പ്രീതയ്ക്കു പ്രിയം പായൽപ്പന്തുകളും അവയിലെ കൗതുക പരീക്ഷണങ്ങളും

HIGHLIGHTS
  • ചെടികൾ തൂക്കിയിട്ടു വളർത്തുന്ന സ്ട്രിങ് ഗാർഡൻ
  • തൂക്കിയിട്ടു മാത്രമല്ല, നിലത്തും കൊക്കഡാമ ക്രമീകരിക്കാം
preetha
പ്രീത
SHARE

ബോൺസായ് പോലെ കൊക്കഡാമയും ജപ്പാൻകാരുടെ ഉദ്യാനകലയാണ്. കര്‍ഷകശ്രീയുടെ 2015 ഒക്ടോബര്‍ ലക്കത്തില്‍ കൊക്കഡാമയെ പരിചയപ്പെടുത്തിയിരുന്നു. ജാപ്പനീസ് ബുദ്ധമത ആശ്രമങ്ങളിലൂടെയാണ് ബോൺസായ് ചെടിപരിപാലന ശൈലി വികസിച്ചത്. ക്ഷമയുടെയും ഏകാഗ്രതയുടെയും പ്രശാന്ത സുന്ദരമായ പശ്ചാത്തലമുണ്ട് ഓരോ ബോൺസായ്ക്കും. സമാനമാണ് കൊക്കഡാമയുടെ കാര്യവും. മണ്ണും തുണിയും ചരടുകളും പായലുമെല്ലാം പാളികളാക്കി ചെടിയുടെ ചുവടിനെ പൊതിഞ്ഞെടുക്കുന്ന കൊക്കഡാമ തയാറാക്കാനും വേണം ക്ഷമയും ശ്രദ്ധയും. മോസ് ബോൾ അല്ലെങ്കിൽ പായൽപ്പന്ത് എന്നാണ് കൊക്കഡാമ എന്ന വാക്കിനർഥം. ചെടി വളരുന്ന പായൽപ്പന്തുകൾ തൂക്കിയിട്ടു വളർത്തുകയാണ് സാധാരണ രീതി. പായലിന്റെ പച്ചപ്പും പരുക്കൻ രൂപവും ഇഷ്ടപ്പെടുന്ന ഉദ്യാനപ്രേമികൾക്കാണ് കൊക്കഡാമ ഇഷ്ടപ്പെടുക.  കേരളത്തിൽ കൊക്കഡാമ ആസ്വാദകർ വർധിക്കുന്നുണ്ടെങ്കിലും നിർമിക്കാനറിയുന്നവർ കുറയും.

preetha-1

ചെടികൾ തൂക്കിയിട്ടു വളർത്തുന്ന സ്ട്രിങ് ഗാർഡൻ ഉൾപ്പെടെ അകത്തള ഉദ്യാനശൈലികളോട് തിരുവനന്തപുരം വർക്കല പനയറ താഴത്തുവീട്ടിൽ പ്രീത പ്രതാപിനു പണ്ടേ ഇഷ്ടം. ചില്ലുകുപ്പി മുതൽ ചക്കമടലും പിസ്താ നട്ടിന്റെ പുറന്തോടുംവരെ കയ്യിലെത്തുന്ന എന്തും ഉദ്യാനകലയുടെ ഭാഗമാക്കും പ്രീത. സുവോളജിയിലും മെഡിക്കൽ ലാബ് ടെക്നോളജിയിലും ബിരുദമുള്ള പ്രീത ജോലി വിട്ട് വീട്ടുകാര്യങ്ങളിൽ മുഴുകാൻ തുടങ്ങിയപ്പോഴാണ് കൊക്കഡാമയിലും ശ്രദ്ധവയ്ക്കുന്നത്. കൊക്കഡാമ നിർമാണം അറിയുന്നവർ കുറവാണെന്നതിനാൽ ഇൻറർനെറ്റ് തന്നെയായിരുന്നു പഠന സഹായി. ഇന്നു പക്ഷേ താൽപര്യപ്പെട്ട് എത്തുന്നവർക്കു പരിശീലനം നൽകുന്നുമുണ്ട്.  ചകിരിച്ചോറും ചാണകപ്പൊടിയും അൽപം മണ്ണും ചേർന്ന മിശ്രിത‌മാണു പായൽപ്പന്ത് ഉരുട്ടിയെടുക്കാൻ പ്രയോജനപ്പെടുത്തുന്നത്. നടീൽമിശ്രിതം ചെടിയുടെ ചുവട്ടിൽ ഉരുട്ടി‌യെടുത്ത് തുണിയും ചരടും ഒടുവിൽ പായലുമൊക്കെ പൊതിയാൻ നല്ല ക്ഷമ വേണം. 2–3 ദിവസം കൂടുമ്പോൾ വെള്ളത്തിലും വല്ലപ്പോഴുമെങ്കിലും ചാണകവെള്ളത്തിലും പായൽപ്പന്തു മുക്കിയെടുക്കണം. തൂക്കിയിട്ടു മാത്രമല്ല, നിലത്തും കൊക്കഡാമ ക്രമീകരിക്കാം. പീത്‌സ തോടുകൊണ്ട് അലങ്കരിക്കുന്നതുൾപ്പെടെ കൊക്ക ഡാമയിൽ കൗതുക പരീക്ഷണങ്ങളും പ്രീത നടത്തുന്നുണ്ട്.

ഫോൺ: 8547302610   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
FROM ONMANORAMA