വീടുകളിൽ കോഴിവളർത്തലിന് പ്രധാനമായും രണ്ടു രീതികൾ

HIGHLIGHTS
  • ചെലവില്ലാതെ മുട്ടയുൽപാദനത്തിന് ലൂസ് ഫാമിങ്
egg-1
SHARE

കോവിഡ്–19ന്റെ പശ്ചാത്തലത്തിൽ നമുക്ക് മുമ്പിൽ ഭക്ഷ്യക്ഷാമവും വിലക്കയറ്റവും പ്രത്യക്ഷപ്പെട്ടേക്കാം. അതുകൊണ്ടുതന്നെ വീട്ടിലേക്കാവശ്യമായ പച്ചക്കറികളും മുട്ടയും പാലുമൊക്കെ ഉൽപാദിപ്പിച്ച് സ്വയംപര്യാപ്തരാകാൻ ശ്രമിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിർദേശം. വീടുകളിൽ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 50 ലക്ഷം കുടുംബങ്ങൾക്ക് പച്ചക്കറിവിത്തുകൾ വിതരണം ചെയ്യുന്ന പദ്ധതി ഏതാനും ആഴ്ചകൾക്കു മുമ്പ് നടപ്പാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഒരു വീട്ടിലേക്കുള്ള മുട്ടയുൽപാദിപ്പിക്കാൻ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തത്.

ഇന്ന് കേരളത്തിൽ ഉപയോഗിക്കുന്ന മുട്ടകളിൽ ഏറെയപങ്കും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നതാണ്. ഇത്തരത്തിൽ പ്രതിദിനം ഒരു കോടി മുട്ടകൾ കേരളത്തിലേക്കെത്തുന്നു എന്നാണ് കണക്ക്. അതുകൊണ്ടുതന്നെ മുട്ടയുൽപാദനത്തിന് വലിയ സാധ്യത കേരളത്തിലുണ്ട്. 

വീടുകളിൽ കോഴിവളർത്തലിന് പ്രധാനമായും രണ്ടു രീതികൾ അവലംബിക്കാം. സ്ഥലസൗകര്യമുള്ളവർക്ക് ലൂസ് ഫാമിങ് അഥവാ കോഴികളെ അഴിച്ചുവിട്ട് വളർത്തുന്ന രീതി പിന്തുടരാം. വൈകുന്നേരം പാർക്കാൻ ഒരു ചെറിയ കൂടൊരുക്കിയാൽ അവയെ ശത്രുക്കളിൽനിന്നു സംരക്ഷിക്കാനുമാകും. തീറ്റയൊന്നും കാശുമുടക്കി നൽകേണ്ടിവരില്ല എന്നതാണ് ഈ ഫാമിങ് രീതിയുടെ പ്രത്യേകത. വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങൾ നൽകുന്നതിനൊപ്പം തൊടിയിൽ ചിക്കിപ്പെറുക്കി അവ വയർ നിറയ്ക്കും. അതോടൊപ്പം മുട്ടയും നൽകും. അതായത് ചെലവില്ലാതെ മുട്ടയുൽപാദനം നടക്കും. ഇത്തരം കൃഷിക്ക് നാടൻ ഇനങ്ങളാണ് നല്ലത്. തലശേരിക്കോഴികൾ (വർഷം 100–120 മുട്ടകൾ), കരിങ്കോഴി (വർഷം 100–120 മുട്ടകൾ,  ഇതുകൂടാതെ വെറ്ററിനറി സർവകലാശാല ഉരുത്തിരിച്ചെടുത്ത സങ്കര ഇനങ്ങളായ ഗ്രാമശ്രീ, ഗ്രാമ ലക്ഷ്മി കോഴികളും ബെംഗളൂരു യൂണിവേഴ്‌സിറ്റിയുടെ ഗിരിരാജ, ഹൈദ്രാബാദ് യൂണിവേഴ്‌സിറ്റിയുടെ ഗ്രാമപ്രിയ എന്നിവയും വളർത്താം. ശരാശരി 200 മുട്ടകളാണ് ഇവയുടെ ഉൽപാദനം. സങ്കരയിനം കോഴികൾക്ക് അൽപം കൈത്തീറ്റകൂടി കൊടുക്കുന്നത് നല്ലതാണ്. 

poultry-1

സ്ഥലപരിമിതിയുള്ളവർക്ക് ചെറിയ കൂടുകളിൽ കോഴികളെ വളർത്താം. ലഭ്യമായ സ്ഥലത്ത് ഈ കൂടുകൾ സ്ഥാപിച്ചാൽ മതി. കുടിവെള്ളത്തിനും തീറ്റയ്ക്കും പ്രത്യേകം സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളതിനാൽ കാര്യമായ പരിചരണവും വേണ്ടിവരില്ല. ഇത്തരം കൂടുകളിൽ അത്യുൽപാദനശേഷിയുള്ള കോഴികളെ വളർത്തണം. ലെഗോൺ, ബിവി 380, ബിവി 300 തുടങ്ങിയ കോഴികൾ മികച്ച ഉൽപാദനമുള്ളവയാണ്. ചെറിയ കൂടുകളിൽ വളർത്തുന്നതിനാൽ ഇത്തരം കോഴികൾക്ക് കൈത്തീറ്റ നൽകണം. ഒരു ദിവസം 100–120 ഗ്രാം തീറ്റയാണ് ഒരു കോഴി കഴിക്കുക. അതുകൊണ്ടുതന്നെ വിൽപനയിലേക്കാളുപരി വീട്ടിലേക്കുള്ള മുട്ട വീട്ടിൽത്തന്നെ ഉൽപാദിപ്പിക്കാം എന്ന രീതിയിൽ മാത്രമേ വളർത്താൻ കഴിയൂ. കൂട്, തീറ്റ എന്നിവയൊക്കെ കണക്കാക്കിയാൽ ലാഭവുമില്ല നഷ്ടവുമില്ല എന്നു മാത്രം. 

1960-70 കാലഘട്ടങ്ങളിൽ മുട്ട മിച്ച സംസ്ഥാനമായിരുന്ന കേരളം. കേരളത്തിൽനിന്ന് ഇന്ത്യയുടെ പല ഭാഗങ്ങളിലേക്കും എന്തിന് അയൽ രാജ്യങ്ങളിലേക്കുപോലും മുട്ട കയറ്റുമതി ചെയ്തിരുന്നു. അങ്ങനെയുള്ള ഒരു സംസ്ഥാനം ഇപ്പോൾ എവിടെയെത്തിനിൽക്കുന്നു? ഭക്ഷണാവശ്യത്തിന് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ. 1960–70 കാലഘട്ടത്തിൽ കൃഷിക്കൊപ്പം കോഴിവളർത്തലും കേരളത്തിലെ ഒരു വരുമാനമാർഗമായിരുന്നു. അതുകൊണ്ടുതന്നെ മുട്ടവിൽപനയും കാര്യമായി നടന്നു. എന്നാൽ, പിന്നീട് ഗൾഫ് രാജ്യങ്ങളിലേക്ക് ഇവിടെനിന്നുള്ളവരുടെ കുടിയേറ്റമുണ്ടായപ്പോൾ സാമ്പത്തികനില മെച്ചപ്പെട്ടു. അതോടൊപ്പം കൃഷിയും മൃഗസംരക്ഷണമേഖലയും ശോഷിച്ചു. ഇവിടെ ശോഷിച്ചപ്പോൾ അയൽ സംസ്ഥാനങ്ങളിൽ വലിയ മുട്ടയുൽപാദനകേന്ദ്രങ്ങൾ വളർന്നു പന്തലിച്ച് കേരളത്തിലേക്ക് മുട്ട അയയ്ക്കുകയായിരുന്നു.

വീടുകളിലെ കോഴിവളർത്തലിനെക്കുറിച്ച് വെറ്ററിനറി സർവകലാശാല അസിസ്റ്റന്റ് പ്രഫസർ ഡോ. എസ്. ഹരികൃഷ്ണൻ സംസാരിക്കുന്നു. വിഡിയോ കാണാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA