ADVERTISEMENT

ഓഫിസ്  ഇടവേളകളിൽ കൃഷി ആരംഭിച്ചാലോ? കൃഷി ചെയ്യാൻ താൽപര്യമുണ്ട്, പക്ഷേ സ്ഥലമില്ല എന്നാണു മറുപടിയെങ്കിൽ ഉത്തരമുണ്ട്. ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുകളിലെ ടെറസിൽ തന്നെ കൃഷി ചെയ്യാം.  പണമൊന്നും അധികം ചെലവാകില്ല. കൃഷി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ മട്ടുപ്പാവ് (ടെറസ്) കൃഷി ആരംഭിക്കാം. 

മട്ടുപ്പാവ് കൃഷി

ഹ്രസ്വകാല കൃഷികളാണ് ഓഫിസുകളിലെ മട്ടുപ്പാവിൽ ഉത്തമം. തക്കാളി, വെണ്ട, വഴുതന, വെള്ളരി, പാവൽ, പടവലം, മത്തൻ, പയർ, ചീര, മുള്ളങ്കി, മുളക് മുതലായവ എളുപ്പത്തിൽ കൃഷി ചെയ്യാം. 

കൃഷി ആരംഭിക്കുന്നതിനു മുൻപ് ടെറസ് മുഴുവൻ ടാർപോളിൻ വിരിക്കണം. ടെറസിൽ മണ്ണുനിരത്തി കൃഷി ചെയ്യരുത്.  മൺചട്ടികളോ, ഗ്രോ ബാഗോ ഉപയോഗിക്കാം. 

കൃഷിവകുപ്പ് സഹായം

സ്ഥാപനങ്ങളുടെ കൃഷിക്ക് 100 ശതമാനം സാമ്പത്തിക സഹായമാണു സർക്കാർ നൽകുന്നത്. പ്രൊജക്ട് തയാറാക്കി കൃഷിഭവനു സമർപ്പിക്കണം. 1 ലക്ഷം രൂപ വരെ സഹായം ലഭിക്കും. 1 ലക്ഷം രൂപയ്ക്കു മുകളിലാണെങ്കിൽ ഡയറക്ടറേറ്റിൽനിന്ന് അനുമതി വാങ്ങണം. 

വ്യക്തികൾക്കും സർക്കാർ സഹായം നൽകുന്നുണ്ട്. 25 ഗ്രോ ബാഗിന് 2000 രൂപ ചെലവു വരുമ്പോൾ 1500 രൂപ സർക്കാർ സബ്സിഡി നൽകും. 500 രൂപ മാത്രമേ ഗുണഭോക്തൃ വിഹിതം വേണ്ടതുള്ളൂ. ഗ്രോ ബാഗിൽ തൈകളോ വിത്തുകളോ ആണു നൽകുക.  കൃഷി ഭവൻ വഴി നൽകുന്ന ഗ്രോ ബാഗിൽ 8 കിലോ മണ്ണ്, 1.5 കിലോ ചകിരിച്ചോർ കംപോസ്റ്റ്,  300 ഗ്രാം  മണ്ണിര കംപോസ്റ്റോ ചാണകമോ, 100 ഗ്രാം വീതം വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, 15 ഗ്രാം സൂക്ഷ്മ മൂലകങ്ങൾ അടങ്ങിയ വളം എന്നിവ കാണും. 25 യൂണിറ്റാണ് ഒരാൾക്കു നൽകുക.

ടെറസിനു മുകളിൽ ജി ഐ പൈപ്പ് ഉപയോഗിച്ചുള്ള തിരി നനയ്ക്ക് 4000 രൂപ ചെലവു വരുമ്പോൾ  2000 രൂപ സബ്സിഡിയുണ്ട്. ഫാമിലി ഡ്രിപ് ഇറിഗേഷന് 10000 രൂപയാണു ചെലവു വരുന്നതെങ്കിൽ 75 ശതമാനം സബ്സിഡി നൽകും. 

ടെറസിനു മുകളിൽ മഴമറ കൃഷി ചെയ്യാനും സാമ്പത്തിക സഹായം നൽകുന്നുണ്ട്. 10 സ്ക്വയർ മീറ്ററിന് 5000 രൂപയാണു  സബ്സിഡി . 100 സ്ക്വയർ മീറ്ററുണ്ടെങ്കിൽ അരലക്ഷം രൂപ സബ്സിഡി ലഭിക്കും. 

(വിവരങ്ങൾക്ക് കടപ്പാട്: വി.ലത, കൃഷി അസിസ്റ്റന്റ് ഡയറക്ടർ, കണ്ണൂർ, lathavakkada@gmail.com)

നാലുനിലകളുടെ മുകളിലെ കൃഷി

ജോലിക്കിടെയുള്ള വിരസത എങ്ങനെ മാറ്റാമെന്ന ചിന്തയാണ് ഷിബിൻ എം. വൈദ്യർ എന്ന ഗ്രാഫിക് ഡിസൈനറെ ഓഫിസിൽ കൃഷി ചെയ്യാൻ പ്രേരിപ്പിച്ചത്.

കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിൽ സഫ ബിൽഡിങ്ങിന്റെ നാലാം നിലയുടെ ടെറസിനു മുകളിൽ  ഇപ്പോൾ വൈറ്റ് മാജിക് എന്ന സ്ഥാപനത്തിന്റെ ഉടമ ഷിബിന്റെ കൃഷിയിടമാണ്. 80 ഗ്രോ ബാഗ് തക്കാളി, 50 ഗ്രോബാഗ് പച്ചമുളക്, 50 ഗ്രോബാഗ് വെണ്ട, 20 ഗ്രോ ബാഗിൽ പയർ, ചീര, വഴുതന, ശീതകാല പച്ചക്കറികൾ എന്നിങ്ങനെ 300 ഗ്രോബാഗിൽ ഷിബിന്റെ കൃഷിയാണ്. മൂന്നുവർഷമായി ഷിബിൻ കൃഷി തുടങ്ങിയിട്ട്.  

കെട്ടിട ഉടമയായ സുഹൃത്ത് ഷഫീഖ് കൂടെനിന്നു. മണ്ണുംവളവുമെല്ലാം വീട്ടിൽ നിന്നു കൊണ്ടുവന്നു. നാലുനിലയ്ക്കു മുകളിൽ അൽപം പ്രയാസപ്പെട്ടാണെങ്കിലിും എത്തിച്ചു. രാവിലെ 8 മണിക്ക് എത്തി ഒരു മണിക്കൂർ കൃഷിയിടത്തിൽ ജോലി ചെയ്യും. വൈകിട്ട് 1 മണിക്കൂറും. 

ഫോൺ: 7909140323 (ഷിബിൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com