മുന്നിലുള്ളത് കിഴങ്ങുവിളകൾ കൃഷിചെയ്യേണ്ട നാളുകൾ, ഈ കിഴങ്ങളുകളെ മറക്കരുത്

HIGHLIGHTS
  • മറക്കാതെ കിഴങ്ങുവിളകളും കൃഷി ചെയ്യാം
tapioca
SHARE

വറുതിയുടെ കാലങ്ങളാണ് ഇനി വരാനിരിക്കുന്നതെന്ന മുന്നറിയിപ്പുമായിട്ടാണ് സംഭവവികാസങ്ങൾ ഓരോന്നും വർഷാവർഷം ലോകമാകെ കടന്നുവരുന്നത്. പ്രകൃതിക്ഷോഭമായാലും മഹാമാരിയായാലും അത് സമാഗതമായേക്കാവുന്ന ഭക്ഷ്യദൗർലഭ്യത്തിലേക്കു വിരൽ ചൂണ്ടുന്നുണ്ട്. മറ്റേതു മേഖലകളേക്കാളും അടിസ്ഥാനാവശ്യമായ അന്നം നിറവേറ്റിത്തരുന്ന കാർഷികമേഖലയുടെ പ്രാധാന്യം മനസിലിരുത്താൻ ഇനിയും വൈകിക്കൂടാ. യാതൊന്നിനും ബുദ്ധിമുട്ടില്ലാതെ നടന്നപ്പോഴൊക്കെയും ഭക്ഷണവസ്തുക്കൾ ജനിക്കുന്നതെങ്ങനെയെന്നും കർഷകൻ ആരെന്നുമെല്ലാം സൗകര്യപൂർവം മറന്നുറങ്ങിയവരെല്ലാം ഉണരുക. ഭാവിയിലും എന്തെങ്കിലുമൊക്കെ കഴിക്കണ്ടേ?

പച്ചക്കറികളും പഴങ്ങളും മറ്റും വീട്ടുമുറ്റത്ത് വിളയിക്കാമെങ്കിലും ഏറ്റവും ആവശ്യഭക്ഷണമായ അന്നജം പ്രദാനം ചെയ്യുന്ന അരി, ഗോതമ്പ് എന്നിവ വീട്ടാവശ്യത്തിന് വിളയിക്കാൻ പുരയിടം പോരല്ലോ. എന്നാൽ,  ഒരുകാലത്ത് ചോറും ചപ്പാത്തിയും പോലെത്തന്നെ നമ്മുടെ വിശപ്പടക്കിയ ഭക്ഷ്യവൈവിധ്യമായിരുന്നു പറമ്പുകളിൽ യഥേഷ്ടം വിളഞ്ഞിരുന്ന കിഴങ്ങുവർഗങ്ങൾ. ഇവയുടെ വിവിധയിനങ്ങൾ സുലഭമായിരുന്ന ആ സുവർണകാലത്തെ തിരികെക്കൊണ്ടുവരാൻ സമയമായിരിക്കുന്നു. അന്നൊക്കെ കേരളീയന്റെ അന്നജഭക്ഷണത്തിൽ അരിയും, ഗോതമ്പും ഉണ്ടായിരുന്നെങ്കിലും അവയേക്കാൾ ദഹിക്കാൻ എളുപ്പമുള്ളതും പോഷകസമൃദ്ധമായതുമായ നിരവധി കിഴങ്ങുകളും തുല്യ പ്രാധാന്യം നേടിയിരുന്നു.

കേരളത്തിന്റെ തെക്കേയറ്റം മുതൽ അങ്ങ് വടക്കുവരെ നീണ്ടുകിടക്കുന്ന കരപ്രദേശങ്ങളിലെ വൈവിധ്യമാർന്ന മണ്ണിനങ്ങളിൽ കിഴങ്ങുവർഗങ്ങളിൽ പലതും മോശമല്ലാത്ത വിളവ് നൽകും. മരച്ചീനി/കപ്പ/കൊള്ളി, മധുരക്കിഴങ്ങ്, ചേന, ചേമ്പ്, കാച്ചിൽ, ചെറുകിഴങ്ങ് (നനക്കിഴങ്ങ്), നൂറ/നൂറ്റക്കിഴങ്ങ്, അടതാപ്പ്, കൂവ, കൂർക്ക, ശീതകാല വിളയായ ഉരുളക്കിഴങ്ങ് എന്നിങ്ങനെ കിഴങ്ങുവിളകളുടെ വലിയൊരു ശ്രേണി തന്നെ തലമുറകളായി നമുക്കുണ്ട്. മിക്കവാറും കിഴങ്ങിനങ്ങൾ വർഷത്തിൽ ഏതു കാലയളവിലും കൃഷിയിറക്കാമെന്നതിനാലും പ്രജനനം, കൃഷിരീതികൾ എന്നിവയുടെ ലാളിത്യത്തിലും, രോഗ-കീട ആക്രമണങ്ങൾ വിരളമായതിനാലും ഇവ വിളയിച്ചെടുക്കാൻ ധാന്യവിളകളേക്കാൾ എളുപ്പമാണ്.

വീട്ടുവളപ്പിൽ പച്ചക്കറികൾക്കും പഴവർഗങ്ങൾക്കുമെന്നപോലെ തുല്യ പ്രാധാന്യത്തോടെ നമുക്കിനി നാനാവിധ കിഴങ്ങുകൾക്കും സ്ഥാനം നൽകേണ്ടതുണ്ട്. ഇനിയുള്ള കാലം ഒരു നേരം അരിയോ ഗോതമ്പോ ഇല്ലെങ്കിലും നമുക്ക് കിഴങ്ങുകൾ ഭക്ഷണമാക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA