ADVERTISEMENT

അഞ്ച് കൃഷി ഓഫിസർമാർ ഒന്നിച്ച് കൃഷിയിടത്തിലേക്ക് ഇറങ്ങിയപ്പോൾ വിളവ് നൂറുമേനി.  മലപ്പുറം കോട്ടയ്‍ക്കൽ കോട്ടപ്പടിയിലെ ഒരേക്കർ പാടത്താണ് കൃഷി. കോട്ടയ്ക്കൽ കൃഷി ഓഫിസർ കെ.വി. അരുൺകുമാറാണ് ഇത്തരമൊരു നീക്കത്തിന് മുന്നിട്ടിറങ്ങിയത്. നേരത്തേ പൂക്കോട്ടൂർ കൃഷി ഓഫിസർ ആയിരിക്കെ കാർഷിക കർമ സേനയുമായി ചേർന്ന് 5 ഏക്കറിൽ നെൽക്കൃഷി ചെയ്തതിന്റെ അനുഭവസാക്ഷ്യവുമായാണ് അദ്ദേഹം കോട്ടയ്‍ക്കലിലെ വയലിലേക്കിറങ്ങിയത്. 

മലപ്പുറം മണ്ണു പരിശോധനാ ലാബിലെ കൃഷി ഓഫിസർ കെ.പി. സുരേഷ്, നിറമരുതൂർ കൃഷി ഓഫിസർ സമീർ മുഹമ്മദ്, അങ്ങാടിപ്പുറം കൃഷി ഓഫിസർ പി.സി. റജീസ്, മമ്പാട് കൃഷി ഓഫിസർ ശിഹാദ് എന്നിവർ കൂട്ടത്തിൽ ചേർന്നതോടെ  സംഘക്കൃഷിയായി.                           

കേരള കാർഷിക സർവകലാശാലയുടെയും വിവിധ സ്വകാര്യ കമ്പനികളുടെയും അത്യുൽപാദന ശേഷിയുള്ള ഹൈബ്രിഡ് വിത്തുകളാണു പാകിയത്. പുതിയ ഇനം വിത്തുകൾ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്യുകയും കർഷകർക്കു പരിചയപ്പെടുത്തുകയുമായിരുന്നു ലക്ഷ്യം. 

ചിരങ്ങ, മത്തൻ, കക്കിരി, പയർ, ചീര എന്നിവയും തണ്ണിമത്തനും തഴച്ചുവളർന്നു.  പ്ലാസ്റ്റിക് മൾച്ചിങ് രീതിയും തുള്ളിനനയും സമീകൃത വളപ്രയോഗവും ആയപ്പോൾ കൃഷി വിജയമായി. പെരിന്തൽമണ്ണ അഗ്രോ സർവീസ് സെന്ററിൽനിന്നുള്ള ജൈവവളമാണ് അടിവളമായി ഉപയോഗിച്ചത്. തുടർന്ന് വെള്ളത്തിൽ ലയിച്ചു ചേരുന്ന വളങ്ങൾ വേണ്ട അളവിൽ മാത്രം തുള്ളിനനയിലൂടെ നൽകി. 

കാർഷിക സർവകലാശാലയിൽനിന്നുള്ള ‘സമ്പൂർണ’ എന്ന സൂക്ഷ്മമൂലക ലായനി ഇലകൾക്കു മുകളിൽ തളിച്ചതിനാൽ നല്ല രീതിയിൽ കായ പിടിക്കുകയും വളരുകയും ചെയ്തു.  കോട്ടയ്ക്കൽ നഗരസഭാധ്യക്ഷൻ കെ. കെ. നാസറാണ് 3 വർഷം മുമ്പ്  മാതൃകാ പച്ചക്കറിത്തോട്ടം എന്ന ആശയം മുന്നോട്ടുവച്ചത്. ഇതേ തുടർന്ന് സ്ഥിരസമിതി അധ്യക്ഷൻ പി. ഉസ്മാൻകുട്ടി തന്റെ കൈവശമുള്ള ഒരേക്കർ സ്ഥലം  കൃഷി ഓഫിസർ കെ.വി. അരുൺകുമാറിന് വിട്ടുനൽകുകയുമായിരുന്നു. 

തയാറാക്കിയത്: ഊരാളി ജയപ്രകാശ്. ഫോൺ: 9388853085.

കോട്ടയ്ക്കൽ കൃഷി ഓഫിസർ: കെ.വി. അരുൺകുമാർ, ഫോൺ: 9656106263. 

English summary: Group Farming Practices of Agriculture Officers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com