sections
MORE

അകത്തളത്തിൽ അഴകോടെ വളർത്താം അലങ്കാര വള്ളികൾ

HIGHLIGHTS
  • മണി പ്ലാന്റ് ഇനങ്ങളും വളർത്തൽ രീതിയും
  • മണി പ്ലാന്റിന്റെ വേരുകൾ ജലത്തിലും കരുത്തോടെ വളരും
garden
SHARE

അകത്തളത്തിൽ അലങ്കാര വള്ളിച്ചെടിയായി പരിപാലിക്കുന്നവയാണ് മണി പ്ലാന്റ് അഥവാ സ്‌കിണ്ടാപ്‌സസ്, മോൺസ്റ്റീറാ, ഫിലോഡെൻഡ്രോൺ തുടങ്ങിയവ.  മണിപ്ലാന്റ് പലർക്കും കുശവന്റെ കൈയിലെ കളിമണ്ണു പോലെയാണ്. എല്ലാ ഇനങ്ങളും ഏതു രീതിയിലും ഏതു മാധ്യമത്തിലും ആകർഷകമായി അനായാസം വളർത്താം എന്നത് അകത്തളച്ചെടി ഇനങ്ങളിൽ മണി പ്ലാന്റിനു പ്രത്യേക പദവിയും ജനസമ്മതിയും നൽകുന്നു.

മഞ്ഞയും പച്ചയും നിറത്തിൽ ഹൃദയാകൃതിയില്‍ ഇലകളുള്ള ആദ്യകാല ഇനങ്ങൾക്കൊപ്പം പൂർണമായി മഞ്ഞ നിറത്തിൽ ഇലകൾ ഉള്ളവ, വെള്ളയും പച്ചയും നിറത്തിൽ ഇലകൾ ഉള്ളവ, മൊസൈക് പോലെ ഇലകളിൽ പുള്ളിക്കുത്ത് അല്ലെങ്കിൽ വരകൾ ഉള്ളവ തുടങ്ങി 8 – 10 തരം സങ്കരയിനങ്ങൾ  വിപണിയിൽ ലഭ്യമാണ്. അത്രകണ്ടു ബലമില്ലാത്ത തണ്ടുകൾ ഉപയോഗിച്ച് സ്വാഭാവികമായി പടർന്നുകയറുന്ന പ്രകൃതമുള്ള ഈ ചെടി കൂമ്പു നുള്ളി കുറ്റിച്ചെടിയായും വളർത്താം. വള്ളിച്ചെടിയായി പ്രതലത്തിൽ പറ്റിപ്പിടിച്ചു കയറും. തണ്ടിന്റെ മുട്ടുകളിൽനിന്നു വേരുകൾ ഉൽപാദിപ്പിക്കും. 

ഭാഗികമായി വെയിൽ കിട്ടുന്നിടത്താണ് മണി പ്ലാന്റ് ആരോഗ്യത്തോടെ വളരുക. വീടിനുള്ളിലെ ദുഷിച്ച വായുവിനെ ശുദ്ധീകരിക്കാൻ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ നിർദേശിക്കുന്ന 9 അകത്തളച്ചെടിയിനങ്ങളിൽ ഒന്നാണ് മണി പ്ലാന്റ്. മുറിക്കുള്ളിൽ ഉണ്ടാകുന്ന സൈലിൻ, ഫോർമാൽഡിഹൈഡ്, നൈട്രജൻ ഡൈഓക്സൈഡ് എന്നീ വിഷവാതകങ്ങള്‍ നീക്കം ചെയ്യാൻ മണി പ്ലാന്റിനു പ്രത്യേക കഴിവുണ്ട്. പല രാജ്യ ങ്ങളിലുള്ളവർക്കും മണി പ്ലാന്റ് ഭാഗ്യച്ചെടി കൂടിയാണ്. ചൈനക്കാരുടെ വാസ്തുകലയായ ഫെങ് ഷൂയി പ്രകാരം മുറിക്കുള്ളിൽ ടിവി, കംപ്യൂട്ടർ ഇവയുടെ അടുത്തു മണി പ്ലാന്റ് സ്ഥാപിക്കുന്നതാണ് കൂടുതൽ ഉചിതം. സമ്പത്തിനെയാണ്  ഈ ചെടിയുടെ പേരിലുള്ള ‘മണി’ സൂചിപ്പിക്കുന്നതെന്നു പല ദേശക്കാരും വിശ്വസിക്കുന്നു.

കൊച്ചി മെട്രോയുടെ തൂണുകൾക്ക് ഹരിതഭംഗി പകരുന്ന ചെടികളിൽ ഏറ്റവും ആരോഗ്യത്തോടും ഭംഗിയോ ടും വളരുന്നത് ഈ അകത്തള വള്ളിച്ചെടിയാണ്. അലങ്കാരച്ചേമ്പു വർഗത്തിൽപ്പെടുന്ന മണി പ്ലാന്റ് ചിലപ്പോൾ മറ്റ് ഇനങ്ങൾപോലെ മനുഷ്യ ശരീരത്തിനുള്ളിൽ കടന്നാൽ പല തരത്തിലുള്ള അലർജിക്കു കാരണമാകുമെന്നും ഓർക്കുക. ഹരിതഭിത്തി ഒരുക്കാൻ കുപ്പിപ്പാത്രങ്ങളിൽ നിറച്ച വെള്ളത്തിൽ പരിപാലിക്കാൻ, തൂക്കിയിട്ടു വളർത്താൻ, ടീപോയ്, മേശ ഇവയിൽ ആകർഷകമായ സെറാമിക് ചട്ടികളിൽ വളർത്താൻ എല്ലാം മണി പ്ലാന്റിനു നല്ല ഡിമാൻഡ് ആണ്. അതായത്, അകത്തളത്തിൽ എന്തിനും ഏതിനും പറ്റിയ ചെടിയാണിത്.

garden-1

തൈകൾ എളുപ്പം തയാറാക്കാം

മണി പ്ലാന്റിന്റെ തൈകൾ പലവിധത്തിൽ അനായാസം വളർത്തിയെടുക്കാം.  അധികം പ്രായമാകാത്ത ചെടിയുടെ തണ്ടാണ് തൈകൾ ഉൽപാദിപ്പിക്കാൻ യോജിച്ചത്. തിരഞ്ഞെടുത്ത തണ്ടിന്റെ മുട്ട് ഉൾപ്പെടെ ഒരിഞ്ച് നീളമുള്ള 15 കഷണങ്ങൾ റബർ ബാൻഡ്കൊണ്ടു ചുറ്റിക്കെട്ടിയെടുക്കണം. തണ്ടിന്റെ ചുവടുഭാഗം മാത്രം മുങ്ങുന്ന വിധത്തിൽ ചില്ലുഗ്ലാസിൽ ശുദ്ധജലം നിറയ്ക്കുക. ഇതിൽ തണ്ടു കഷണങ്ങൾ ഒരുമിച്ച് ഇറക്കിവയ്ക്കാം. രണ്ടാഴ്ചയ്ക്കുള്ളിൽ ചുവട്ടിൽനിന്നു വേരുകൾ ഉണ്ടായിവരും. ആവശ്യത്തിനു വേരുകൾ ആയാൽ റബർ ബാൻഡ് നീക്കി നടാൻ ഉപയോഗിക്കാം.

വള്ളിച്ചെടിയായി വളർത്താം

വേഗത്തിൽ പടർന്നു വളരുന്ന വള്ളിച്ചെടിയായി മുറിക്കുള്ളിൽ ചട്ടിയിലോ കുപ്പിയിലോ പരിപാലിക്കാൻ യോജിച്ചതാണ് മണി പ്ലാന്റിന്റെ പരമ്പരാഗത ഇനം.  ചട്ടിയിൽ പ്രത്യേകം തയാറാക്കിയ താങ്ങിലും ഇതു പടർത്തി ക്കയറ്റാം. ജനലിനരികിലും ബാൽക്കണിയിലും വളർത്താൻ യോജ്യം. 8 ഇഞ്ച് എങ്കിലും വലുപ്പമുള്ള ചട്ടിയുടെ നടുവിൽ ബലമുള്ള താങ്ങു നൽകി 3– 4 ചെടികൾ ഒരുമിച്ചു വളർത്തിയാൽ വേഗത്തിൽ പടർന്നു കയറി താങ്ങുമറയുന്ന വിധത്തിൽ ആകർഷകമാകും.

മുറിയിൽ പ്രത്യേകം തയാറാക്കിയ സ്റ്റാൻഡിൽ വച്ച ചട്ടികളിൽ മണി പ്ലാന്റ് ആകർഷകമായി വളർത്താം. ഭിത്തിയിൽ മുളയോ തടിയുടെ വീതി കുറഞ്ഞ പട്ടികയോ  ഉപയോഗിച്ച് ആകർഷകമായി ഒരുക്കിയെടുത്ത ചട്ടക്കൂട്ടിലും മണി പ്ലാന്റ് പടർത്തിക്കയറ്റി സവിശേഷ ഭംഗി നൽകാം. കൂമ്പുകൾ ആവശ്യാനുസരണം നീക്കം ചെയ്തും രാസവളങ്ങൾ ഒഴിവാക്കിയും ചെടിയുടെ വളർച്ച ക്രമീകരിക്കണം. പഴയതും ഉണങ്ങിയതുമായ ഇലകൾ കാണുമ്പോൾ തന്നെ മുറിച്ചു നീക്കുന്നതും വല്ലപ്പോഴുമൊരിക്കൽ നനഞ്ഞ തുണികൊണ്ട് ഇലകളിലുള്ള പൊടി തുടച്ചു വൃത്തിയാക്കുന്നതും ചെടിയുടെ ഭംഗി കൂട്ടും. ഇലകളിൽ പൊള്ളിയ തവിട്ടുനിറം കാണുന്നതു ചെടി വച്ചിരിക്കുന്നിടത്ത് വെയിൽ അധികമാണെന്നതിന്റെ സൂചനയാണ്. ഇലകളിൽ പച്ചനിറം കൂടി അനാക ർഷകമായാൽ തണൽ അധികമായെന്നോ അല്ലെങ്കിൽ വളം നൽകുന്നതു കൂടിപ്പോയെന്നോ മനസ്സിലാക്കണം.

