ADVERTISEMENT

പുൽത്തകിടി പൂന്തോട്ടത്തെ മനോഹരമാക്കുമെങ്കിലും അതിന്റെ പരിപാലനത്തില്‍  പല ബുദ്ധിമുട്ടുകളുമു ണ്ട്. കാർപെറ്റ് ഗ്രാസ് ആണെങ്കിൽ വേനൽക്കാലത്തു ചിതല്‍ ശല്യം പ്രതീക്ഷിക്കാം, മഴയത്തു കുമിൾരോ ഗവും. 5–6 മണിക്കൂർ നേരിട്ടു വെയിൽ കിട്ടിയില്ലെങ്കിലും കൃത്യ സമയത്തു വെട്ടി കനം കുറച്ചില്ലെങ്കിലുമൊ ക്കെ ഇവ വല്ലാതെ വളർന്ന് അനാകർഷകമാകും. പാതി തണൽ ഉള്ളിടത്തു പുൽത്തകിടി ഒരുക്കാന്‍ പറ്റിയ പാളപ്പുല്ല് (ബഫല്ലോ ഗ്രാസ്) വെയിലേറെയുള്ളിടത്തു വളർത്തിയാൽ ഇലകളുടെ അറ്റം കരിഞ്ഞുണങ്ങും. മാസത്തിൽ ഒരു തവണയെങ്കിലും വെട്ടിയില്ലെങ്കിൽ നിലത്തു പടർന്നു നിറയുന്നതിനു പകരം മുകളിലേക്കു വളര്‍ന്നുകയറുമെന്ന ദോഷവുമുണ്ട്. എന്നാല്‍ ഇത്രയും പരിപാലനവും ശ്രദ്ധയും നൽകാതെ തന്നെ നല്ലൊരു പുൽത്തകിടി ഒരുക്കാന്‍ പറ്റിയ പുതിയ ഇനത്തെ പരിചയപ്പെടാം. 

നീളം കുറഞ്ഞ്, വീതിയുള്ള കടുംപച്ച ഇലകളുമായി നിലംപറ്റി വളരുന്ന പുതിയ അലങ്കാരപ്പുല്ലിനമാണ് പേൾ ഗ്രാസ്. ഒറ്റ നോട്ടത്തിൽ ബഫല്ലോ ഗ്രാസ് എന്നു തോന്നുമെങ്കിലും ബഫല്ലോ ഗ്രാസിൽനിന്നു വളരെ  വ്യത്യസ്തമാണ് പേൾ ഗ്രാസ്. മുകളിലേക്കു വളരുന്ന തണ്ടുകളും ഇലകളും ഇവയ്ക്കു കാണാറില്ല. മണ്ണിനു സമാന്തരമായി പടർന്നു വളരുന്ന കുറുകിയ തണ്ടിൽ ഇലകൾ രണ്ടു വശത്തേക്കുമായി അടുത്തടുത്തായാണ് ഉണ്ടായി വരിക. ശാസ്ത്രീയമായി ആക്സോനോപ്സ് കംപ്രെസസ് എന്ന് അറിയപ്പെടുന്ന പുല്ലിന്റെ കുള്ളൻ ഇനമാണ് പേൾ ഗ്രാസ്. നേരിട്ടു വെയിൽ കിട്ടുന്നിടത്തും തണലത്തും ഒരുപോലെ  പറ്റിയതാണിത്. നിലം പറ്റി വളരുന്നതുകൊണ്ട് കൂടെക്കൂടെ വെട്ടേണ്ടി വരുന്നില്ല. ആഴം കുറഞ്ഞ മണ്ണിലും വള ർത്താം.

pearl-grass
പേൾ ഗ്രാസ്

പേൾ ഗ്രാസിന്റെ നടീൽവസ്തു വളർച്ചയെത്തിയ പുല്ലു തന്നെയാണ്. പച്ചക്കറിത്തൈ കിട്ടുന്ന പ്രോട്രേയിൽ നട്ടുവളർത്തിയതും മണ്ണോടുകൂടി ചെത്തിയെടുത്തതുമായ നടീൽവസ്തു ലഭ്യമാണ്. ബഫല്ലോ ഗ്രാസ് നടുന്നതു പോലെയാണ് പേൾ ഗ്രാസും നടേണ്ടത്. ഇതിനായി നിലം ഒരുക്കിയെടുക്കണം. കട്ടയും കളയും എല്ലാം നീക്കി വൃത്തിയാക്കി വെള്ളം വേഗത്തിൽ വാർന്നുപോകുന്ന വിധത്തിൽ ചെരിവു നൽകി വേണം നിലമൊരുക്കാൻ. ഇതിനു മുകളിൽ നടീൽമിശ്രിതമായി ഗുണനിലവാരമുള്ള ചകിരിച്ചോറിൽ വളമായി വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും കലർത്തിയതിൽ അൽപം കുമ്മായവും ചേർത്തെടുത്തതു നിരത്തണം. ഇതിൽ നാലിഞ്ച് അകലം നൽകി പുല്ലു നടാം. ഈ വിധത്തിൽ 99 കള്ളികളുള്ള ഒരു പ്രോട്രേയിലെ പുല്ല് 40 ചതുരശ്ര അടി നടാൻ തികയും. നേർത്ത വാർക്ക കമ്പിക്കു തയാറാക്കിയ ചെറിയ കുഴിയിൽ വേരു മാത്രം ഇറക്കിവച്ചാണ് നടേണ്ടത്. നട്ടിരിക്കുന്നിടത്തു കിട്ടുന്ന പ്രകാശത്തിന്റെ ലഭ്യത അനുസരിച്ചാണു പേൾ ഗ്രാസ് വളരുക. 4–5 മണിക്കൂർ വെയിൽ കിട്ടുന്നിടത്ത് ഈ വിധത്തിൽ നട്ട പുല്ല് ഒന്നര–രണ്ടു മാസം കൊണ്ടു നല്ലൊരു പുൽത്തകിടിയായി മാറും. എന്നാൽ ചാഞ്ഞു വെയിൽ കിട്ടുന്നിടത്ത് രണ്ടര–മൂന്നു മാസമെടുക്കും. കുറഞ്ഞ സമയംകൊണ്ട് പുൽത്തകിടി രൂപപ്പെടാൻ 4 ഇഞ്ചിനു പകരം 2 ഇഞ്ച് അകലത്തിൽ നട്ടാൽ മതി. നട്ടശേഷം മുകളിൽ കുതിർത്തെടുത്ത ചകിരിച്ചോറ് വിതറുന്നപക്ഷം പുല്ല് വേഗത്തിൽ വളർന്നു തകിടിയായി മാറും. പുല്ല് പടർന്നു തുടങ്ങിയാൽ പ്രാരംഭദശയിൽ പുല്ലില്ലാത്ത ഇടങ്ങളിൽ കളച്ചെടികൾ വളർന്നു വരും. ഇവ കാണുമ്പോൾതന്നെ നീക്കം ചെയ്യണം. പുല്ലു നടാനുള്ള മിശ്രിതത്തിൽ ചാണകപ്പൊടി ഒഴിവാക്കുക. ഇതിൽ കാണാറുള്ള കളച്ചെടികളുടെ വിത്തുകൾ പിന്നീടു നിയന്ത്രിക്കാൻ പറ്റാത്ത വിധം വളരും. വേനൽക്കാലത്ത് 3 നേരം നനയ്ക്കണം. അധിക സമയം വെള്ളം തങ്ങിനിന്നാൽ കേടാകുമെന്ന് ഓർക്കുക. നന്നായി വളർന്നു നിലം നിറഞ്ഞു കഴിഞ്ഞാൽ കാലാവസ്ഥ അനുസരിച്ചു മതി നന.

pearl-grass-3
പേൾ ഗ്രാസ് ഉപയോഗിച്ചുള്ള പുൽത്തകിടി

മറ്റു പുല്ലിനങ്ങളിൽനിന്നു വ്യത്യസ്തമായി പേൾ ഗ്രാസ് കൂടെക്കൂടെ വെട്ടി കനം കുറയ്ക്കേണ്ടതില്ല.  നട്ട് 3–4 മാസത്തെ വളർച്ചയായാൽ വെട്ടി കനം കുറയ്ക്കാം. ഇലകൾ  തിങ്ങി നിറഞ്ഞാൽ മഴക്കാലത്ത് ഈർപ്പം തങ്ങിനിന്നു ചീയൽ രോഗം വരാം. ഇത് ഒഴിവാക്കാൻ പുല്ലു വെട്ടി നിർത്തേണ്ടതുണ്ട്. അനാകർഷകമായി നീണ്ടുപോകുന്ന തണ്ടുകൾ മാത്രം ആവശ്യാനുസരണം മുറിച്ചു നീക്കണം. പുല്ലിന്റെ ആദ്യ ദശയിലുള്ള കരുത്തുറ്റ വളർച്ചയ്ക്കു യൂറിയ നൽകാം. കൂടാതെ, വെട്ടിയശേഷം തുടർവളർച്ചയ്ക്കായും ഇതേ വളം തന്നെ നല്‍കിയാല്‍ മതി. ചിതലോ കുമിളോ പേൾ ഗ്രാസിനെ ശല്യം ചെയ്യാറില്ല. അതിനാല്‍ ഇവയ്ക്കെതിരെയുള്ള    രാസകീടനാശിനികളൊന്നും   ഈ പുൽത്തകിടിയുടെ പരിപാലനത്തിൽ പ്രയോഗിക്കേണ്ടതില്ല.  മലേഷ്യയിലും സിംഗപ്പൂരിലും  പ്രചാരത്തിലുള്ള പേൾ ഗ്രാസ് നമ്മുടെ പരിസ്ഥിതിക്കും നന്നായി ഇണങ്ങും.

