ലോക്ക് ഡൗണിലും മുടക്കമില്ലാതെ മട്ടുപ്പാവിലും മുറ്റത്തും പുരയിടത്തിലും വിവിധയിനം കൃഷികളുമായി വീട്ടമ്മ. പഴങ്ങളും പച്ചക്കറികളും പൂക്കളുമൊക്കെ ഇവിടെ തളിരിട്ടു വിരിയുന്നു. പത്തനംതിട്ട വായ്പൂര് ഊട്ടുകുളം ഇളവ മയൂരത്തിൽ അഫ്ര ജബ്ബാർ ആണ് വീടിന്റെ മട്ടുപ്പാവിൽ പച്ചക്കറി മുതൽ അലങ്കാരച്ചെടികൾ വരെ കൃഷി ചെയ്യുന്നത്. മഴമറയ്ക്കുള്ളിലായി ചീര, തക്കാളി, പാലക്, വെള്ളരി, പുതിന, ലെറ്റ്യൂസ് എന്നിവയാണുള്ളത്.
ബാക്കിയിടത്ത് അലങ്കാരച്ചെടികളും. മുറ്റത്ത് 32 തരം ബോഗൈൻവില്ലകൾ, ഓർക്കിഡ്, ആന്തൂറിയം എന്നിവയുമുണ്ട്. സംഭരണിയിലെ കുഴലുകൾ വഴിയും തിരിനന വഴിയുമാണ് മട്ടുപ്പാവിലെ ജലവിതരണം. സമീപത്ത് ജലാശയച്ചെടികളായ മെക്സിക്കൻ സ്വോഡസ്, ജപ്പാനിക്ക വാട്ടർപോപ്പി, 5 നിറത്തിലുള്ള താമരകൾ, 12 ഇനം ആമ്പൽ എന്നിവയുണ്ട്. തൊടിയിൽ വിവിധ തരം വാഴകൾ, 11 തരം വരിക്ക പ്ലാവുകൾ, പപ്പായ, റംബൂട്ടാൻ എന്നിങ്ങനെ നീളുന്നു.
വിദേശ ഫലവർഗങ്ങളായ കെപേൽ, മാങ്കോസ്റ്റിൻ, പാകിസ്താൻ മൾബെറി, ബർമീസ് ചെറി, റോളിനിയ എന്നിവയും കൃഷിയിടത്തിൽ വളർച്ചയുടെ ഘട്ടത്തിലാണ്. വിവിധ ഇനങ്ങളിലുള്ള പാഷൻ ഫ്രൂട്ട് ചെടികളാണ് തൊടിയുടെ അതിർത്തി വേലി. ലോക്ക് ഡൗൺ കാലയളവിൽ ബന്ധുക്കൾക്കും നൽകിയതിനു ശേഷം 100 കിലോഗ്രാമിനു മേൽ പച്ചക്കറികൾ ആഴ്ചയിൽ വിൽക്കുന്നുണ്ട്. ജില്ലയിൽ ഒരു മുറം പച്ചക്കറി പദ്ധതിയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ചെടികളുടെ ഓൺലൈൻ വിപണനവും നടത്തുന്നുണ്ട് അഫ്ര. ബഹ്റൈനിൽ പൊലീസ് ഉദ്യോഗസ്ഥനാണ് ഭർത്താവ് അബ്ദുൽ ജബ്ബാർ. മക്കൾ: ആദിൽ ഷാ, അഹാൻ ഫാത്തിമ.