വെള്ളത്തിലും വളർത്താം

മിക്ക ഉദ്യാനച്ചെടികളുടെയും വേരുകൾ മണ്ണിലാണ് ആരോഗ്യത്തോടെ വളരുക. എന്നാൽ മണി പ്ലാന്റിന്റെ വേരുകൾ ജലത്തിലും കരുത്തോടെ വളരും. അതിനാൽ ഈ ചെടി ജലത്തിലും ആകർഷകമായി പരിപാലിക്കാം. ചട്ടിയിൽ വളർത്തിയ ചെടി വയ്ക്കാൻ മുറിക്കുള്ളിൽ സൗകര്യമില്ലാത്തവർക്ക് മറ്റൊരു വഴിയാണു ചില്ലുപാത്രങ്ങൾ. ഒരിഞ്ച് എങ്കിലും കനത്തിൽ വെള്ളം നിറയ്ക്കാവുന്ന ഏതു തരം പളുങ്കുപാത്രവും മണി പ്ലാന്റ് വളർത്താൻ തിരഞ്ഞെടുക്കാം. ഉപയോഗശൂന്യമായ ചില്ലു കുപ്പി, ഗ്ലാസ് ടംബ്ലർ, ഗ്ലാസ് ബൗൾ എല്ലാം ഇതിനായി പറ്റിയതാണ്. പാത്രം പലതവണ ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കിയെടുക്കണം. ഇതിനുശേ ഷം 1 – 2 ഇഞ്ച് കനത്തിൽ വെള്ളം നിറയ്ക്കണം. ഇതിലേക്കു മണി പ്ലാന്റിന്റെ വേരുകൾ ഇറക്കിവയ്ക്കാം. ചെടിയെ നിവർത്തി നിർത്തി ബലപ്പെടുത്താൻ ആകർഷകമായ വെള്ളാരംകല്ലുകൾ പ്രയോജനപ്പെടുത്താം. മേശ, ടീപോയി,  ജനൽപടി, വാഷ് കൗണ്ടർ, മുറിയുടെ ഭിത്തി ഇവയിലെല്ലാം ഡബിൾ സൈഡ് സ്റ്റിക്കർ ഉപയോഗിച്ച് ചില്ലുപാത്രം മറിഞ്ഞുവീഴാതെ ഉറപ്പിക്കാം. ആവശ്യത്തിന് ഉയരമുള്ള കുപ്പിയിൽ വെള്ളം മുഴുവ നായി നിറച്ചു ചെടിക്ക് ഒപ്പം ഫൈറ്റർ ഫിഷിനെയും വളർത്താം. മണി പ്ലാന്റ് വളർത്തുന്ന വെള്ളത്തിൽ പായൽ കണ്ടാൽ അൽപം കുമിൾനാശിനി വെള്ളത്തിൽ ചേർത്താൽ മതി. മണി പ്ലാന്റ് ഇനത്തിന്റെ ഇലകളിലുള്ള പച്ചനിറത്തിന്റെ തീവ്രതയനുസരിച്ചുവേണം പാത്രം വയ്ക്കാനും ഇടം തിരഞ്ഞെടുക്കാനും. മുഴുവനായി പച്ചനിറത്തിൽ ഇലകൾ ഉള്ളവ മുറിക്കുള്ളിലെ പ്രകാശം കുറഞ്ഞ വാഷ് കൗണ്ടർ, ഷോകേസ്, ടീപോയ് ഇവിടങ്ങളിലേക്കു പറ്റിയവയാണ്. പച്ചയ്ക്കൊപ്പം മഞ്ഞയോ വെള്ളയോ നിറമുള്ളവ കൂടുതൽ പ്രകാശം കിട്ടുന്ന ബാൽക്കണി, ജനൽപടി, വരാന്ത എന്നിവിടങ്ങളിൽ വയ്ക്കാം.

വെർട്ടിക്കൽ ഗാർഡൻ

പാതി തണൽ കിട്ടുന്ന ഭാഗങ്ങളിൽ തയാറാക്കുന്ന വെർട്ടിക്കൽ ഗാർഡനിലേക്ക് ഏറ്റവും പറ്റിയ ചെടിയാണു മണി പ്ലാന്റ്. ഇത്തരം വെർട്ടിക്കൽ ഗാർഡനിൽ സിങ്കോണിയം, സ്പൈഡർ പ്ലാന്റ്, പീസ് ലില്ലി എല്ലാം ഉപയോ ഗിക്കാറുണ്ടെങ്കിലും ലളിതമായ പരിചരണത്തിൽ മണി പ്ലാന്റ് വേഗത്തിൽ വളർന്നു വന്ന് ആകർഷകമായ ഹരി തഭിത്തിയായി മാറും. വലുപ്പം കുറഞ്ഞ ഇലകളുള്ള ഗോൾഡൻ ഇനം, മാർബിൾ ക്വീൻ, എൻജോയ് എല്ലാം ഇതിനു പറ്റും. വെർട്ടിക്കൽ ഗാർ‌ഡൻ ചട്ടിയിൽ‌ ചെടി നടാൻ ചകിരിച്ചോറും, മണലും ചുവന്ന മണ്ണും, ഉണങ്ങി യ ആട്ടിൻകാഷ്ഠവും അൽപം കുമ്മായവും ചേർത്ത മിശ്രിതം മതി. ചെടി മറ്റു ചട്ടികളിലേക്കു പടർന്നു വളരു മ്പോൾ തണ്ടിന്റെ മുട്ടുകളിൽനിന്ന് ഉൽപാദിപ്പിക്കുന്ന വേരുകൾ ഈ ചട്ടികളിലും ഇറങ്ങി ചെടിക്കു വേണ്ടത്ര വെ ള്ളവും വളവും ശേഖരിച്ചു വേഗത്തിൽ വളരാൻ സാധിക്കും.

സെറാമിക് ചട്ടിയിലും  

വിപണിയിൽ ലഭ്യമായ പലതരം സെറാമിക് ചട്ടികളിലും ഗ്ലാസ് ബൗളിലും ഈ അലങ്കാരച്ചെടി വളർത്തി മനോ ഹരമാക്കാം. 4 –5 ഇഞ്ച് ആഴമുള്ളതും ചുവട്ടിൽ ദ്വാരമുള്ളതും ഗുണമേൻമയുള്ളതുമായ സെറാമിക് ചട്ടികൾ ഇതിനായി തിരഞ്ഞെടുക്കാം. ദ്വാരമില്ലാത്ത ചട്ടിയിലാണു ചെടി നടുന്നതെങ്കിൽ നന വളരെ ശ്രദ്ധിച്ച് ആവശ്യാനുസരണം മാത്രം നൽകുക. ചട്ടിയുടെ അടിഭാഗത്ത് ചെറിയ വെള്ളാരം കല്ലുകൾ ഒരിഞ്ചു കനത്തിൽ നിരത്തണം. നടീൽമിശ്രിതം താഴേക്ക് ഊർന്ന് ഇറങ്ങാതിരിക്കാൻ ഇതിനു മുകളിൽ ഒരു പാളിയായി ഗ്രീൻനെറ്റ് വയ്ക്കണം. ഗ്രീൻ നെറ്റിനു മുകളിലാണ് മിശ്രിതം നിറയ്ക്കേണ്ടത്. ചകിരിച്ചോറും മണലും വളമായി മണ്ണിരക്ക മ്പോസ്റ്റും അൽപം കുമ്മായവും ചേർത്തതിൽ ചെടി നടാം. ചെടി നട്ടശേഷം മിശ്രിതം മറയുന്ന വിധത്തിൽ അലങ്കാരക്കല്ലുകൾ നിരത്തി കൂടുതൽ മോടിയാക്കാം. ചെറിയ പ്ലാസ്റ്റിക് ചട്ടിയിൽ വളർത്തിയ ചെടി സെറാമിക് ചട്ടിയിൽ മുഴുവനായി ഇറക്കിവച്ച് പ്ലാസ്റ്റിക് ചട്ടി കാണാത്ത വിധത്തിൽ ചുറ്റും മുകളിലും വെള്ളാരംകല്ലുകൾ നിറച്ചും ഈ ചെടി പരിപാലിക്കാനാവും. ചട്ടിയിൽ പരിപാലിക്കുമ്പോൾ കുറ്റിച്ചെടിയായി നിലനിർത്താൻ കൂമ്പുകൾ ആവശ്യാനുസരണം നീക്കം ചെയ്യണം. മിശ്രിതത്തിൽ നേരിയ ഈർപ്പം നിലനിർത്തുന്ന വിധത്തിൽ മാത്രം നന മതി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
FROM ONMANORAMA