sections
MORE

ടെക്നോപാർക്കിലെ മികച്ച ജോലി വിട്ട് കൃഷിയിലേക്ക്

HIGHLIGHTS
  • നാലുമാസം വീതം നീളുന്ന മൂന്നു സീസൺ പന്തൽപച്ചക്കറിക്കൃഷി
sanal
SHARE

‘‘ആദ്യമേ പറയട്ടെ, നാലഞ്ചു വർഷം മുമ്പ് എന്നെപ്പോലെ ഉദ്യോഗം വിട്ട് കൃഷിയിലിറങ്ങിയവരിൽ ചിലരെങ്കിലും ഇന്നു പഴയ ജോലിയിലേക്കു മടങ്ങിപ്പോയിട്ടുണ്ട്. എന്റെ വരവും  യാഥാർഥ്യബോധത്തോടെ ആയിരുന്നില്ല. കൃഷിക്കിറങ്ങും മുമ്പ് മുഴുവൻസമയ കർഷകരെ കണ്ടു സംസാരിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ജോലി ഉപേക്ഷിക്കാൻ ധൈര്യപ്പെടില്ലായിരുന്നു. അതുകൊണ്ടുതന്നെ ചില പരസ്യങ്ങളിൽ എഴുതിക്കാണിക്കുംപോലെ ‘നിയമപ്രകാരമുള്ള മുന്നറിയിപ്പ്’ എന്നൊരു അടിക്കുറിപ്പു വേണം എന്റെ കൃഷിയനുഭവങ്ങൾക്കും’, പന്തലിൽനിന്ന് പറിച്ചെടുത്ത കുമ്പളങ്ങ കുട്ടയിൽ നിറയ്ക്കുന്നതിനിടെ ചിരിയോടെ സനൽ പറയുന്നു. 

എംകോം പഠനത്തിനിടയിൽത്തന്നെ ഓഹരിവിപണിയിൽ കൈവച്ചിരുന്നു സനൽ. ഇടയ്ക്കു പക്ഷേ ഊഹക്കച്ചവടം പാളി. ഓഹരിവിപണി വിടുമ്പോൾ നഷ്ടം രണ്ടര ലക്ഷം രൂപയോളം. അതുകൊണ്ടു പക്ഷേ ഗുണമുണ്ടായി, ഷെയർ മാർക്കറ്റ് റിസർച്ചിൽ നല്ല ഗ്രാഹ്യം; അതിന്റെ ബലത്തിൽ പഠനശേഷം നല്ല ജോലിയും. അങ്ങനെ അഞ്ചു കൊല്ലം മുമ്പ് തിരുവനന്തപുരം ടെക്നോപാർക്കിൽ ഫിനാൻഷ്യൽ അനലിസ്റ്റായി ജോലി ചെയ്യുമ്പോഴാണ് ടെറസ്‌കൃഷി വാർത്തകൾ സനലിനെ പ്രലോഭിപ്പിക്കുന്നത്. അടുക്കളത്തോട്ടം തുടങ്ങാൻ ഭാര്യ ശ്രുതിക്കും ആവേശം. വാടകവീടിന്റെ ടെറസ്സിൽ ഗ്രോബാഗുകൃഷിയും ഒഴിവുദിവസങ്ങളിൽ ഫാം ടൂറുകളും പതിവായെന്നു സനൽ. ജോലിയുപേക്ഷിച്ചു കൃഷിക്കിറങ്ങിയവരുടെ വാർത്തകൾ ലഹരിയായപ്പോൾ തീരുമാനമെടുത്തു; നാട്ടിലേക്കു മടങ്ങാം, കൃഷി തുടങ്ങാം.

‘തിരുവനന്തപുരത്ത് ഒരു കിലോ പയറിന് 80–100 രൂപ വിലയുണ്ട്. ടെറസിലെ അഞ്ചു ചുവടിൽനിന്ന് ഒറ്റ വിളവെടുപ്പിൽത്തന്നെ ലഭിക്കുന്നത് ഒരു കിലോ പയർ. ആ സ്ഥിതിക്ക് ഒരേക്കറിൽ കൃഷി ചെയ്തു തിരുവനന്തപുരത്തു വിറ്റാൽ കാശ് എത്രയാ!’, മടങ്ങാനുറച്ച നാളുകളിലൊക്കെ കൃഷിയുടെ ഈ ലാഭക്കണക്കുകളായിരുന്നു മനസ്സിലെന്നു സനൽ.

തിരിച്ചടി, തിരിച്ചറിവ്

തിരികെയെത്തി, നെൽകൃഷി ചെയ്തിരുന്ന രണ്ടേക്കറിൽ ഒരേക്കർ ചാലുകീറി വെള്ളം താഴ്ത്തിവിട്ടു പണി തുടങ്ങി. മണ്ണു പരിശോധിച്ച്, അമ്ലത കുറയ്ക്കാൻ കുമ്മായം വിതറി. വാരം കോരി തുള്ളിനന സംവിധാനവും യുവി ഷീറ്റ് മൾച്ചിങ്ങും (പുത) ഒരുക്കി. കോൺക്രീറ്റ് കാലുകൾ നാട്ടി കമ്പി വലിച്ചു പന്തലിട്ട് പാവലും പയറും കുമ്പളവും കൃഷിയിറക്കി. കൺനിറയെ വിളഞ്ഞു ഓരോന്നും. വിളവെടുപ്പു തുടങ്ങിയപ്പോൾ പക്ഷേ വിപണി തേടി പരക്കംപാച്ചിൽ. ചുറ്റുവട്ടത്തുള്ള വിഎഫ്‌പിസികെ വിപണികൾ വഴി ശ്രമിച്ചു, പച്ചക്കറിക്കടക്കാരെ സമീപിച്ചു. ചിലർ വാങ്ങി, ചിലർ കയ്യൊഴിഞ്ഞു. വിറ്റഴിക്കാൻ കഴിയാതെ നശിച്ചു നല്ല പങ്ക്.

സാധാരണഗതിയിൽ, അതോടെ മതിയാക്കി മടങ്ങേണ്ടതാണ്. എന്നാൽ തിരിച്ചടികൾക്കിടയിലും ആകെ കണക്കിൽ കൃഷി ലാഭകരമായിരുന്നെന്നു കണ്ടെത്തി സനൽ. ഉയർന്ന ഉൽപാദനംതന്നെ കാരണം. അഞ്ചു വർഷത്തിനിപ്പുറം ഇന്ന്, മുഴുവൻസമയ കൃഷിക്കാരനായി ഈ ചെറുപ്പക്കാരൻ സുസ്ഥിര വരുമാനം നേടുന്നതിനു  കാരണം ആദ്യകൃഷിയിലെ പിഴവുകൾ തിരുത്തി മുന്നേറാൻ കാണിച്ച ക്ഷമയും ഉത്സാഹവും.

ടെറസ്‌കൃഷിയും വാണിജ്യ പച്ചക്കറിക്കൃഷിയും തമ്മിലുള്ള അന്തരമാണ് ആദ്യത്തെ തിരിച്ചറിവെന്നു സനൽ. ‘‘20–30 ഗ്രോബാഗുകളിലായിരുന്നു ടെറസ്‌കൃഷി. എണ്ണം കുറവായതുകൊണ്ടുതന്നെ ഓരോ ചെടിയെയും പ്രത്യേകം ശ്രദ്ധിക്കാം. ഉയരത്തിലായതുകൊണ്ട് കീടാക്രമണം പൊതുവേ കുറവ്. ഒട്ടുമിക്ക കീട,രോഗബാധകളും പൊടിക്കൈകൾകൊണ്ടു പരിഹരിക്കാം. കൃഷി ഉപജീവനമാർഗമല്ലാത്തതിനാൽ അതിലൂടെ കൈവരുന്ന സന്തോഷവും ശുദ്ധമൈയ ഭക്ഷണവും മാത്രമായിരുന്നു പ്രധാനം. എന്നാൽ ജോലിയുപേക്ഷിച്ച്, ഇനിയങ്ങോട്ട് കൃഷി മാത്രം ജീവിതമാർഗം എന്ന യാഥാർഥ്യം നേരിട്ടപ്പോഴാണ് വാണിജ്യകൃഷിയും ടെറസ്കൃഷിയും തമ്മിലുള്ള ആന–ആട് വ്യത്യാസം തിരിച്ചറിഞ്ഞത്. വിത്തിന്റെ ഗുണമേന്മ മുതൽ വിളയിനങ്ങളും വിപണിയും വരെ നീളുുന്ന വെല്ലുവിളികൾ’’. എന്നാൽ രണ്ടാമത്തെ സീസണിൽത്തന്നെ അവയെല്ലാം വരുതിയിലായെന്നു സനല്‍.

