ADVERTISEMENT

അടുക്കളത്തോട്ടം ഒരു വിദൂര നിയന്ത്രിത സംവിധാനമായി മാറിയാൽ എങ്ങനെയുണ്ടാവും; മഴ വരുമ്പോഴും വെയിൽ തെളിയുമ്പോഴും വെള്ളത്തിനു ദാഹിക്കുമ്പോഴും വളത്തിനു വിശക്കുമ്പോഴുമെല്ലാം ചെടികൾ തന്റെ ഉടമയെ, അയാളെവിടെയായാലും, വിവരം അറിയിക്കുന്ന സംവിധാനം! ചെടികളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും വിദൂരത്തിരുന്നുതന്നെ അയാൾക്കു നിറവേറ്റാൻ കഴിയുക. അതെ, വിദൂര നിയന്ത്രണം സാധ്യമാക്കുന്ന ഇന്റർനെറ്റ് ഓഫ് തിങ്സ് (IOT) സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ നിത്യജീവിതത്തിന്റെയും ഭാഗമാവുകയാണ്. 

‘വിദൂരത്തിരുന്ന് വീട്ടുപകരണങ്ങളും വീടിനെത്തന്നെയും നിയന്ത്രിക്കുന്ന രീതിയിലേക്ക് ഐഒടി വളർന്നു കഴിഞ്ഞു. എങ്കിൽപ്പിന്നെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായ അടുക്കളത്തോട്ടത്തിലും പൂന്തോട്ടത്തിലും എന്തുകൊണ്ടതു പ്രയോഗിച്ചു കൂടാ’, കൊച്ചിയിലെ സെസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രാജ്യാന്തര ഐടി കമ്പനി റെഞ്ച് സൊലൂഷന്റെ അമരക്കാരിൽ ഒരാളായ മായ വർഗീസിന്റെ ചിന്തയിൽ അങ്ങനെയൊന്നു വന്നപ്പോൾ കമ്പനി സിഇഒ ആയ ഭർത്താവ് വർഗീസ് ഡാനിയേൽ പ്രോത്സാഹനവുമായി ഒപ്പമെത്തി. മായ രൂപകൽപന ചെയ്ത ഐഒടി അധിഷ്ഠിത  കിച്ചൺ ഗാർഡനായ വെർട്ടിഗ്രോവിന്റെ തുടക്കം അങ്ങനെ. 

verti-grove-1
വിദൂര നിയന്ത്രണ സംവിധാനമുള്ള അടുക്കളത്തോട്ടത്തിനരികെ മായ വർഗീസ്

നന, ഈർപ്പം, കാലാവസ്ഥ തുടങ്ങി ചെടിവളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങൾ വെർട്ടിഗ്രോവിൽ സ്ഥാപിച്ചിരിക്കുന്ന സെൻസറുകൾ  തിരിച്ചറിഞ്ഞ് യഥാസമയം ഉടമയുടെ മൊബൈൽ ഫോണിലേക്ക് അറിയിപ്പു നൽകുന്ന സൗകര്യത്തോടെയാണ് വെർട്ടിഗ്രോവ് പരമ്പരയിലെ ആദ്യ ബാച്ച് മായ  തയാറാക്കിയിരിക്കുന്നത്. ആപ്പുമായി ബന്ധിപ്പിച്ചാണ് വെർട്ടിഗ്രോവിന്റെ പ്രവർത്തനം. മുറിയിലെ വൈ ഫൈ സംവിധാനം പ്രയോജനപ്പെടുത്തിയാവും ഉടമയുടെ മൊബൈൽ ഫോണിലേക്കു വെർട്ടിഗ്രോവ് വിവരങ്ങൾ എത്തിക്കുക. വെർട്ടിഗ്രോവിൽ വളരുന്ന ഓരോ ചെടിയുടെയും എൻപികെ മൂലക ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ഉടമയെ യഥാസമയം അറിയിക്കുന്ന സംവിധാനംകൂടി ഉൾപ്പെടുത്താനുള്ള പരീക്ഷണം നടക്കുന്നുവെന്നും മായ. 

ജോലിത്തിരക്കുകൾക്കിടയിലും കുറേയെങ്കിലും പച്ചക്കറികൾ അതും സുരക്ഷിതമാർഗത്തിൽ, സ്വന്തം നിലയ്ക്ക് ഉൽപാദിപ്പിക്കണമെന്ന ആഗ്രഹമാണ് മായയെ വെർട്ടിഗ്രോവ് രൂപകൽപനയിലേക്കു നയിച്ചത്. 

സ്വന്തം ആവശ്യം മുന്നിൽക്കണ്ടു നിർമിച്ചത് മറ്റുള്ളവർക്കും ഗുണകരമാവുമെന്നു തോന്നിയതോടെ  അതിനെ‘ഗ്രോ യുവർ ഫുഡ്’ എന്ന സംരംഭമായി മാറ്റുകയായിരുന്നു  മായ. ഒരാഴ്ചത്തേക്കു വീട്ടിലില്ലെങ്കിലും വിദൂരത്തിരു‌ന്നു ചെടിയുടെ ആവശ്യങ്ങൾ നിറവേറ്റാവുന്ന  വെർട്ടിഗ്രോവിൽ 28 ചട്ടികൾ സ്ഥാപിക്കാം താങ്ങു വേണ്ടാത്ത ചീര പോലുള്ള ഇനങ്ങളാണ് കുത്തനെ നിൽക്കുന്ന വെർട്ടിഗ്രോവിൽ വളർത്താൻ കൂടുതൽ യോജ്യം. പച്ചക്കറികൾക്കു പകരം പൂച്ചെടികളാണ് താൽപര്യമെങ്കിൽ അങ്ങനെയുമാകാം. ആളുകളെ മടിയന്മാരാക്കാ നല്ല, മറിച്ച് നഗരത്തിരക്കിൽ വളരുന്ന കുട്ടികളെയും ജോലിത്തിരക്കിൽ വലയുന്ന മുതിർന്നവരെയും അൽപമെങ്കിലും പച്ചപ്പിനോട് അടുപ്പിക്കാനാണ് തന്റെ ശ്രമമെന്നു മായ.

ഫോൺ: 18001037322, 8281690276 വെബ്സൈറ്റ്: www.vertigrove.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com