ADVERTISEMENT

ജീവനി പദ്ധതി പ്രകാരം ഓർഡർ അനുസരിച്ച് തൈകൾ ഉൽപാദിപിച്ച് നൽകുന്ന തിരക്കിലാണ് കോന്നിയിലെ മോഡൽ അഗ്രോ സർവീസ് സെന്റർ. സ്ഥാപനാധിഷ്ഠിത പച്ചക്കറി കൃഷിക്കും മറ്റുമായി 75,000 പുതിയ തൈകളാണ് കഴിഞ്ഞ മാസം പുതിയതായി മുളപ്പിച്ച് പാകമാക്കിയെടുത്തത്. പരമ്പരാഗത പച്ചക്കറി വിളകളായാലും പുത്തൻ പഴവർഗങ്ങൾ ആയാലും ആവശ്യക്കാർക്ക് തൃപ്തികരമായ വിലയിൽ എത്തിച്ചുനൽകും. സെന്ററിനോടനുബന്ധിച്ചും ആനക്കൂട് റോഡിലും ഇതിനായി പോളിഹൗസുകളും ഒരുക്കിയിട്ടുണ്ട്. പ്രമാടം കൃഷിഭവന്റെ കീഴിലാണ് സ്ഥാപനം. 

സേവനങ്ങൾ

  • വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പ്രോജക്ട് അനുസരിച്ച് പച്ചക്കറി തോട്ടങ്ങളൊരുക്കി കൊടുക്കും. ആവശ്യമുള്ള പച്ചക്കറികളും കൃഷിചെയ്യേണ്ട സ്ഥലവും എല്ലാം ഉൾപ്പെടുന്ന പദ്ധതി സമർപ്പിച്ച് അപേക്ഷ വയ്ക്കാം. ജോലിക്കാരുടെ കൂലിയും തൈകളുടെ വിലയും മാത്രം ഈടാക്കിയാണ് ഈ സേവനം.
  • പോളിഹൗസുകളും മഴമറകളും ആവശ്യാനുസരണം നിർമിച്ചു നൽകുകയും പരിപാലനം മനസ്സിലാക്കി കൊടുക്കുകയും ചെയ്യും.
  • ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കൃഷിക്ക് തുള്ളിനന, തിരിനന രീതികൾ ഒരുക്കും.
  • കാട് വെട്ട്, നിലമൊരുക്കൽ, കൊയ്ത്ത് തുടങ്ങിയ കാര്യങ്ങൾ‌ക്ക് കാർഷിക യന്ത്രങ്ങളുടെ സേവനം (ജോലിക്കാർ സഹിതം) ലഭ്യമാക്കും.
  • വിവിധ പഴവർഗങ്ങളുടെയും ഹൈബ്രിഡ് പച്ചക്കറി ഇനങ്ങളുടെയും തൈകളും വിത്തുകളും ലഭ്യം. ഹൈബ്രിഡ് തെങ്ങിൻതൈകൾ മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽനിന്ന് എത്തിച്ചുനൽകും.
  • എല്ലാവിധ കാർഷിക സാമഗ്രികളും ജൈവവവളങ്ങൾ, കീടനാശിനികൾ, പഞ്ചഗവ്യം, ജൈവ കീടനാശിനി എന്നിവയും ലഭ്യം.
  • കൃഷി ആരംഭിച്ച എല്ലാ ഇടങ്ങളിലും തുടർപരിചരണം ലഭ്യമാക്കും. ‌
  • വെർട്ടിക്കൽ ഗാർഡൻ, കർട്ടൻ ഗാർഡൻ ഇവയും തയാറാക്കി നൽകും. തൈകൾക്കും സേവനങ്ങൾക്കും വിളിക്കുക: 9946251163.

35 ലക്ഷം തൈകൾ നൽകി വെച്ചൂച്ചിറ സെന്റർ

vechuchira
വെച്ചൂച്ചിറ അഗ്രോ സർവീസ് സെന്ററിന്റെ കൂത്താട്ടുകുളം നഴ്സറിയിൽ വളർന്നു നിൽക്കുന്ന പച്ചക്കറി തൈകൾ

ആറു വർഷത്തിനിടെ വെച്ചൂച്ചിറ അഗ്രോ സർവീസ് സെന്ററിൽ നിന്നു വിതരണം ചെയ്തത് 35 ലക്ഷത്തോളം പച്ചക്കറി, ഫലവൃക്ഷ തൈകൾ. റാന്നി ബ്ലോക്കിൽ മാത്രമല്ല സമീപ പ്രദേശങ്ങൾക്കും കൈത്താങ്ങായി മാറുകയാണ് സെന്ററിന്റെ സേവനം.  കാർഷിക വികസന കർഷക ക്ഷേമ വകുപ്പിനു കീഴിൽ 2012–13 വർഷത്തിലാണ് അഗ്രോ സർവീസ് സെന്റർ തുറന്നത്. കാർ‌ഷിക മേഖലയായ വെച്ചൂച്ചിറയാണ് ആസ്ഥാനം. റാന്നി, അങ്ങാടി, പഴവങ്ങാടി, നാറാണംമൂഴി, പെരുനാട്, ചിറ്റാർ, സീതത്തോട്, വടശേരിക്കര എന്നീ പഞ്ചായത്തുകൾ കൂടാതെ തിരുവല്ല, പുല്ലാട് ബ്ലോക്കുകളിലും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, വാഴൂർ ബ്ലോക്കുകളിലും സേവനം ലഭ്യമാക്കുന്നു.

കൃഷിയിടങ്ങൾ യന്ത്ര സംവിധാനങ്ങൾ ഉപയോഗിച്ച് ചെലവു കുറഞ്ഞ രീതിയിൽ ഒരുക്കി കൊടുക്കുന്നതിന് ആരംഭിച്ച സെന്ററാണിത്. പരിശീലനം ലഭിച്ച 15 അംഗ തൊഴിൽസേനയാണ് കേന്ദ്രത്തിന്റെ കരുത്ത്. കൃഷി വകുപ്പ് മുഖേനയുള്ള പ്രവൃത്തികൾ കേന്ദ്രം ഏറ്റെടുത്തു നടത്തുന്നു. പച്ചക്കറി, ഫലവൃക്ഷ തൈ ഉൽപാദനം, കുരുമുളക് വള്ളികൾ വേരു പിടിപ്പിച്ചു നൽകൽ, ഗ്രോ ബാഗ് നിറച്ചു നൽകൽ, വിത്ത്, ചെടിച്ചട്ടി വിതരണം എന്നിവയാണ് കേന്ദ്രത്തിൽ നിന്നു ലഭിക്കുന്ന സേവനങ്ങൾ. കൂത്താട്ടുകുളത്താണ് നഴ്സറി. പഴവങ്ങാടി പഞ്ചായത്തിൽ ബയോ ഫാർമസി യൂണിറ്റും ഇക്കോ ഷോപ്പും പ്രവർത്തിക്കുന്നു. കഴിഞ്ഞ മാസം 30,000ത്തോളം തൈകൾ വിതരണം ചെയ്തു. 60,000 തൈകൾ ഇപ്പോൾ വിതരണത്തിന് പാകമായി നിൽക്കുന്നു. 2 കോടി രൂപയാണ് ഇതുവരെ കേന്ദ്രം നേടിയ വരുമാനം. 

മറ്റു സേവനങ്ങൾ:

  • കിച്ചൺ പോളിഹൗസുകൾ നിർമിച്ചു നൽകും.
  • 2.5 വർഷത്തിനിടെ കായ്ക്കുന്ന മലയിൻ, ഗ്രീൻഡാർക്ക്, ചാവക്കാട് തെങ്ങിൻ തൈകളു‌ടെയും നാടന്റെയും വിതരണം.
  • കാട് വെട്ട്, സ്ഥലം ഒരുക്കൽ എന്നിവ ചെയ്തു കൊടുക്കും. പണിക്കാരുടെ സേവനവും ഇതിനു ലഭ്യമാക്കും.
  • കൃഷിയിടങ്ങളിൽ ജലസേചന സൗകര്യം ലഭ്യമാക്കും.
  • മഴ മറ നിർമാണത്തിനു സഹായിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com