വിപണിയിലേക്ക്

ആദ്യകൃഷിക്കു പിന്നാലെ ആദ്യം ചെയ്തത് കിഴക്കഞ്ചേരി വിഎഫ്പിസികെയിൽ അംഗമാകൽ. ‘പുതുതായി ഭക്ഷ്യവിളക്കൃഷിയിലേക്കു വരുന്നവർ പലപ്പോഴും നിരാശരാവുന്നത് വിപണിയിലാണ്. ഈ സാഹചര്യത്തിൽ സ്വാശ്രയ കർഷകവിപണികൾ നൽകുന്ന ആത്മവിശ്വാസം വലുതാണ്. തുടക്കത്തിൽത്തന്നെ അവയുടെ ഭാഗമായാൽ, ലാഭം അൽപം കുറഞ്ഞാലും വിപണിയിലുള്ള അനിശ്ചിതത്വം നീങ്ങും. പിന്നീട് ഉൽപാദനം വർധിക്കുന്നതിനനുസരിച്ച് കൂടുതൽ ലാഭകരമായ വിപണികളും കണ്ടെത്താ’മെന്നു സനൽ. വിഎഫ്‌പിസികെയുടെ റിസ്ക് ഫണ്ട് പദ്ധതി നൽകുന്ന നേട്ടവും വലുതെന്നു സനൽ. നിശ്ചിത തുക പ്രീമിയം അടച്ചാൽ താങ്ങുവില അടിസ്ഥാനപ്പെടുത്തി നഷ്ടം നികത്തുന്ന പദ്ധതി, വിലയിടിവിന്റെ കാലത്തു കർഷകനു നൽകുന്ന സമാധാനം ചെറുതല്ല. 

സനലിന്റെ വരുമാനവർധനയുടെ രണ്ടാം ഘട്ടം തുടങ്ങുന്നത് ആലത്തൂർ ബ്ലോക്ക് ജൈവകർഷക സമിതിയിലെത്തുന്നതോടെയാണ്. വൻകിട കച്ചവടക്കാരെ ലക്ഷ്യമിട്ടുള്ള മൊത്ത സംഭരണത്തിലാണ് വിഎഫ്‌പിസികെ ഊന്നുന്നതെങ്കിൽ സംഭരണവും ചില്ലറവിൽപനയും ഏകോപിപ്പിച്ചുള്ള സംവിധാനമാണു സമിതിയുടേത്. കർഷകരിൽനിന്നു സമിതി സംഭരിക്കുന്ന പച്ചക്കറികൾ ആലത്തൂർ ബ്ലോക്ക് പരിധിയിലുള്ള പഞ്ചായത്തുകളിലെ ഇക്കോ ഷോപ്പുകൾ വഴി വിൽക്കുന്നു. ഓരോ ഷോപ്പിലും കൂടുതലായി ആവശ്യമുള്ളതും മിച്ചമുള്ളതും പരസ്പരം കൈമാറി വിറ്റഴിക്കാൻ അവയെ ബന്ധിപ്പിച്ച് പച്ചക്കറിവണ്ടിയുണ്ട്.

വൻതോതിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറിയിനങ്ങൾക്ക് വിഎഫ്പിസികെ വിപണി, അഞ്ചും പത്തും സെന്റിൽ കൃഷിചെയ്യുന്ന അനുബന്ധ ഇനങ്ങൾക്ക് ഇക്കോ ഷോപ്പു വഴി ഉപഭോക്താക്കൾ; ഇതാണു സനലിന്റെ ഇപ്പോഴത്തെ നയം. ഇത്തരമൊരു വിപണന സൗകര്യം കേരളത്തിലെ മുഴുവൻ കൃഷിക്കാർക്കും ലഭ്യമായാൽ കൃഷിയും വരുമാനവും സ്ഥിരത നേടുമെന്നു സനൽ.

തിരുവനന്തപുരത്തു താമസിക്കുന്ന കാലത്ത് മോശമല്ലാത്ത ശമ്പളമുണ്ടായിരുന്നെങ്കിലും വീട്ടുവാടകയും വീട്ടാവശ്യത്തിനുള്ള സാധനങ്ങളും വാങ്ങിയാൽ പിന്നെ നീക്കിയിരിപ്പില്ലായിരുന്നെന്നു സനൽ. ഇപ്പോൾ സ്വന്തം നാട്ടിൽ, സ്വന്തം വീട്ടിൽ താമസം. വീട്ടാവശ്യത്തിനുള്ള ഒട്ടുമിക്ക ഭക്ഷ്യവിളകളും കൃഷിയിടത്തിലുണ്ട്. എല്ലാ ചെലവും കഴിഞ്ഞു മാസം ശരാശരി 25,000–30,000 രൂപ നീക്കിയിരിപ്പ്. ഈ സാഹചര്യത്തിൽ കൃഷി കൈവിടാൻ കാരണങ്ങളൊന്നും കാണുന്നില്ലെന്നു സനൽ.

സീസൺ, പ്ലാനിങ്

മേയ്–ഓഗസ്റ്റ്, സെപ്റ്റംബർ–ഡിസംബർ, ജനുവരി–ഏപ്രിൽ എന്നിങ്ങനെ നാലുമാസം വീതം നീളുന്ന മൂന്നു സീസൺ പന്തൽപച്ചക്കറിക്കൃഷിയാണ് സനലിന്റെ പ്രധാന വരുമാനമാർഗം. മൂന്നു സീസണിലും മുഖ്യമായും മൂന്നിനങ്ങൾ; പാവൽ, പയർ, പടവലം. ഒപ്പം കുമ്പളം, കോവൽ, പീച്ചിൽ, ചീര, ചുരയ്ക്ക, മത്തൻ എന്നിങ്ങനെ അനുബന്ധ ഇനങ്ങളും. വിത്തിന്റെ കാര്യത്തിൽ നാടനോ ഹൈബ്രിഡോ എന്നതല്ല, ഉൽപാദനത്തിലും വിപണനത്തിലും ഏതാണു മെച്ചം എന്നതാണു നോട്ടം. സർക്കാർ ഗവേഷണസ്ഥാപനങ്ങളിൽ വികസിപ്പിച്ച അർക്കമംഗള പയറുൾപ്പെടെയുള്ള മികച്ച വിത്തിനങ്ങളും മഹികോയുടെ മത്തനും ഈസ്റ്റ് വെസ്റ്റിന്റെ പാവലും ഹൈവെജിന്റെ പടവലവും നാംധാരിയുടെ കുക്കുമ്പറുമെല്ലാം സനലിന്റെ കൃഷിയിടത്തിലുണ്ട്. 

sanal-1
നിലമൊരുക്കൽ

വാരം കോരി തടങ്ങൾ തയാറാക്കുകയാണ് ആദ്യത്തെ പണി. തടങ്ങളിൽ ചാലു കീറി ചാണകവും എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും നിറയ്ക്കുന്നത് അടുത്ത ഘട്ടം. തുടർന്ന് തുള്ളിനനയ്ക്കുള്ള ഡ്രിപ്പുകൾ ക്രമീകരിക്കുന്നു. തുള്ളിനനയ്ക്കൊപ്പം വളപ്രയോഗവും സാധിക്കുന്ന ഫെർട്ടിഗേഷൻ രീതിയിലൂടെ തുറന്ന സ്ഥലത്തെ കൃത്യതാക്കൃഷിയാണ് സനൽ അവലംബിക്കുന്നത്. കളയൊഴിവാക്കാനായി യുവി ഷീറ്റ് കൊണ്ടു പുതയിട്ട ശേഷം അതിൽ ദ്വാരങ്ങളിട്ട് തൈ നടുന്നു. മൂന്നു സീസണിലേക്ക് ഈ തടവും പുതയും മതിയാവും. സ്ലറിയും ഡ്രിപ്പിലൂടെ നൽകുന്ന സൂക്ഷ്മമൂലകങ്ങളുമാണ് വളർച്ചാപോഷകങ്ങൾ. കോൺക്രീറ്റു കാലുകളിൽ കമ്പിവലിച്ച് സ്ഥിരം പന്തൽ തയാറാക്കിയതു കൃഷിച്ചെലവു വർധിപ്പിച്ചെങ്കിലും അതുവഴി അഞ്ചു വർഷമായി കാറ്റിനെയും മഴയെയും കൂസാതെ കരുത്തോടെ നിൽക്കുന്നു പന്തലും കൃഷിയും. 

ഒരു സീസണിലെ കൃഷിയുടെ അവസാന വിളവെടുപ്പു ദിവസംതന്നെ അടുത്ത സീസണിലേക്കുള്ള തൈകൾക്കായി പ്രോട്രേകളിൽ വിത്തു പാകുമെന്നു സനൽ. തുടർന്ന് അടുത്ത വിളവെടുപ്പുവരെ വരുമാനമില്ലല്ലോ. അതിനുള്ള പരിഹാരമാണ്, ദീർഘകാല വിളവെടുപ്പു സാധിക്കുന്ന കോവലും പാഷൻഫ്രൂട്ടുമെല്ലാം. വടക്കഞ്ചേരിയിലുള്ള ഒന്നരയേക്കറിലെ പല പ്രായത്തിലുള്ള വാഴയും ഈ സമയം തുണയാവും. ഇവിടെത്തന്നെയുള്ള ചേനക്കൃഷിയും ഒരേക്കറിലെ നെൽകൃഷിയും ബോണസ് നേട്ടങ്ങൾ.

സ്വാമി ശരണം

ഓണവും വിഷുവുമല്ല മണ്ഡലകാലമാണ് പച്ചക്കറിക്കൃഷിക്കാരുടെ സുവർണകാലമെന്നു സനൽ. ഓണത്തിനു തലേന്ന് പയറിന് കിലോ 120 രൂപ വിലയെങ്കിൽ ഓണം കഴിഞ്ഞത് 20 രൂപയാവും. അടുത്ത ഒരാഴ്ചത്തേക്കുള്ള കറികൾ ആളുകളുടെ ഫ്രിഡ്‌ജിലും കാണും. അതും മടുത്ത് പിന്നെ  ചിക്കനും കടന്നാവും വീണ്ടും പച്ചക്കറിയിലേക്കു വരുക. വിഷുവും അങ്ങനെതന്നെ. അതേസമയം മണ്ഡലകാലത്ത് ആഴ്ചകളോളം നല്ല വിലയും വിപണിയും ഉറപ്പ്.

കർഷകനും ഇൻഷുറൻസ്

വിളയ്ക്കു മാത്രം പോരാ, കർഷകനും വേണം ഇൻഷുറൻസ് എന്നു സനൽ. ‘‘മക്കളുടെ ഉപരിപഠനം, വിവാഹം തുടങ്ങി വരാനിരിക്കുന്ന ചെലവുകൾ മുൻകൂട്ടി കാണണം. അതിനായി നിശ്ചിത തുക ഓരോ മാസവും നീക്കിവയ്ക്കണം. അതിനൊപ്പം പ്രധാനമാണ് കുടുംബത്തിനു മുഴുവൻ ചികിൽസാ പരിരക്ഷ നൽകുന്ന, 3–4 ലക്ഷം രൂപ കവറേജ് ലഭിക്കുന്ന, ഏതെങ്കിലും മെഡിക്കൽ ഇൻഷുറന്‍സിൽ ചേരുക എന്നത്. അതിനുള്ള പ്രീമിയം നഷ്ടമായി കാണരുത്. ആപൽഘട്ടങ്ങളിൽ ആരെയും ആശ്രയിക്കേണ്ടി വരില്ലെന്നു മാത്രമല്ല, അപ്രതീക്ഷിത സാമ്പത്തികാഘാതങ്ങളിൽനിന്നു രക്ഷപ്പെടുകയും ചെയ്യാം. കൃഷിയിലെ ആസൂത്രണ മികവ് വരുമാന വിനിയോഗത്തിലും ഉണ്ടായാല്‍ വിജയം നിശ്ചയം.’’, ഫിനാൻഷ്യൽ അനലിസ്റ്റിന്റെ കണിശതയോടെ സനൽ പറയുന്നു.

‘‘കൂടുതൽപ്പേർ, വിശേഷിച്ചും യുവകർഷകർ, സ്വാശ്രയ കർഷകവിപണികളിലേക്കു കൂടി കടന്നുവരണം. അവരിൽ നല്ല പങ്കും ഇന്നു സ്വന്തം നിലയ്ക്കു വിപണി കണ്ടെത്തുന്നവരാണ്, നല്ലതു തന്നെ. എന്നാൽ ഇത്തരം വിപണികളുടെ നേതൃസ്ഥാനത്തേക്കുകൂടി വന്നാൽ അവരുടെ പുത്തൻ ആശയങ്ങൾ പാരമ്പര്യ കർഷകർക്കും ഗുണകരമാവും’’ സനൽ

വിലാസം: സനൽ പന്തലത്ത്, ഇളവംപാടം, കിഴക്കഞ്ചേരി, പാലക്കാട്, ഫോൺ: 9847917914

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
FROM ONMANORAMA