അലങ്കാര ഇലച്ചെടികൾ വാടകയ്ക്കു നൽകുന്ന സംരംഭത്തിനു കേരളത്തിലും സ്വീകാര്യതയേറുന്നു. തിരുവാങ്കുളം പാലച്ചുവട് തേക്കാനത്തു വീട്ടിൽ ഡയാന ജോർജിൻ ഈ രംഗത്തെ മുൻനിര സംരംഭകരിലൊരാൾ. ബെം ഗളൂരുവിൽ ഐടി മേഖലയിൽ ജോലി ചെയ്തിരുന്നവരാണ് ഡയാനയും ഭർത്താവു ജോർജിനും. നഗരത്തിരക്കിലും ജോലിത്തിരക്കിലുമായിരുന്നു ജീവിതമെങ്കിലും പറ്റുന്നത്ര പച്ചപ്പ് ബാൽക്കണിയിലും വരാന്തയിലുമൊക്കെ ഒരുക്കാൻ ഇരുവരും ഇഷ്ടപ്പെട്ടിരുന്നു. ബെംഗളൂരു വിട്ട് എറണാകുളം നഗരത്തിന്റെ അതിർത്തി പ്രദേശമായ തിരുവാങ്കുളത്ത് താമസം തുടങ്ങിയപ്പോൾ ജോർജിൻ കൊച്ചിയിലെ മുൻനിര ഐടി കമ്പനിയിൽ ജോലി തുടർന്നു. ഐടി വിട്ട് സ്വന്തം സംരംഭം തുടങ്ങാനായിരുന്നു ഡയാനയ്ക്ക് ആഗ്രഹം. എന്തു സംരംഭം എന്ന് ഇരുവരും ചേര്‍ന്ന് ആലോചിച്ചു. അപ്പോഴാണ് ഐടി കമ്പനികളുടെതന്നെ അന്തരീക്ഷത്തിനു പച്ചപ്പു പകർന്നാലോ എന്ന ആശയം തോന്നുന്നത്. ശീതീകരിച്ച മുറിയിലെ കമ്പ്യൂട്ടർ സ്ക്രീനിൽ കണ്ണും നട്ടിരിക്കുന്നവർക്ക് ഇടയ്ക്ക് കുളിർമയുള്ളൊരു കാഴ്ച. OAR (Own a Rented Plant) എന്ന സംരംഭമുണ്ടാകുന്നത് അങ്ങനെ.
സ്ഥാപനങ്ങള്‍ക്കു ചെടികൾ വാടകയ്ക്കു നൽകുന്നവർ മുൻകാലങ്ങളിൽ നേരിട്ടിരുന്ന പ്രശ്നം അവ നനയ്ക്കാനായി 2–3 ദിവസത്തിലൊരിക്കൽ അവിടെയെത്തണം എന്നതായിരുന്നു. വെള്ളം സംഭരിച്ചുവച്ച് തുള്ളികളായി ചെടിക്കു പകരുന്ന സ്മാർട്ട് പോട്ട് അല്ലെങ്കിൽ സെൽഫ് വാട്ടറിങ് പോട്ട് ഉപയോഗിച്ച് ഈ പ്രശ്നത്തെ അതിജീവിച്ചതാണ് ഡയാനയ്ക്കു നേട്ടമായത്. രണ്ടാഴ്ചവരെ നന ഒഴിവാക്കാൻ ഇതുവഴി കഴിയും. വാടകച്ചെടികളുമായി ആദ്യം സമീപിച്ചത് ഇൻഫോപാർക്കിലെ ഐടി കമ്പനികളെ. ആദ്യ കമ്പനി തന്നെ താൽപര്യപ്പെട്ടതോടെ ആത്മവിശ്വാസമായി. നിലവിൽ മുപ്പത്തിയഞ്ചോളം ഐടി കമ്പനികൾ ഉപയോക്താക്കളായുണ്ട്. ബാങ്കുകൾ ഉൾപ്പെടെ മറ്റു സ്ഥാപനങ്ങളുമുണ്ട്. ഒരു മാസത്തേക്കാണ് ഒരു ചെടി വയ്ക്കുക. പിന്നീട് അതു മാറ്റി പുതിയതു വയ്ക്കും. മാറ്റിയ ചെടി മികച്ച പരിപാലനം നൽകി കൂടുതൽ ഉഷാറാക്കി അടുത്ത വാടകസ്ഥലത്തേക്ക്. നിലത്തു വയ്ക്കുന്ന വലുപ്പമേറിയ ചട്ടികളിൽ വളർത്തുന്ന ചെടികൾ മുതൽ ടേബിൾ ടോപ്പ് ചെടിച്ചട്ടികൾവരെ വ്യത്യസ്ത വിഭാഗങ്ങൾ. വലുപ്പം, ഇനം എന്നിവയ്ക്ക് അനുസൃതമായി മാസ വാടകയും മാറും.

ചേർച്ചയുള്ള ചെടികൾ
ചെടികളെക്കുറിച്ചു ചില മുന്നറിവുകൾ സംരംഭം തുടങ്ങും മുമ്പ് ആവശ്യമെന്നു ഡയാന. ശിതീകരിച്ച മുറികളിൽ ഏറെനാള്‍ വയ്ക്കേണ്ടതുണ്ട് ഓരോ ഇലച്ചെടിയും. അകത്തളച്ചെടി(ഇൻഡോർ പ്ലാന്റ്)കളിൽത്തന്നെ എല്ലായിനങ്ങളും എയർ കണ്ടീഷൻഡ് അന്തരീക്ഷത്തോട് പൊരുത്തപ്പെടണമെന്നില്ല. യോജിച്ചതേതെന്നു നിരീക്ഷിച്ചു കണ്ടെത്തണം. പന ഇനങ്ങളാണ് ഇവിടെ കൂടുതൽ ഇണങ്ങുക. ഫിംഗർ പാം, അരീക്ക പാം, കെയ്ൻ പാം, ചമന്ത്ര പാം തുടങ്ങി ഒട്ടേറെ പനയിനങ്ങളുണ്ട്. കൂടുതൽ ഓക്സിജൻ പുറത്തുവിട്ട് അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കുന്ന സാൻസിവേരിയ പോലുള്ള ഇനങ്ങൾ കമ്പനികൾ ഇങ്ങോട്ട് ആവശ്യപ്പെടാറുണ്ടെന്നു ഡയാന, മെസഞ്ചിയാന, മണിപ്ലാന്റ് ഇനങ്ങൾ, പീസ് ലില്ലി തുടങ്ങി വേറെയും ഇനങ്ങളുണ്ട്. ചെടികൾ പരിപാലിക്കുന്ന നടീൽമിശ്രിതത്തിൽ മണ്ണ് പരിമിതം. ചട്ടിയുടെ ഭാരം കുറയും എന്നതാണ് മെച്ചം. ചകിരിച്ചോറ്, പെർലൈറ്റ്, വെർമികുലേറ്റ് എന്നിവയും സ്യൂഡോമോണാസും ചേർന്നതാണ് നടീൽമിശ്രിതം. മുകളിൽ ക്ലേ ബോളുകൾ നിരത്തി ആകർഷകമാക്കും.
ഫോൺ: 9400393411