല.‌

vegetable-garden-5
കുരുമുളക് ചെടിയും പച്ചക്കറികളും നട്ടപ്പോൾ ഭംഗിയായി

നടീൽ രീതി

പരീക്ഷണാടിസ്ഥാനത്തിൽ ചുറ്റുമതിലിനോട് ചേർന്ന് ഒരടി പൊക്കത്തിൽ മണ്ണും ചാണകവും പിണ്ണാക്കും ചേർത്ത മിശ്രിതമൊരുക്കി കുറച്ച് കുറ്റിക്കുരുമുളകു തൈകൾ നട്ടിട്ടുണ്ട്. പിവിസി പൈപ്പ് കൊണ്ട് ജലസേചന സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഈ മണ്ണിൽ തന്നെയാണ് ഇടയ്ക്കിടെ ഓരോ കവരക്കാലിനോട് ചേർന്ന് ഓരോ തരം പച്ചക്കറിത്തൈ (പടർന്നു കയറുന്നവ) നടുന്നത്. അതിൽ ആദ്യം നട്ടത് കുമ്പളങ്ങയാണ്. ബാക്കിയുള്ളവ ഓരോന്നായി നട്ടു വരുന്നു. ഒന്നൊഒന്നര കൊല്ലം കൂടെ കഴിഞ്ഞാൽ കുരുമുളക് തൈകൾ കുറച്ചൂടെ വലുതായി, വീട്ടിലേക്കുള്ള വഴി ഒരു കൊച്ചു പച്ചത്തുരുത്തായി മാറും... അങ്ങനെ പ്രതീക്ഷിക്കുന്നു...

vegetable-garden-3
പഴയ പന്തലിനടുത്ത് വിജോയുടെ അമ്മ

മുന്‍കാലം

പുതിയ പന്തൽ ചെയ്യുന്നതിനുമുമ്പ് ചെലവു കുറഞ്ഞ പന്തൽനിർമ്മാണമായിരുന്നു ഇതേ സ്ഥലത്ത് ചെയ്തിരുന്നത്. അതു തുടങ്ങുന്നത് 2013ലാണ്. മുളയും ചൂളമരവും ഉപയോഗിച്ചായിരുന്നു നിർമ്മാണം. പണിക്കൂലി അടക്കം 2500 മുതൽ 3500 വരെ രൂപ അതിന് ചെലവ് വന്നിരുന്നു. എന്നാൽ പ്രധാന ദോഷം എന്തെന്നാൽ, കൂടിവന്നാൽ രണ്ടു വർഷം മാത്രമേ ഇത്തരം പന്തലിന് ആയുസുള്ളൂ. രണ്ടു വർഷത്തെ മഴയും വെയിലും കൊണ്ടുകഴിയുമ്പോൾ ഒരു ഭാഗത്തുനിന്ന് ഇടിഞ്ഞു വീഴാറാണ് പതിവ്.

അന്ന് മുതൽ ആലോചിച്ചുറപ്പിച്ചതാണ് വൈകാതെ സ്റ്റീൽ ഫ്രെയിമിങ് കൊണ്ട് പന്തൽ ഒരുക്കണമെന്നത്. ആ പദ്ധതി പ്രാവർത്തികമായത് ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണെന്നു മാത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
FROM ONMANORAMA