ADVERTISEMENT

തരിശുരഹിത കേരളം എന്നു പറയുമ്പോൾ കുറച്ചുകാലം മുൻപു വരെ എല്ലാവരും പറഞ്ഞിരുന്നത് എന്തു നടക്കാത്ത സുന്ദരമായ സ്വപ്നം എന്നായിരുന്നു. എന്നാൽ എവിടെ കൃഷിഭൂമി എന്നന്വേഷിച്ചു നടക്കുന്ന മലയാളിയെ അല്ലേ നാമിപ്പോൾ കാണുന്നത്. വയലുകളെല്ലാം നികത്തി അവിടെ കോൺക്രീറ്റ് മണിമന്ദിരങ്ങൾ നിർമിക്കുന്നതിൽ തിരക്കുകൂട്ടിയിരുന്ന മലയാളിയെ കോവിഡ് പഠിപ്പിച്ച പാഠം ഭക്ഷണമാണു പ്രധാനമെന്നായിരുന്നു. എത്രപണമുണ്ടായാലും ഭക്ഷണം ഇല്ലെങ്കിൽ കാര്യമില്ലെന്നൊരു തോന്നൽ എല്ലാവരിലും ഉണ്ടായി. കൃഷി തന്നെയാണ് ആദ്യം വേണ്ടതെന്നൊരു ബോധം എല്ലാമലയാളികളിലും ജനിച്ചു കഴിഞ്ഞു.

കോവിഡിനെ തുടർന്നുള്ള ആദ്യ ലോക്ഡൗൺ ദിനങ്ങളിൽ കൃഷി ഒരു നേരമ്പോക്കായിരുന്നു നമുക്ക്. മൊബൈലും ടിവിയുമെല്ലാം മടുത്തപ്പോൾ കണ്ടെത്തിയ മറ്റൊരു നേരമ്പോക്ക്. എന്നാൽ, ഒരു ചെടി മുളച്ചുവരുന്നതും അതു വളരുന്നതും അതിൽനിന്നുള്ള വിളവുകൊണ്ടുള്ള ഭക്ഷണം കഴിക്കുന്നതെല്ലാം നമ്മളിൽ പലരെയും മാറ്റിചിന്തിക്കാൻ പ്രേരിപ്പിച്ചു. പച്ചക്കറികൾക്കും കിഴങ്ങുവർഗങ്ങൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്ന വാഹനങ്ങളെ നോക്കിനിന്നിരുന്ന നാമിപ്പോൾ നോക്കുന്നതു സ്വന്തം വീടിനു ചുറ്റുമുള്ള പറമ്പിലേക്കാണ്. 

മലയാളിയുടെ ഈ തിരിച്ചറിവു കണ്ടാണ് സംസ്ഥാന സർക്കാർ ‘സുഭിക്ഷകേരളം’ എന്ന പദ്ധതി ആവിഷ്കരിക്കുന്നത്. 3000 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക. തരിശായി കിടക്കുന്ന സ്ഥലം കണ്ടെത്തി കൃഷി ചെയ്യുന്നതിനാണു കൂടുതൽ പ്രാധാന്യം. ഒരിഞ്ചുഭൂമി പോലും തരിശായി കിടക്കരുതെന്ന ദീർഘവീക്ഷണത്തോടെയാണിതു നടപ്പാക്കുന്നത്. കേരളത്തിൽ തരിശുഭൂമിയെവിടെയെന്നൊരു ചോദ്യമുണ്ടെങ്കിലും ഉള്ള തരിശുഭൂമി കണ്ടെത്തി കൃഷി ചെയ്യുക. 

രാഷ്ട്രീയ സംഘടനകളും യുവജനസന്നദ്ധ സംഘടനകളുമെല്ലാം ഇപ്പോൾ തന്നെ കൃഷിയിലേക്കു സജീവമായി ഇറങ്ങിയതോടെ എവിടെയും ഭൂമി തരിശായി കിടക്കാൻ സാധ്യതയില്ല. കൃഷി ചെയ്യാത്ത സ്ഥലം കണ്ടെത്തി അവിടെ ഭൂവുടമ കൃഷി ചെയ്യുന്നുണ്ടോ എന്നന്വേഷിക്കും. ഇല്ലെങ്കിൽ അവിടെ സന്നദ്ധ സംഘടനകൾക്കു കൃഷി ചെയ്യാൻ കൈമാറും. 

പച്ചക്കറികൃഷിയിൽ ഉണ്ടായ ഉണർവിൽനിന്നാണ് ഇപ്പോൾ നെല്ല്, കിഴങ്ങുവർഗങ്ങൾ, വാഴ എന്നിവയിലേക്കു കേരളം മാറാൻ പോകുന്നത്. മഴക്കാലത്തുള്ള കൃഷിയാണിത്. വേനലിൽ ആയിരുന്നു പച്ചക്കറി കൃഷി നന്നായി വിളവു തന്നിരുന്നത്. മഴക്കാലത്ത് കീടശല്യം കൂടുമെന്നതിനാൽ പച്ചക്കറികൃഷിക്കു പ്രാധാന്യം കുറയും. അപ്പോൾ നെല്ലും കപ്പയും ചേനയും ചേമ്പുമെല്ലാം നന്നായി വിളയും. താഴ്ന്ന പ്രദേശങ്ങളിൽ നെല്ലും മലയോരങ്ങളിൽ കിഴങ്ങുവർഗങ്ങളും എന്നതാണു കേരളത്തിലെ ഒരു രീതി. ഇതിൽ നിന്നു വ്യത്യസ്തമായി കരഭൂമിയിൽ കരനെല്ലും വയലോരങ്ങളിൽ കപ്പയുമെല്ലാം ചെറിയതോതിലുണ്ടാകും. 

കപ്പ, മധുരക്കിഴങ്ങ്, ചേമ്പ്, ചേന തുടങ്ങിയ കിഴങ്ങുവർഗ കൃഷികൾക്കാണ് ഇപ്പോൾ ആളുകൾ കൂടുതൽ പ്രാധാന്യം നൽകുന്നത്. ലോക്ഡൗണിനു ശേഷമുള്ള കാലഘട്ടത്തിൽ ഭക്ഷ്യക്ഷാമുണ്ടാകരുതെന്നൊരു കാഴ്ചപ്പാടുകൂടിയുണ്ടിതിൽ. മഴക്കാലം കഴിയുമ്പോഴേക്കും വിളവെടുക്കാവുന്ന രീതിയിൽ ഇവയ്ക്കു വേണ്ട പരിചരണം നൽകും. ഓരോ കൃഷിഭവൻ വഴിയും 1500 പേർക്കു കപ്പയുടെയും മധുരക്കിഴങ്ങിന്റെയും കമ്പും വള്ളിയും നൽകും. കേരളത്തിലെ കാലാവസ്ഥയിൽ ഏറ്റവും നന്നായി ഉണ്ടാകുന്ന വിളകളാണിവ. 

ചെറുപ്പക്കാരാണ് ഇപ്പോൾ കൃഷിയിൽ കൂടുതൽ താൽപര്യം കാണിക്കുന്നതെന്നൊരു നല്ല സൂചനയാണ്. ഒറ്റയ്ക്കുള്ള കൃഷി രീതി മാറി കൂട്ടുകൃഷിയിലൂടെയാണ് യുവാക്കൾ മുന്നേറുന്നത്. ഒരിടത്തുപോലും ഭൂമി വെറുതെക്കിടക്കാതെ എല്ലായിടവും പച്ചപ്പുനിറഞ്ഞൊരു ശാന്തഭൂമിയായി കേരളം മാറാൻ പോകുകയാണ്. 

English summary: Importance of Farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com