ADVERTISEMENT

കൃഷി ഒരു ആവേശമായി മാറിക്കഴിഞ്ഞു. പ്രായഭേതമന്യേ മലയാളികൾ തൊടിയിലും മുറ്റത്തും ടെറസിലുമൊക്കെയായി പച്ചക്കറിക്കൃഷിയിൽ വ്യാവൃതരാണ്. വീട്ടിലേക്കാവശ്യമായ പച്ചക്കറികളെക്കൂടാതെ വരുമാനം ലക്ഷ്യമിടുന്നവരും ഏറെയുണ്ട്. കൃഷി ചെയ്യാൻ മുന്നിട്ടിറങ്ങുമ്പോൾ ചില അത്യാവശ്യ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്ന്. അല്ലാത്തപക്ഷം ചിലപ്പോൾ പരാജയത്തിലേക്ക് എത്താം. അതുകൊണ്ടുതന്നെ പ്രാഥമികമായ ഈ ഏഴു കാര്യങ്ങൾ ശ്രദ്ധിക്കണം.

1. മണ്ണിനെ അറിയണം

ഓരോ പ്രദേശത്തെയും മണ്ണിന് വ്യത്യസ്ത ഘടനയാണ്. മാത്രമല്ല അതിലെ മൂലകങ്ങൾ, സൂക്ഷ്മജീവികൾ, അമ്ല–ക്ഷാര ഗുണം തുടങ്ങിയവയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ മണ്ണ് പരിശോധന നടത്തി മണ്ണിനെ പോഷകസമ്പുഷ്ടമാക്കിയശേഷം കൃഷി നടത്താം. ഇത്തരത്തിൽ കൃഷി ചെയ്താൽ മികച്ച വിളവ് ഉറപ്പ്. അതുപോലെതന്നെ മണ്ണിന് ഉചിതമായ വിളകൾ കൃഷിചെയ്യാൻ തിരഞ്ഞെടുക്കാം.

2. വെള്ളം

ജലം കൃഷിയുടെ അടിത്തറയാണ്. അതുകൊണ്ടുതന്നെ ജലലഭ്യതയുള്ള സ്ഥലമാകണം തിരഞ്ഞെടുക്കേണ്ടത്. ജലലഭ്യതയില്ലെങ്കിൽ ജലസംഭരണികൾ നിർമിക്കേണ്ടിവരും. 

3. വൈദ്യുതി

സ്ഥലവും വെള്ളവും മാത്രം പോര അതു വേണ്ടരീതിയിൽ പ്രയോജയപ്പെടുത്താൻ ഊർജം ആവശ്യമാണ്. ജലസേചനം നടത്താൻ വൈദ്യുതി വേണം. ഇതിനായി പ്രത്യേക വൈദ്യതി കണക്ഷൻ എടുക്കേണ്ടിവരും.

4. വിപണി

വിപണിയിലെ ഡിമാൻഡ് അനുസരിച്ചുവേണം കൃഷിയിറക്കാൻ. അതേസമയം, ഇടനിലക്കാരെ ആശ്രയിക്കാതെ നേരിട്ടുള്ള വിൽപനയ്ക്കു ശ്രമിക്കുകയും വേണം. എങ്കിൽ മാത്രമേ അധ്വാനത്തിന് അനുസരിച്ചുള്ള വില കർഷകനു ലഭിക്കൂ. 

5. ബന്ധങ്ങൾ

ബന്ധങ്ങളാണ് കർഷകന് തന്റെ ഉൽപന്നങ്ങൾ വിൽക്കാൻ പലപ്പോഴും സഹായിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു തവണ തന്റെ അടുത്തെത്തിയ ഉപഭോക്താവ് വഴി കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ കർഷകനു കഴിയണം. സൗമ്യമായ പെരുമാറ്റവും വൃത്തിയുള്ള അന്തരീക്ഷവും വൃത്തിയുള്ള പച്ചക്കറികളും കർഷകന്റെ മതിപ്പുയർത്തും. അതുപോലെതന്നെ അറിവുകൾ സമ്പാദിക്കാനും മടിക്കരുത്.

6. ക്ഷമയാണ് എല്ലാം

ഒറ്റ ദിവസംകൊണ്ട് വരുമാനമുണ്ടാക്കാവുന്ന മേഖലയല്ല കൃഷി. നിലമൊരുക്കുന്നതു മുതൽ വിളവെടുപ്പുവരെയുള്ള ഘട്ടങ്ങളിൽ കൃത്യമായ പരിപാലനം ആവശ്യമാണ്. ഓരോ ചെടിയെയും പ്രത്യേകം പരിചരിക്കണം. കീ‌ടങ്ങളുടെ ആക്രമണവും രോഗങ്ങളും ചെറുക്കണം. ഇതിനെല്ലാം ക്ഷമയും താൽപര്യവും വേണം. 

7. പണം 

കൃഷിയിൽ പണം മുടക്കുന്നതിന് എപ്പോഴും ഒരു കണക്കുവേണം. വരവും ചെലവും അറിഞ്ഞുവേണം മുതൽമുടക്കാൻ. തുടക്കക്കാർ ചെറിയ രീതിയിൽ തുടങ്ങി പഠിച്ചശേഷം വിപുലീകരിക്കാം. മെച്ചപ്പെട്ട വരുമാനം ലഭിച്ചെങ്കിൽ മാത്രമേ കൃഷി ഇഷ്ടപ്പെട്ട് ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ ഓരോ വ്യക്തിക്കും കഴിയൂ. അതുപോലെതന്നെ വലിയ നിക്ഷേപം നടത്തിയാൽ പെട്ടെന്നുതന്നെ അത് തിരിച്ചുപിടിക്കാനാകുമെന്ന അമിതപ്രതീക്ഷയും വേണ്ട. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com