ADVERTISEMENT

വീട്ടുമുറ്റത്തു വേനൽക്കൃഷി തുടങ്ങാൻ ഇതാണു നല്ല നേരം. രാജ്യം മുഴുവൻ കോവിഡ് സുരക്ഷ വർധിപ്പിച്ചതോടെ സ്കൂളും ഓഫിസും എല്ലാം വീട്ടിലേക്കൊതുങ്ങി. അടുക്കളയിൽ തിരക്കോടു തിരക്ക്. പുറത്തിറങ്ങാതെ ജീവിക്കാൻ പഠിക്കുന്ന കാലമായതിനാൽ ഷോപ്പിങ് കുറച്ച് വീട്ടുകൃഷിയിലേക്കും പാരമ്പര്യപാചകത്തിലേക്കും തിരിയാൻ അനുയോജ്യമായ സമയം. ചൈനയിൽ ജോലിയെല്ലാം നിർത്തി ഒരു മാസം വീട്ടിലിരുന്നപ്പോഴാണ് പാരമ്പര്യപാചകത്തിന്റെ തനിമയും നന്മയും പുതുതലമുറ തിരിച്ചറിഞ്ഞത്.

ക്വാറന്റീൻ കാലത്ത് പരീക്ഷിച്ച പാചകക്കുറിപ്പുകൾ ഇപ്പോൾ വൻ വൈറൽ ആണ്. ഇറ്റലി ഉൾപ്പെടെ ക്വാറന്റീനിൽ കഴിയുന്ന രാജ്യങ്ങളിലൊക്കെ പാരമ്പര്യപാചകവും രുചിയും തിരികെയെത്തുകയാണ്.

കേരളത്തിൽ കൃഷി ചെയ്യുന്ന തണ്ണിമത്തനും പൊട്ടുവെള്ളരിയും കരിക്കും ഉഷ്ണമകറ്റാൻ നല്ലതാണെങ്കിലും കോവിഡിനെ പ്രതിരോധിക്കാൻ നമ്മൾ വീട്ടിലിരിക്കുമ്പോൾ കറി വയ്ക്കാനും എന്തെങ്കിലും വേണ്ടേ?

അവധി നേരത്തെയെത്തിയ കുട്ടികളുടെ നാവിനു പിടിക്കാത്ത കറി 2 ദിവസം അടുപ്പിച്ചു വിളമ്പിയാൽ ആ നാവിൽനിന്ന് എന്തെല്ലാം കേൾക്കേണ്ടിവരും. വേനൽച്ചൂടിൽ പഴങ്ങൾക്കൊപ്പം പ്രധാനമാണ് ഇലക്കറികളും. വേഗത്തിൽ ഇലക്കറി ഒപ്പിക്കാൻ ചീരയെക്കാൾ നല്ലതു പയറാണ്.

ജനതാ കർഫ്യൂ ദിനത്തിൽ വെയിലിനു മുൻപേ ഒന്നു കിളച്ചാലോ?

വീടിനു സമീപം ഒരു സെന്റ് സ്ഥലം ഒഴിവുണ്ടെങ്കിൽ അവിടെ ഒന്നു നനച്ചു കിളച്ചു വീട്ടിലുള്ള ഒരു പിടി പയർമണി വിതയ്ക്കാം. രണ്ടാഴ്ച കഴിയുമ്പോൾ ഇല കിള്ളി കറിവയ്ക്കാൻ തുടങ്ങാം. ഇലകിള്ളുമ്പോൾ ചെടിയുടെ കട പറിയരുത് വളർച്ച മുരടിക്കും. എല്ലാ ദിവസവും നനച്ചാൽ അടുത്ത 2 മാസത്തേക്കു കുടുംബത്തിൽ നല്ല ഇലക്കറി ഫ്രീ. വേഗം വളരുന്ന വള്ളിച്ചെടിയായതിനാൽ ഇപ്പോൾ വിത്തുകുത്തിയാലും മതി, ഒട്ടും വൈകിയിട്ടില്ല.

ഇനി നിലത്ത് നടാൻ കഴിഞ്ഞില്ലെങ്കിൽ മൈക്രോ ഗ്രീൻ ആയി പയറിനങ്ങൾ വളർത്തിയെടുക്കാം. മൈക്രോഗ്രീൻ എങ്ങനെ തയാറാക്കാം എന്നതിനെക്കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒന്നു മുറ്റത്തിറങ്ങി കടപ്ലാവും പ്ലാവും തിരി (പൂവ്) ഇട്ടോ എന്നു നോക്കാം

ക്ഷാമകാലത്തെ ഏറ്റവും വലിയ വരമാണു ചക്കയും കടച്ചക്കയും. കുറെക്കാലമായി രണ്ടുപേരെയും നമ്മൾ ഉപേക്ഷിച്ച മട്ടാണ്. പണ്ടത്തെപ്പോലെ വേനലിനു നനയ്ക്കുന്ന പതിവൊന്നുമില്ല. ഇത്തവണ ഒന്നു നനയ്ക്കണം, ചക്കത്തിരി തുടംവച്ചു തുടങ്ങുമ്പോൾ മുതൽ കറിയാണ്. സ്വാദിഷ്ടമായ ഇടിച്ചക്ക. ചക്ക വിളഞ്ഞാലും ചുള പറിച്ചു കറിയാക്കാം. പീരയിട്ടു പുഴുങ്ങിയാൽ ചോറിനു പകരം തിന്നാം.

കുരുവിന്റെ ഗുണം പറയേണ്ടല്ലോ, കടച്ചക്കയുടെ കാര്യവും അതുതന്നെ, വെള്ളവും വളവുമുണ്ടെങ്കിൽ മരം മുഴുവൻ ചക്ക തൂങ്ങും. പഴുത്താൽ അൽപം മധുരിക്കും. അപ്പോൾ പുഴുങ്ങിയാൽ വിരൽ കടിച്ചുപോകും. തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി വരവു കുറഞ്ഞാൽ വീട്ടുമുറ്റത്തെ സൂപ്പർ സ്റ്റാറാണു കടച്ചക്ക. ദിവസവും കഴിച്ചാലും മടുക്കില്ല. കാ വറുക്കും പോലെ കടച്ചക്ക വറുത്തു കഴിച്ചിട്ടുണ്ടോ? കുറച്ചു കുരുമുളകു പൊടിയും ഉപ്പും വിതറി ഒന്നു കഴിച്ചു നോക്കണം... ഉറപ്പാണ് പിന്നെ മറക്കില്ല.

‘‘മുറ്റത്തൊരു പപ്പായയുണ്ടെങ്കിൽ’’

എന്നാഗ്രഹിച്ചു പോകുന്ന ദിവസങ്ങളാണിത്. വേനൽക്കാല രോഗങ്ങളെ ചെറുക്കാനും പപ്പായ പോലൊരു വിദ്വാനില്ല. ചക്കപോലെ തന്നെ പഴുത്താൽ പഴം, അല്ലെങ്കിൽ കറി. ഇനിയിപ്പോൾ നട്ടു വളർത്തിയെടുക്കാൻ സമയമില്ല. മുറ്റത്തോ പറമ്പിലോ ഒരെണ്ണം സ്വയം മുളച്ചു വളർന്നു നിൽക്കുന്നുണ്ടെങ്കിൽ ദിവസവും നനച്ചു പൊന്നുപോലെ നോക്കിക്കോ, വലിയ ഉപകാരിയാണ്.

കുല മാത്രം വെട്ടിയാൽ മതി പിണ്ടി കടയോടെ അവിടെ നിന്നോട്ടെ, ഉപകാരപ്പെടും

കുടപ്പൻ(കൂമ്പ്) ഒടിച്ചു കറിവച്ചു കുലയും വെട്ടി തിരിഞ്ഞുനോക്കാതെ പോരുന്ന പരിപാടി നമുക്കു നിർത്താം. ഒരുപാടു നാരുള്ള പിണ്ടി ഒരു ആഢംബരമാണ്, ഇതുവരെ പിണ്ടിക്കറി കഴിക്കാത്ത കുട്ടികൾക്ക് ഇത്തരം ഗുണമുള്ള കറികൾ വിളമ്പാൻ ഏറ്റവും നല്ല അവസരം ഇതാണ്. കുനു കുന ചതുരത്തിൽ മുറിച്ചു പിണ്ടി ഉപ്പിലിടുന്ന ഒരു പരിപാടിയുണ്ട്.

അതിൽ കടുകു പരിപ്പും കാന്താരി മുളകും ചേർത്തു കള്ളുചോറുക്ക (വിനാഗിരി) ഒഴിച്ചു കുറച്ചു ദിവസം വയ്ക്കണം. പിണ്ടി അച്ചാറെന്നാണു പറയുന്നതെങ്കിലും എണ്ണയിൽ മൂപ്പിക്കാനോ ചുവന്നമുളകു ചേർക്കാനോ നോക്കരുത്, രുചി കുറയും. വേണമെങ്കിൽ കുറച്ചു വെളിച്ചെണ്ണയിൽ ചുവന്നുള്ളി ഉടച്ച് ആവശ്യത്തിനു ചേർത്തു കഞ്ഞി കുടിക്കാം.

