ADVERTISEMENT

പ്രകൃതിയെയും ഉദ്യാനപരിപാലനമുറകളെയും  വ്യക്തിയുടെ ശാരീരിക, മാനസിക, ആത്മീയ ഉന്നമനത്തിന് ചികിത്സാപരമായി ഉപയോഗിക്കുന്നതിനെയാണ് ഹോർട്ടികൾച്ചറൽ തെറപ്പി എന്നു പറയുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം അകന്നുപോകുന്ന ഈ കാലഘട്ടത്തിൽ ഉദ്യാനചികിത്സയ്ക്ക് പ്രസക്തിയേറുന്നു. 

ഉള്ളിൽ ഒട്ടേറെ വിസ്മയങ്ങൾ ഒളിപ്പിച്ചുവയ്ക്കുന്ന പ്രകൃതിക്ക് മനുഷ്യമനസ്സിനെ മാറ്റാനുള്ള ശക്തിയുണ്ടെ ന്നതു വസ്തുതയാണ്. ഇലകളും പൂക്കളും കായ്കനികളും ഉപയോഗപ്പെടുത്തി മനുഷ്യമനസ്സിനു  സാന്ത്വനമേകുന്നു ഹോർട്ടികൾച്ചറൽ തെറപ്പി.  കുട്ടികൾ, യുവതീയുവാക്കൾ, മധ്യവയസ്കർ, വൃദ്ധർ, ശാരീരിക – മാനസിക ഭിന്നശേഷിയിൽപ്പെട്ടവർ, ധനികർ, ദരിദ്രർ എന്നിങ്ങനെ എല്ലാത്തരം ആളുകൾക്കും ഈ തെറപ്പിയുടെ ഗുണഭോക്താക്കളാകാം. ഓരോ വ്യക്തിയുടെയും ക്രിയാത്മക, മാനസികപ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സസ്യങ്ങളുമായുള്ള ചങ്ങാത്തം ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഗുണഭോക്താക്കളുടെ ക്ഷമതയും ആവശ്യവും അനുസരിച്ച് പ്രവർത്തനമാതൃകകൾ തിരഞ്ഞെടുക്കുകയും ക്രമീകരിക്കുകയും ചെയ്യണമെന്നുമാത്രം.

ഹോർട്ടികൾച്ചറൽ തെറപ്പിക്ക് പുരാതന മെസൊപ്പൊട്ടോമിയൻ കാലഘട്ടത്തോളം പഴക്കമുണ്ട്. ഈജിപ്ഷ്യൻ വൈദ്യന്മാർ മാനസിക അസ്വാസ്ഥ്യം അനുഭവിക്കുന്നവരോട് ചികിത്സയുടെ ഭാഗമെന്നോണം പൂന്തോട്ടത്തിലൂടെ നടക്കാൻ‌ നിർദേശിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്താണ് ഉദ്യാനചികിത്സ എന്ന ആശയം പ്രചാരത്തിലായത്. യുദ്ധത്തിൽ മുറിവേറ്റ ഭടന്മാരെ ചികിത്സിക്കുന്നതിനും അവരുടെ മാനസിക സമ്മർദം കുറയ്ക്കുന്നതിനും ഉദ്യാനചികിത്സ നടത്തുകയുണ്ടായി. ദീർഘകാലം ആശുപത്രിയിൽ കഴിയേണ്ടിവരുന്നവർക്ക് ഉദ്യാന പരിപാലനവും അനുബന്ധപ്രവർത്തനങ്ങളും ഊർജദായകമായി. പെൻസിൽവാനിയ സർവകലാശാലയിലെ പ്രഫസറായിരുന്ന ഡോ. ബെഞ്ചമിൻ റഷ് ഹോർട്ടികൾച്ചറൽ തെറപ്പിയുടെ പിതാവ് എന്ന് അറിയപ്പെട്ടു.

horticulture-therappy

ഒരു വ്യക്തിയുടെ ബാല്യം, കൗമാരം, യൗവനം, വാർധക്യ ജീവിതഘട്ടങ്ങളിൽ ഈ ചികിത്സാരീതി എങ്ങനെ പ്രസക്തമാകുമെന്നു നോക്കാം. രാവിലെ ജോലിക്കു പോകുന്ന ഉദ്യോഗസ്ഥ ദമ്പതികളും സ്കൂൾ വിട്ട് ട്യൂഷൻ സെന്ററുകളിലേക്കു പായുന്ന കുട്ടികളും. വീട്ടില്‍ ഇവർ ഒന്നിച്ചിരിക്കുന്ന സമയം കുറവാണ്. ഉള്ള സമയമാകട്ടെ, മൊബൈൽ ഫോണും നവമാധ്യമങ്ങളും കൂടി അപഹരിക്കുന്നു. പരസ്പരം മനസ്സ് തുറക്കാൻ സമയവും സാവകാശവുമില്ലാത്ത അവസ്ഥ. എന്നാൽ, മട്ടുപ്പാവിലെ പച്ചക്കറിക്കൃഷി, വൃക്ഷത്തൈ നടീൽ, ഉദ്യാനം ഒരുക്കൽ, പരിപാലനം, ഔഷധത്തോട്ടം ഒരുക്കൽ തുടങ്ങിയ പ്രവൃത്തികളിൽ കുടുംബാംഗങ്ങൾ സഹകരിക്കു ന്നപക്ഷം ഈ അന്തരീക്ഷം അപ്പാടെ മാറും. വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കിയെടുക്കുമ്പോൾ കുടും ബാംഗങ്ങൾ തമ്മിലുള്ള കെട്ടുറപ്പ് കൂടുന്നു. കുഞ്ഞുങ്ങൾ പൂച്ചട്ടികളിലും പച്ചക്കറിച്ചാക്കിലും പിടിച്ച് പിച്ചവച്ച് ചെടികളെ തൊട്ടുതലോടി ബാല്യത്തില്‍തന്നെ പ്രകൃതിയോട് അടുക്കട്ടെ.  

കൗമാരക്കാരുടെ സാമൂഹിക, മാനസിക, വ്യക്തിഗത ഉയർച്ചയെ  മൊബൈൽ ഫോണുകളുടെ അമിത ഉപയോഗം വല്ലാതെ ബാധിക്കുന്നു.  വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ അടച്ചിരിക്കാതെ പ്രകൃതിയിലേക്ക് ഇറങ്ങി ചെടികളെയും പൂക്കളെയും പരിചരിച്ചാൽ ജീവിതത്തിന്റെ അർഥപൂർണത തിരിച്ചറിയാൻ അവർക്ക് സാധിക്കും. ഒരു മരത്തെ നാം കെട്ടിപ്പിടിക്കുമ്പോൾ ശരീരത്തില്‍ ‘ഓക്സിറ്റോസിൻ’ എന്ന ഹോർമോൺ ഉൽപാദിപ്പിക്കുകയും  ദേഷ്യം, സമ്മർദം തുടങ്ങിയ വികാരങ്ങളെ നിയന്ത്രിക്കാന്‍  കഴിയുകയും ചെയ്യും.

ഹോർട്ടികൾച്ചറൽ തെറപ്പിയിലൂടെ ഭിന്നശേഷിക്കാരായ കുട്ടികളെ ജീവിതപാതയിൽ മുന്നേറാനും സ്വയം പര്യാപ്തരാക്കാനും അതുവഴി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനും  സാധിക്കും. ജന്മനാ ചലനവൈകല്യം, സംസാരവൈകല്യം, വ്യക്തിത്വ വൈകല്യം, ഓട്ടിസം തുടങ്ങിയ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സസ്യങ്ങളുമായുള്ള നിരന്തര സമ്പർക്കം ഗുണകരമെന്നു കണ്ടിട്ടുണ്ട്. ശാരീരിക വൈകല്യമുള്ള കുട്ടികൾക്ക്  മൺചട്ടി, ഗ്ലാസ് കണ്ടെയ്നർ, ചാക്കുകൾ തുടങ്ങിയവയിൽ ചെടികൾ വളർത്തിയെടുക്കാം. മണ്ണ് കിളയ്ക്കുന്നത് ഒഴിവാക്കുന്ന ‘no dig concept’ ഇവിടെ അവലംബിക്കാം. കുട്ടികളുടെ നാഡീചലനങ്ങൾ മെച്ചപ്പെടുത്തുന്നതിനു  സ്പോഞ്ച് ഉപയോഗിച്ചുള്ള നനയാകാം. സസ്യസംരക്ഷണം, സസ്യങ്ങൾക്ക് പേരു നൽകൽ, അവയുമായി ഇടപഴകൽ, കളപറിക്കൽ, വിളവെടുപ്പ് തുടങ്ങിയവയിൽ കുട്ടികളെ പങ്കെടുപ്പിക്കാം. തങ്ങൾ നട്ടു വളർത്തിയ ചെടികളിൽ കായ്കനികൾ ഉണ്ടാകുന്നതുകണ്ട് അവർക്ക് അഭിമാനിക്കാനും സഹപാഠികളും മറ്റു ള്ളവരുമായി അനുഭവങ്ങളും നേട്ടങ്ങളും പങ്കുവയ്ക്കാനു കഴിയും. കുട്ടികളിലെ അപകർഷതാബോധം മാറ്റി യെടുക്കാനും പ്രായോഗിക കഴിവുകൾ മനസ്സിലാക്കി, മെച്ചപ്പെട്ട ശാരീരികപ്രവർത്തനങ്ങൾ നടത്താനും സാധിക്കും.

കാഴ്ചവൈകല്യമുള്ളവർക്കായി സുഗന്ധ ഉദ്യാനം (Scent gardens) ഒരുക്കാം. അതായത്, സുഗന്ധവും മണവും കൊണ്ട് സസ്യങ്ങളെ തിരിച്ചറിയാൻ പ്രാപ്തരാക്കുന്ന വിധത്തിൽ ഉദ്യാനം ക്രമീകരിക്കാം. സ്പർശനം വഴിയും വിത്ത് അടങ്ങിയ ഉണങ്ങിയ കായ്കളുടെ കിലുക്കം വഴിയും അവർക്ക് പലതരം സസ്യങ്ങളെ തരംതിരിക്കാനാവുന്നു. ഋതുക്കളുടെ മാറ്റവും ഇലപൊഴിച്ചിലും എല്ലാം അവർക്ക് അറിയാൻ പറ്റുന്നു.

ഹോർട്ടിതെറപ്പി പ്രയോജനപ്പെടുന്ന മറ്റൊരു കൂട്ടർ ജോലിയിൽനിന്നു വിരമിച്ചവരാണ്. ചെറുപ്പം സൂക്ഷിച്ചു കൊണ്ടാണ് പലരും വിശ്രമജീവിതത്തിലേക്ക് ചുവടു വയ്ക്കുന്നത്. അധികമുള്ള  സമയത്തു മാനസികമായി ഉല്ലസിക്കാനും കായികക്ഷമത നേടാനും ജീവിതശൈലീരോഗങ്ങളെ അകറ്റിനിർത്താനും പൂന്തോട്ടപരിപാലനം സഹായിക്കും. തങ്ങളുടെ ചെറുപ്പകാലത്ത് സാക്ഷാൽക്കരിക്കാനാവാതെ പോയ കൃഷിതാൽപര്യം ആസ്വദിക്കാൻ ഇതൊരു അവസരമാകുകയും ചെയ്യും. ശരീരം ചലിച്ചുകൊണ്ടിരുന്നാൽ രോഗങ്ങളൊക്കെ അകലും. പണികൾ അധികം ആയാസമില്ലാതെ ചെയ്യണമെന്നുമാത്രം. ആയാസരഹിതമായി ഇരുന്ന് ചാക്ക് നിറയ്ക്കാനും നടാനും എളുപ്പം മട്ടുപ്പാവിലേക്ക് കയറാനുമൊക്കെ സംവിധാനമുണ്ടാക്കിയാൽ കൃഷി,  ചികിത്സയുടെ ഫലം ചെയ്യും. വെർട്ടിക്കൽ ഗാർ‍ഡൻ, ടെറേറിയം, ബോൺസായ് തുടങ്ങിയവയുടെ പരിപാലനം ഇവർക്ക് താരതമ്യേന എളുപ്പമാണ്. പൂജയ്ക്കായി പൂക്കൾ പറിക്കുന്നതും പൂമാല കോർക്കുന്നതുമെല്ലാം മുതി ർന്നവർക്ക് സന്തോഷം നൽകും.

horticulture-therappy-1

വീൽചെയറുകളെ ആശ്രയിച്ചു കഴിയുന്ന രോഗികൾക്കും കിടക്ക വിട്ട് എഴുന്നേൽക്കാൻ പറ്റാത്തവർക്കും ജനൽപ്പടികളിലും മറ്റും ചെടികൾ നട്ട് അകത്തള ഉദ്യാനം (Indoor garden) പരിപാലിക്കുന്നതും പുഷ്പാലങ്കാരം നട ത്തുന്നതും  ആഹ്ളാദദായകമാണ്. മറവിരോഗം ബാധിച്ചവർക്ക് ഓർമശക്തി വീണ്ടെടുക്കാൻ ഉദ്യാനചികിത്സ ഉപയോഗപ്പെടും. കോൺക്രീറ്റ് കാടുകൾക്കിടയിൽ അകപ്പെട്ടുപോയവർക്ക് നഗരത്തിലെ പാർക്കുകൾ ആശ്വാസമാണ്. അവിടെ സായാഹ്നങ്ങളിൽ സമയം ചെലവിടുന്നതും പ്രകൃതിയെ നിരീക്ഷിക്കുന്നതും മനസ്സിനും ശരീരത്തിനും ഒരുപോലെ ഊർജം പകരുന്നു. മനോരോഗ ചികിത്സാരംഗത്തും ഹോർട്ടികൾച്ചറൽ തെറപ്പിക്ക് ഏറെ സാധ്യതകളുണ്ട്. സ്കൂളുകൾ, ആശുപത്രികൾ, പുനരധിവാസകേന്ദ്രങ്ങൾ, തൊഴിൽ പരിശീലനകേന്ദ്ര ങ്ങൾ, മാനസികാരോഗ്യകേന്ദ്രങ്ങൾ, ജയിലുകൾ എന്നിവിടങ്ങളിൽ ഹോർട്ടികൾച്ചറൽ തെറപ്പി ഏറെ പ്രയോജനം ചെയ്യും. 

വെള്ളായണി കാർഷിക കോളജിലെ കമ്യൂണിറ്റി സയൻസ് വിഭാഗത്തിൻ കീഴിൽ ഭിന്നശേഷിയുള്ള കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് കേരള സാമൂഹിക സുരക്ഷാമിഷന്റെ നേതൃത്വത്തിലുള്ള പ്രോജക്ട് വഴിയും വിഭിന്നശേഷിയുള്ള കുട്ടികളുടെ പുനരധിവാസം സ്കൂളുകളിലൂടെ നടപ്പിലാക്കുന്ന പ്രോജക്ട് വഴിയും ഹോർട്ടികൾച്ചറൽ തെറപ്പി ചെയ്തുവരുന്നു.

മാനസികാരോഗ്യം വീണ്ടെടുക്കേണ്ടവർ മനസ്സിനെ നോവിപ്പിക്കുന്ന അനുഭവങ്ങളിൽ കൂടെ കടന്നുപോയവർ, മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നവർ, മഹാവ്യാധികൾക്ക് അടിമപ്പെട്ടവർ, ഉപേക്ഷിക്കപ്പെട്ടവർ, ഒറ്റപ്പെ ടുത്തപ്പെട്ടവർ, അനാഥർ എന്നിവർക്കെല്ലാം ഹോർട്ടികൾച്ചറൽ തെറപ്പി എന്ന ഉദ്യാനചികിത്സ ദിവ്യഔഷധം തന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com