ചക്കിട്ടപ്പാറയിലെ പേൾ ഗ്രാസ് വിശേഷങ്ങൾ

കോഴിക്കോട് ചക്കിട്ടപ്പാറയിലെ നരിനട എബ്രയിൽ വീട്ടിൽ ജോയ് മാത്യുവിന്റെ ഉദ്യാനത്തിലെ പുതിയ താരമാണ് പേൾ ഗ്രാസ്. ഇവിടത്തെ വിസ്തൃതമായ ഉദ്യാനത്തിൽ പാളപ്പുല്ലും കാർപെറ്റ് ഗ്രാസും ഉണ്ടെങ്കിലും ജോയ് മാത്യുവിനും കുടുംബാംഗങ്ങൾക്കും ഏറെ ഇഷ്ടം പേൾ ഗ്രാസ് തന്നെ. മെയിൻ റോഡിൽനിന്നു വീട്ടിലേക്കു 100 മീറ്ററോളം വരുന്ന  ഡ്രൈവ് വേയുടെ ഒരു ഭാഗത്തു മുൻപു ബഫല്ലോ ഗ്രാസ് ആയിരുന്നു. എന്നാല്‍ പലയിടത്തും പുല്ല് മുകളിലേക്കു വളർന്ന് അനാകർഷകമായി. കർഷകശ്രീ മാസികയിൽ വന്ന പരസ്യത്തിൽനിന്നാണ് പേൾ ഗ്രാസിനെക്കുറിച്ചു ജോയ് അറിഞ്ഞത്. ഈ മേഖലയിലെ വിദഗ്ധരോട് അന്വേഷിച്ചപ്പോൾ നമ്മുടെ കാലാവസ്ഥയ്ക്കു യോജിച്ചതും കുറഞ്ഞ പരിപാലനത്തിൽ നല്ലൊരു പുൽ ത്തകിടി ഒരുക്കാന്‍ പറ്റിയതുമാണ് പുതിയ ഇനമെന്നു മനസിലായി. 4500 ചതുരശ്ര അടിയിൽ ചെരിവോടു കൂടിയ ഈ ഭാഗത്ത് നല്ല വെയിലും കിട്ടുന്നുണ്ട്. ഇവിടെ ബഫല്ലോ ഗ്രാസിനെക്കാൾ  യോജിച്ചതു പേൾ ഗ്രാസ് ആണെന്നു മനസിലായി. 

pearl-grass-1
ജോയ് മാത്യു

പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. മൂന്നു മാസം മുൻപ് എറണാകുളത്തെ നഴ്സറിയിൽനിന്നു പ്രോട്രേയിൽ വളർത്തിയ പുല്ലു വാങ്ങി. നേരത്തേയുണ്ടായിരുന്ന പാളപ്പുല്ല് വേരുൾപ്പെടെ മുഴുവനായി നീക്കി, നിലമെകരുക്കി. നടീൽ മിശ്രിതത്തിൽ ജൈവവളമാണ് ഉപയോഗിച്ചത്. പുല്ലു നട്ടിരിക്കുന്നിടത്ത് അധിക സമയം ഈർപ്പം നിലനിർത്താന്‍ ചകിരിച്ചോറ് നല്ലതാണെന്ന് അറിഞ്ഞതുകൊ ണ്ട് അതും മിശ്രിതത്തിൽ ചേർത്തു. നട്ടശേഷം ആദ്യ സമയത്തു കളച്ചെടികൾ  പ്രശ്നമായിരുന്നു. നല്ല വെയിൽ ഉണ്ടായിരുന്നതു കൊണ്ട്  മൂന്നു നേരം നന വേണ്ടിവന്നു. പേൾ ഗ്രാസ് വളർന്നു നിലം നിറയാൻ തുടങ്ങിയപ്പോൾ കാണാൻ നല്ല ഭംഗി. മണ്ണിനോട് ഒട്ടിക്കിടന്നു വളരുന്ന തണ്ടിൽ നിറയെ കടുംപച്ച ഇലകൾ. എല്ലാം കൊണ്ടും മറ്റേത് അലങ്കാരപ്പുല്ലിനോടും കിടപിടിക്കുന്നത്. പുല്ലിലെ പുതിയ അവതാരമായ പേൾ ഗ്രാസ്  ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന മനോഹരദൃശ്യമാണിപ്പോള്‍.  ഫോൺ: 9745766494.

English summary: Simple steps to a Beautiful lawn with Pearl Grass

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com