കായ മാത്രമല്ല ഇലയും കറി വയ്ക്കാം... കോവൽ മിടുക്കനാണ്

പയറില കറി വയ്ക്കുന്നപോലെ നമ്മൾ കോവലിന്റെ ഇല വ്യാപകമായി കറിവയ്ക്കാറില്ല. ഒരിക്കൽ വച്ചാൽ അറിയാം  അതിന്റെയൊരു സാധ്യത. ഒറ്റക്കാര്യം ശ്രദ്ധിച്ചാൽ മതി ഇല നന്നായി മുറിച്ചു കുറച്ചു നേരം ഉപ്പിട്ട വെള്ളത്തിൽ മുക്കിവച്ചു കോരിയെടുക്കണം.  ചെറിയ കട്ടുണ്ട് (കയ്പ്) വെള്ളത്തിൽ മുങ്ങിക്കിടക്കുമ്പോൾ അതങ്ങു പോകും.

ഫിലിപ്പീൻസിലും മറ്റും മരച്ചീനിയുടെ ഇലയും കറി വയ്ക്കാറുണ്ട്. ഇലയുടെ കട്ടും ചവർപ്പും കളയാൻ അവർക്കു മാത്രം അറിയാവുന്ന എന്തോ വിദ്യ പ്രയോഗിച്ച ശേഷമാണു മരച്ചീനിയില കറി വയ്ക്കുന്നത്. മുരിങ്ങയിലയെക്കാൾ രുചികരമാണു മരച്ചീനിയിലയെന്നാണു കഴിച്ചിട്ടുള്ളവർ പറയുന്നത്. പക്ഷേ, തൽക്കാലം അതു പരീക്ഷിക്കേണ്ട, പോരാത്തതിനു സമയവും അത്ര നന്നല്ല.

വിലകൂടും മുൻപേ വാങ്ങിക്കോ, ഉണക്കമീനും ചെമ്മീനും

നോമ്പില്ലാത്തവർക്ക് ഏതു പച്ചക്കറിയോടും ഒപ്പം ചേർക്കാൻ ഉണക്കച്ചെമ്മീനല്ലാതെ മലയാളിക്ക് മറ്റെന്തുണ്ട്? കോവിഡും പക്ഷിപ്പനിയും മാടുദീനവും വന്നതോടെ ബീഫ്, കോഴി, താറാവ്, മുട്ട എല്ലാം പന്തികേടായി നിൽപാണ്. കൂട്ടമായി മീൻപിടിക്കാൻ പോകുന്ന പതിവും കോവിഡ് സുരക്ഷ നോക്കി ഏതാണ്ടു നിലച്ചു വരുന്നു. നോൺവെജ് കഴിക്കുന്നവർക്കു പിന്നെ ആശ്രയം ഉണക്കമീനും ചെമ്മീനുമല്ലാതെ മറ്റെന്താണ്. രണ്ടും പീരയൊതുക്കിയാലും ചമ്മന്തിയരച്ചാലും വേറൊരു കറിയില്ലെങ്കിലും കാര്യം നടക്കും.

ചേന, ചേമ്പ്, കൂർക്ക, ഉരുളക്കിഴങ്ങ്, കുമ്പളങ്ങ, കാബേജ്, കാരറ്റ്..... ഷെൽഫ് ലൈഫ് കൂടുതലാണ്

എളുപ്പം ചീഞ്ഞുപോവാത്ത പച്ചക്കറി ഇനങ്ങളും കിഴങ്ങു വർഗങ്ങളും അത്യാവശ്യം ശേഖരിച്ചാൽ വരും ദിവസങ്ങളിൽ അയൽക്കാരെയും സഹായിക്കാൻ കഴിയും. പരിപ്പ്, പയർ, കടല ഇനങ്ങളും അത്യാവശ്യം സംഭരിക്കാം. 10 വീട്ടുകാർക്കു വേണ്ടത് ഒറ്റയ്ക്കു ശേഖരിച്ചു വയ്ക്കരുത്. കമ്പോളം കാലിയാക്കിയാൽ നാട്ടുകാർ സംഘടിച്ചു വീടുകൾ റെയ്ഡ് ചെയ്യാൻ തുടങ്ങും.

പുള്ളക്കഞ്ഞി കുടിച്ചിട്ടുണ്ടോ?

ക്ഷാമകാലത്തെ കഞ്ഞിയാണു ‘പുള്ളക്കഞ്ഞി’. വേവു കുറഞ്ഞ അരിയോടൊപ്പം പയറോ പരിപ്പോ വേവിച്ചെടുത്ത് അതിൽ ഉള്ളിയും പച്ചമുളകും ഉടച്ചിട്ട് അച്ചാറോ പപ്പടമോ കൂട്ടിക്കഴിക്കാവുന്ന സമ്പുഷ്ടാഹാരമാണിത്. വേവു കുറഞ്ഞ അരിയാകുമ്പോൾ പാചകവാതകവും ലാഭിക്കാം. പപ്പടം എണ്ണയിൽ വറുക്കാതെ ചുട്ടെടുത്താൻ എണ്ണയും ലാഭം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com