ദേ, ഈ കരിക്ക് കഴിക്കാനുള്ളതല്ല, ചെടി നടാനുള്ളതാണ്

HIGHLIGHTS
  • പാട്ടത്തിനെടുത്ത മൂന്നേക്കർ സ്ഥലത്ത് കൃഷി
suresh-1
SHARE

ചിത്രം കണ്ടാൽ ഒറിജിനൽ കരിക്ക്, പക്ഷേ നേരിട്ട് കണ്ടാലോ... അടിപൊളി ചെടിച്ചട്ടി. തിരുവനന്തപുരം പെരുകാവ് സ്വദേശി സുരേഷ് ശരിധരന്റെ വീട്ടിലെത്തിയാൽ ഇത്തരത്തിലുള്ള ഒരുപാട് കൗതുക നിർമിതികൾ കാണാം. സ്വന്തം വീടിന്റെ പേര് ആലേഖനം ചെയ്ത ചെറു വഞ്ചിയും വിവിധ രൂപത്തിലുള്ള ചെടിച്ചട്ടികളും ഇവിടെയുണ്ട്.

മനസിലുദിക്കുന്ന ആശയം ഒഴിവുസമയങ്ങളിൽ പ്രാവർത്തികമാക്കുകയാണ് ഈ ചെറുപ്പക്കാരൻ. ഏറ്റവും ഒടുവിൽ നിർമിച്ചതാണ് കരിക്ക് രൂപത്തിലുള്ള ചെടിച്ചട്ടി. വാഴത്തട ഉപയോഗിച്ച് രൂപം നിർമിച്ചശേഷം വെൽഡ് മെഷ് ചുറ്റിയെടുത്തു. അതിനുശേഷം ചാന്ത് ഉപയോഗിച്ച് പൊതിയുകയാണ് ചെയ്തത്. നീർവാർച്ചയ്ക്കായി അടിയിൽ സുഷിരം നൽകുന്നുണ്ട്. ശേഷം ചതുരാകൃതിയിലുള്ള പ്ലാറ്റ്ഫോമിൽ ഉറപ്പിച്ചു. നിലവിൽ വീട്ടിലെ ഉദ്യാനത്തിലേക്കാണ് സുരേഷ് കരിക്ക് ചെടിച്ചട്ടി നിർമിച്ചിരിക്കുന്നത്. 

suresh
സുരേഷ്

സമാന രീതിയിൽത്തന്നെയാണ് വള്ളം നിർമിച്ചത്. വള്ളത്തിന്റെ ഉൾവശത്തിന്റെ രൂപത്തിൽ മണ്ണ് കൂനകൂട്ടിയശേഷം വെൽഡ് മെഷ് കെട്ടിയെടുത്തു. അതിലേക്ക് ചാന്ത് തേച്ചുപിടിപ്പിച്ച് വള്ളം നിർമിക്കുകയായിരുന്നു. പണികൾ പൂർത്തിയായശേഷം കറുത്ത പെയിന്റ് കൂടി പൂശിയപ്പോൾ വള്ളം സിമിന്റിൽ നിർമിച്ചതാണെന്ന് ആരും പറയില്ല. ഇതുപോലെ പെയിന്റ് ബക്കറ്റുകൾ ഉപയോഗിച്ചും സുരേഷ് ചെടിച്ചട്ടികൾ നിർമിക്കുന്നുണ്ട്. തണ്ണിമത്തൻ ഉപയോഗിച്ചുള്ള ചെറു ചട്ടികളും ഒട്ടേറെ. അകത്തളങ്ങളിലെ അലങ്കാരത്തിന് ഇത്തരം തണ്ണിമത്തൻ ആകൃതിയിലുള്ള ചട്ടികൾ അനുയോജ്യമാണെന്ന് സുരേഷ് പറയുന്നു. 

ഇപ്പോൾ സ്വന്തം ഉദ്യാനത്തിലേക്കു മാത്രമാണ് ഇവ നിർമിച്ചിരിക്കുന്നതെങ്കിലും ഭാവിയിൽ വാണിജ്യാടിസ്ഥാനത്തിൽ ചെടിച്ചട്ടികൾ നിർമിക്കാനും സുരേഷിനു പദ്ധതിയുണ്ട്. കരാറടിസ്ഥാനത്തിൽ പെയിന്റിങ് ജോലികൾ ഏറ്റെടുത്തു നടത്തുന്ന സുരേഷ് ഒരു കർഷകനുംകൂടിയാണ്. പാട്ടത്തിനെടുത്ത മൂന്നേക്കർ സ്ഥലത്ത് വാഴ, ചോളം, കപ്പ, കാച്ചിൽ, ചേന, വിവിധ തരം പച്ചക്കറികൾ എന്നിങ്ങനെ എല്ലാവിധ വിളകളും കൃഷിചെയ്യുന്നുണ്ട്. പൂർണമായും പ്രകൃതിസൗഹൃദ കൃഷിയാണ് സുരേഷിന്റെ രീതി. അതുകൊണ്ടുതന്നെ തോട്ടത്തിൽ ആമയും തവളയും നീർക്കോലിയുമൊക്കെ നിത്യ കാഴ്ചയാണ്.

ഫോൺ: 8848953637

ചെടിച്ചട്ടി നിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ വിഡിയോ രൂപത്തിൽ കാണാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
FROM ONMANORAMA