നാലു സെന്റിൽനിന്ന് വിശാലമായ പറമ്പിലെത്തിയപ്പോൾ ഞാനൊരു കർഷകയായി

HIGHLIGHTS
  • വീട്ടിലേക്കാവശ്യമായ പച്ചക്കറികളും പഴങ്ങളും വീട്ടിൽത്തന്നെ
aswathy
യു.എസ്. അശ്വതിക്കുട്ടി പച്ചക്കറിത്തോട്ടത്തിൽ
SHARE

വിശാലമായ പുരയിടം മുന്നിൽത്തെളിഞ്ഞപ്പോൾ വീട്ടിലേക്കാവശ്യമായ പച്ചക്കറികളും പഴങ്ങളും ഉൽപാദിപ്പിക്കുകയാണ് തൃശൂർ സ്വദേശിനിയായ യു.എസ്. അശ്വതിക്കുട്ടി. ചെറുപ്പത്തിൽ കൃഷി ചെയ്യാൻ സൗകര്യമുണ്ടായിരുന്നില്ലെങ്കിലും കൃഷിയെ മനസിൽ കൊണ്ടുനടന്ന അശ്വതി വിവാഹത്തിനുശേഷമാണ് അടുക്കളത്തോട്ടം തയാറാക്കിയത്. ഈ കോവിഡ്–19 ലോക്ക് ഡൗൺ കാലത്ത് ഇതുവരെ പുറത്തുനിന്ന് പച്ചക്കറികൾ വാങ്ങേണ്ടിവന്നില്ലെന്നും അശ്വതി അഭിമാനത്തോടെ പറയുന്നു. അശ്വതി ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വായിക്കാം.

5 കൊല്ലം മുമ്പ് കല്യാണം കഴിഞ്ഞു തൃശൂരിലെ വീട്ടിലെത്തിയപ്പോഴാണ് വിശാലമായ പറമ്പ് ഞാൻ കാണുന്നത്. അതിനു മുമ്പുവരെ തിരുവനന്തപുരത്ത് 4 സെന്റ് ഭൂമിയിൽ കഴിഞ്ഞ എനിക്ക് എന്തു കൃഷി. എന്നാലും, അഞ്ചാം ക്ലാസിൽ പഠിക്കും വരെ ഒത്തിരി കോട്ടൂർകോണം മാങ്ങയും നല്ല വെള്ള പേരക്കയും തേങ്ങയും ചട്ടികളിൽ ഒത്തിരി റോസും എല്ലാം ഉണ്ടായിരുന്നു. പിന്നെ ജീവിതം മെച്ചപ്പെടുതേണ്ടതിന്റെ ആവശ്യകത വന്നപ്പോൾ അച്ഛന് അതെല്ലാം മുറിച്ചു കളഞ്ഞ് 4 കടമുറികൾ അവിടെ കെട്ടേണ്ടി വന്നു. ഒത്തിരി വിഷമം ഉണ്ടായിരുന്നു ആ സമയം എല്ലാർക്കും. പക്ഷേ സാഹചര്യങ്ങൾ... 

അതിനു ശേഷം ഞങ്ങളുടെ പറമ്പിൽ മണ്ണ് നിശേഷം പോയിരുന്നു. ബാക്കി എല്ലാം ചട്ടികളിൽ മാത്രം. എന്നാലും അച്ഛൻ ഒരു പ്രാവശ്യം ടെറസിൽ അമ്മൂമ്മയുടെ പറമ്പിൽനിന്നു മണ്ണ് കൊണ്ടുവന്ന് ഒരു 20 ബാഗിൽ കൃഷി ചെയ്യാൻ നോക്കി. എന്തോ വിത്തു മോശം ആയതുകൊണ്ട് കുറച്ചു വെണ്ട ഒഴികെ, ഒന്നും തന്നെ ഉണ്ടായില്ല. അന്നും അച്ഛൻ എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും കപ്പലണ്ടിപ്പിണ്ണാക്കും എല്ലാം ചേർത്ത് കഷ്ടപ്പെടുമ്പോൾ ഞാനും അനിയത്തിയും അച്ഛനോട് അത്ഭുതത്തോടെ ചൊദിച്ചിട്ടുണ്ട് അച്ഛന് ഇതൊക്കെ എങ്ങനെ അറിയാം എന്ന്. ഒരു പ്രാവശ്യം പരാജയപ്പെട്ടപ്പോൾ തന്നെ അച്ഛൻ അത് ഉപേക്ഷിച്ചു. ആ ഞാൻ ആണ് ഇഷ്ടം പോലെ പറമ്പുള്ള വീട്ടിൽ വന്നത്.

വന്നപ്പോൾ തന്നെ കുറെ ചെടിവയ്ക്കണമെന്ന് ആഗ്രഹം തോന്നി റംമ്പുട്ടാനും പ്ലാവും ജാതിയും എല്ലാം മേടിച്ചു വച്ചു. പിന്നെയാണ് ആ സത്യം ഞാൻ മനസിലാക്കിയത്. വയ്ക്കുന്നവയൊന്നും വളരുന്നില്ല. നശിച്ചു പോണു. ഒത്തിരി വിഷമം തോന്നി. മണ്ണ് ടെസ്റ്റ് ചെയ്തിട്ടെ ഇനി കാര്യമുള്ളൂ എന്നു കരുതി. പക്ഷേ, അന്വേഷിച്ചപ്പോ അതിനു തൃശൂർ തന്നെ പോണം എന്നാണ് പലരും പറഞ്ഞത്. അങ്ങിനെ 4 കൊല്ലം പോയി.

കഴിഞ്ഞ വർഷം ഒരു ആർഡി തുടങ്ങാൻ പാപ്പിനിവട്ടം സൊസൈറ്റിയിൽ പോയപ്പോ അവിടെ ഒരു ബോർഡ് മണ്ണ് ടെസ്റ്റ് ചെയ്യുമെന്ന്. പിന്നെ ഒന്നും നോക്കിയില്ല, അപ്പോൾത്തന്നെ കാര്യങ്ങൾ അന്വേഷിച്ചു വീട്ടിൽ പോയി മണ്ണ് ശേഖരിച്ച് കൊടുത്തു. 2 ആഴ്ച കഴിഞ്ഞപ്പോൾ റിസൾട്ട് കിട്ടി. മണ്ണിൽ ആവശ്യമുള്ള മൂലകങ്ങൾ കുറവാണ്. എക്സ്ട്രാ വളങ്ങൾ കൂടുതൽ ചേർക്കേണ്ടി വരുമെന്ന് സാരം. അപ്പോൾ അതാണ് പ്രശ്നം, നമുക്ക് പ്രശ്നം എന്താണെന്ന് അറിഞ്ഞാൽ പരിഹാരം എളുപ്പമാണല്ലോ. വന്ന ഉടനെ ഫേസ്ബുക്കിൽ കൃഷി ഗ്രൂപ്പുകൾ തപ്പിപ്പിടിച്ച് ജോയിൻ ചെയ്തു. 

പിന്നെയങ്ങോട്ട് അതുതന്നെയായിരുന്നു മനസിൽ മുഴുവൻ. വീട്ടിലേക്കു ആവശ്യമുള്ള പച്ചക്കറികൾ, പഴങ്ങൾ നന്നായി ഉണ്ടാകണം. വീട്ടിലെ ആരേക്കൊണ്ടും വിഷം കഴിപ്പിക്കാൻ നോക്കില്ല എന്ന്. ഇപ്പോൾ ഏതാണ്ട് 100 അടുപ്പിച്ചു ഗ്രോബാഗിലും, 20 അടുപ്പിച്ച് ഡ്രമ്മിലും ബക്കറ്റുകളിലും ചെടികളും, പഴവർഗങ്ങളും വച്ചിട്ടുണ്ട്. പലപ്പോഴായി എന്തെങ്കിലും തന്ന് അവർ ഞങ്ങളെ സന്തോഷിപ്പിക്കുന്നു. അച്ഛന്റേം അമ്മയുടെയും സഹായം ഉള്ളതുകൊണ്ട് മാത്രമാണ് ഇതിങ്ങനെ ആയതും. ഇന്നലെ ഈ കൊറോണ കാലത്തു കണിവയ്ക്കാൻ മഞ്ഞ നിറത്തിൽ 2 സ്റ്റാർ ഫ്രൂട്ടും, ഒരു മത്തനും അവർ തന്നു സഹായിച്ചു. ഈ ലോക്ക് ഡൗൺ കാലത്ത് വളരെ കുറച്ചു മാത്രമേ വീട്ടിൽ പുറത്തുനിന്നു പച്ചക്കറികൾ വാങ്ങിയിട്ടുള്ളൂ എന്നുള്ളത് അതിലും കൂടുതൽ സന്തോഷം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA