sections
MORE

പാട്ടഭൂമിയിൽ പച്ചക്കറിക്കൃഷിയും വാട്‌സാപ് നിറയെ ഉപഭോക്താക്കളുമായി ഭാഗ്യരാജ്

HIGHLIGHTS
  • നാട്ടിൽ കൃഷി, നഗരത്തിൽ വിപണി
  • ഉപയോഗിക്കുന്നത് ഹൈബ്രിഡ് വിത്തുകൾ
bhagyaraj-2
ഭാഗ്യരാജ്
SHARE

‘‘ ബികോം പഠനകാലത്തേയുണ്ട് ചില്ലറ കൃഷിയൊക്കെ. എങ്കിലും എംബിഎക്കു പഠിക്കുമ്പോഴും ജോലി തന്നെയായിരുന്നു മനസ്സിൽ. ടിസിഎസിൽ നിയമനം ലഭിച്ച് പുണെയിൽ എത്തിയപ്പോഴാണ്  നാട്ടിലെ പച്ചപ്പിന്റെ സുഖം മനസ്സിലായത്. നല്ല ശമ്പളം, നല്ല ജോലി; എന്നിട്ടും മതിയാക്കി ഒരു മാസംകൊണ്ട്. നാട്ടിലെത്തി 80 സെന്റ് സ്ഥലം പാട്ടത്തിനെടുത്തു പച്ചക്കറിക്കൃഷി തുടങ്ങി. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇന്ന് 11 ഏക്കർ പച്ചക്കറിക്കൃഷി ഒറ്റയ്ക്ക്. സുഹൃത്തുമായി ചേർന്ന് അഞ്ചേക്കറിൽ പപ്പായക്കൃഷിയും പച്ചക്കറി വിൽപനശാലയും. പച്ചക്കറിക്കു പുറമെ ഇപ്പോൾ കോഴിയും താറാവും മുട്ടയും മീനുമെല്ലാം വിപണിയിലെത്തിക്കുന്നു. ആറു വാട്‌സാപ് ഗ്രൂപ്പുകളിലായി 1500 ഉപഭോക്താക്കൾ സ്വന്തം. മാസം ഒരു ലക്ഷം രൂപ കയ്യിൽ. കാർഷിക വരുമാനത്തിന് ഇൻകം ടാക്സ് ബാധകമല്ലെങ്കിലും എല്ലാ വർഷവും കൃത്യമായി റിട്ടേൺ ഫയൽ ചെയ്യുന്നു’’, ഭാഗ്യരാജ് സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെ.

ആദ്യകൃഷിയിൽ 80 സെന്റിൽ രണ്ടു വിളകളാണ് മുഖ്യമായും പരീക്ഷിച്ചതെന്നു ഭാഗ്യരാജ്. അരുൺ ഇനം ചീരയും സിറ പച്ചമുളകും. രണ്ടും ഭാഗ്യരാജിനു ഭാഗ്യം കൊണ്ടുവന്നു. പിന്നാലെ ഒന്നരയേക്കർ പാട്ടത്തിനെടുത്ത് നെയ്ക്കുമ്പളവും സാമ്രാട്ട് ഇനം വെണ്ടയും കൃഷി ചെയ്തു.  വെണ്ടയും പയറും പച്ചമുളകും വഴുതനയും പീച്ചിലും ഉൾപ്പെടെ ഇന്നുള്ള കൃഷിയിനങ്ങൾക്കല്ലാം   ഹൈബ്രിഡ് വിത്തുകളാണു  ഭാഗ്യരാജ് ഉപയോഗിക്കുന്നത്. പാട്ടത്തിനെടുത്ത സ്ഥലങ്ങളിൽ, വാരം കോരി യുവി ഷീറ്റ് പുതയിട്ട്, ഡ്രിപ്പിലൂടെ നനയും വളപ്രയോഗവും ഒരുമിച്ചു നൽകിയുള്ള  ഫെർട്ടിഗേഷൻ രീതി അവലംബിച്ച്, കൃത്യതാ കൃഷിരീതിയാണ് ഭാഗ്യരാജ് പിന്തുടരുന്നത്. 

bhagyaraj
മുട്ടയ്ക്ക് ബിവി 380 കോഴികൾ

സ്വന്തം നിലയ്ക്ക് പച്ചക്കറി വിപണനശാല തുടങ്ങിയതോടെ കച്ചവടക്കാരുടെ കാരുണ്യത്തിനു കാത്തിരിക്കേണ്ട സ്ഥിതി മാറിയെന്നു ഭാഗ്യരാജ്. വാട്‌സാപ് ഗ്രൂപ്പുകളിലൂടെ കൂടുതൽ ഉപഭോക്താക്കളെ ലഭിച്ചതോടെ മുട്ടയും ഇറച്ചിയും കൂടി വിൽപന ഇനമായി. മുട്ടയ്ക്കും ഇറച്ചിക്കുമായി, വർഷം 300 മുട്ടവരെ നൽകുന്ന ബിവി 380 ഇനം കോഴികളും ഒപ്പം താറാവും. പച്ചക്കറിക്കൃഷിയിടങ്ങളിൽ മുമ്പ് ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമായിരുന്നു. താറാവതിനെ ആഹാരമാക്കാൻ തുടങ്ങിയതോടെ ആ പ്രശ്നത്തിനു പരിഹാരമായെന്നും ഭാഗ്യരാജ്. 

പാട്ടത്തിനു സ്ഥലം ലഭിക്കുന്ന സാഹചര്യം കുറയുന്നതാണ് നിലവിൽ ഏക വെല്ലുവിളി. കൃഷിയിടം വിട്ടു നൽകുന്നത് ഭാവിയിൽ പ്രശ്നമാവുമോ എന്ന ആശങ്ക ഇപ്പോഴും പലർക്കുമുണ്ട്. നീണ്ടകാലത്തേക്കു പാട്ടത്തിനു സ്ഥലം ലഭ്യമല്ലാത്തതുകൊണ്ടുതന്നെ പന്തൽകൃഷി കുറയ്ക്കേണ്ടിയും വരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും സുരക്ഷിത ഭക്ഷണത്തോടുള്ള ആളുകളുടെ താൽപര്യവും പുതിയ വിപണനമാർഗങ്ങളും കൃഷിയിൽ ഉറച്ചുനിൽക്കാൻ ധൈര്യം നൽകുന്നുവെന്നു ഭാഗ്യരാജ്.

വാട്‌സാപ് വഴി വന്ന ഭാഗ്യം 

വാട്‌സാപ്പിലൂടെ വന്ന വിസ്തൃത വിപണിതന്നെയാണു ഭാഗ്യരാജിന്റെ വിജയഘടകം. വെജ് ടു ഹോം എന്ന പേരിലൊരു വാട്സാപ്പ് ഗ്രൂപ്പ് നിർമിച്ചു ആദ്യം. ആവശ്യപ്പെടുന്ന ദിവസങ്ങളിൽ വർഷം മുഴുവനും വിഷരഹിത പച്ചക്കറികളും പഴങ്ങളും മുട്ടയും ഇറച്ചിയും വീട്ടിലെത്തിക്കുമെന്ന വാഗ്ദാനത്തോടെ ആലപ്പുഴ, ചേർത്തല ടൗണുകളിലുള്ള സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ ഗ്രൂപ്പിൽ അംഗങ്ങളാക്കി. അതതു ദിവസം വിളവെടുക്കുന്ന ഉൽപന്നങ്ങളുടെ വിവരം ഗ്രൂപ്പിലിടും. ഒാരോന്നും എത്ര അളവു വേണമെന്ന് ഉപഭോക്താക്കൾ മെസേജ് നൽകും. 

സുഹൃത്തുമായി ചേർന്നു വിപണനശാല തുടങ്ങിയതോടെ ന്യായവില നൽകി മറ്റു കർഷകരുടെ ഉൽപന്നങ്ങളും സംഭരിച്ചു തുടങ്ങി. കടയായാതുകൊണ്ടുതന്നെ സവാളയും ഉള്ളിയും കാരറ്റും പോലെ നാട്ടിൽ കൃഷി ചെയ്യാത്തവയും ആവശ്യമുണ്ടല്ലോ. അവ മാർക്കറ്റുകളിൽനിന്നു സംഭരിച്ചു. അടുക്കളയിലേക്ക് ആവശ്യമുള്ള മുഴുവൻ പച്ചക്കറികളും ഒറ്റ മെസേജിൽ വീട്ടിലെത്തും എന്നായതോടെ ഉദ്യോഗസ്ഥരായ ഒാൺലൈൻ ഉപഭോക്താക്കളുടെ താൽപര്യം വർധിച്ചുവെന്നു ഭാഗ്യരാജ്. 

bhagyaraj-1
ഭാഗ്യരാജ് പച്ചക്കറിത്തോട്ടത്തിൽ

ആലപ്പുഴയും ചേർത്തലയും കടന്ന് ഇന്നു ഭാഗ്യരാജിന്റെ വെജ് ടു ഹോമിന് എറണാകുളത്തും ഒരു വാട്സാപ്പ് ഗ്രൂപ്പു നിറയെ ഉപഭോക്താക്കൾ. ആലപ്പുഴ ജില്ലയിലെ ഉപഭോക്താക്കൾക്ക് ആഴ്ചയിൽ ഏഴു ദിവസവും ഉൽപന്നങ്ങളെത്തിക്കുമ്പോൾ എറണാകുളത്ത് രണ്ടു ദിവസമാണ് വിപണനം. രണ്ടു ദിവസം കൊണ്ടു മാത്രം 70,000 രൂപയുടെ വിൽപന നടക്കും. സ്വന്തം കൃഷിയിടത്തിൽനിന്നുള്ള ഉൽപന്നങ്ങൾക്കൊപ്പം പ്രദേശത്തുള്ള മറ്റു കർഷകരിൽനിന്നു സംഭരിക്കുന്നവകൂടി ചേരുന്നതിനാൽ ഉപഭോക്താക്കളുടെ എണ്ണം വർധിക്കുന്നതു പ്രശ്നമേ അല്ലെന്നു ഭാഗ്യരാജ്. നാട്ടിലെ കർഷകർക്കുകൂടി സുസ്ഥിരവിലയും വിപണിയും ലഭ്യമാക്കുന്നതിന്റെ സംതൃപ്തി വേറെ. 

ബി. ഭാഗ്യരാജ്, ഭാഗ്യ, പുത്തനമ്പലം, ചേർത്തല, ആലപ്പുഴ, ഫോൺ: 9995564936

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
FROM ONMANORAMA