ചുഴലിക്കാറ്റിൽ വിളകൾ നശിച്ചു, എങ്കിലും തളരാതെ ഈ ദമ്പതികൾ

HIGHLIGHTS
  • വാഴകളെല്ലാം നിലംപൊത്തി
  • എല്ലാവിധ പച്ചക്കറികളും കൃഷി ചെയ്യുന്നു
chandrika-1
SHARE

റിട്ടയർമെന്റ് ജീവിതം കൃഷിയിലൂടെ ആസ്വദിക്കുന്ന മലപ്പുറം എടപ്പാൾ സ്വദേശികളായ നന്ദകുമാർ–ചന്ദ്രിക ദമ്പതികൾ ഇപ്പോൾ ഒരു വീഴ്ചയിൽനിന്ന് ഉയർത്തെഴുന്നേൽക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ദിവസം എടപ്പാളിലുണ്ടായ ചുഴലിക്കാറ്റിൽ നശിച്ചത് ഇവർ ഇരുണ്ടുപേരും നട്ടു പരിപാലിച്ചിരുന്ന ഒട്ടേറെ വാഴകളാണ്. നേന്ത്രനും ഞാലിപ്പൂവനും ഉൾപ്പെടെ വാഴകളെല്ലാം നിലംപൊത്തി. ഒപ്പം പാകമായി വന്ന കടച്ചക്കകളും വീണു. വിശ്രമജീവിതത്തിലെ അധ്വാനം ഫലമില്ലാതായെങ്കിലും വീണ്ടും കൃഷി ചെയ്യാനുള്ള തയാറെടുപ്പിലാണ് ഇവർ.

2008ൽ കേരള ആയുർവേദിക് സ്റ്റഡീസ് ആൻഡ് റിസർച്ച് സൊസൈറ്റിയിൽനിന്ന് വിരമിച്ചശേഷമാണ് ചന്ദ്രിക കൃഷിയിലേക്ക് കൂടുതൽ ശ്രദ്ധിച്ചുതുടങ്ങിയത്. എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന ഭർത്താവാണ് പിന്തുണ. പച്ചക്കറിക്കൃഷിക്കൊപ്പം ചെറിയൊരു കന്നുകാലിഫാമും ഇരുവരും തുടങ്ങിയിരുന്നു. ഇടയ്ക്ക് ചില ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് പശുക്കളുടെ എണ്ണം രണ്ടെണ്ണമാക്കി കുറച്ചിരിക്കുകയാണ്. കറവയും പരിചരണവും ഇരുവരും തനിയെ നിർവഹിക്കുന്നു. യന്ത്രം ഉപയോഗിച്ചാണ് കറവ.  

chandrika
ചന്ദ്രിക തോട്ടത്തിൽ

പാവൽ, വഴുതന, കോവൽ ചീര എന്നുതുടങ്ങി എല്ലാവിധ പച്ചക്കറികളും കൃഷി ചെയ്യുന്നു. സീസണിൽ ശീതകാല വിളകളായ കാബേജും കോളിഫ്ലവറും ചെയ്യാറുണ്ട്. പ്രധാനമായും വീട്ടിലേക്കാവശ്യമായ പച്ചക്കറിക്കുവേണ്ടിയാണ് കൃഷിയെങ്കിലും ബന്ധുക്കൾക്കും വിതരണം ചെയ്യുന്നു. ഈ ലോക്ക് ഡൗൺ കാലത്ത് അയൽവാസികളും മറ്റും പച്ചക്കറികൾ വാങ്ങുന്നു. പച്ചക്കറികൾ കൂടാതെ ചക്കയും മാങ്ങയുമൊക്കെ പരിസരവാസികൾക്ക് സന്തോഷത്തോടെ നൽകുന്നു ചന്ദ്രിക.

രണ്ടേക്കറോളം വരുന്ന പുരയിടത്തിലെ കൃഷിക്കുള്ള വളം തൊഴുത്തിൽനിന്നുതന്നെയാണ്. അതുകൊണ്ട് മറ്റു മാർഗങ്ങളൊന്നും തേടേണ്ടിവരുന്നില്ല. തൊഴുത്തിൽനിന്നുള്ള ചാണകം ബയോഗ്യാസ് പ്ലാന്റിലേക്കു വിടുകയും പ്ലാന്റിൽനിന്നു പുറത്തുവരുന്ന സ്ലറി വിളകളുടെ ചുവട്ടിലേക്കു പമ്പു ചെയ്യുന്നു. ജലസേചനത്തിന് പ്രിംഗ്ലർ വച്ചിട്ടുണ്ട്.

ലോക്ക് ഡൗൺ കാലത്ത് കൃഷിയിലേക്ക് ഒരുപാടുപേർ തിരിഞ്ഞിട്ടുണ്ടെന്ന് ചന്ദ്രിക പറയുന്നു. പലരും വിത്തുകൾക്കായി ചന്ദ്രികയെ സമീപിക്കാറുണ്ട്. മാത്രമല്ല ആത്മയുടെ കാർഷിക പരിശീലക്ലാസുകൾക്ക് രണ്ടു തവണ ചന്ദ്രികയുടെ വീട് വേദിയായിട്ടുണ്ട്. അന്നൊക്കെ കൃഷിയെക്കുറിച്ച് പഠിക്കാൻ പരിചയക്കാരെയൊക്കെ ആത്മയുടെ ക്ലാസുകളിലേക്ക് വിളിച്ചിട്ടുണ്ടെന്ന് ചന്ദ്രിക. അന്ന് പഠിച്ച കാര്യങ്ങൾ ഇപ്പോൾ പലരും നടപ്പിലാക്കുന്നതു കാണുമ്പോൾ സന്തോഷമുണ്ടെന്നും ചന്ദ്രിക പറയുന്നു. പ്രകൃതിക്ഷോഭത്തിൽ കൃഷി നശിക്കാം എന്നാൽ, അത് തങ്ങൾ വകവയ്ക്കുന്നില്ലെന്നും ചന്ദ്രിക പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA