പ്രളയത്തിൽ പച്ചക്കറിക്കൃഷി നശിച്ചപ്പോൾ സുമിക്ക് താങ്ങായത് ടയർ ചെടിച്ചട്ടികൾ

HIGHLIGHTS
  • ഓൺലൈനായി ചെടികളുടെ വിൽപന
  • 250 മുതൽ 350 വരെ രൂപ വിലയുള്ള ചട്ടികൾ
sumi
സുമി ഭർത്താവിനും കുഞ്ഞിനുമൊപ്പം
SHARE

പച്ചക്കറിക്കൃഷി മികച്ച വരുമാനം നൽകുന്നുണ്ടോയെന്നു ചോദിച്ചാൽ ആലുവ സ്വദേശിനി സുമി ശ്യാംരാജ് പറയും പച്ചക്കറി മാത്രമല്ല ടയ‌റുകൊണ്ടുള്ള ചെടിച്ചട്ടികളും ഇലച്ചെടികളും തന്റെ വരുമാനമാർഗമാണെന്ന്. അതും ഓൺലൈനായി. ഇൻഡോർ പ്ലാന്റുകളാണ് സുമിയുടെ ഓൺലൈൻ വിപണിയിലെ താരങ്ങൾ.

അഞ്ചു വർഷമായി സുമി ആലുവയിലെ കോമ്പാറയിൽ താമസം തുടങ്ങിയിട്ട്. വീടിനോടു ചേർന്നുള്ള സുഹൃത്തിന്റെ സ്ഥലം പാട്ടത്തിനുവാങ്ങിയായിരുന്നു കൃഷിയുടെ തുടക്കം. കാടുപിടിച്ചുകിടന്ന സ്ഥലം സുമിയും ഭർത്താവ് ശ്യാംരാജും ചേർന്നാണ് വെട്ടിത്തെളിച്ച് കിളച്ച് കൃഷിക്കനുയോജ്യമാക്കിയത്. പയർ, പാവൽ. വെണ്ട, വഴുതന, തക്കാളി, മുള്ളൻവെള്ളരി, കപ്പ, ചേന, ചമ്പ്, കാച്ചിൽ, അടതാപ്പ് എന്നുതുടങ്ങി എല്ലാവിധ വിളകളും കൃഷി ചെയ്തു. പൂർണമായും ജൈവകൃഷിരീതിയാണ് താൻ അവലംബിക്കുന്നതെന്ന് സുമി പറയുന്നു. അതുകൊണ്ടുതന്നെ പച്ചക്കറികൾ വിൽക്കാൻ ബുദ്ധിമുട്ട് വരുന്നില്ല. അടുത്തുള്ള വീടുകളിൽ നേരിട്ട് എത്തിച്ചുനൽകുകയും ചെയ്യുന്നുണ്ട്. 

sumi-2
ഇലസസ്യങ്ങളുടെ ശേഖരം

നേരത്തെ പശു, ആട്, കോഴി എന്നിവയെ വളർത്തിയിരുന്നതെങ്കിലും സമീപത്ത് പുതിയ താമസക്കാരെത്തിയതോടെ അത് ഉപേക്ഷിച്ചു. മൂന്നു സെന്റ് പുരയിടത്തിലായിരുന്നു ആടിനെയും പശുവിനെയും കോഴിയെയുമൊക്കെ വളർത്തിയിരുന്നത്. ‌

ടയർ ഉപയോഗിച്ചുള്ള ചെടിച്ചട്ടികളുടെ വിൽപനയാണ് മറ്റൊരു വരുമാനമാർഗം. പ്രളയത്തിൽ വെള്ളം പൊങ്ങി കൃഷി മുഴുവൻ നശിച്ച സാഹചര്യത്തിലാണ് പുതിയ വരുമാനമാർഗമെന്ന ചിന്ത മനസിൽ തെളിഞ്ഞത്. മണ്ണുത്തിയിലെ നഴ്‌സറി ഗാർഡനേഴ്സ് ട്രെയിനിങ്ങിൽ പങ്കെടുത്തതോടെ ടയർ ചട്ടി നിർമാണത്തിലേക്ക് തിരിഞ്ഞു. ഭർത്താവ് ഇടപ്പള്ളിയിലെ ഒരു ടയർ ഷോപ്പിന്റെ ഫ്ലോർ മാനേജരാണ്. അതുകൊണ്ട് ഉപയോഗശ്യൂന്യമായ ടയറുകൾ സംഘടിപ്പിക്കാൻ ബുദ്ധിമുട്ടേണ്ടിവന്നില്ല. ഇരുവരും ചേർന്നാണ് ടയർ മുറിച്ച് ചെടിച്ചട്ടികൾ നിർമിക്കുന്നത്. ചെടികൾ നടാനുള്ള തരത്തിലും ജലസസ്യങ്ങൾ നടാനുള്ള തരത്തിലും ചട്ടികൾ തയാറാക്കിക്കൊടുക്കും. 250 മുതൽ 350 വരെ രൂപ വിലയുള്ള ചട്ടികളാണ് ഇരുവരും തയാറാക്കുന്നത്. വലിയ ഓർഡറുകൾ ലഭിച്ചാൽ എത്തിച്ചുനൽകുകയും ചെയ്യും.

sumi-1
സുമി പച്ചക്കറിത്തോട്ടത്തിൽ.

ടയർ ചട്ടി വിൽപന കൂടാതെ ഓൺലൈനായി ചെടികളുടെ വിൽപനയുമുണ്ട് സുമിക്ക്. ഫെയ്‌സ്‌ബുക്ക് മാർക്ക്റ്റ് പ്ലേസിൽ പരസ്യം ചെയ്താണ് വിൽപന. പൂച്ചെടികളേക്കാളും ആളുകൾക്ക് പ്രിയം ഇൻഡോർ പ്ലാന്റുകൾക്കാണെന്ന് സുമി പറയുന്നു. മണി പ്ലാന്റുകൾ, എപ്പീഷിയ, ബിഗോണിയ, ബട്ടർഫ്ലൈ, ക്രീപ്പർ തുടങ്ങിയ ചെടികളാണ് സുമിയുടെ വിൽപനശേഖരത്തിലുള്ളത്. 

പഞ്ചായത്തിന്റെയും ബ്ലോക്ക് പ‍ഞ്ചായത്തിന്റെയും മികച്ച സമ്മിശ്ര കർഷകയ്ക്കുള്ള അവാർഡുകളും സുമിക്ക് ലഭിച്ചിട്ടുണ്ട്. 

ഫോൺ: 8129603806

English summary: Farming story of a woman farmer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA