ADVERTISEMENT

മറ്റു പലയിനം ചെടികളേക്കാൾ എളുപ്പമാണ് ഓർക്കിഡ് വളർത്തൽ. ഫ്ലാറ്റ് ജീവിതത്തിൽ ഈ ചെടികൾ ഉണ്ടെങ്കിൽ ഇത്തിരി സ്ഥലത്തും ഒരു കൊച്ചു പൂന്തോട്ടം നമുക്കൊരുക്കിയെടുക്കാം. പല തരം ഓർക്കിഡുകൾ ഇപ്പോൾ ലഭ്യമാണ്. 80 മുതൽ 2000 വരെ പോകുന്ന വിലയാണ് ഈ സുന്ദരികൾക്ക്. ഓൺലൈനായി വരെ ഇവ വാങ്ങാൻകിട്ടും. എങ്കിലും നേരിട്ട് കണ്ടു വാങ്ങുന്നതാണ് ഗുണപ്രദം.

ഓർക്കിഡ് വിഭാഗത്തിൽ ഏറ്റവും വിലക്കുറവും, വളർത്താൻ എളുപ്പവും, വിവിധ നിറങ്ങളും ഡെൻഡ്രോബിയം ഇനങ്ങൾക്ക് തന്നെയാണ്. നീണ്ട തണ്ടിൽ രണ്ടു വശത്തേക്കും വളരുന്ന ഇലകൾ. ഏറ്റവും മുകളിൽ നിന്നോ ഇലകൾക്കിടയിലെ തണ്ടുകളിൽ നിന്നോ പൂക്കൾ കുലകളായി വളരുന്നു. സാധാരണ ഇനങ്ങൾ കൂടാതെ മിനിയേച്ചർ ഇനങ്ങളും ഇപ്പോൾ ലഭ്യമാണ്. അത്തരം ഇനങ്ങൾ എല്ലാ സമയത്തും പൂ തരും.

ഡെൻഡ്രോബിയത്തിന്റെ ചെറിയ തൈകൾ 80 രൂപ മുതൽ ലഭ്യമാണ്. പൂ ഉള്ളതിന് 200 മുതൽ വില തുടങ്ങുന്നു. 

ആരോഗ്യമുള്ള, പൂപ്പൽ ബാധിക്കാത്ത, പച്ചപ്പുള്ള ചെടികൾ നോക്കി വേണം വാങ്ങാൻ. മിക്കവാറും ചെറിയ ചട്ടികളിൽ തന്നെയാവും ചെടികൾ. അതിനെ ഇത്തിരി വലിയ ചട്ടിയിലേക്ക് മാറ്റുക എന്നത് തന്നെ ആദ്യ പണി. അതിനായി ഓർക്കിഡ് ചട്ടികൾ ധാരാളം കിട്ടും.  

ചകിരിത്തൊണ്ടിൽ വളർത്തിയത് ആവാം കടകളിൽനിന്നു ലഭിക്കുക. അത് മാറ്റണം എന്നൊന്നുമില്ല. ബാക്കി ഇടങ്ങളിൽ കൂടി ചകിരിത്തൊണ്ട് ചെറുതായി മുറിച്ചുവച്ചാൽമതി.

പോട്ടിങ്

ചകിരി മുറിച്ചതാണ് സാധാരണ ഉപയോഗിക്കുക. കൂടാതെ കരിക്കട്ട, ഓടിന്റെ കഷണങ്ങൾ തുടങ്ങി വെറും മണ്ണിൽ വരെ ഈ ഇനങ്ങൾ വളരും. ചകിരി മുറിച്ചു രണ്ടു ദിവസം വെള്ളത്തിൽ കുതിർത്ത് കറ കളയാൻ മറക്കരുത്. കരിക്കട്ടയും ഒരു ദിവസം വെള്ളത്തിൽ ഇടുന്നത് നല്ലത്. കൂടെ ഓടും കഷണവും കിടന്നോട്ടെ. 

എങ്ങനെ നടാം

ചട്ടിയിൽ കുറച്ച് ഓടിന്റെ കഷണങ്ങൾ, ചെറിയ ചകിരി പീസുകൾ എന്നിവ അടുക്കിയശേഷം ചെടി വയ്ക്കണം. ബാക്കി ഇടങ്ങളിൽ വലിയ തിക്കലും തിരക്കും ഇല്ലാതെ കരിയും ചകിരിപ്പീസും കൊണ്ട് നിറയ്ക്കാം. വേരുകൾ ഓടാനും വായു കയറാനും സ്ഥലം വേണം എന്നത് മനസ്സിൽ വയ്ക്കുക. ഇടിച്ചു നിറയ്ക്കരുത്.

പരിചരണം

  • എന്നും നനയ്ക്കണം.
  • നനവ് കുറഞ്ഞാൽ പുതിയ തൈകൾ മാത്രം ഉണ്ടാവും. പൂക്കൾ വരില്ല.
  • വേനലിൽ രണ്ടു നേരം നനയ്ക്കുക.
  • ഇത്തിരി തണൽ കൊടുക്കുക.

വളങ്ങൾ

  • ചാണകം പുളിപ്പിച്ചത് നേർപ്പിച്ചത്.
  • കടലാപ്പിണ്ണാക്ക് പുളിപ്പിച്ചത് നേർപ്പിച്ചത്.
  • ഫിഷ് അമിനോ ആസിഡ്.
  • Miracle 20.
  • Orchid boom.
  • Green care 
  • 19.19.19.

മഴക്കാലത്ത് ജൈവമായത് പരമാവധി ഒഴിവാക്കുക. 

രോഗബാധയ്ക്കെതിരേ

  • മുരടിപ്പിന് വിനാഗിരി നേർപ്പിച്ചത് നല്ലത്.
  • വേര് ചീയൽ വന്നാൽ സ്യൂഡോമോണസ് അല്ലെങ്കിൽ ഇൻഡോഫിൽ ഉപയോഗിക്കാം.
  • കേടായ ചീഞ്ഞ തണ്ടുകൾ മുറിച്ചുമാറ്റി അവിടെ കറുകപ്പട്ട പൊടിയോ സ്യൂഡോമോണസോ തേയ്ക്കണം.
  • പഴുത്ത ഇലകൾ ഉടൻ മാറ്റണം.

വളപ്രയോഗം

രാവിലെ അടിക്കുന്നത് നല്ലത്. ദ്രാവകരൂപത്തിലുള്ള വളമാണ് നല്ലത്. അത് ഇലയിലും വേരിലും തളിച്ചുകൊടുക്കുക

(വെള്ളം കുറവാണോ എന്നറിയാൻ ഒരു വഴിയുണ്ട്. നനവ് കൃത്യമാണെങ്കിൽ വേരിന്റെ അറ്റത്ത് പച്ച നിറം കാണും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com